Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദൈവവിളി

devasta ആലപ്പുഴ കൃപാസനം ഡയറക്ടർ ഫാ. വി.പി. ജോസഫ് വലിയവീട്ടിലിന്റെ നേതൃത്വത്തിൽ കാട്ടുർ കടൽതീരത്ത് ദേവാസ്ത വിളി നടത്തുന്ന സംഘം. ചിത്രം: ജാക്സൺ ആറാട്ടുകുളം

തിന്മയുടെയും മരണത്തിന്റെയും പ്രതീകംപോലെ നാലുപാടും കനത്ത ഇരുട്ട്. സമയം അർധരാത്രിയോടടുക്കുന്നു. ആലപ്പുഴ ജില്ലയിൽ കാട്ടൂർ ചെറിയപൊഴി അരശർക്കടവിൽ ക്ലീറ്റസാശാനും കമ്പോളത്തുപറമ്പിൽ ഗ്രിഗറിയും കൂടെയുള്ള ചെറുപ്പക്കാരും മുന്നോട്ടു നടന്നു. ആരും പരസ്പരം മിണ്ടുന്നില്ല. ചുണ്ടിൽ വറ്റാത്ത പ്രാർഥന. തിരിഞ്ഞുനോക്കാതെയാണു നടപ്പ്. ഒടുവിൽ അവർ ലക്ഷ്യസ്ഥാനം കണ്ടെത്തി. ഒറ്റപ്പെട്ടവന്റെയും ഉപേക്ഷിക്കപ്പെട്ടവന്റെയും ദൈവത്തിൽനിന്നകന്നവന്റെയും മനസ്സുപോലൊരിടം. തികച്ചും വിജനം, എങ്ങും ശൂന്യത.

ചെറുപ്പക്കാരിലൊരാൾ കയ്യിൽ കരുതിയിരുന്ന മരക്കുരിശ് മണ്ണിലുറപ്പിച്ചു. എല്ലാവരും മുട്ടുകുത്തി. ‘വിശുദ്ധ കുരിശിന്റെ അടയാളത്താലെ...’ നെറ്റിയിൽ കുരിശുവരച്ചു, പിന്നെ എഴുന്നേറ്റു. കൂട്ടത്തിലൊരാൾ കയ്യിൽ കരുതിയിരുന്ന ഓട്ടുമണി വേഗത്തിൽ കിലുക്കി. ഇരുട്ടിനെ മുറിച്ചു വിജനതയിലൂടെ ആ മണിനാദം അകന്നുപോയി.

ക്ലീറ്റസാശാൻ ഒരു കൈ പിറകിൽവച്ചു മറുകൈ ചെവിക്കുടയിൽ കോളാമ്പിപോലെ ചേർത്തു. ശിരസ് അൽപം മേലോട്ടുയർത്തി കഴിയുന്നത്ര ശബ്ദത്തിൽ ആദ്യവിളി വിളിച്ചു.

‘‘ദൈവകൂദാശയാകുന്ന ശുദ്ധമാന കുർബാനയ്ക്ക്

ഉൽഭവദോഷമെന്യേ ജനിക്കപ്പെട്ട്...

പരിശുദ്ധ കന്യാമറിയത്തിന്റെ

അമലോത്മഭവ ജനനത്തിന്...’’

രണ്ടുമുതൽ നാലുവരെ വരികൾ സംഘത്തിലുള്ളവർ മാറിമാറിയാണു വിളിച്ചത്. നാലുവരികൾ പൂർത്തിയായതോടെ എല്ലാവരും ഒരുമിച്ചു– സ്തുതിയും വാഴ്‌വും പുകഴുമുണ്ടാകട്ടെ...

രാത്രിയുടെ അവസാന മണിക്കൂറുകളിൽ അത്താഴവും പ്രാർഥനയും കഴിഞ്ഞു സ്തുതിയും ചൊല്ലി വീടുകളിൽ എല്ലാവരും വിളക്കണച്ചു കിടക്കുകയായിരുന്നു അപ്പോൾ. നോമ്പിന്റെ രാവുകളിൽ ഉള്ളിലുള്ള പ്രാർഥനയുടെ അണയാപ്പൊരി വെളിച്ചത്തിൽ അലഞ്ഞുനടന്നു ഗ്രിഗറിയാശാനും സംഘവും നടത്തുന്നതു ദേവാസ്തവിളി.

പതിനാറാം നൂറ്റാണ്ടുമുതൽ കേരളത്തിന്റെ തീരദേശങ്ങളിൽ സജീവമായി നിലനിന്നിരുന്നതും പിന്നീട് ശോഷിച്ചതും ഇപ്പോൾ തിരിച്ചുവരവിന്റെ പാതയിലുള്ളതുമായ അനുഷ്ഠാന കർമം. ഇൗസ്റ്ററിനു മുന്നൊരുക്കമായി നോമ്പു തുടങ്ങുന്ന വിഭൂതിദിനത്തിൽ ആരംഭിച്ചു. യേശുവിന്റെ പീഡാനുഭവവും മരണവും ഉഥാനവും ആചരിക്കുന്ന വലിയയാഴ്ചയുടെ ദിനങ്ങൾവരെ നീളുന്ന പൗരാണിക ക്രൈസ്തവ ആചാരം.

രാത്രിയുടെ അന്ത്യയാമങ്ങളിൽ നാടെങ്ങും ചുറ്റിനടന്നു ദേവാസ്ത സംഘം വിളിച്ചുപാടുന്നതു മനുഷ്യന്റെ മരണത്തെയും അന്ത്യവിധിയെയും ശിക്ഷകളെയും തീ നരകത്തെയും കുറിച്ചാണ്. ഇവരുടെ ലക്ഷ്യമാകട്ടെ, അനുതാപത്തിലേക്കും അതുവഴി ജീവിതനവീകരണത്തിലേക്കുമുള്ള ക്ഷണം നൽകുകയും.

ഇൗശോ സഭാംഗമായിരുന്ന വിശുദ്ധ ഫ്രാൻസിസ് സേവ്യറും ശിഷ്യരുമാണു ദേവാസ്തവിളിയുടെ പ്രചാരകർ എന്നതാണു ചരിത്രം. ദേവാസ്തവിളിയിലെ വാക്കുകളും ദേവാസ്ത എന്ന വാക്കിന്റെ ഉത്ഭവും പരിശോധിച്ച ചരിത്രകാരന്മാരുടെ നിഗമനമാണിത്. കഠിനമായ നിഷ്ഠകളോടെ ആചരിക്കുന്നതും ആത്മാവിൽ തുളച്ചുകയറി പാപമരണ ചിന്തനൽകി മനുഷ്യനെ നവീകരിക്കാൻ ശേഷിയുള്ളതുമായ പ്രാർഥനകളാണു പാട്ടുകളുടെ രൂപത്തിൽ ദേവാസ്തയിൽ ഉപയോഗിക്കുന്നത്.

കാട്ടൂർ പരുത്തിയിൽ മൈക്കിളിനു കഴിഞ്ഞ കാൽനൂറ്റാണ്ടായി വലിയനോമ്പിന്റെ ദിനങ്ങൾ ദേവാസ്തവിളിയുടേതുമാണ്. പിതാവ് വർഗീസിനെ പിന്തുടർന്നു തുടങ്ങിയ ശീലം. ദേവാസ്തവിളിയുടെ മുന്നൊരുക്കങ്ങൾ കല്ലിലെന്നപോലെ ഹൃദയത്തിൽ കൊത്തിവച്ചിരിക്കുന്നു. ‘‘വിഭൂതി തിരുനാളിനു മുൻപെ ദേവാസ്തവിളിക്കായി പ്രാർഥനയും ഒരുക്കങ്ങളും തുടങ്ങും.

എല്ലാവരും കുമ്പസാരിച്ചു കുർബാന സ്വീകരിക്കും. മൽസ്യമാംസാദികൾ വർജിച്ചും നോമ്പെടുത്തും മനസ്സിനെയും ശരീരത്തെയും ഒരുക്കും. വെള്ളിയാഴ്ചകളിൽ ഉപവസിക്കും. തികഞ്ഞ പ്രാർഥനയിലും പുണ്യപ്രവൃത്തികളിലും മുഴുകിയാണു തയാറെടുപ്പ്. സംഘത്തിലുള്ള എല്ലാവരും ആത്മീയമായി സജ്ജരായെന്നു നേതൃത്വം നൽകുന്നവർ ഉറപ്പിക്കും.’’

രാത്രി 11 നുശേഷമാണു ദേവാസ്തവിളിക്കായി ഇറങ്ങുന്നതെന്നു കാട്ടൂരിലെ ഗ്രിഗറിയാശാൻ പറയുന്നു. ‘‘എല്ലാവരും ആശാന്റെ വീട്ടിൽ ഒരുമിച്ചുകൂടും. പ്രാർഥിക്കും. അതിനുശേഷം കുരിശുമുത്തിയശേഷമാണു യാത്ര തുടങ്ങുക. ക്രൂശിതരൂപം കഴുത്തിലുണ്ടാകും. വിജനവും ഒറ്റപ്പെട്ടതുമായ സ്ഥലങ്ങളിലാണു ദേവാസ്തവിളി നടത്തുക. ഏറ്റവും മുൻപിൽ നിൽക്കുന്നയാൾ മരക്കുരിശുപിടിക്കും. കുരിശു കയ്യിൽ പിടിക്കുന്ന രീതിയും തറയിൽ ഉറപ്പിച്ചു വയ്ക്കുന്ന രീതിയുമുണ്ട്. ചില സംഘങ്ങൾ വിളക്കുകളോ പന്തങ്ങളോ കൊളുത്തിവയ്ക്കും.

ദേവാസ്തവിളി തുടങ്ങുന്നതിനു മുൻപായി നിലത്തു മുട്ടുകുത്തി പ്രാർഥിക്കും. പിന്നീട് എല്ലാവരും എഴുന്നേൽക്കും. അതിനുശേഷം മണി മുഴക്കിയശേഷമാണു ദേവാസ്തവിളി ആരംഭിക്കുക. സാധിക്കുന്നത്ര ദൂരെ കേൾക്കാൻ പരമാവധി ശബ്ദത്തിൽ പ്രാർഥനയിലെ ഓരോ വരികൾ പാടും. ഒടുവിൽ മൂന്നുപ്രാവശ്യം മണിമുഴക്കി കുരിശുവരച്ച് എഴുന്നേൽക്കും. ഒരുദിവസം മൂന്നു സ്ഥലങ്ങളിൽവരെ ദേവാസ്തവിളി നടത്തും’’

ദേവാസ്തവിളിക്ക് ഉപയോഗിക്കുന്ന പ്രാർഥനനിറഞ്ഞ പാട്ട് നിരവധി വിശ്വാസ രഹസ്യങ്ങളുടെ കലവറയാണ്. മനുഷ്യന്റെ മരണം, അന്ത്യവിധി, സ്വർഗജീവിതം, നരകം എന്നിവയെകുറിച്ചുള്ള പരാമർശങ്ങളാണു പ്രധാനം. കടലിൽ പോകുന്നവർക്കുവേണ്ടിയും ശാപദോഷങ്ങൾ അകലുന്നതിനും സഭയുടെയും സഭാതലവൻമാരുടെയും ഉയർച്ചയ്ക്കുവേണ്ടിയുമുള്ള പ്രാർഥനയുണ്ട്.

സ്വന്തം കർമഫലങ്ങളെക്കുറിച്ച് ഓരോരുത്തരെയും ബോധ്യപ്പെടുത്തുന്നതിനും, ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളെ സഹായിക്കുന്നതിനും ഉൾപ്പെടെയുള്ള ദൈവികരഹസ്യങ്ങൾ നിറഞ്ഞ പ്രാർഥനാമാലകളാണു ദേവാസ്തവിളി. ഇത്തരം ഓരോ ഭാഗവും കഴിയുമ്പോൾ ‘സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ...’ എന്ന പ്രാർഥനയും ‘നന്മനിറഞ്ഞ മറിയമേ...’ എന്ന പ്രാർഥനയും ചൊല്ലും.

മുൻപ് രാത്രിയിൽ അകലെനിന്നു ദേവാസ്തവിളി കേൾക്കുമ്പോൾ വീട്ടിൽ എല്ലാവരും എഴുന്നേൽക്കും. കെടാവിളക്ക് തെളിക്കും. പ്രാർഥനയോടെ മുട്ടിന്മേൽ നിൽക്കും. ഇടവേളകളിൽ ദേവാസ്തവിളി സംഘം ചൊല്ലുന്ന ‘സ്വർഗസ്ഥനായ പിതാവേ...’ എന്ന പ്രാർഥനയുടെ മറുപടി വീട്ടിലുള്ളവർ ഒരുമിച്ചുചൊല്ലും–ഇതായിരുന്നു രീതിയെന്നു ദേവാസ്തവിളി ഉൾപ്പെടെയുള്ള പൗരാണിക ക്രൈസ്തവ കലകളെ പുനരുജ്ജീവിപ്പിക്കുന്നതിനായി കൃപാസനമെന്നപേരിൽ ആലപ്പുഴ കലവൂരിൽ ദേശീയ പൈതൃക പഠനകേന്ദ്രം ആരംഭിച്ച ഫാ.വി.പി.ജോസഫ് വലിയവീട്ടിൽ പറഞ്ഞു.

ആചരണരീതികളിലെ സവിശേഷതകൾപോലെ ഏറെ മിത്തുകളും വിശ്വാസങ്ങളും നിറഞ്ഞതാണു ദേവാസ്തവിളിയുടെ ചരിത്രം. ദേവാസ്തവിളിക്കാൻ പോകുമ്പോൾ തമ്മിൽ സംസാരിക്കാനോ തിരിഞ്ഞുനോക്കാനോ പാടില്ല എന്നതാണു ചട്ടം.

തിരിഞ്ഞുനോക്കിയാൽ പിശാചിനെ കാണുമെന്നതുൾപ്പെടെ മുൻകാലങ്ങളിൽ ദേവാസ്തവിളിയുമായി ബന്ധപ്പെട്ടു പറഞ്ഞുകേട്ട കഥകളും സംഭവങ്ങളും ഒട്ടേറെ. ദേവാസ്തവിളിയുടെ സമയത്തു കുരിശുപിടിച്ചിരുന്നയാളുടെ ദേഹത്തു മണ്ണുവീണതും, കാറ്റുപോലും ഇല്ലാതിരിക്കെ വൻമരം ഒടിഞ്ഞുവീണതും ദേവാസ്തവിളി കഴിഞ്ഞു തിരികെ വീട്ടിലേക്കു പോകുമ്പോൾ വഴിപോലും മറന്ന സംഭവവും വിചിത്രസ്വരങ്ങൾ കേട്ടതും കന്നുകാലികൾ കൂട്ടത്തോടെ തൊഴുത്തുപൊളിച്ച് ഓടിപ്പോയതും തേങ്ങയും കുലയും വെള്ളത്തിൽ വീഴുന്ന ശബ്ദംകേട്ടതുമൊക്കെ ഇതിൽപെടുന്നു. അതുകൊണ്ടുതന്നെ പൈശാചിക പീഡകൾ സംശയിക്കുന്ന സ്ഥലങ്ങളിലേക്കു ദേവാസ്തവിളി സംഘങ്ങളെ വിളിക്കുന്നവരുമുണ്ട്.

വരിവരിയായിട്ടെഴുതിയാൽ 60 വരികളിൽ ഉൾക്കൊള്ളിക്കാവുന്ന ദേവാസ്തവിളി രചനയുടെ 40 വരികളും തിന്മയും അനാചാരങ്ങളും വെടിഞ്ഞു സന്മാർഗ ജീവിതത്തിനു പ്രേരിപ്പിക്കുന്നവയാണ്. അനുനയവും സ്നേഹവും ശാസനയും മുന്നറിയിപ്പും ഭീഷണിയും കലർന്ന ഭാഷാശൈലി. മനുഷ്യജീവിതത്തിന്റെ ക്ഷണഭംഗുരതയെക്കുറിച്ചും പെട്ടെന്നുവരുന്ന മരണത്തെക്കുറിച്ചും നശ്വരതയെക്കുറിച്ചുമെല്ലാം അർധരാത്രിക്കു മണികിലുക്കി വിളിച്ചേൽപിച്ചു ഹൃദയം തകരുമാറുച്ചത്തിൽ ചൊല്ലിക്കൊടുക്കുമ്പോൾ തിന്മ ഉപേക്ഷിക്കാൻ ആരും തയാറാകും.

‘ഇൗസ്റ്ററിനു മുന്നോടിയായി ആത്മനവീകരണത്തിലേക്കും പശ്ചാത്താപത്തിലേക്കും ആളുകളെ നയിക്കുന്ന ധ്യാനപ്രാർഥനയാണു ദേവാസ്തവിളി. അത്രമാത്രം ഹൃദയസ്പർശിയാണതിലെ വരികൾ. സുറിയാനി, പോർച്ചുഗീസ്, ലത്തീൻ ഉൾപ്പെടെയുള്ള ഭാഷകളിലെ വാക്കുകളുണ്ട്. പൈതൃകവും സമ്പന്നമായ പാരമ്പര്യവുമാണതു വ്യക്തമാക്കുന്നത്’ ഫാ.വി.പി.ജോസഫ് വലിയവീട്ടിൽ പറഞ്ഞു. വലിയനോമ്പിന്റെ ദിനങ്ങളിലെ ചൊവ്വയും വെള്ളിയുമാണു പ്രധാനമായും ദേവാസ്തവിളി ആചരിക്കുക. പെസഹായുടെ ദിനത്തിലും ദുഖവെള്ളിയിലും ദേവാലയത്തിലും വീടുകളിലുമായി ദേവാസ്ത സംഘങ്ങൾ പെസഹാപാട്ടുകളും പാടുവാൻ തുടങ്ങും. ഇങ്ങനെയാണു ചടങ്ങുകൾ അവസാനിക്കുക.

മരമണി

ദേവാസ്തവിളിയുടെ തുടർച്ചയായ പെസഹാപാട്ടുകളിലും പീഡാനുഭവ വാരത്തിലെ പ്രധാനദിവസങ്ങളിലും ദേവാലയത്തിൽ മരംകൊണ്ടുള്ള മണിയാണ് ഉപയോഗിക്കുക. മരമണിയെന്നാണിതിനെ പറയുക. ഓരോ വലിയനോമ്പുകാലത്തുമായി ഇതിനോടകം ആയിരത്തിലധികം മരമണികൾ നിർമിച്ചവരാണു ചേർത്തല തങ്കിയിലെ ജോൺ കൂട്ടുങ്കലും ഓമനപ്പുഴ കടപ്പുറത്തെ പോളും. ചെത്തിനേർപ്പിച്ചു മിനുസപ്പെടുത്തിയെടുത്ത തടിപ്പലക കൂടുതൽ ദൃഢതയുള്ള മറ്റൊരുതടിയിൽ ശക്തിയിൽ തുടർച്ചയായി തട്ടുമ്പോൾ ശബ്ദംകേൾക്കുന്നതാണ് ഇതിന്റെ അടിസ്ഥാനം. രണ്ടുതരം തടികളാണ് ഉപയോഗിക്കുക.

ഇൗട്ടി, പുളി തുടങ്ങിയ കട്ടിയുള്ള തടി ഉരുട്ടിയെടുത്തശേഷം മുറിക്കും. പിന്നെ ഇതിനെ പൽചക്രത്തിന്റെ മാതൃകയിലാക്കും. പ്ലാവിന്റെ തടി കനം പരമാവധികുറച്ചു മിനുസപ്പെടുത്തി ‘നാവ്’ ഉണ്ടാക്കും. കറക്കുമ്പോൾ ഇൗ നാവ് പൽചക്രത്തിൽ തുടർച്ചയായി ഉരസിയാണു ശബ്ദമുണ്ടാകുന്നതെന്നും ഇരുവരും പറയുന്നു.

ദേവാസ്ത

ദോഷമെന്ന ഉറക്കത്തിൽ നിന്നെഴുന്നേൽപ്പിൻ ഉപവിയാകപ്പെട്ടവരേ

ചാവദോഷമെന്ന മരണത്തിൽ അകപ്പെടാതെ കാത്തുകൊൾവിൻ നമ്മൾ

ഇന്നീ രൂപത്തോടുകൂടിയിരിക്കുന്ന നമ്മൾ

അടുത്തനാളിൽ ഒരു കബറിനകത്താകിലും

ആയുസ്സിന്റെ ഒടുക്കമെത്രയും നിമിഷം വരും നിശ്ചയം

നമുക്കെന്നന്നേക്കുമുള്ള സ്ഥലം രണ്ടെന്നറിഞ്ഞാലും

ഒന്നാമതു മോക്ഷം ഉടയതമ്പുരാന്റെയും

തന്റെ ഭാഗ്യകാരുടെയും സമൂഹം

രണ്ടാമതു നരകം പിരായ്ക്കപ്പെട്ട ശെകുത്താന്മാരുടേയും കൂട്ടം

എന്നെയും നിങ്ങളെയും കൊണ്ട് ഒരു കണക്ക് കേൾപ്പിക്കേണ്ടത്

സർവതും വശമാകുന്ന ഉടയതമ്പുരാന്റെ തിരുമുൻപാകെ വിളിക്കപ്പെടുമ്പോൾ