Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നടപ്പുകാര്യം

Author Details
kalikavu-round കാളികാവ് അമ്പലക്കുന്ന് മൈതാനത്ത് മോണിങ് വാക്കേഴ്സ് കൂട്ടായ്മയുടെ റൗണ്ടപ്. ചിത്രം: സമീർ എ. ഹമീദ് ∙ മനോരമ

‘‘മതിയായ കാരണമില്ലാതെ ഗ്രൗണ്ടിൽ വരാതിരിക്കുന്ന അംഗങ്ങൾ വിചാരണയ്ക്കു വിധേയരാകേണ്ടതും തൃപ്തികരമായ മറുപടി ലഭിക്കാത്തപക്ഷം ദിവസം ഒന്നിന് 50 രൂപ വീതം പിഴ ഒടുക്കുകയോ അംഗങ്ങൾക്കു മുഴുവൻ പ്രഭാതഭക്ഷണം നൽകുകയോ വേണം. ചില സാഹചര്യങ്ങളിൽ ഇവ രണ്ടും നിർവഹിക്കേണ്ടതാണ്.’’

(കാളികാവ് മോണിങ് വോക്കേഴ്സ് അസോസിയേഷൻ – പിഴ നമ്പർ–1)

‘‘കാരണം അറിയിക്കാതെ 7 ദിവസത്തിൽ കൂടുതൽ മൈതാനത്ത് എത്താത്ത അംഗങ്ങൾ മുകളിൽ പറഞ്ഞ ശിക്ഷാനടപടികൾക്കു വിധേയരാകണം. ഇല്ലെങ്കിൽ കൂട്ടായ്മയിലെ മുഴുവൻ അംഗങ്ങളും മുൻകൂട്ടി വിവരം നൽകാതെ അച്ചടക്ക ലംഘനം നടത്തിയവരുടെ വീട്ടിൽ പോയി പ്രഭാതഭക്ഷണം കഴിക്കുന്നതാണ്.’’

(പിഴ നമ്പർ–2)

മലപ്പുറം ജില്ലയിലെ കാളികാവിലുള്ള പ്രഭാതനടത്തക്കാരുടെ കൂട്ടായ്മയായ കാളികാവ് മോണിങ് വോക്കേഴ്സ് അസോസിയേഷന്റെ നിയമാവലികളിലെ പിഴ വ്യവസ്ഥകൾ വായിച്ചാൽ ആദ്യം ചിരിവരും. നടത്തത്തോടൊപ്പം ചിരിയും ആരോഗ്യത്തിനു നല്ലതാണെന്നു വിശ്വസിക്കുന്നതിനാലാണ് കൂട്ടായ്മയുടെ പിഴകളിലെല്ലാം ഒരു ചിരി ഒളിഞ്ഞിരിക്കുന്നത്.

‘നടത്തം ശീലമാക്കൂ, ആരോഗ്യം സംരക്ഷിക്കൂ’ എന്ന സന്ദേശമുയർത്തി 2010ലാണ് പ്രഭാതനടത്തക്കാരുടെ കൂട്ടായ്മയ്ക്കു തുടക്കംകുറിച്ചത്. കാളികാവ്, ചോക്കാട്, കരുവാരക്കുണ്ട്, തുവ്വൂർ പഞ്ചായത്തുകളിൽനിന്നായി പ്രവാസികളടക്കം ഇരുനൂറിലേറെ അംഗങ്ങളാണു കൂട്ടായ്മയിലുള്ളത്. 20 മുതൽ 75 വരെ പ്രായമുള്ളവർ ഇക്കൂട്ടത്തിലുണ്ട്. രാവിലെ 6 മുതൽ 8 വരെ കാളികാവ് പഞ്ചായത്തിന്റെ അമ്പലക്കുന്ന് മൈതാനത്താണു നടത്തം.

അംഗങ്ങളുടെ ഹാജർ ഉറപ്പാക്കാനായി പഞ്ചിങ് സംവിധാനമുണ്ട്. മൈതാനത്ത് എത്തിയാലുടൻ പഞ്ചിങ് മെഷീനിൽ വിരലമർത്തണം. 6.40 വരെ ഹാജർ രേഖപ്പെടുത്താം. അതിനുശേഷമുള്ള ഹാജർ പരിഗണിക്കില്ല. 7 ദിവസം തുടർച്ചയായി മൈതാനത്തു നടന്ന്, നടത്തവും പെരുമാറ്റവും ഭാരവാഹികൾ വിലയിരുത്തി ബോധ്യപ്പെട്ടാൽ മാത്രമേ കൂട്ടായ്മയിൽ അംഗത്വം നൽകൂ. പ്രവാസികൾക്ക് ഇളവുണ്ട്. ലീവിന്റെ പരിമിതി കണക്കിലെടുത്തു പ്രവാസികൾക്ക് ആദ്യദിവസംതന്നെ അംഗത്വത്തിന് അപേക്ഷിക്കാം.

ഹാജർ രേഖപ്പെടുത്തിക്കഴിഞ്ഞാലുടൻ 10 റൗണ്ട് (2 കിലോമീറ്റർ) നിർബന്ധമായും നടക്കണം. നടത്തത്തിനുശേഷം കൂട്ടായ്മയുടെ നിയമപ്രകാരമുള്ള വ്യായാമമുറകൾ നടത്താം. ജോഗിങ്, യോഗ, ജിം, ഓട്ടം, കളികൾ എന്നിവയാണ് അനുവദിച്ച വ്യായാമമുറകൾ.

നടത്തത്തിനു ഹാജരാകാതിരിക്കാൻ മതിയായ കാരണങ്ങളുണ്ടെങ്കിൽ ഭാരവാഹികളെ അറിയിക്കണം. കാരണം ഭാരവാഹികൾക്കു ബോധ്യപ്പെട്ടാൽ അച്ചടക്ക നടപടി നേരിടേണ്ടിവരില്ല. ബുധൻ, ഞായർ ദിവസങ്ങളിൽ യൂണിഫോം ധരിച്ചു മാത്രമേ മൈതാനത്തു നടത്തത്തിന് എത്താവൂ. അംഗങ്ങളെ 4 ഗ്രൂപ്പുകളാക്കി തിരിച്ച് വർഷത്തിലൊരിക്കൽ കായിക മത്സരങ്ങളും നടത്താറുണ്ട്. ഗ്രൂപ്പ്, വ്യക്തിഗത ഇനങ്ങളിലായി പ്രായവ്യത്യാസമില്ലാതെ ആർക്കും പങ്കെടുക്കാമെന്നാണു വ്യവസ്ഥ.

ഔഷധക്കഞ്ഞി, പാൽ, മുട്ട

നടത്തം പ്രോൽസാഹിപ്പിക്കാനും അംഗങ്ങളുടെ മടി കുറയ്ക്കാനും ഒട്ടേറെ പദ്ധതികൾ കൂട്ടായ്മ നടപ്പാക്കുന്നുണ്ട്. നടത്തത്തിന് എത്തുന്നവരുടെ എണ്ണം കുറയുമ്പോഴൊക്കെ സമ്മാനപദ്ധതി നടപ്പാക്കും. വരുന്നവർക്കു പാൽ, മുട്ട, പഴം, പ്രാതൽ എന്നിവ വിതരണം ചെയ്യാറുണ്ട്. പൊതുവേ അംഗങ്ങൾ കുറയന്ന മഴക്കാലത്ത് ഔഷധക്കഞ്ഞിയാണു വിതരണം ചെയ്യുക. എല്ലാ ഞായറാഴ്ചയും അംഗങ്ങൾക്കു പ്രാതൽ നൽകും.

30 ദിവസവും മുടങ്ങാതെ എത്തുന്നവർക്കു പ്രോൽസാഹന സമ്മാനമയി ഓരോ മാസവും കിറ്റ് നൽകാറുണ്ട്. 500 രൂപ വരെ വിലവരുന്ന അടുക്കള സാധനങ്ങളാവും കിറ്റിൽ. വീട്ടിലുള്ള സ്ത്രീകൾ അംഗങ്ങളെ രാവിലെ വിളിച്ചുണർത്തി നടത്തത്തിനു വിടാൻകൂടിയാണ് ഈ സമ്മാനം നൽകുന്നത്. ഓരോ മാസവും 15 വരെ പേർക്കു കിറ്റ് കിട്ടാറുണ്ടെന്നു പ്രസിഡന്റ് ഷറഫുദ്ദീൻ ചോലശ്ശേരി പറഞ്ഞു.

അസംബ്ലി, വാർഷിക അദാലത്ത്

അച്ചടക്കംതന്നെയാണു കൂട്ടായ്മയുടെ മേൽവിലാസം. നിയമലംഘകർ കൂട്ടായ്മയിൽനിന്നു പുറത്തു പോകുന്നതുവരെ പിഴ കൊടുത്തു മടുക്കും. മൈതാനത്തു നിശ്ചിത സമയത്ത് എത്തിയില്ലെങ്കിൽ 10 രൂപയാണു പിഴ. 10 റൗണ്ട് നടത്തത്തിൽ കുറവു വരുന്ന ഓരോ റൗണ്ടിനും 10 രൂപ വീതം നൽകണം. നിശ്ചിത ദിവസം യൂണിഫോം ധരിച്ചില്ലെങ്കൽ 50 രൂപയാണു പിഴ. അച്ചടക്കം ലംഘിക്കുന്നവർ 100 രൂപ പിഴ നൽകണം. കൂട്ടായ്മയുടെ പരിപാടികളിൽ മതിയായ കാരണമില്ലാതെ പങ്കെടുക്കാതിരുന്നാൽ 500 രൂപയാണു പിഴ.

അച്ചടക്ക കാര്യങ്ങളിൽ തീർപ്പു കൽപിക്കുന്നതിനും വിചാരണ ചെയ്യുന്നതിനും രണ്ടംഗ പ്രോസിക്യൂഷൻ വിഭാഗം പ്രവർത്തിക്കുന്നുണ്ട്. ഞാറാഴ്ചകളിലെ നടത്തത്തിനു ശേഷമുള്ള റൗണ്ടപ്പിലാണ് (അസംബ്ലി) പൊതുവിചാരണ നടത്തി പിഴ തീരുമാനിക്കുന്നത്. കഴിഞ്ഞ വർഷം പിഴ ഇനത്തിൽ 28,000 രൂപയാണു ലഭിച്ചത്. പിഴയായി ലഭിക്കുന്ന തുക അംഗങ്ങളുടെ ആരോഗ്യ പരിപാലനത്തിനുള്ള വിവിധ പദ്ധതികൾക്കാണു ചെലവഴിക്കുന്നത്.

കാരണം ബോധിപ്പിക്കാതെ 7 ദിവസത്തിൽ കൂടുതൽ എത്താത്തവരുടെ വീടുകളിലേക്കു മുന്നറിയിപ്പില്ലാതെ എല്ലാ അംഗങ്ങളും ഒന്നിച്ചു പ്രാതലിനു പോകും. ചിലപ്പോൾ പഞ്ചസാരയും ബിസ്കറ്റും അംഗങ്ങൾതന്നെ വാങ്ങി നിയമലംഘകരുടെ വീട്ടിൽവച്ചു പ്രാതലുണ്ടാക്കി കഴിക്കും. 

ഡിസംബറിൽ ബാലറ്റ് പേപ്പർ വഴി ജനകീയ തിരഞ്ഞെടുപ്പു നടത്തിയാണ് ഭാരവാഹികളെയും പ്രോസിക്യൂഷൻ അംഗങ്ങളെയും തീരുമാനിക്കുന്നത്. എല്ലാ അംഗങ്ങൾക്കും വാഹനത്തിൽ പതിക്കാൻ അസോസിയേഷന്റെ അംഗത്വ നമ്പർ സഹിതമുള്ള സ്റ്റിക്കർ നൽകുന്നുണ്ട്. 

ഇത് അംഗങ്ങളുടെ എല്ലാ വാഹനങ്ങളിലും പതിക്കണമെന്നാണു നിർദേശം. ഇതുമൂലം റോഡപകടങ്ങളിൽപെടുന്നവരെ അംഗത്വ നമ്പർ ഉപയോഗിച്ചു കണ്ടെത്തി പെട്ടെന്നു സഹായിക്കാൻ സാധിക്കുമെന്നു സെക്രട്ടറി എറമ്പത്ത് കരീം പറഞ്ഞു.