Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊലീസ് സ്റ്റേഷൻ (വെസ്റ്റ്)

representational-image

സെല്ലിന്റെ ഇരുമ്പഴികൾക്കു മുകളിലായിട്ടായിരുന്നു ക്ലോക്ക്. സമയം അതിൽ പന്ത്രണ്ടു മണിയെന്നു കാണിച്ചു. ആദ്യമായിട്ടാണ് ഒരു പൊലീസ് സ്റ്റേഷന്റെ ഉൾവശം ഇത്രയും സമയമെടുത്തു കാണുന്നത്. ഇതിനു മുമ്പ് ഒരു പൊലീസ് സ്റ്റേഷനിൽ പോയത് പാസ്പോർട്ട് വെരിഫിക്കേഷനുമായി ബന്ധപ്പെട്ടാണ്. പക്ഷേ അന്നും അകത്തുകയറാൻ സാധിച്ചില്ല. അകത്തേക്കു കയറേണ്ട എന്നു ഗംഗാധരൻ പൊലീസ് ആദ്യമേ പറഞ്ഞിരുന്നു. പരാതി പറയാൻ എത്തുന്ന സ്ത്രീകൾക്കായി പ്രത്യേകം തയാറാക്കിയിരുന്ന ഹെൽപ് ഡെസ്ക്കിൽ ഇരുന്ന് അയാൾ വഴിപാട് തീർക്കുകയായിരുന്നു. മടക്കിപ്പിടിച്ചു നീട്ടിയ നൂറിന്റെ മൂന്നു നോട്ടുകൾ അതേപടി പോക്കറ്റിൽ തിരുകി അയാൾ സ്റ്റേഷനകത്തേക്കു കയറിയപ്പോൾ അകത്തേക്ക് ഒന്ന് എത്തിനോക്കിയതേയുള്ളൂ.

അത്താഴവും കഴിഞ്ഞ് ആത്മാവിനുവേണ്ട പുകച്ചുരുളുകളും നേദിച്ച് ഉറങ്ങാൻ കിടന്നതേ ഉണ്ടായിരുന്നുള്ളൂ. അപ്പോഴാണ് സജീവന്റെ ഫോൺ വന്നത്. വെസ്റ്റ് പൊലീസ് സ്റ്റേഷൻ വരെ ഒന്നു വരണം. വെള്ളമടിച്ച് ബൈക്ക് ഓടിച്ചതിന് എസ്ഐ പൊക്കി. ജാമ്യത്തിലിറക്കണം.

പുറത്ത് നല്ല മഴയാണ്. പക്ഷേ സജീവൻ വിളിച്ചാൽ ഒഴികഴിവുകൾ പറയാൻ പറ്റില്ല. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ എന്തിനും ഏതിനും കൂടെനിൽക്കുന്നവനാണ്. ഭാര്യ വീട്ടിലില്ലാത്തതു സൗകര്യമായി. അല്ലെങ്കിൽ കാര്യകാരണങ്ങൾ അവളെയും ധരിപ്പിക്കാൻ നിൽക്കേണ്ടി‌വന്നേനെ. സജീവന് എന്തോ അൽപം ഭാഗ്യം ബാക്കിയുണ്ട്. സാധാരണ ഭാര്യ വീട്ടിലില്ലാത്തപ്പോൾ രണ്ടു ലാർജ് പതിവുള്ളതാണ്. മഴ കൂടിയാണേൽ പറയുകയും വേണ്ട. പക്ഷേ ഇന്ന് എന്തോ മൂഡ് തോന്നിയില്ല.

ഗംഭീര മഴയാണ്. കോട്ടുമിട്ട് സൈക്കിളിൽ സ്റ്റേഷനിലേക്ക് പോകുമ്പോൾ സജീവനുമൊത്ത് വെള്ളമടിച്ചശേഷം നടത്തിയിട്ടുള്ള ബൈക്ക് യാത്രകളെപ്പറ്റിയാണ് ഓർമ വന്നത്. മാസത്തിൽ രണ്ടോ മൂന്നോ ഇത്തരത്തിലുള്ള യാത്രകൾ പതിവാണ്. ഇന്നേവരെ ഒരു പൊലീസും കൈ കാണിച്ചിട്ടില്ല. കൈ കാണിച്ചാലും നിർത്തില്ല, നീ പിടിച്ചിരുന്നോണം എന്നു സജീവൻ പ്രത്യേകം ഓർമിപ്പിക്കും. മിതമായി മദ്യപിച്ചാൽ ശ്രദ്ധ കൂടുകയാണ് പതിവ്. ഓരോ വളവിലും പൊലീസ് കാത്തിരിപ്പുണ്ടോയെന്ന് ജാഗ്രത പുലർത്തും. രണ്ടെണ്ണം അടിച്ചാൽ വളരെ മെല്ലെ മാത്രം ബൈക്ക് ഓടിക്കുന്ന എനിക്കും മറിച്ചല്ല അഭിപ്രായം. ഒരു അപകടം നടന്നാൽ അത് മദ്യപിക്കാത്തവന്റെ പിഴവുകൊണ്ടാണെങ്കിലും സമാധാനം പറയേണ്ടിവരുന്നത് പാവപ്പെട്ട കുടിയൻ ആയിരിക്കുമല്ലോ? 

സ്റ്റേഷന്റെ വാതിൽക്കൽ തന്നെ ചിരിച്ചുകൊണ്ട് സജീവനുണ്ട്. പറ്റിപ്പോയി അളിയാ...നല്ല മൂഡ് ആയിരുന്നു...

രണ്ടെണ്ണത്തിൽ നിർത്താൻ പറ്റിയില്ല. ഹസനിക്കയുടെ കയ്യിൽ നിന്ന് സിഗരറ്റ് വാങ്ങാൻ നിർത്തിയതാ. കയ്യോടെ പൊക്കി. 

തിരിച്ചറിയൽ കാർഡ് എടുത്തല്ലോ അല്ലേ.... 

ങാം... 

വേറെ പ്രശ്നമെന്തെങ്കിലും? 

എന്തു പ്രശ്നം. എസ്ഐ. ദേ ഇപ്പോൾ ഒന്നു പുറത്തേക്കിറങ്ങി. വന്നിട്ടേ പോകാൻ പറ്റൂ. ഇന്നത്തെ ഉറക്കം ചിലപ്പോൾ ഇത്തിരി പോകും. 

സജീവൻ പറ്റിൽ തന്നെയാണ്...ഹാപ്പിയും.

വിശാലമായ പൊലീസ് സ്റ്റേഷൻ. പശ്ചാത്തല സംഗീതം മുഴക്കിക്കൊണ്ടിരിക്കുന്ന വയർലെസ് സെറ്റുകൾ. ഒരടുക്കും ചിട്ടയും ഇല്ലാതെ സ്ഥാനം‌തെറ്റിക്കിടക്കുന്ന കസേരകൾ, മേശകൾ, മേശയ്ക്കു കാവൽ നിൽക്കുന്ന പൊലീസ് തൊപ്പികൾ. കയറിവരുന്നിടത്തുതന്നെയാണ് സെൽ. ആദ്യമായാണ് ഒരു സെൽ നേരിട്ടു കാണുന്നത്. അഴികൾക്കു കറുത്ത പെയിന്റ് അടിച്ചിട്ടുണ്ട്. ഭിത്തിയിൽ തൂക്കിയിരിക്കുന്ന മഹാത്മാവിന്റെ മുഖത്ത് ലേശം നാണം. അവിടെ നടക്കുന്നതിനൊക്കെ സാക്ഷിയാകേണ്ടി വരുന്നതുകൊണ്ടായിരിക്കാം. പത്തു പതിനഞ്ചു പേർക്ക് സുഖമായി നിൽക്കാൻ കഴിയുന്നതാണു സെൽ. സെൽ ശൂന്യമായിരുന്നു. സെല്ലിൽ അടിവസ്ത്രം മാത്രം ധരിച്ച രണ്ടു പേരെയെങ്കിലും ഒരു പൊലീസ് സ്റ്റേഷനിൽ ഞാൻ പ്രതീക്ഷിച്ചിരുന്നു. സജീവനെയെങ്കിലും അവർക്കു ഞാൻ വരുന്നതുവരെ സെല്ലിൽ ഇടാമായിരുന്നു. എങ്കിൽ ഈ ആദ്യ പൊലീസ് സ്റ്റേഷൻ സന്ദർശനം അൽ‌പമെങ്കിലും അവിസ്മരണീയമാകുമായിരുന്നു. ആവശ്യമില്ലാതെ രംഗങ്ങൾ മനസ്സിൽ പടച്ചുവയ്ക്കുന്ന സിനിമക്കാരോടു ചെറുതായി നീരസം തോന്നി.

കയറിവരുന്നതിനു വലതു ഭാഗത്തായാണു പൊലീസുകാരുടെ ഇരിപ്പിടങ്ങൾ. മൂന്നു പൊലീസുകാർ എന്തൊക്കെയോ കുത്തിക്കുറിച്ച് ഇരിപ്പുണ്ട്. യൂണിഫോമിട്ട് ആദ്യം ഇരിക്കുന്നയാളാണ് എഎസ്ഐ എന്നു സജീവൻ പറഞ്ഞുതന്നു. എഎസ്ഐയുടെ മുന്നിൽ കൂനിക്കൂടി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ ഇരിപ്പുണ്ട്. രണ്ടു പേരുടെ കയ്യിലും അവരുടെ തിരിച്ചറിയൽ കാർഡുകൾ. എന്തായിരിക്കാം ഇവർ ചെയ്ത കുറ്റം? കൗതുകം തോന്നി. സജീവനെയും കൂട്ടി എഎസ്ഐയുടെ കസേരയോടു പരമാവധി ചേർന്നുനിന്നു. എഎസ്ഐ ചിരിച്ചും കളിച്ചുമാണ് അവരോട് ഇടപെടുന്നത്. മലയാളത്തിലാണ് സംസാരം ഇപ്പോൾ ഏത് ഇതര സംസ്ഥാന തൊഴിലാളിക്കാണ് മലയാളം അറിയാത്തത്? ഫൈൻ അടയ്ക്കണമെന്നു പറഞ്ഞുമനസ്സിലാക്കുകയാണ് എഎസ്ഐ.

കേസെന്താണെന്നു പിടികിട്ടിയില്ല, കൈകൾ കൂപ്പി ആവശ്യത്തിലധികം ബഹുമാനം കാണിച്ചാണ് ഇതര സംസ്ഥാനക്കാർ കളം വിട്ടത്. ഇതോടെ ഞങ്ങളുടെ കാര്യം ഒന്നു തീർ‌ത്തുതരണം എന്ന ആവശ്യവുമായി സജീവൻ എഎസ്ഐയുടെ മുന്നിലെത്തി. മറുപടി പറയാൻ സമയം കിട്ടുന്നതിനു മുമ്പ് അയാളുടെ മുന്നിലിരുന്ന ഫോൺ മുഴങ്ങി. ‘‘ഞങ്ങളങ്ങു വരണോ?’’ എഎസ്ഐയുടെ ചോദ്യമുയർന്നതോടെ ഞാൻ ആ സംസാരത്തിലേക്ക് കാതോർത്തു.

ഇത് എവിടെയാണ് സ്ഥലം? 

കള്ളാണോ കഞ്ചാവാണോ? 

ഞങ്ങൾ അങ്ങു വന്നാൽ പിടിച്ച് അകത്തിടും, പിന്നെ കോടതിയിൽ വന്നു കൊണ്ടുപൊയ്ക്കോണം! 

ഇവിടെ കൊണ്ടുവന്ന് ഇടാനോ? അതു പറ്റില്ല. 

അവനിവിടെ കിടന്ന് വല്ലതും ഒപ്പിച്ചാൽ ആരു സമാധാനം പറയും? 

ഞങ്ങൾ അങ്ങോട്ടു വരണോ വേണ്ടയോ? 

ഫോൺ നമ്പർ പറ? 

അറിയത്തില്ലെന്നോ!...ആരുടെയെങ്കിലും പറ... 

ശരി എന്നാൽ ഒന്നുകൂടി ആലോചിച്ചിട്ട് വിളിക്ക്... 

മരുമകൻ കുടിച്ചിട്ട് വന്നു ബഹളംവയ്ക്കുകയാണ്. കോടതിയും കേസും ഒന്നും പാടില്ല. കെട്ടിറങ്ങുന്നതുവരെ ഇവിടെ കൊണ്ടുവന്ന് ഇടണം. ഇതെന്താ ലോഡ്ജോ...ഇനി വിളിക്കാനൊന്നും പോകുന്നില്ല. 

ഒരു കേസൊഴിഞ്ഞ ആശ്വാസത്തിൽ എഎസ്ഐ കോളർ ഐഡി നോക്കി വിളിച്ച നമ്പർ കുറിച്ചിട്ടു. 

സ്റ്റേഷനു മുന്നിലേക്ക് രണ്ടു ജീപ്പുകൾ വന്നുനിന്നു. ഒന്നിൽ നിന്ന് ഇറങ്ങിയത് എസ്ഐ ആണെന്നു സജീവൻ പറഞ്ഞു. രണ്ടാമത്തെ ജീപ്പിലേക്കു ശ്രദ്ധിച്ചു. ഹൈവേ പൊലീസിന്റേതാണ്. ഒരു സുന്ദരിയായ യുവതിയും രണ്ടു പുരുഷന്മാരും പൊലീസ് കോൺസ്റ്റബിൾമാരോടൊപ്പം അതിൽ നിന്ന് ഇറങ്ങി. സ്റ്റേഷനിലേക്കു കയറിവന്ന എസ്ഐക്കു മുന്നിലേക്ക് ചെന്നു കൈ നെഞ്ചോടു ചേർത്തുവച്ച് സജീവൻ തന്റെ സാന്നിധ്യം ഓർമിപ്പിച്ചു. 

ആള് വന്നല്ലേ? എഎസ്ഐയെ കണ്ടാൽ മതി. 

എസ്ഐ എന്നെ ഗൗനിച്ചതേയില്ല. 

‘‘അവനെ അങ്ങോട്ട് മാറ്റിനിർത്തിയേക്ക്’’ 

യുവതിയുടെ ഒപ്പമുണ്ടായിരുന്ന രണ്ടു പേരിൽ കറുത്ത ടീഷർട്ട് ധരിച്ചവനെ ചൂണ്ടിയായിരുന്നു എസ്ഐയുടെ ആക്രോശം. പുറകെ വന്ന പൊലീസുകാരിൽ ഒരാൾ അയാളുടെ കഴുത്തിനു പിടിച്ച് സെല്ലിനു നേരെ തള്ളി. തെറിച്ചുനീങ്ങിയ അയാൾ സെല്ലിന്റെ അഴികളിൽ പിടിച്ച് വീഴാതെ നിന്നു. 

കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്നു പൊക്കിയതാ...ആ പെണ്ണും ഭർത്താവും തിരുവനന്തപുരത്തിനു പോകാൻ വന്നതാ. കണ്ടപ്പോൾ ഇവന് ഒരിളക്കം. അവന്റെ കൂടെ ചെല്ലണമെന്ന്. നല്ല ഫിറ്റാ...കേസാക്കണമെന്നാ പെണ്ണ് പറയുന്നത്. മറ്റവൻ അവളുടെ ഭർത്താവാണ്. അവനും ഫിറ്റ്...

എഎസ്ഐക്ക് കാര്യങ്ങൾ വിശദീകരിച്ച് എസ്ഐ മുറിയിലേക്കു നടന്നു. കറുത്ത ടീഷർട്ട് ധരിച്ചയാളെ ഞാനൊന്നു ശ്രദ്ധിച്ചു. സുമുഖനായ മധ്യവയസ്കൻ. സ്വർണ മാലയും കൈച്ചെയിനും ഒക്കെയുണ്ട്. ഏതോ നല്ല കുടുംബത്തിൽ നിന്നുള്ളവൻ ആണെന്നു വ്യക്തം. നല്ല പൂസാണ്. ആടി ആടിയാണ് നിൽപ്പ്. ഇപ്പോഴും ഒരു ചെറിയ ചിരിയാണ് അയാളുടെ മുഖത്ത്. എന്നെയും നോക്കി അയാൾ ഒന്നു പുഞ്ചിരിച്ചു. ഞാൻ പല്ലുകടിച്ചു. യുവതിയും ഭർത്താവും എഎസ്ഐയുടെ മുന്നിലേക്കെത്തി. സുന്ദരിയായ യുവതി. കൂടെയുള്ളവനെ കണ്ടാൽ ഭർത്താവാണെന്നു പറയില്ല. ആ സംശയം എഎസ്ഐയുടെ മുഖത്തും കണ്ടു. അയാൾ ആവർത്തിച്ചു ചോദിച്ചു; ഭർത്താവാണോ? നല്ല പൂസായിരുന്നു ഭർത്താവും. എനിക്ക് അവനിട്ടാണ് ഒന്നു പൊട്ടിക്കാൻ തോന്നിയത്. 

‘‘പുറകേ നടന്നു വൃത്തികേടു പറയുകയായിരുന്നു ഈ തെണ്ടി’’ കറുത്ത ടീഷർട്ട് ധരിച്ചവനെ നോക്കി ഭർത്താവ് നാക്കുകടിച്ചു. ഞാൻ ആ യുവതിയുടെ മുഖത്തേക്കു നോക്കി. എന്തോ തീരുമാനിച്ചുറച്ച ശാന്തതയായിരുന്നു അവളുടെ മുഖത്ത്. 

‘‘ഞാൻ ഇവരെ ഒന്നു വിട്ടോട്ടെ’’ 

എഎസ്ഐ എന്നോട് ഐഡന്റിറ്റി കാർഡ് ചോദിച്ചു. 

സജീവന്റെ ലൈസൻസും വാങ്ങിവച്ച് അയാൾ എന്തോ കുത്തിക്കുറിക്കാൻ തുടങ്ങി. 

ഇടയ്ക്കു വീണ്ടും എന്റെ നോട്ടം ആ യുവതിയിലേക്കു പാളിയ നേരത്താണ് എഎസ്ഐ പിൻകോഡ് ചോദിച്ചത്. ശ്രദ്ധ മാറിയതുകൊണ്ട് പിൻകോഡ് തെറ്റിപ്പോയി. തിരുത്തിപ്പറഞ്ഞപ്പോൾ വൈറ്റ്നർ ഉപയോഗിച്ചു തെറ്റു തിരുത്തിക്കൊണ്ട് അയാൾ എന്തോ പിറുപിറുത്തു.

കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ സംഭവിച്ചതു വിശദമായി അറിയാൻ നല്ല ആഗ്രഹമുണ്ടായിരുന്നു. ഉറക്കം ഇത്തിരി പോയാലും കുഴപ്പമില്ല, ആ വിഷയത്തിൽ ഒരു തീരുമാനം എടുത്തശേഷം എഎസ്ഐ ഞങ്ങളുടെ കാര്യം പരിഗണിച്ചാൽ മതിയായിരുന്നു. അതൊരു പീഡനശ്രമമല്ലേ... 

നടപടിക്രമങ്ങൾ അവസാനിച്ചതായി എഎസ്ഐ അറിയിച്ചു. ഞാനും സജീവനും ഇറങ്ങുകയായി. മനസ്സ് ഇപ്പോഴും കെഎസ്ആർടിസി ബസ് സ്റ്റാൻഡിലാണ്. 

മുന്നോട്ട് നടക്കുമ്പോഴും ചെവി പിന്നോട്ട് കൂർപ്പിച്ചു. എഎസ്ഐ ചോദിക്കുന്നു. ‘‘കേസാക്കുകയാണോ....മെനക്കേടാണ്.’’

യുവതിയുടെ ശബ്ദമാണു കേട്ടത്. ‘‘കേസാക്കുകയാണ് സർ....അയാൾക്കെതിരെ മാത്രമല്ല എനിക്കു പരാതി. ഞാൻ കാലുപിടിച്ച് പറഞ്ഞിട്ടും ഈ രാത്രി കുടിച്ച് വെളിവില്ലാതെ എന്റെയൊപ്പം ഈ യാത്രയ്ക്കു വന്ന എന്റെ ഭർത്താവിനെതിരെയും എനിക്കു പരാതിയുണ്ട്.’’ 

ഞാൻ പൊട്ടിക്കണമെന്നു വിചാരിച്ച ഒരു അടിയുടെ ഒച്ച പിന്നിൽനിന്നു കേട്ടു.