Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മസായി മാറ - അതിജീവനത്തിന്റെ ഇതിഹാസം

MasaiMara മസായി മാറയിലെ പുൽമേട്ടിൽ വിൽഡർബീസ്റ്റ്, സീബ്ര തുടങ്ങിയ മൃഗങ്ങളുടെ കൂട്ടം

കെനിയയിലെ മസായി മാറയിൽ വന്യജീവികളുടെ ലോക കപ്പ് തുടങ്ങുകയായി. ആധുനിക കാലത്തെ ഏഴു ലോകാത്ഭുതങ്ങളിലൊന്നായ ഈ ദൃശ്യവിസ്മയം കാണാൻ ലോകമെമ്പാടുനിന്നും പ്രകൃതിസ്നേഹികളും വന്യജീവി ഫൊട്ടോഗ്രഫർമാരും പ്രവഹിക്കുകയാണ്. ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കണമെന്ന് അ‍‍‍ജ്ഞാതനാമാവ് കുറിച്ചിട്ട പ്രതിഭാസം. കാരണം, ഏതെങ്കിലും ഒരു വന്യജീവി സഫാരിക്കു പോകുന്നുണ്ടെങ്കിൽ അത് ഇതാവണമെന്നു പുകൾപെറ്റതാണു വിൽഡർബീസ്റ്റ് കുടിയേറ്റം.

lion-09

ലോകത്തു വേറേ എവിടെയും ഏതെങ്കിലുമൊരു ജീവിവർഗത്തിന്റെ ഇത്തരമൊരു മഹാപ്രയാണമില്ല. ടാൻസനിയയിലെ സെറങ്കെട്ടി നാഷനൽ പാർക്കിൽനിന്ന് ഇരുപതു ലക്ഷത്തിലേറെ വരുന്ന ജീവിസഞ്ചയമാണു മേച്ചിൽസ്ഥലം തേടി കെനിയയിലെ മാറാ നദി മുറിച്ചുകടന്ന് മസായി മാറയിലെ പുൽമേടുകളിലേക്കു പ്രവേശിക്കുന്നത്. വിൽഡർബീസ്റ്റിനു പുറമേ സീബ്രകളും ഈ പ്രയാണത്തിൽ പങ്കുചേരുന്നുണ്ട്.

ഇതേസമയം വേറൊരുകൂട്ടരും ആ വരവു കാത്തിരിക്കും – മാറാ നദിയിൽ മുങ്ങിക്കിടക്കുന്ന പരശതം മുതലകൾ. അവയ്ക്ക് ഇരയാവുകയെന്നതാണ് അനേകമനേകം വിൽഡർബീസ്റ്റുകളുടെ വിധി. ബാക്കിയാവുന്ന ലക്ഷങ്ങൾ മസായി മാറയിലെ മേച്ചിൽപുറങ്ങളിലേക്കു കടക്കുമ്പോൾ അവരെ കാത്ത് പിന്നാലെ സിംഹം, പുള്ളിപ്പുലി, ഹൈന, ചീറ്റ, കാട്ടുനായ്ക്കൾ, കഴുകൻ എന്നിവയുമുണ്ടാവും. പ്രകൃതിയിലെ അതിജീവനത്തിന്റെ ഈ മഹാഗ്രന്ഥം ഒരിക്കലെങ്കിലും കണ്ടു തൊഴുതു മടങ്ങാനാണു മസായി മാറയിലേക്ക് ഈ സമയം നോക്കി മനുഷ്യനുമെത്തുന്നത്.

leoperd-09

മസായി മാറയിലേക്കു പ്രവേശിക്കാനായി വിൽഡർബീസ്റ്റ് മാറാനദിയിലേക്ക് എടുത്തുചാടുന്നതും മറുകരപറ്റുന്നതും ദാരുണമായ കാഴ്ചയാണ്. പലപ്പോഴും പുഴവക്കത്തുനിന്നു കുത്തനെ താഴ്ചയിലേക്കു ചാടുകയാണു പതിവ്. ചെങ്കുത്തായ, വഴുവഴുപ്പുള്ള പുഴയോരത്തുകൂടിയാണു മറുകരപറ്റുന്നതും. ഈ ചാട്ടത്തിനും കരപറ്റലിനുമിടയിൽ പിറകെ പാഞ്ഞുവരുന്ന നൂറുകണക്കിനു ജീവികൾ ഒന്നിനു പുറകെ ഒന്നായി മുൻപിലുള്ളവയുടെ മുതുകത്തായിരിക്കും വന്നു വീഴുക. കയ്യും കാലും വാരിയെല്ലും നട്ടെല്ലും ഒടിഞ്ഞവയ്ക്കു പുഴയിൽ തക്കംനോക്കിക്കിടക്കുന്ന മുതലകളെയും കടന്നു വേണം കരപറ്റാൻ. അവിടെയാണു സിംഹവും ഹൈനയും ചീറ്റയും കാത്തിരിക്കുന്നത്. കൂട്ടംതെറ്റിപ്പോയ കുഞ്ഞുങ്ങൾ, പരുക്കുപറ്റിയവ എന്നിവയുടെ കാര്യം പെട്ടെന്നു പെട്ടെന്നു തീരുമാനമാവും.

ഓരോ വർഷവും കുടിയേറ്റം ഓരോ തരത്തിലാണെന്നാണു സ്ഥിരം സന്ദർശകർ പറയുന്നത്. അതായത്, ഒരിക്കലും ദേശാടനം തനിയാവർത്തനമാവില്ല. നദി മുറിച്ചുകടക്കുന്ന സ്ഥലം, സമയം എന്നിവയൊക്കെ ഓരോ തവണയും മാറുന്നു.

eagle-09

അനുസ്യൂതമായ സഞ്ചാരമാണു വിൽഡർബീസ്റ്റിന്റെ സവിശേഷത. യാത്ര തുടങ്ങിയാൽ എവിടെയും വെറുതേ നിന്നു സമയം കളയില്ല. ഇണചേരലും പ്രസവവുമെല്ലാം പോക്കിൽത്തന്നെ. പ്രസവിച്ച് അഞ്ചു മിനിറ്റിനകം കുഞ്ഞ് അമ്മയോടൊപ്പം ഓടിത്തുടങ്ങും. ഈ സമയത്തുപോലും അവയ്ക്കു സിംഹത്തെക്കാൾ വേഗത്തിൽ ഓടാനാവും. പറഞ്ഞിട്ടെന്ത്, ജനനംപോലെതന്നെ ശിശുമരണവും ഏറ്റവുമധികം സംഭവിക്കുന്ന സ്ഥലമാണിത്. രണ്ടാഴ്ചയ്ക്കുള്ളിൽ നാലു ലക്ഷത്തോളം കുഞ്ഞുങ്ങളാണ് ഈ പുൽമേട്ടിൽ പിറന്നുവീഴുന്നത്.

ഇരതേടുന്നതും സ്വയം ഇരയാവുന്നതുമാണ് ഈ അത്യപൂർവ പ്രതിഭാസത്തിന്റെ പിൻകുറിപ്പ്. ജൂലൈ മാസമാവുമ്പോഴേക്കും വിൽഡർബീസ്റ്റ് എങ്ങനെ കൃത്യമായി മസായി മാറയിലെത്തുന്നു? നവംബറിൽ എങ്ങനെ കൃത്യമായി സെറങ്കെട്ടിയിലേക്കു തിരിച്ചു പോകുന്നു? അതേപോലെ, മുതലകൾ ആ വരവ് എങ്ങനെ ദിവസങ്ങൾക്കു മുൻപേ അറിയുന്നു? വിൽഡർബീസ്റ്റ് നദി മുറിച്ചു കടക്കുന്ന ഭാഗത്ത് അവ എങ്ങനെ തയാറായി കാത്തു കിടക്കുന്നു? ഉത്തരമില്ലാത്ത ചോദ്യങ്ങളാണിവ.

elephant-09

ജഡനിബിഡമായ മാറാ നദി; വാപിളർന്നു ക്രോധത്തോടെ മുങ്ങിപ്പൊങ്ങുന്ന ഹിപ്പപ്പൊട്ടാമസുകളുടെ ഭീതിപ്പെടുത്തുന്ന കാഴ്ച; പറന്നടുക്കുന്ന കഴുകൻമാർ; പല്ലിൽ കോർത്ത വിൽഡർബീസ്റ്റിനെ നദിയിലേക്കു വലിച്ചു താഴ്ത്തുകയും കടിച്ചു കുടഞ്ഞു ചുഴറ്റിയെറിഞ്ഞ് ആർത്തിയോടെ വിഴുങ്ങുകയും ചെയ്യുന്ന മുതലകൾ...എന്നിട്ടും ഒന്നിനു പിറകെ ഒന്നായി പതിനായിരങ്ങൾ വെള്ളത്തിലേക്ക് എടുത്തുചാടി മറുകരയിലേക്കു നീന്തിക്കൊണ്ടേയിരിക്കുന്നു.

മുതലകളും സിംഹങ്ങളും കാത്തിരിക്കുന്നുണ്ടെങ്കിലും വിൽഡർബീസ്റ്റിനു മുന്നോട്ടു പോകാതിരിക്കാനാവില്ല. അത് അവയുടെ ജനിതക നിയോഗമാണ്. പൂർവികർ പണ്ടു മാറ നദി മുറിച്ചു കടന്നതുകൊണ്ടാണ് ഇന്നു തങ്ങൾ പുതിയ തലമുറയുമായി വന്ന് ഈ നരകവാതിലിൽ ഊഴം കാത്തു നിൽക്കുന്നത്. ഇപ്പോൾ പോയില്ലെങ്കിൽ തങ്ങളുടെ വംശംതന്നെ ക്രമേണ ഇല്ലാതായിപ്പോയേക്കാം...ഒരു ഭാഗത്തു ജീവസന്ധാരണം, മറുഭാഗത്തു നിർദയമായ വേട്ടയാടൽ. വേട്ടയാടുന്നവയ്ക്കുമുണ്ട് അവയുടെ യുക്തികൾ. ഒരുനേരത്തെ ആഹാരം. പാഞ്ഞെത്തുന്ന വേട്ടമൃഗത്തിന്റെ പിടിയിൽനിന്ന് അവസാനത്തെ കുതിപ്പുമെടുത്തു രക്ഷപ്പെടാൻ നോക്കുന്നവയ്ക്ക് അത് അക്ഷരാർഥത്തിൽ ജീവന്മരണപ്പാച്ചിലാണ്. മസായി മാറ മതിവരാത്ത കാഴ്ചകൾക്കപ്പുറം ജീവന്റെയും മരണത്തിന്റെയും പദപ്രശ്നംകൂടിയാണ്.

lion-family

മടുക്കാത്ത കാഴ്ചകൾ

അബുദാബിയിൽനിന്നു നാലര മണിക്കൂർ പറന്നാൽ കെനിയയുടെ തലസ്ഥാനമായ നയ്റോബിയിലെത്താം. അവിടെനിന്ന് 225 കിലോമീറ്റർ യാത്ര ചെയ്താൽ മസായി മാറയിലെത്താം. അതിവിസ്തൃതമായ ആഫ്രിക്കൻ പുൽമേടുകളും കുറ്റിക്കാടുകളും കുടചൂടിനിൽക്കുന്ന അക്കേഷ്യ മരങ്ങളും നിറഞ്ഞ ഭൂമികയാണു മസായി മാറ. 1961ൽ ആദ്യമായി വന്യജീവി സംരക്ഷണ കേന്ദ്രം തുടങ്ങുമ്പോൾ മസായി മാറ 520 ചതുരശ്ര കിലോമീറ്റർ മാത്രമായിരുന്നു. പിന്നീടത് 1821 ചതുരശ്ര കിലോമീറ്ററായി വിപുലപ്പെടുത്തി. മസായി മാറ ജനവാസകേന്ദ്രങ്ങളിൽനിന്നു വളരെ അകലെയാണ്. അതുകൊണ്ടു മൃഗങ്ങൾ മനുഷ്യഭയമില്ലാതെ ഇവിടെ സ്വൈരവിഹാരം നടത്തുന്നു.

masai-vehicle

കുടിയേറ്റക്കാരായ വിൽഡർബീസ്റ്റിന്റെ ആഗോള തലസ്ഥാനമാണു മസായി മാറ. ആന, സിംഹം, ടോപി, സീബ്ര, ഗസൽ, ഉറുമ്പുതീനി...എന്നുവേണ്ട, ആഫ്രിക്കൻ വൻകരയിൽ ഉള്ളവയിൽ പലതും ഇവിടെയുണ്ട്. ആഫ്രിക്കയില ബിഗ് ഫൈവ് എന്നറിയപ്പെടുന്ന സിംഹം, പുള്ളിപ്പുലി, ആന, കാട്ടുപോത്ത്, കറുത്ത കാണ്ടാമൃഗം എന്നിവയെ ഒറ്റ സഫാരിക്കിടയിൽ കാണാമെന്നതാണു പ്രത്യേകത. ജിറാഫ്, ചീറ്റ, ഹൈന, കുറുക്കൻ, വവ്വാൽ ചെവിയൻ കുറുക്കൻ, ഒട്ടകപ്പക്ഷി എന്നിവ വേറേ. സിംഹം, ആന, ചീറ്റ എന്നിവയെ വളരെ അടുത്തു നിന്നു കാണാൻപറ്റുന്ന ഒട്ടേറെ പ്രദേശങ്ങൾ ഉള്ളതുകൊണ്ടാണ് മസായി മാറ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാവുന്നത്. മൃഗങ്ങൾക്കു പുറമേ 450 പക്ഷിവർഗങ്ങളും അനേകം അപൂർവ സസ്യജാലങ്ങളും മസായി മാറയുടെ പ്രത്യേകതയാണ്.

പുൽമേടുകൾ കാണാനാവാത്തവിധം കാഴ്ച മറച്ചുകൊണ്ടു ലക്ഷക്കണക്കിനു വിൽഡർബീസ്റ്റ് മേയുന്നതു കാണുക അവിസ്മരണീയ കാഴ്ചയാണ്. ചലനങ്ങളിലും കാഴ്ചയ്ക്കും ഒട്ടും ഭംഗിയില്ലാത്ത വിൽഡർബീസ്റ്റ് ആഫ്രിക്കൻ സാവന്നയിലെ വികൃതജീവിയാണ്. എന്നിരുന്നാലും ഈ കുടിയേറ്റമാണു ലോകത്തെ ഇങ്ങോട്ടു മാടിവിളിക്കുന്നത്. അതുകൊണ്ട് ഈ സമയത്തു ഹോട്ടൽ നിരക്ക്, വിമാന ടിക്കറ്റ്, ടാക്സി എന്നുവേണ്ട, തൊട്ടതിനൊക്കെ പലമടങ്ങു നിരക്കു കൂടും. ഏകദേശം 5000 രൂപയാണു പാർക്കിലെ പ്രവേശന ഫീസ്; കുട്ടികൾക്കു 2000 രൂപയും.

റിസർവിനുള്ളിലും സംരക്ഷിത മേഖലയോടു ചേർന്നും ധാരാളം ടെന്റുകളും ലോഡ്ജുകളും ലഭ്യമാണ്. മുകളിലേക്കു തുറക്കാവുന്ന ഫോർവീൽ ഡ്രൈവ് ടൊയോട്ട ലാൻഡ് ക്രൂസർ വാനുകളാണു പാർക്കിലെ യാത്രയ്ക്ക് ഉത്തമം. സിംഹവും ചീറ്റയുമൊക്കെ നിർഭയമായി തൊട്ടടുത്തുകൂടി കടന്നുപോകും. വാഹനങ്ങൾ അവയ്ക്കു പ്രശ്നമേയല്ല. മാറാ നദിക്കരയിലെ ടെന്റിലെ താമസം അതീവഹൃദ്യമാണ്. ഹോട്ടലിലെ തീൻമേശയിൽ നിന്ന് എത്തിനോക്കിയാൽ നദിയിൽ തിമിർക്കുന്ന ഹിപ്പോകളെ കാണാം. രാത്രിയിൽ അവയുടെ മുരൾച്ചയും തിമിർപ്പും കേട്ടുറങ്ങാം.

Your Rating: