Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

29 ദിവസം; എൻടോർക് സ്കൂട്ടറിൽ 9109 കിലോമീറ്റർ പിന്നിട്ട് രണ്ടു പെണ്ണുങ്ങൾ!

AT-Top സജ്ന അലിയും ട്യൂണ ബാസ്റ്റിനും ഖാർദൂങ് ലാ ടോപ്പിൽ

സജ്ന അലി– 32 വയസ്സ്, സോഫ്റ്റ്‌വെയർ എൻജിനീയറായിരുന്നു മുൻപ്. കോഴിക്കോട് സ്വദേശി. ജോലി വിട്ട് 2014 മുതൽ സോളോ ട്രാവലർ ആയി ഇന്ത്യയിൽ മിക്കയിടത്തും സഞ്ചരിച്ചു. 2016ൽ അപ്പൂപ്പൻ താടികൾ എന്ന ഫേസ്ബുക്ക് യാത്രാ കൂട്ടായ്മ രൂപീകരിച്ചു. അപ്പൂപ്പൻതാടി കൂട്ടായ്മ ഏതാണ്ട് 100 യാത്രകൾ പൂർത്തിയാക്കി.

ട്യൂണ ബാസ്റ്റിൻ– 32 വയസ്സ്, കൊച്ചി സ്വദേശി, സ്റ്റാർ ഹെൽത്ത് ആൻഡ് അലൈഡ് ഇൻഷുറൻസ് കമ്പനി ലിമിറ്റഡിൽ ഇൻവസ്റ്റിഗേഷൻ ഓഫിസർ, 13 വയസ്സിൽ ബൈക്ക് ഓടിക്കാൻ പഠിച്ചു. ഇന്ത്യയുടെ പല ഭാഗങ്ങളിൽ യാത്ര ചെയ്തു.

നാടെങ്ങും ട്രാവൽ ഫോറങ്ങളും ബുള്ളറ്റ് ക്ലബ്ബുകളും സഞ്ചാരി കൂട്ടായ്മകളുമൊക്കെ വന്നതോടെ ലോങ് റൈഡ് പോകുന്നവരുടെ എണ്ണവും കൂടി. ഒരു ബുള്ളറ്റ് വന്നിട്ടു യാത്ര പോകാം എന്ന് ആൺപിറന്നവൻമാർ പോലും കാത്തിരിക്കുന്നിടത്താണ് വലിയ പ്ലാനിങ്ങൊന്നുമില്ലാതെ ഒരു ടിവിഎസ് എൻടോർക് 125 സ്കൂട്ടറിൽ അവർ ഹിമാലയൻ യാത്രയ്ക്ക് ഇറങ്ങിത്തിരിച്ചത്. സെപ്റ്റംബർ രണ്ടിന് ഇടപ്പള്ളി പുണ്യാളന്റെ പള്ളിക്കു മുൻപിൽ നിന്നാരംഭിച്ച യാത്ര ഒക്ടോബർ ഒന്നിന് അവിടെത്തന്നെ അവസാനിപ്പിക്കുമ്പോൾ അവർ പിന്നിട്ട ദൂരം 9109 കിലോമീറ്റർ. അതുവരെ ഞങ്ങൾക്കും വണ്ടിക്കും ഒരു ജലദോഷം പോലും വന്നില്ലെന്ന് ആശങ്കകളെ പറത്തിക്കളയുന്നു സജ്നയും ട്യൂണയും.  

രണ്ടു വർഷം മുൻപ് അപ്പൂപ്പൻതാടികളുടെ മീശപ്പുലിമല ട്രിപ്പിൽ റജിസ്റ്റർ ചെയ്തതോടെയാണ് ഇരുവരും പരിചയത്തിലാകുന്നത്. വാട്സാപ്പിൽ ചാറ്റ് തുടങ്ങിയതോടെ ട്യൂണ തന്റെ സ്വപ്നയാത്ര സജ്നയുമായി പങ്കുവച്ചു. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള, വാഹനയാത്ര പ്രാപ്തമായ ചുരം – ഖർദുങ് ലാ ടോപ്പിലേക്ക് ഒരു ട്രിപ്പ്. ‘ഒരാൾ പോയാലും രണ്ടാൾ പോയാലും ഇന്ധനച്ചെലവ് സെയിം. എന്നാൽപിന്നെ ഒന്നിച്ചായാലോ’ എന്നു ചോദിച്ചപ്പോഴേ സജ്ന റെഡി. പിന്നെയും ഏറെനാൾ കഴിഞ്ഞാണ് രണ്ടാzzളും നേരിൽ കാണുന്നത്.

pangong-lake പാൻഗോങ് തടാകത്തിനു മുന്നിൽ സജ്ന അലിയും ട്യൂണ ബാസ്റ്റിനും

ഒരുമിച്ചുള്ള യാത്രയിലും മറ്റു യാത്രകളിലുമൊക്കെ അവർ ഉയരങ്ങളിലേക്ക് തെന്നിപ്പാറുന്ന ആ സ്വപ്നം പങ്കുവച്ചു. ഹിമാലയൻ യാത്രയ്ക്ക് മുന്നൊരുക്കമെന്ന നിലയിൽ അകുംബെ, യേർക്കാട് ട്രിപ്പുകൾ പോയി. ട്യൂണയുടെ അവഞ്ചറിലായിരുന്നു ആ യാത്രകൾ. പിന്നീടൊരു ദിവസം തോന്നി ബൈക്കിലൊക്കെ എല്ലാവരും പോകുന്നതല്ലേ, ബൈക്ക് മാറ്റി സ്കൂട്ടറിൽ ഒരു പ‌ിടി പിടിച്ചാലോ എന്ന്. ടൂവീലർ ഓടിക്കുന്ന, യാത്ര സ്വപ്നം കാണുന്ന പല പെൺകൂട്ടുകാർക്കും അത് പ്രചോദനമാകുമല്ലോ എന്നും കരുതി. 

ലീവ് തരപ്പെടുത്താനുള്ള നെട്ടോട്ടവും സീസണായുള്ള കാത്തിരിപ്പുമെല്ലാം കഴിഞ്ഞ് യാത്രയ്ക്ക് രണ്ടാഴ്ച മുന്നെ ആണ് പോകാനുള്ള എൻടോർക് കൈയിലെത്തുന്നത്. സജ്ന വണ്ടി കാണുന്നതാകട്ടെ ട്രിപ്പിന്റെ തലേന്നും. ആരോടും പറയാൻ നിന്നില്ല. ആളുകളെ പറഞ്ഞുമനസ്സിലാക്കുന്നതിനേക്കാൾ എളുപ്പം ചെയ്തു കാണിച്ചുകൊടുക്കുന്നതാണെന്ന് കരളുറപ്പുണ്ടായിരുന്നതുകൊണ്ട് കുറച്ച് ലഗേജും വളരെ ആവേശവുമായി അവർ യാത്രയ്ക്കിറങ്ങി. 4 ടിഷർട്ട്, 1 ട്രാക് പാന്റ്, 1ജീൻസ്, 1 കാവി മുണ്ട് – ലഗേജ് കഴിഞ്ഞു. (പാൻഗോങ്ങിൽ കാവിമുണ്ടും കറുത്ത ഷർട്ടുമിട്ട് നിൽക്കുന്ന ഇവരുടെ പടങ്ങൾക്ക് ലൈക്കോടു ലൈക്കായിരുന്നു). കാവിമുണ്ട് അങ്ങനെ പ്ലാൻ ചെയ്തു കൊണ്ടുപോയതല്ല. ഉണക്കാനുള്ള എളുപ്പം. വേണമെങ്കിൽ ഉടുക്കാം, ഉറങ്ങുമ്പോൾ പുതയ്ക്കാം, ഷീറ്റ് ആയി വിരിക്കാം... വസ്ത്രങ്ങൾ ഉണക്കാൻ ഒരു ഹെയർ ഡ്രയറും ക്യാമറയും കൂടെയുണ്ടായിരുന്നു.

യാത്രയിൽ ഗൂഗിൾ നക്ഷത്രം വഴികാട്ടിയായി. രാത്രി യാത്ര തീർത്തും ഒഴിവാക്കി. വൈകിട്ട് 5.30– 6നുള്ളിൽ യാത്ര അവസാനിപ്പിച്ചു. മിക്കവാറും രാത്രി തങ്ങാൻ ഉദ്ദേശിച്ച സ്ഥലത്തെത്തിയ ശേഷമാണ് ഗൂഗിൾ നോക്കി നല്ല റിവ്യൂ ഉള്ള ഹോട്ടലുകൾ കണ്ടുപിടിച്ചത്. ഫോട്ടോ കണ്ടു തൃപ്തിപ്പെടാതെ ഹോട്ടലിന്റെ ഗേറ്റിൽ ചെന്നുകണ്ട് അവിടെനിന്നു ബുക്ക് ചെയ്തിട്ടുണ്ട്. ഹോട്ടലിൽ നേരിട്ട് ചെന്നപ്പോൾ 1000രൂപ പറഞ്ഞിടത്ത് റിസപ്ഷനിൽനിന്നു തന്നെ 610ന് ഓൺലൈനിൽ ബുക്ക് ചെയ്തിട്ടുണ്ട്. അങ്ങനെ എത്ര പരീക്ഷണങ്ങൾ...

rohtang-pass

ആരോഗ്യ പ്രശ്നങ്ങൾ ഒട്ടുമുണ്ടായില്ല എന്നു മാത്രമല്ല അന്നന്നത്തെ യാത്രാക്ഷീണം ചൂടുവെള്ളത്തിൽ ഒരു കുളിയോടെ മാറുമെന്ന് ഇവർ സാക്ഷ്യപ്പെടുത്തുന്നു. നല്ല പിക്നിക് മൂഡിൽ ആയിരുന്നു യാത്ര. ശുചിമുറി സൗകര്യം ഒരു പ്രശ്നമായിരുന്നു. ലഡാക്ക് വരെ പെട്രോൾ പമ്പുകളായിരുന്നു ആശ്വാസം. വേസ്റ്റ് കളയാൻ സൗകര്യമില്ലാത്തതിനാൽ ഉപയോഗിച്ച പാഡ് പൊതിഞ്ഞെടുത്ത് പാന്റിന്റെ പോക്കറ്റിലിട്ടാണ് വേസ്റ്റ് ബിൻ കാണുംവരെ യാത്ര ചെയ്തത്. ഒരു ച്യൂയിംഗമോ ഒരു ചോക്ലേറ്റിന്റെ കവറോ പോലും അലക്ഷ്യമായി വലിച്ചെറിഞ്ഞില്ല. ഭക്ഷണക്കാര്യത്തിൽ യാതൊരു നിർബന്ധവുമില്ലാത്തതിനാൽ അതും പ്രശ്നമായില്ല. ആദ്യം പറാത്ത ആയിരുന്നു ഭക്ഷണം. ലഗേജിലുണ്ടായിരുന്ന വെളുത്തുള്ളി അച്ചാറും കൂട്ടി കഴിച്ചു. പറാത്ത മടുത്തു തുടങ്ങിയപ്പോൾ നൂഡിൽസും സൂപ്പും ഒക്കെ വച്ച് അഡ്ജസ്റ്റ് ചെയ്തു. രാവിലെ നന്നായി ഭക്ഷണം കഴിക്കും. മിക്കവാറും രണ്ടു നേരമായിരുന്നു ഭക്ഷണം. ഒരുപാട് ഭക്ഷണം കഴിച്ചാൽ യാത്രയിൽ ഉറക്കം വന്നേക്കാമെന്നതിനാൽ ഉച്ചഭക്ഷണം ഒഴിവാക്കി.

അമൃത്‌സർ– സുവർണക്ഷേത്രം വഴി യാത്ര. ശ്രീനഗർ റോഡ് ഏറെ ബുദ്ധിമുട്ടിച്ചെങ്കിലും യാത്രയുടെ 14–ാം ദിവസം അവർ ഖാർദൂങ് ലാ ടോപ്പിലെത്തി. കേരളത്തിൽ നിന്നെത്തിയ പല റൈഡർമാരെയും  കണ്ടു. സ്കൂട്ടറിലെത്തിയ പെൺകില്ലാടികളെ കണ്ട് ബുള്ളറ്റ് ചേട്ടന്മാരൊക്കെ അടുത്തുവന്നു കൈകൊടുത്ത് പരിചയപ്പെട്ടു. എല്ലാവരും നല്ല സപ്പോർട്ട് ആയിരുന്നു. തിരിച്ച് മണാലി വഴിയായിരുന്നു യാത്ര. പ്രളയത്തിനു രണ്ടുനാൾ മുന്നേ മണാലി കടന്നു. 29–ാം നാൾ എടപ്പള്ളി പുണ്യാളന്റെ മുന്നിൽ മെഴുകുതിരി കത്തിച്ച് യാത്ര അവസാനിപ്പിച്ചപ്പോൾ ആകെ യാത്രാച്ചെലവ് രണ്ടു പേർക്കും കൂടി 35000 രൂപ. 

യാത്രയ്ക്കുള്ള പ്രധാന തയാറെടുപ്പ് സ്കൂട്ടറിനായിരുന്നു. കേബിൾ പൊട്ടിയാലോ എന്നു ഭയന്ന് നിലവിലുള്ളതിനൊപ്പം പുതിയ കേബിൾ വാങ്ങി ടൈ ചെയ്തു. ഒരു ബോട്ടിൽ എൻജിൻ ഓയിലും പ്രത്യേകം കരുതി. ഇടയ്ക്ക് കരട് കയറി പെട്രോൾ ഓവർഫ്ലോ ആയതല്ലാതെ വണ്ടിക്ക് ഒരു പ്രശ്നവുമുണ്ടായില്ല.

കശ്മീരിലെ മൈനസ് ഡിഗ്രിയിൽ വീശിയടിക്കുന്ന ശീതക്കാറ്റിൽ നാട്ടിൽനിന്നു വാങ്ങിയ 25 രൂപയുടെ സാദാ ഗ്ലൗസും ട്രാക് പാന്റുമൊക്കെ ആയി പിടിച്ചുനിൽക്കാൻ ഏറെ പാടുപെട്ടെങ്കിലും ആ യാത്ര ഇവർക്ക് നൽകിയ ആത്മവിശ്വാസം ചില്ലറയല്ല. ചങ് ലാ പാസിൽ പെട്ടെന്നുണ്ടായ അപ്രതീക്ഷിത മഞ്ഞുവീഴ്ചയിൽ തണുത്തുറഞ്ഞതും, ഉതംപൂരിൽ വഴിയിൽവച്ചു പരിചയപ്പെട്ട മലയാളി കുടുംബം താമസസൗകര്യം ഒരുക്കി ആതിഥ്യമര്യാദ കൊണ്ടും സ്നേഹംകൊണ്ടും മനസ്സു നിറച്ചതും പോലുള്ള നൂറുനൂറ് അനുഭവങ്ങൾ ചേർത്ത് പുസ്തകമായി ഇറങ്ങുന്ന ട്രാവലോഗിനൊപ്പം കയ്യിലുള്ള വിഡിയോകൾ ചേർത്തുവച്ചൊരു വ്ലോഗും ഉടനെത്തും. 

നാട്ടിൽ തിരിച്ചെത്തിയതോടെ ലോങ് റൈഡിനുള്ള ആഗ്രഹവുമായെത്തുന്ന കൂട്ടുകാരായി ചുറ്റും.  അപ്പൂപ്പൻതാടി ഗ്രൂപ്പിൽ പലരും ആഗ്രഹം പങ്കുവച്ചതോടെ അതിനുള്ള ഒരുക്കത്തിലാണ് ഇവർ. കൊച്ചിയിൽ നിന്നു ചിമ്മിനി ഡാം പ്രദേശത്തേക്കും കോഴിക്കോടു നിന്ന് ബാണാസുര സാഗറിലേക്കും സ്കൂട്ടർ റൈഡ് നടത്തി പരിശീലനത്തിലാണ് സംഘം–  പെൺകൂട്ടിന്റെ അപ്പൂപ്പൻ താടികൾ പോലെ. ഇനിയും ഒരുപാടു ദൂരങ്ങൾ ഒന്നിച്ചുപറക്കാൻ ബാക്കിയുണ്ടല്ലോ.  വൈകാതെ ഒരു തിരുവനന്തപുരം –തവാങ് ട്രിപ് അല്ലെങ്കിൽ ഗുജറാത്– നോർത് ഈസ്റ്റ് ക്രോസ് ട്രിപ്–  ഈ പെൺസ്വപ്നങ്ങൾക്കു പരിധികളേയില്ല, അവളുടെ സ്വപ്നങ്ങളിലേക്കുള്ള വഴികൾ‌ക്കും.