Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തലശ്ശേരി, പുൽപള്ളി പൊലീസ് സ്റ്റേഷൻ ആക്രമണങ്ങൾക്ക് അരനൂറ്റാണ്ട്

SUNDAY-naxal-police-station attack

ഇന്ത്യൻ ചക്രവാളത്തിൽ വസന്തത്തിന്റെ ഇടിമുഴക്കം സൃഷ്ടിക്കാനിറങ്ങി, പരാജയപ്പെട്ട വിപ്ലവമാണു തലശ്ശേരി പൊലീസ് സ്റ്റേഷൻ ആക്രമണം. ഇതിനു തുടർച്ചയെന്നവണ്ണം നക്സലുകൾ പദ്ധതിയിട്ട പുൽപള്ളി ആക്‌ഷനും ഇക്കാരണത്താൽ ലക്ഷ്യം നേടിയില്ല. കേരളീയ പൊതുബോധത്തിൽ പിൽക്കാലത്തു സ്ഥാനമുറപ്പിച്ച, ഈ നക്സൽ ആക്രമണങ്ങൾ സംഭവിച്ചിട്ട് 50 വർഷങ്ങൾ പിന്നിടുന്നു. തിരിഞ്ഞുനോക്കുമ്പോൾ...

തലശ്ശേരിയിലെ തിരിഞ്ഞോട്ടം

ഇന്ത്യയിലെ കമ്യൂണിസ്റ്റ് ചരിത്രത്തിൽ കൊൽക്കത്ത തീസിസ് ഒരു വെടിക്കെട്ടായിരുന്നെങ്കിൽ, അതിൽനിന്നു തെറിച്ച വെടിമരുന്നാണു തലശ്ശേരിയിൽ വീണത്. ആ വെടിമരുന്നു നനഞ്ഞുപോയതെങ്ങനെയെന്ന ഉത്തരംകിട്ടാത്ത ചോദ്യത്തിനുകൂടിയാണ് ഈ 22ന് 50 വയസ്സു തികയുന്നത്. എന്താണ് തലശ്ശേരിയിൽ അന്നു നടന്നത്?

ചതി നടന്നു, ചാരനെയറിയില്ല

‘പരാജയപ്പെട്ട വിപ്ലവമല്ല, ചതിക്കപ്പെട്ട വിപ്ലവമായിരുന്നു തലശ്ശേരിയിലേത്. മൂന്നു പൊലീസുകാർക്കു മുൻപിൽ മുന്നൂറു വിപ്ലവകാരികൾ തിരിഞ്ഞോടിയതിനു പിന്നിൽ ചാരപ്രവർത്തനം നടന്നിരിക്കാം. ചാരൻ മുന്നിൽനിന്നു നയിച്ചവരിൽ ആരെങ്കിലുമാകാം.’- അരനൂറ്റാണ്ടിനു ശേഷം ഈ വെളിപ്പെടുത്തൽ നടത്തുന്നത്, സ്റ്റേഷൻ ആക്രമണത്തിനിറങ്ങിയ സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞ നാലുപേരിൽ ഒരാളായ ചൂരായി ചന്ദ്രൻ.

talassery-police-station തലശ്ശേരി പൊലീസ് സ്റ്റേഷൻ ഇപ്പോൾ ചിത്രം:ധനേഷ് അശോകൻ∙ മനോരമ

സൈനിക മനോഭാവത്തിന്റെ അഭാവവും തിരുത്തൽവാദ ശക്തികളുടെ സാന്നിധ്യവുമാണു പരാജയ കാരണമെന്ന ഇതുവരെയുള്ള വാദം അമ്പേ തിരുത്തുന്നതാണ് ഈ വെളിപ്പെടുത്തൽ. തലശ്ശേരി ഘടകത്തിലെ ആടിക്കളിച്ചുകൊണ്ടിരുന്ന ചിലർ ഇടയ്ക്കു നടത്തിയ പിൻമാറ്റം അണികളുടെ ആവേശം ചോർത്തിക്കളഞ്ഞെന്നാണ് അന്ന് ആക്രമണത്തിനു നേതൃത്വം കൊടുത്ത കുന്നിക്കൽ നാരായണന്റെ മകൾ അജിതയുടെ വാദം. അജിത തലശ്ശേരി സംഭവത്തിൽ പങ്കെടുത്തിരുന്നില്ല. എന്നാൽ പിൻമാറിയവരുടെ നടപടിയല്ല, മുന്നിൽ നിന്നു നയിച്ചവരുടെ ചതിയാണു പരാജയകാരണമെന്ന ഗുരുതരമായ ആരോപണമാണു തലശ്ശേരി സംഭവത്തിൽ പങ്കെടുത്ത ചന്ദ്രന്റേത്.

choorayi-chandran ചൂരായി ചന്ദ്രൻ

‘എന്തിനും തയാറായെത്തിയ ഒരുപറ്റം പേരുടെ വിപ്ലവവീര്യം നിർവീര്യമാക്കി, ഇനിയൊരിക്കലും കൂടിച്ചേരാത്തവണ്ണം ചിതറിക്കാനുള്ള ഗൂഢാലോചന നടന്നെന്നു ന്യായമായും സംശയിക്കാം. രണ്ടുദിവസം ഇത്രയധികം ആളുകൾ തലശ്ശേരിയിൽ തമ്പടിച്ചിട്ടും ജാഥയായി പൊലീസ് സ്റ്റേഷനെ സമീപിച്ചിട്ടും പൊലീസ് അറിഞ്ഞതേയില്ലെന്നു വിശ്വസിക്കാനാവില്ല. നേരിട്ടുള്ള ഏറ്റുമുട്ടലിലൂടെയല്ലാതെ, പോരാളികളെ ചിതറിക്കാനുള്ള ഗൂഢാലോചന മുൻപേ നടന്നതുകൊണ്ടാകാം പൊലീസ് നിശ്ശബ്ദത പാലിച്ചത്. തലശ്ശേരിയിൽ പരാജയപ്പെട്ട വിപ്ലവം പിറ്റേന്നു പുൽപള്ളിയിൽ നടന്നത് വർഗീസ് എന്ന നേതാവിന്റെ നിശ്ചയദാർഢ്യംകൊണ്ടാണ്. തലശ്ശേരിയിൽ ചതി നടന്നു, പക്ഷേ ചതിച്ചത് ആരെന്ന് ഇതുവരെയും അറിയാനായിട്ടില്ല’- ചന്ദ്രൻ പറയുന്നു.
‘പിൻനിരയിലായിരുന്നു ഞാൻ. ജാഥയുടെ മുൻനിര തലശ്ശേരി പൊലീസ് സ്റ്റേഷന്റെ മതിലിനു മുൻപിൽ എത്തിക്കാണണം, ഒരു പരക്കം പാച്ചിലാണു പിന്നീട് കണ്ടത്. സ്റ്റേഷൻ ആക്രമിച്ച് ആയുധങ്ങൾ കൈവശപ്പെടുത്താൻ പോയവർ നാലുപാടും ഓടുന്നു. മുൻപിൽ നടന്നത് എന്തെന്നറിയില്ലെങ്കിലും ആ ആൾക്കൂട്ടത്തിനൊപ്പം ഞങ്ങളും ഓടി. മുൻപിൽ സംഭവിച്ചത് എന്തായിരുന്നുവെന്ന ചോദ്യത്തിന്, എനിക്കിന്നും ഉത്തരം കിട്ടിയിട്ടില്ല’- ചന്ദ്രന് അന്നു 19 വയസ്സ്.

പൊലീസ് സ്റ്റേഷൻ ആക്രമണം പരാജയപ്പെട്ടെങ്കിലും വസന്തത്തിന്റെ ഇടിമുഴക്കം സംഭവിക്കുമെന്ന പ്രതീക്ഷയിൽ ആറു വർഷത്തോളം തീവ്ര ഇടതു ലൈനിൽ തുടർന്നു. അടിയന്തരാവസ്ഥക്കാലത്തെ പരിണാമങ്ങൾക്കൊടുവിൽ സിപിഎമ്മായി. എം.വി. രാഘവനൊപ്പം സിപിഎമ്മിനു പുറത്തെത്തി സിഎംപിയായി. ഇന്നു സിഎംപി സംസ്ഥാന കൗൺസിൽ അംഗം. വിദ്യാർഥിയായതിനാൽ അന്നു കേസിൽ പ്രതി ചേർത്തില്ല. ചെയർമാൻ മാവോ നമ്മുടെ ചെയർമാൻ എന്നു മുദ്രാവാക്യം വിളിച്ചു നടന്ന ആ കാലത്തെ ശുദ്ധ അസംബന്ധമെന്നാണ് ഇന്നു ചൂരായി ചന്ദ്രൻ വിലയിരുത്തുന്നത്.

ചതിയല്ല, നേതൃത്വത്തിന്റെ ഉറപ്പില്ലായ്മ

ചതി നടന്നെന്നു ഞാൻ പറയില്ല. പക്ഷേ നേതൃത്വത്തിന്റെ ഉറപ്പില്ലായ്മ തലശ്ശേരി സ്റ്റേഷനു മുൻപിൽ പ്രകടമായെന്നതു സത്യമാണ്. മാവോ സെദുങ്ങിനെപ്പോലെ ലോങ് മാർച്ച് നടത്തി സ്വന്തം ഭരണകൂടം സ്ഥാപിക്കുമെന്നു തലേന്നു രാഷ്ട്രീയ പ്രഖ്യാപനം നടത്തി ആവേശം കൊള്ളിച്ച നേതാക്കളെയല്ല പിറ്റേന്ന് അർധരാത്രി പൊലീസ് സ്റ്റേഷനു മുൻപിൽ കണ്ടത്- ചൂരായി ചന്ദ്രൻ നിർത്തിയിടത്തുനിന്നാണു താവം ബാലകൃഷ്ണൻ തുടങ്ങുന്നത്.

നെയ്ത്തു തൊഴിലാളിയായ പാലോട്ടുകാവിൽ ബാലകൃഷ്ണൻ എന്ന പി.കെ. ബാലകൃഷ്ണനെ താവം ബാലകൃഷ്ണനാക്കിയതു തലശ്ശേരി സ്റ്റേഷൻ ആക്രമണമാണ്. തലശ്ശേരി സംഭവത്തിൽ പല ബാലകൃഷ്ണൻമാരുള്ളതിനാൽ താവം സ്വദേശിയായ പി.കെ. ബാലകൃഷ്ണൻ പൊലീസ് രേഖകളിൽ താവം ബാലകൃഷ്ണനായി... എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് എന്ന നിലയിൽ ഇന്ന് ഏവർക്കും സുപരിചിതനാണെങ്കിലും, ഇരു ബാലകൃഷ്ണൻമാരും ഒന്നാണെന്ന സാക്ഷ്യപത്രം ഔദ്യോഗിക ആവശ്യത്തിനായി കൈവശം സൂക്ഷിച്ചിട്ടുണ്ട് ഇദ്ദേഹം.

ബാലകൃഷ്ണന്റെ ഓർമയിൽ തലശ്ശേരി സംഭവം ഇങ്ങനെയാണ്:

തലശ്ശേരി പൊലീസ് സ്റ്റേഷനിൽ നിന്ന് ആയുധം ശേഖരിച്ച് ലോങ് മാർച്ച് നടത്തി തിരുനെല്ലിയിലെത്തി താവളമുണ്ടാക്കണമെന്ന നിർദേശമാണു കിട്ടിയത്. തിരിച്ചു വരില്ല എന്നു മനസ്സിലുറപ്പിച്ചാണു തലശ്ശേരിക്കു പുറപ്പെട്ടത്. കെ.പി. നാരായണന്റെ കെപീസ് ട്യൂട്ടോറിയലിലാണ് എല്ലാവരും തമ്പടിച്ചത്. സ്റ്റേഷൻ ആക്രമണത്തിനും ലോങ് മാർച്ചിനുമായി നാലു സംഘങ്ങൾ രൂപീകരിച്ചു. കെ.പി. നാരായണൻ, വി.കെ. ബാലൻ, കാന്തലോട്ട് കരുണൻ, പൊന്ന്യം ബാലകൃഷ്ണൻ എന്നിവരായിരുന്നു കമൻഡാന്റുമാർ. എന്നാൽ സ്റ്റേഷനിൽ കൂടുതൽ പൊലീസുണ്ടെന്നറിഞ്ഞതിനാൽ അന്നു പദ്ധതി നടന്നില്ല. പിറ്റേന്ന് എല്ലാവരും തലശ്ശേരി കുണ്ടുചിറയിലും അവിടെനിന്നു സ്റ്റേഡിയത്തിലുമെത്തി. അവിടെവച്ച് നേതാക്കൾക്കിടയിൽ ഭിന്നത രൂപപ്പെട്ടു. സ്റ്റേഷൻ ആക്രമിച്ച് ആയുധമെടുക്കൽ പ്രായോഗികമല്ലെന്നും ഉപേക്ഷിക്കാമെന്നുമായിരുന്നു കാന്തലോട്ടിന്റെ നിർദേശം. പോകേണ്ടവർക്കു പോകാമെന്നും മാർച്ച് മുന്നോട്ടു തന്നെയെന്നും കുന്നിക്കൽ പ്രഖ്യാപിച്ചു. കാന്തലോട്ടിന്റെ നേതൃത്വത്തിൽ കുറെപ്പേർ പിരിഞ്ഞുപോയി.

thavam-balakrishnan താവം ബാലകൃഷ്ണന്‍

അങ്ങനെ വിഭജിക്കപ്പെട്ട മനസ്സോടെയാണ് ബാക്കിയുള്ളവർ സ്റ്റേഷൻ ആക്രമണത്തിനിറങ്ങിയത്. സ്റ്റേഷനു മുൻപിലെത്തിയ സംഘം പലവഴിക്കു ചിതറുകയായിരുന്നു. ചുറ്റുമുള്ള കെട്ടിടങ്ങളിലും മറ്റും പൊലീസ് പതിയിരിക്കുന്നു എന്നറിഞ്ഞു പിൻവാങ്ങിയെന്നാണു മനസ്സിലാക്കിയിട്ടുള്ളത്. അറസ്റ്റിലായി ജയിലിൽ കിടന്നപ്പോൾ, ഈ സംഭവത്തിലുൾപ്പെട്ടവരെല്ലാം പല ഗ്രൂപ്പായിരുന്നു. സ്റ്റേഷൻ ആക്രമണത്തെക്കുറിച്ചു പലർക്കും പല അഭിപ്രായമായിരുന്നു. അതുകൊണ്ടുതന്നെ, എന്തുകൊണ്ട് ആക്രമണം പരാജയപ്പെട്ടുവെന്നതിന്റെ കൃത്യമായ ഉത്തരമൊന്നും പുറത്തുവന്നില്ല. നേതാക്കളൊട്ടു പറഞ്ഞതുമില്ല. കേസിൽ 11-ാം പ്രതിയായ ബാലകൃഷ്ണൻ നാലു വർഷവും മൂന്നു മാസവുമാണു ജയിലിൽ

കിടന്നത്. ഒറ്റക്കേസ്, 149 പ്രതികൾ

ആയുധത്തിലൂടെ വിപ്ലവം വരുമെന്നു വിശ്വസിച്ചവർ കേരളത്തിൽ അത്തരത്തിൽ നടത്തിയ ആദ്യ പരിശ്രമമായിരുന്നു തലശ്ശേരിയിലേത്. വയനാട് കേന്ദ്രീകരിച്ച് ആദ്യവിപ്ലവം എന്നായിരുന്നു കണക്കുകൂട്ടൽ. തലശ്ശേരി സ്റ്റേഷനിൽനിന്നും പുൽപള്ളി പൊലീസ് ക്യാംപിൽനിന്നും ആയുധങ്ങൾ ശേഖരിച്ച് തിരുനെല്ലിയിലേക്കു മാർച്ച് നടത്തണമെന്നും അവിടെ താവളമുണ്ടാക്കണമെന്നുമായിരുന്നു പദ്ധതി. തലശ്ശേരിയിൽ ആക്രമണം നടത്താൻ പദ്ധതിയിട്ട ആദ്യദിവസം പദ്ധതി നടന്നില്ല. ഇക്കാരണത്താൽ പുൽപള്ളിയിലെ ആക്രമണവും മാറ്റിവച്ചു. പിറ്റേന്ന്, 1968 നവംബർ 22നു പുലർച്ചെ തലശ്ശേരിയിലും പിന്നാലെ പുൽപള്ളിയിലും ആക്രമണം നടന്നു. തലശ്ശേരി സംഭവവും പുൽപള്ളി സംഭവവും ഒറ്റക്കേസായാണു റജിസ്റ്റർ ചെയ്തത്. ആകെ 149 പ്രതികൾ.

പരാജയം: കഥകൾ പലത്

Airadi-tharavadud നക്സലൈറ്റുകള്‍ ആക്രമിച്ച ചേകാടിയിലെ ഐരാടി തറവാട്

സ്റ്റേഷന്റെ ഗേറ്റ് തകർക്കാനുള്ള ശ്രമം പരാജയപ്പെട്ടപ്പോൾ അകത്തേക്ക് ഏറുപടക്കമെറിഞ്ഞു. ചെന്നുപതിച്ചത് നോട്ടിസ് ബോർഡിൽ. മറ്റൊരു പടക്കം വീണതു റോഡരികിൽ. തോക്കുമായി സ്റ്റേഷനു മുൻപിലുണ്ടായിരുന്ന പൊലീസുകാരൻ ആൾക്കൂട്ടത്തെ കണ്ട് അലറിയപ്പോൾ മുൻപിലുണ്ടായിരുന്നവർ തിരിഞ്ഞോടിയെന്ന് ഒരു കഥ. സമീപത്തെ കെട്ടിടങ്ങളിൽ പൊലീസ് ഒളിച്ചിരിപ്പുണ്ടെന്നു മനസ്സിലാക്കി പിൻതിരിഞ്ഞെന്നും കഥയുണ്ട്. ചൂരായി ചന്ദ്രനെപ്പോലുള്ളവർ പറയുന്ന ചതിയുടെ കഥ മറ്റൊന്ന്. അജിതയുടെ കഥയിൽ, എല്ലാവരും ഓടിയിട്ടും അച്ഛൻ കുന്നിക്കൽ നാരായണൻ മാത്രമാണു സ്റ്റേഷനു മുൻപിൽ ബാക്കിയായത്. കുന്നിക്കലാകട്ടെ ഓടുകയായിരുന്നില്ല, പൊലീസുകാരന്റെ തോക്കിനു മുൻപിലൂടെ സാവകാശം പിന്തിരിഞ്ഞു നടന്ന് അപ്രത്യക്ഷനാവുകയായിരുന്നു.. തോക്കിൽ െവടിയുണ്ട ഇല്ലാതിരുന്നതുകൊണ്ടു മാത്രമാണ് അന്ന് അച്ഛൻ മരിച്ചു വീഴാതിരുന്നതെന്നും അജിത എഴുതുന്നു.
കഥകൾ പലതുണ്ടെങ്കിലും അൻപതു വർഷത്തിനിപ്പുറവും ഒരു കടങ്കഥയാണു തലശ്ശേരി സംഭവത്തിലെ തിരിഞ്ഞോട്ടം.


പുൽപള്ളിയിൽ  നടന്നത്

ഗ്രാ മങ്ങൾ നഗരങ്ങളെ വളയുകയെന്നതാണ് മാവോ സെദുങ് കുറിച്ച വിപ്ലവത്തിന്റെ ആദ്യപാഠം. എന്നാൽ, പുൽപള്ളി ആക്‌ഷനു വിപ്ലവകാരികൾ ‌തയാറാക്കിയ പദ്ധതി നേരെ തിരിച്ചായിരുന്നു. തലശ്ശേരി നഗരത്തിൽനിന്ന് മാർച്ച് ചെയ്തുനീങ്ങി പുൽപള്ളി എന്ന ഗ്രാമം വളയുക, ചുവപ്പുപട വയനാട്ടിൽ കേന്ദ്രീകരിച്ചു ദൗത്യം പൂർത്തിയാക്കുക !
വിപ്ലവതന്ത്രം നേരെ എതിർദിശയിൽ പ്രയോഗിച്ചതുകൊണ്ടാണോ എന്തോ, ആക്രമണത്തിന്റെ 50–ാം വാർഷികം ആഘോഷിക്കുമ്പോഴും കടുംചുവപ്പാർന്ന പുലരി അവരിൽനിന്ന് ഏറെ അകലെയാണ്.

മാവോയിസ്റ്റ് വിപ്ലവതന്ത്രം ഇങ്ങനെയായിരുന്നു: ആദ്യഘട്ടത്തിൽ തലശ്ശേരി പൊലീസ് സ്റ്റേഷൻ ആക്രമിച്ചു തോക്കുകൾ കൈവശപ്പെടുത്തി പാൽചുരം വഴി വയനാട്ടിലേക്കു കടക്കുന്നു; അപ്പോഴേക്കും വയനാട്ടിലെ സഖാക്കൾ പുൽപള്ളി എംഎസ്പി ക്യാംപിൽനിന്ന് ആയുധങ്ങൾ സംഭരിക്കുക. രണ്ടു ബറ്റാലിയനുകളും തിരുനെല്ലിയിൽ ഒരുമിക്കുക. പിന്നീട് വയനാട്ടിലാകെ ജന്മിത്വ- ഭരണകൂട വിരുദ്ധ സായുധകലാപം! രണ്ടു ചുരങ്ങളും ഉപരോധിച്ച് ചുവപ്പു സൈന്യത്തിന്റെ വയനാട് കീഴടക്കൽ!
പദ്ധതിയിട്ട ആദ്യദൗത്യം തലശ്ശേരിയിൽത്തന്നെ പരാജയപ്പെട്ടതറിയാതെ പുൽപള്ളി സഖാക്കൾ എംഎസ്പി ക്യാംപ് ലക്ഷ്യമാക്കി നീങ്ങി. പൊലീസ് ഔട്പോസ്റ്റ് ആക്രമിച്ച് വയർലെസ് സെറ്റ് തകർത്തു.

ഹവിൽദാർ വി.എൻ. കുഞ്ഞിക്കൃഷ്ണനെ കുന്തം കൊണ്ടു കുത്തിക്കൊന്നു. ആക്രമണത്തിനു ശേഷം, രക്തത്തിൽ മുക്കിയ കൈപ്പത്തി ചുമരിൽ പതിപ്പിച്ച് വിപ്ലവകാരികൾ കബനി കടന്നു. പക്ഷേ, തിരുനെല്ലിയിൽ അവരെക്കാത്ത് തലശ്ശേരി സഖാക്കൾ ഉണ്ടായിരുന്നില്ല.

കാക്കിയണിഞ്ഞ്  മാവോയിസ്റ്റുകൾ 

C.N.Neelakanda-Nair പുല്‍പള്ളി ആക്രമണത്തില്‍ പങ്കെടുത്ത സി.എന്‍. നീലകണ്ഠന്‍ നായര്‍

''സ്റ്റേഷനിൽനിന്നെടുത്ത പൊലീസ് യൂണിഫോമണിഞ്ഞാണ് മാവോയിസ്റ്റുകൾ വന്നത്. രാവിലെ ആറരയെങ്കിലും ആയിക്കാണണം. അച്ഛൻ തിമ്മപ്പൻ ചെട്ടിയുടെ കഴുത്തിൽ തോക്കമർത്തി നെല്ലും പണവും ആവശ്യപ്പെട്ടു. അകത്തേക്കു കടന്ന് പെട്ടിതുറന്ന് സ്വർണവും പണവും എടുത്തു. തോക്കുണ്ടോയെന്ന് ചോദിച്ച് അകത്തെല്ലാം തിരഞ്ഞെങ്കിലും കിട്ടിയില്ല. അരിയും നെല്ലും വീതംവച്ച് ആദിവാസികൾക്കു വിതരണം ചെയ്തു. അജിതയും വർഗീസുമെല്ലാം സംഘത്തിലുണ്ടായിരുന്നെന്നു കേട്ടിട്ടുണ്ട്. അന്നെനിക്ക് 20 വയസ്സല്ലേയുള്ളൂ. ആരെയും തിരിച്ചറിയാനായില്ല. ഞങ്ങൾ പൊലീസ് സ്റ്റേഷൻ ആക്രമിച്ച് എസ്ഐയെ കൊന്നിട്ടാണു വരുന്നതെന്ന് മാവോയിസ്റ്റുകൾ പറഞ്ഞു. എല്ലാവരും പേടിച്ചുപോയി-'' തിമ്മപ്പൻ ചെട്ടിയുടെ ഇളയമകൻ രാമകൃഷ്ണൻ പഴയ സംഭവങ്ങൾ ഓർത്തെടുക്കുന്നു. 

വീരാടി തിമ്മപ്പൻ ചെട്ടിയുടെ വീട് ആക്രമിച്ച ശേഷം സംഘം തൊട്ടടുത്തുള്ള മറ്റൊരു ജന്മികുടുംബമായ ഐരാടി കെ. ദാസന്റെ വീട്ടിലെത്തി. പത്തായപ്പുര കുന്തം കൊണ്ടു കുത്തിത്തുറന്നു. സാധനങ്ങൾ കൈക്കലാക്കി. കുന്തമുനയുടെ അടയാളം ഇപ്പോഴും പത്തായപ്പുരയിൽ മായാതെയുണ്ട്. പിന്നീട് വെള്ളുചെട്ടിയുടെ കടയിലെത്തിയ മാവോയിസ്റ്റുകൾ സിഗരറ്റും എണ്ണയും ബാറ്ററിയും സോപ്പുമെല്ലാം വാരിയെടുത്തു. ചിലർ പുട്ടും പഴവുമെടുത്തു കഴിച്ചു. കബനിയുടെ മറുകരനീന്തിയെത്തി തിരുനെല്ലിയിലേക്കു കടന്നു. അജിതയെ കൈത്തണ്ടയിലെടുത്താണ് ആദിവാസികൾ പുഴകടത്തിയത്. 

ഒരു പഴയ വിപ്ലവകാരി പറയുന്നു 

''എല്ലാവരും ഒറ്റ സംഘമായാണു പുൽപള്ളിക്കു നീങ്ങിയത്. 60 പേരെങ്കിലും ഉണ്ടായിരുന്നിരിക്കണം. കൃത്യമായി ഓർമയില്ല. ദേവസ്വം വക ഊട്ടുപുരയിലായിരുന്നു അന്ന് പൊലീസ് ഔട്പോസ്റ്റ് പ്രവർത്തനം. കുടിയിറക്കിനെതിരായ പ്രക്ഷോഭം അടിച്ചമർത്താനെത്തിയ എംഎസ്പിക്കാരുടെ ക്യാംപായിരുന്നു അത്''- ആക്രമണത്തിൽ പങ്കെടുത്ത സി.എൻ. നീലകണ്ഠൻ നായർ പറയുന്നു. ഇപ്പോൾ പുൽപള്ളിയിലെ വീട്ടിൽ വിശ്രമജീവിതത്തിലാണ് ഇദ്ദേഹം. ആക്‌ഷന്റെ കൂടുതൽ വിവരങ്ങൾ പങ്കുവയ്ക്കാൻ ഒട്ടും താൽപര്യമില്ല. 'വോട്ടു ചെയ്യാൻ പോകാറുണ്ട്. പാർട്ടി, ജാതി, മതം ഇതൊന്നും നോക്കില്ല. നല്ല വ്യക്തികൾക്കു വോട്ടു ചെയ്യും. അത്രയേയുള്ളൂ ഇപ്പോഴത്തെ രാഷ്ട്രീയപ്രവർത്തനം''- അദ്ദേഹം പറയുന്നു. 

naksal-ramakrishnan വീരാടി തിമ്മപ്പന്‍ ചെട്ടിയുടെ മകന്‍ രാമകൃഷ്ണന്‍

ആ കൈപ്പത്തി ആരുടേത്? 

കൈപ്പത്തി ചോരയിൽ മുക്കി ഔട്പോസ്റ്റിന്റെ ചുമരിൽ പതിപ്പിച്ചശേഷമാണ് മാവോയിസ്റ്റുകൾ മടങ്ങിയത്. ഈ കൈപ്പത്തി ആരുടേതെന്നും ആരാണ് കൈപ്പത്തി പതിപ്പിച്ചതെന്നതിനെക്കുറിച്ചും വാദങ്ങൾ പലതാണ്. 

പൊലീസ് ഔട്പോസ്റ്റ് ആക്രമിച്ചശേഷം സ്ഫോടനശബ്ദം കേട്ടപ്പോൾ എംഎസ്പി വെടിവയ്ക്കുന്നതാണെന്നു കരുതി മാവോയിസ്റ്റ് സംഘം തിരിഞ്ഞോടി. ഓടയിൽവീണ് നീരക്കോലത്ത് ഗോപാലന്റെ കൈയിലിരുന്ന ബോംബ് പൊട്ടി. കൈപ്പത്തി തകർന്നുപോയി. ''സഖാവ് ഗോപാലന്റെ മുറിഞ്ഞ കൈയുടെ അറ്റം പൊലീസ് ഷൂസിട്ട കാലുകൊണ്ട് ചവിട്ടിയരച്ചു. ആ മുറിവിൽക്കൂടി പൊട്ടിയൊഴുകി തളംകെട്ടിയ രക്തത്തിൽ സഖാവിന്റെ മറ്റേ കൈ മുക്കി പുൽപള്ളി വയർലെസ് സ്റ്റേഷന്റെ ചുവരിൽ പതിപ്പിച്ചു. ആ കൈപ്പത്തിയുടെ ചിത്രം അജിതയുടെ കൈപ്പത്തി എന്നു പൊലീസ് നാടൊട്ടുക്കും പ്രചരിപ്പിച്ചുവെന്ന് ഓർമക്കുറിപ്പുകൾ എന്ന പുസ്തകത്തിൽ അജിത എഴുതുന്നു.

പുൽപള്ളി ആക്‌ഷൻ

എ. വർഗീസ്, കെ. അജിത, കിസാൻ തൊമ്മൻ, സി.എസ്. ചെല്ലപ്പൻ, എടൂർ ജോസഫ്, തേറ്റമല കൃഷ്‌ണൻകുട്ടി, അള്ളുങ്കൽ ശ്രീധരൻ, ശശിമല രാമൻനായർ, കുഞ്ഞിരാമൻ മാസ്‌റ്റർ, ഫിലിപ്പ് എം. പ്രസാദ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പുൽപള്ളി ഓപ്പറേഷൻ. നാടൻബോംബും കുന്തങ്ങളുമായി ക്യാംപ് ആക്രമിച്ച വിപ്ലവകാരികൾ വയർലെസ് ഓപ്പറേറ്റർ ഹവിൽദാർ വി.എൻ. കുഞ്ഞികൃഷ്‌ണനെ വെട്ടിയും കുത്തിയും കൊന്നു. 

സ്റ്റേഷനിലുണ്ടായിരുന്ന ആയുധങ്ങൾ കൈക്കലാക്കിയ ശേഷം പൊലീസ് പിൻതുടരുന്നുവെന്നു സംശയിച്ച് വേഗം സ്‌ഥലം വിട്ടു. പുലർച്ചെ ചേകാടിയിലെത്തി ഐരാടി കെ.ദാസൻ ചെട്ടി, വീരാടി തിമ്മപ്പൻ ചെട്ടി എന്നിവരുടെ വീടുകൾ ആക്രമിച്ചു. ശേഷം കബനി കടന്ന് തിരുനെല്ലിക്കാട്ടിലേക്കു പോയി. 

പുൽപള്ളിക്ക് മാവോയിസ്റ്റ് ആക്രമണത്തിനു ശേഷം പുരോഗതിയുണ്ടായി. കുടിയേറ്റക്കാർക്ക് വേഗത്തിൽ പട്ടയം നൽകാൻ നടപടിയുണ്ടായി. ജന്മിമാരുടെ കൊടുംക്രൂരതകൾക്കു തെല്ലു ശമനമുണ്ടായി. റോഡുകളും പൊലീസ് സ്റ്റേഷനും വന്നു.