Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കവിതയും സംഗീതവും ചിത്രം വരയ്ക്കുന്നു...

sudarshana-shetty സുദർശൻ ഷെട്ടി

കൊച്ചി- മുസിരിസ് ബിനാലെയുടെ മൂന്നാംപതിപ്പ് ഡിസംബർ 12 മുതൽ 108 ദിവസങ്ങളിലായി
ആസ്വാദകർക്കു മുന്നിലെത്തുന്നു. രാജ്യാന്തര പ്രശസ്ത കലാവിന്യാസകൻ സുദർശൻ ഷെട്ടിയാണു ബിനാലെയുടെ മൂന്നാം പതിപ്പിന്റെ ക്യുറേറ്ററും ആർട്ടിസ്റ്റിക് ഡയറക്ടറും. ആദ്യ കൊച്ചി മുസിരിസ് ബിനാലെയിൽ പങ്കാളിയായും രണ്ടാംപതിപ്പിൽ സന്ദർശകനായും
മൂന്നാമത്തേതിൽ ക്യുറേറ്ററായും എത്തിനിൽക്കുകയാണ് ഈ അമ്പത്തിനാലുകാരൻ.


ഫോർട്ട് കൊച്ചിയിൽ കൊച്ചി-മുസിരിസ് ബിനാലെയുടെ മുഖ്യവേദിയായ ആസ്പിൻവാൾ ഹൗസിൽ നന്നേ പുലർച്ചയ്ക്കുതന്നെ ബിനാലെയുടെ ക്യുറേറ്ററും ആർട്ടിസ്റ്റിക് ഡയറക്ടറുമായ സുദർശൻ ഷെട്ടിയുണ്ട്. കായലിനോടു ചേർന്നുള്ള വലിയ പാണ്ടികശാലയുടെ നിലത്തിരുന്നു കൂടെയുള്ള സഹായികൾക്കു നിർദേശങ്ങൾ നൽകുകയാണ് അദ്ദേഹം. വിദേശികളുൾപ്പെടെയുള്ള ഒരു കൂട്ടം ചെറുപ്പക്കാരാണ് ഒപ്പമുള്ളത്. ഇംഗ്ലിഷും ഹിന്ദിയും ഇടയ്ക്കു കന്നഡയും മാറി മാറി സംസാരിക്കുന്നു. മലയാളം അറിയില്ല, കേട്ടാൽ മനസ്സിലാകും.

ആസ്പിൻവാളിലെ ഓരോമുറിയിലും ക്യുറേറ്ററും സംഘവും കടന്നുചെല്ലുന്നു. ഒപ്പമുള്ളവരുടെ അഭിപ്രായങ്ങൾ ക്ഷമാപൂർവം കേട്ടിരിക്കുകയാണു സുദർശൻ. ഇടയ്ക്കു ചോക്കുകൊണ്ട് നിലത്തു ചില കണക്കുകൾ രേഖപ്പെടുത്തുകയും അടയാളങ്ങൾ കോറിയിടുകയും ചെയ്യുന്നു. ലാപ് ടോപ്പിലെ സ്കെച്ചുകൾ പരിശോധിക്കുന്നു. ആസ്പിൻവാൾ ഹൗസിലെ ഓരോമുറിയിലും പ്രതിഷ്ഠിക്കേണ്ട കലാസൃഷ്ടികളുടെ തയാറെടുപ്പുകൾ അവസാനഘട്ടത്തിലാണ്. എല്ലാം മനഃപാഠം പോലെയുണ്ട്.

ബിനാലെ അടുത്തതിന്റെ തിരക്കുകളും കൊച്ചുകൊച്ച് ഉത്കണ്ഠകളുമുണ്ട്. എങ്കിലും കൊച്ചി തന്നെ ഉല്ലാസവാനാക്കിയെന്നു സുദർശൻ ഷെട്ടി പറയുന്നു. കൊച്ചി ബിനാലെയുടെ താളം മുഴങ്ങിത്തുടങ്ങി. ‘ബിനാലെ’ എന്നത് ഇപ്പോൾ മലയാള ഭാഷയിലെ ഒരു പദമായി മാറിയിട്ടില്ലേ..? അദ്ദേഹം ചോദിക്കുന്നു. ബിനാലെയെന്ന വലിയ കലാപ്രദർശനത്തോടു ചുരുങ്ങിയ നാളുകൾകൊണ്ടാണു കൊച്ചി താദാത്മ്യം പ്രാപിച്ചത്. ഈ നാടിന്റെ സംസ്കാരത്തിൽ ആഴത്തിൽ കലയുണ്ട്. ക്യുറേറ്ററെന്ന നിലയിൽ ബിനാലെയ്ക്കു വേണ്ടി സുദർശൻ ഷെട്ടി നടത്തിയ തയാറെടുപ്പുകൾ ഒട്ടേറെ.

‘ഏതൊരു കലാപ്രദർശനവും ആ നാടിന്റെ സംസ്കാരം പ്രകടമാക്കും. ബഹുമുഖമായ ഒട്ടേറെ സംസ്കാരങ്ങളുടെ സംഗമകേന്ദ്രമാണ് ഈ തീരനഗരം. ലോകത്തിലെ അധികം നഗരങ്ങൾക്കും അവകാശപ്പെടാനാകാത്ത പ്രത്യേകത കൊച്ചിക്കുണ്ട്.’

‘കൊച്ചിയിലൂടെ ഞാൻ ഒരുപാടു സഞ്ചരിച്ചു. വിശേഷിച്ചു പശ്ചിമകൊച്ചിയിലൂടെ. മാജിക്കൽ ആയ ഐതിഹ്യങ്ങൾകൊണ്ടു സമ്പന്നമാണിവിടം. കഥകളും കെട്ടുകഥകളും കണ്ടെടുക്കാം. ഫോർട്ടുകൊച്ചിയിലെ ഒരു ബാർബർ ഷോപ്പിൽ ഞാൻ ഷേവു ചെയ്യാൻകയറി. അവിടത്തെ മുടിവെട്ടുകാരൻ ജോലിക്കിടെ എന്നോടു പഴയൊരു ചരിത്രകഥ പറഞ്ഞു. പരദേശികളുടെ കൊച്ചിയിലേക്കുള്ള കടന്നുവരവിന്റെ ഒരു ചിത്രം അയാൾ വാക്കുകൾകൊണ്ടു വരച്ചുവച്ചു. ഞാനദ്ഭുതപ്പെട്ടുപോയി.

ഇവിടെ വരുന്നവരോട് ഒരുപാടുപറയാൻ ഒരുപാടോർമകൾ ഇന്നാട്ടുകാർക്കുണ്ട്. വിവിധ സംസ്കാരങ്ങൾ, മതങ്ങൾ, ആചാരങ്ങൾ, അഭയാർഥികൾ..എല്ലാവരേയും കാണാം. കൂട്ടത്തിൽ നേരത്തേ പറഞ്ഞ ഐതിഹ്യങ്ങളുമുണ്ട്. ഭാവനയും യാഥാർഥ്യവും ഇഴചേർന്നു കിടക്കുന്നു. ആദ്യത്തെ രണ്ടു ബിനാലെകളും കൊച്ചിയെ കേന്ദ്രമാക്കിയ പ്രമേയമാണു മുന്നോട്ടുവച്ചത്. ഇത്തവണ മറ്റൊന്നിനു ശ്രമിക്കുകയാണ്. പക്ഷേ എത്രതന്നെ ശ്രമിച്ചാലും കൊച്ചിയുടെ പുരാവൃത്തങ്ങളിൽനിന്നു ബിനാലെയ്ക്കു മോചനമില്ലെന്നറിയാം. എത്ര ആവർത്തിച്ചാലും പുതുമ തീരുന്നില്ല. ഓരോതവണയും ഓരോ കൊച്ചിയാണു കാണുന്നത്. കൊച്ചിക്കുള്ളിൽത്തന്നെ ഇനിയും കണ്ടെത്തേണ്ട മറ്റനേകം കൊച്ചികളുണ്ട് -അഴിമുഖത്തേക്കു വിരൽ ചൂണ്ടി സുദർശന്റെ വാക്കുകൾ.

മംഗളൂരുവിലാണു സുദർശൻ ഷെട്ടിയുടെ ജനനം. ആറുമാസം പ്രായമുള്ളപ്പോൾ കുടുംബം മുംബൈയിലേക്കു പലായനം ചെയ്തു. മെച്ചപ്പെട്ട ജീവിതചുറ്റുപാടുകൾ തേടി ആളുകൾ മുംബൈയിലേക്കു നാടുവിട്ട കൂട്ടത്തിലാണു യക്ഷഗാന കലാകാരൻ കൂടിയായിരുന്ന അദ്ദേഹത്തിന്റെ അച്ഛൻ ആദ്വെ വാസു ഷെട്ടിയും പലായനമെന്ന തീരുമാനമെടുത്തത്.
‘പാട്ടിന്റെയും സംഗീതത്തിന്റെയും ഒരു ലോകം വീട്ടിലുണ്ടായിരുന്നു. നാലു പെൺകുട്ടികൾക്കിടയിലെ ഏക ആൺതരിയായിരുന്നു ഞാൻ. കുട്ടിയായിരുന്നപ്പോൾ അച്ഛന്റെ കൂടെ യക്ഷഗാന വേദികളിൽ പോകുമായിരുന്നു.

നിറങ്ങളിലും കാഴ്ചകളിലും മനസ്സുടക്കുന്നത് അപ്പോഴാണ്. സംഗീതത്തിലും കവിതയിലും പുരാണത്തിലും അത് അടിസ്ഥാനമുണ്ടാക്കി. യക്ഷഗാനത്തിലെ ‘താളമദ്ദള’ എന്ന സമ്പ്രദായത്തിലാണ് അച്ഛൻ കഥ പറഞ്ഞിരുന്നത്. ആട്ടവും ആടയാഭരണങ്ങളുമൊന്നുമുണ്ടാകില്ല. പാടുന്നവർക്കൊപ്പമിരുന്നു സംവാദരൂപത്തിൽ കഥ പറഞ്ഞു ഫലിപ്പിക്കണം. നല്ല പരിജ്ഞാനം ആവശ്യമാണ്. മുംബൈയിലും യക്ഷഗാനത്തിന് ആരാധകരേറെയായിരുന്നു.

മംഗളൂരുവിൽനിന്നു മുംബൈയിലേക്കു കുടിയേറിയവരിൽ ചിലർ അവിടെ ഉഡുപ്പി ഹോട്ടലുകൾ തുറന്നു. ചിലർ തയ്യൽകടകൾ തുറന്നു. അച്ഛൻ രണ്ടു ബിസിനസിലും കൈവച്ചുനോക്കി. പക്ഷേ, പണമൊന്നും കാര്യമായില്ല. കലാകാരന്റെ കയ്യിൽ കല മാത്രം വളർന്നു, കച്ചവടം മോശമായി. അതുകൊണ്ടുതന്നെ മകൻ കലാകാരനാകുന്നതിനോടു മാതാപിതാക്കൾക്കു തീരെ താൽപര്യമുണ്ടായിരുന്നില്ല. ഡിഗ്രിക്കു കൊമേഴ്സ് ഐച്ഛികമായെടുത്തു കോഴ്സു രണ്ടുവർഷം പിന്നിട്ടപ്പോൾ സുദർശൻ അച്ഛനറിയാതെ സർ ജെ.ജെ സ്കൂൾ ഓഫ് ആർട്സിൽ ബിഎഫ്എക്കു ചേർന്നു. അറിഞ്ഞാൽ പഠനം അവിടെ തീരും.

ഞാണിന്മേൽകളിപോലെയായിരുന്നു അന്നാളുകൾ. എൺപതുകൾക്കൊടുവിൽ പഠനം കഴിഞ്ഞിറങ്ങിയ സുദർശനു പക്ഷേ വീട്ടുകാരെ നിരാശപ്പെടുത്തേണ്ടിവന്നില്ല. ചിത്രകലയിലൂടെ തുടങ്ങിയ കലാജീവിതം പിന്നീടു ഇൻസ്റ്റലേഷനുകളിലേക്കു വഴിമാറി. തൊണ്ണൂറുകളിൽ രാജ്യാന്തരതലത്തിൽ ഒട്ടേറെ പ്രദർശനങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു. 1999-ൽ ജപ്പാനിലെ ഫുക്കുവോക്കയിൽ നിർമിച്ച ശില്പം രാജ്യാന്തര ശ്രദ്ധനേടി.

മിമിക് മെമന്റോ (ബ്രസൽസ്, 2015), കൺസ്ട്രക്സ്ട് കൺസ്ട്രക്‌ഷൻസ് (ന്യൂഡൽഹി 2015), എ പാസേജ് (ജർമനി 2015), എവരി ബ്രോക്കൺ മൊമന്റ്, പീസ് ബൈ പീസ് (ന്യൂഡൽഹി 2014), ദ പീസസ് ഓഫ് എർത്ത് ടുക്ക് എവേ (വിയന്ന, 2012), ക്രിട്ടിക്കൽ മാസ് (ടെൽ അവിവ് 2012), ഇന്ത്യൻ ഹൈവേ (ബെയ്ജിങ് 2012), ദ് മാറ്റേഴ്സ് വിത്തിൻ:ന്യൂ കണ്ടംപററി ആർട് ഓഫ് ഇന്ത്യ (സാൻ ഫ്രാൻസിസ്കോ 2011) പാരിസ്-ഡൽഹി-ബോംബെ (പാരിസ് 2011), സിംപതി ഫോർ ദ് ഡെവിൾ (ബ്രസൽസ് 2011), ഇന്ത്യ ഇൻക്ലൂസിവ് (ദാവോസ് 2011) എന്നിവയാണു സമീപകാല കലാസൃഷ്ടികൾ. വിഡിയോ ഇൻസ്റ്റലേഷനിലും സജീവമാണ്.

‘ഫോമിങ് ഇൻ ദ് പ്യൂപ്പിൾ ഓഫ് ആൻ ഐ’ -ഇതാണു സുദർശൻ ഷെട്ടി മൂന്നാം ബിനാലെയ്ക്കു നൽകിയിരിക്കുന്ന തലവാചകം. ചിത്രശില്പ കലയിൽ ഊന്നിയുള്ള പ്രദർശനങ്ങളാണു രണ്ടു ബിനാലെകളിലും കണ്ടതെങ്കിൽ ഇത്തവണ കവിത, സംഗീതം. ഛായാഗ്രഹണം തുടങ്ങിയ മേഖലകളിലെ കലാകാരന്മാരും ബിനാലെയുടെ ഭാഗമാകും. കവിതയെ പ്രതിനിധീകരിക്കുന്നതു ചിലിയൻ കവി റഉൾ സുറീറ്റ ആണ്.

ജനറൽ ഒഗസ്തോ പിനോഷെയുടെ സ്വേച്ഛാധിപത്യത്തിനെതിരെ നടന്ന കലാസാംസ്കാരിക പ്രവർത്തനങ്ങളിൽ സുറീറ്റ പങ്കാളിയായിരുന്നു. സുദർശന്റെ ക്ഷണം സ്വീകരിച്ചു സുറീറ്റ കഴിഞ്ഞ വാരം കൊച്ചിയിലെത്തിയിരുന്നു. ‘ഭാരതീയ ചിന്തയിൽ ദർശനത്തിന് ഏറെ പ്രാധാന്യമുണ്ട്. കാഴ്ചയുടെ ഉന്നതമായ തലമാണു ദർശനം. കലാകാരന്മാരെയും അവരുടെ കലാസൃഷ്ടികളെയും തിരഞ്ഞെടുത്തപ്പോൾ ഈയൊരു ചിന്ത മനസ്സിലൂടെ ചെറുതായെങ്കിലും കടന്നുപോയിട്ടുണ്ട്, സുദർശൻ പറയുന്നു.

‘കവിതയും സംഗീതവും ബിനാലെയിൽ സമന്വയിക്കുന്നു. കബീർദാസിന്റെ വരികൾ എത്രയോകാലമായി കേൾക്കുന്നയാളാണു ഞാൻ. മനുഷ്യാവസ്ഥകളുടെ വ്യത്യസ്ത തലങ്ങളാണു മഹത്തുക്കളായ കവികൾ പങ്കിടുന്നത്. കലാസൃഷ്ടികളെയും കലാകാരന്മാരെയും ഇതു സ്വാധീനിക്കുന്നില്ലേ? മൂന്നു മണിക്കൂർ ദൈർഘ്യമുള്ള ഒരു കർണാടക സംഗീതക്കച്ചേരിയെ എങ്ങനെ ഒരു വിഷ്വൽ ആർട്ടിലേക്കു മാറ്റാം എന്നൊക്കെയുള്ള കാര്യങ്ങളുണ്ട്. ഇത്തരത്തിലുള്ള പ്രമേയങ്ങളാവും ബിനാലെയുടെ മൂന്നാം പതിപ്പിനെ വ്യത്യസ്തമാക്കുന്നത്.

കൊച്ചിയിലെ ചുവന്ന ബസുകൾ സുദർശന് ഇഷ്ടമാണ്. കഴിഞ്ഞ രണ്ടു ബിനാലെകളുടെയും സമയത്തു ബിനാലെ കാണാനെത്തുന്നവരെയും നിറച്ചുകൊണ്ട് ഫോർട്ടുകൊച്ചിയിലേക്കു ബസുകളെത്തുന്നതു കൗതുകത്തോടെ കണ്ടുനിന്നിട്ടുണ്ട്. അവരിൽ പലരും കലാകാരന്മാർ ആവണമെന്നില്ല. വരയ്ക്കുന്നവരാകില്ല. അത്തരം ആളുകൾക്കുകൂടി വേണ്ടിയാണ് ഇത്തവണത്തെ ബിനാലെ.

biennale-sudarshan-shetty

മുംബൈയിലെ ചെമ്പൂരിലുള്ള വസതിയിൽ നിന്നു സുദർശനും കുടുംബവും ഒക്ടോബർ മധ്യത്തിൽ ഫോർട്ടുകൊച്ചിയിൽ താമസത്തിനെത്തും. പിന്നീടു മൂന്നാം ബിനാലെയ്ക്കു തിരശീല വീഴുംവരെ ഈ നഗരത്തിലുണ്ടാകും. അഭിനേത്രിയും നർത്തകിയുമായ സീമയാണു ഭാര്യ. മകൾ ദേവി.

ബിനാലെ-2016

ഫോർട്ട് കൊച്ചിയിലെ ആസ്പിൻവാൾ ഹൗസാണ് ബിനാലെയുടെ മുഖ്യവേദി. ഓഫിസ്, ഗോഡൗൺ, പാർപ്പിടം ഇങ്ങനെ വിവിധ കെട്ടിടങ്ങൾ ഉൾപ്പെടുന്ന സമുച്ചയമാണ് ആസ്പിൻവാൾ ഹൗസ്. ഗുജ്റാൾ ഫൗണ്ടേഷനും ഡിഎൽഎഫും സംയുക്തമായാണ് ഈ സമുച്ചയം ബിനാലെയ്ക്കായി നൽകിയിരിക്കുന്നത്. കൊച്ചി ബിനാലെ ഫൗണ്ടേഷൻ നവീകരണ പ്രവർത്തനങ്ങൾ നടത്തിയ എറണാകുളത്തെ ദർബാർ ഹാൾ, ഫോർട്ട് കൊച്ചിയിലെ നവീകരിച്ച ഡച്ച് ബംഗ്ലാവായ ഡേവിഡ് ഹാൾ, ‍ഡച്ച് മാതൃകയിൽ നിർമിച്ച പെപ്പർ ഹൗസ് എന്നിവയാണു മറ്റു വേദികൾ.

പ്രദർശനങ്ങൾ കൂടാതെ സ്റ്റുഡന്റ് ബിനാലെ, പ്രഭാഷണങ്ങൾ, സെമിനാറുകൾ, കുട്ടികളുടെ കലാസൃഷ്ടികൾ, പഠനക്കളരികൾ, ചലച്ചിത്രപ്രദർശനം, സംഗീതപരിപാടികൾ എന്നിങ്ങനെ ഒട്ടേറെ അനുബന്ധങ്ങളുമുണ്ട്. 2012ലും 2014ലുമായി നടന്ന ബിനാലെയുടെ ഒന്നും രണ്ടും പതിപ്പുകളിൽ നൂറ്റിയെൺപതോളം കലാകാരന്മാരുടെ ഇരുന്നൂറോളം കലാവിന്യാസങ്ങളാണു പ്രദർശിപ്പിച്ചത്. രണ്ടുപതിപ്പിലുമായി ബിനാലെ കാണാനെത്തിയതു പത്തുലക്ഷത്തോളം കലാപ്രേമികൾ.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.