Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓൾറൗണ്ടർ

90-Raghavan-KN-Running-5col ഡോ. കെ.എൻ. രാഘവൻ.

ടൈംഡ് ഔട്ട്; ക്രിക്കറ്റിലെ അത്യപൂർവമായ പുറത്താകൽ രീതി. ഒരു ബാറ്റ്സ്മാൻ ഔട്ടായാൽ മൂന്നു മിനിറ്റിനകം അടുത്ത ബാറ്റ്സ്മാൻ കളിക്കളത്തിലെത്തിയില്ലെങ്കിൽ ഫീൽഡിങ് ടീമിന്റെ അപ്പീൽ അനുസരിച്ച് അയാളെ ഔട്ടായി അംപയർക്കു പ്രഖ്യാപിക്കാം. എതിർ ടീമിന്റെയും അംപയറുടെയും ഔചിത്യബോധം നിർണായകമാവുന്ന ഈ രീതിയിലുള്ള പുറത്താകൽ രാജ്യാന്തര ക്രിക്കറ്റിൽ ഇന്നു വരെ ഉണ്ടായിട്ടില്ല. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ സംഭവിച്ചതു തന്നെ അഞ്ചു തവണ മാത്രം. ഇന്ത്യയിൽ അങ്ങനെ ‘വൈകിയെത്തി’ പുറത്തായ ഒറ്റ ബാറ്റ്സ്മാനേയുള്ളൂ: ത്രിപുരയുടെ ഹേമുലാൽ യാദവ്. 1997 ഡിസംബർ 20ന് കട്ടക്കിൽ നടന്ന ത്രിപുര-ഒഡീഷ രഞ്ജി ട്രോഫി മൽസരത്തിലായിരുന്നു അത്. ലോക ക്രിക്കറ്റിലെ തന്നെ രണ്ടാമത്തെ ടൈംഡ് ഔട്ട്. ഫീൽഡിൽ ഏറെ ആലോചനകൾക്കു ശേഷം ആ ചരിത്ര തീരുമാനത്തിനായി ചൂണ്ടുവിരൽ ആകാശത്തേക്കുയർത്തിയത് ഡോക്ടറും സിവിൽ സർവീസ് ഉദ്യോഗസ്ഥനുമായ ഒരു മലയാളി; ഡോ. കെ.എൻ.രാഘവൻ. ടൈംഡ് ഔട്ട് വിധിച്ച ഏക ഇന്ത്യൻ അംപയർ. കൊച്ചിയിലെ ആദ്യ രാജ്യാന്തര ക്രിക്കറ്റ് മൽസരത്തിൽ മൂന്നാം കണ്ണുമായി തേർഡ് അംപയറായിരുന്നതും അദ്ദേഹം തന്നെ.

ജീവിതത്തിന്റെ ക്രീസിൽ ഓൾറൗണ്ടറാണ് ഡോ. രാഘവൻ. ഡോക്ടർ, ക്രിക്കറ്റ് അംപയർ, ഇന്ത്യൻ റവന്യു സർവീസ് ഉദ്യോഗസ്ഥൻ, എഴുത്തുകാരൻ... അങ്ങനെ കെ.എൻ.രാഘവന് വിജയകരമായ വിലാസങ്ങൾ പലതാണ്. ജീവിതത്തിന്റെ ഓരോ മേഖലകളിലേക്കുമുള്ള കടന്നുവരവ് ആകസ്മികമായിട്ടായിരുന്നെന്ന് ഡോ. രാഘവൻ പറയുന്നു.

 ക്രിക്കറ്റ്, മെഡിസിൻ...

എറണാകുളം വടക്കൻ പറവൂർ സ്വദേശിയായ അഡ്വ. കെ.എൻ.നാരായണപിള്ളയുടെയും അഡ്വ. കെ.അംബികയുടെയും മകനായ രാഘവനെ ഇംഗ്ലിഷ് ഭാഷയോട് അടുപ്പിക്കാൻ പിതാവ് കണ്ടെത്തിയ വഴിയായിരുന്നു ക്രിക്കറ്റ് പഠിപ്പിക്കൽ. ആ തന്ത്രം വിജയിച്ചു. ക്രിക്കറ്റ് ഹരമായതോടെ സ്പോർട്സ് പേജിൽ തുടങ്ങി വായനാശീലം. കളിയും ശീലമായി. അക്കാലത്ത് ഏറ്റവും അഭിമാനകരമായ ജോലി എന്ന നിലയിലാണ് ഡോക്ടറാവുക എന്ന ലക്ഷ്യത്തിലേക്കുള്ള യാത്ര. സംസ്ഥാനത്ത് മെഡിക്കൽ എൻട്രൻസ് പരീക്ഷ നിലവിൽ വന്ന 1982ൽ ആ പരീക്ഷ എഴുതിയ രാഘവന് റാങ്ക് 75. കോഴിക്കോട് മെഡിക്കൽ കോളജിലായിരുന്നു പ്രവേശനം. മന്ത്രി ഡോ. എം.കെ.മുനീറും ഐഎഎസ് ഉദ്യോഗസ്ഥനായ ഡോ. വി.വേണുവും സഹപാഠികൾ. കളി അപ്പോഴും തുടർന്നു.

ജില്ലാ ക്രിക്കറ്റ് ലീഗിലും കളിച്ചു. അതിനിടെയാണ് ബിസിസിഐ നിർദേശം അനുസരിച്ചുള്ള സംസ്ഥാനത്തെ ആദ്യ അംപയർ പാനൽ രൂപീകരണം. കളിക്കുമ്പോൾ അംപയറായി നിന്നും പരിചയമുണ്ടായിരുന്നതിനാൽ വിവരം അറിഞ്ഞപ്പോൾ രാഘവനും ഒരു താൽപര്യം. കളി നിയമങ്ങളൊക്കെ മനപ്പാഠമായിരുന്നതിനാൽ പരീക്ഷയിൽ അനായാസ വിജയം നേടി. പക്ഷേ, രാഘവന് അന്ന് 16 വയസ്സ് മാത്രം. അതോടെ സിലക്‌ഷനെത്തിയ ബിസിസിഐ പ്രതിനിധി ശ്രീരാമലു രാഘവനോട് ഒരുപാധി വച്ചു. അംപയറിങ് കാര്യമായി എടുക്കുന്നുണ്ടെങ്കിൽ വൈവ പരീക്ഷയും ജയിപ്പിക്കാമെന്നായിരുന്നു അത്. സീരിയസാണെന്നു വ്യക്തമാക്കിയതോടെ 16-ാം വയസ്സിൽ കേരളത്തിലെ ആദ്യ അംപയർ പാനലിൽ ഇടംനേടി. മെഡിസിൻ പഠനത്തിനിടെ ക്ലാസ് മുടക്കിയായിരുന്നു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അംപയറിങ്ങിനായുള്ള യാത്ര. 10 രൂപയായിരുന്നു അന്ന് അംപയർക്ക് ദിവസ വേതനം. എംബിബിഎസ് അവസാന വർഷ പഠനത്തിരക്കേറിയതോടെ അംപയറിങ്ങിന് താൽക്കാലികമായി വിട. പിന്നാലെ സഹപാഠി ഡോ. രഞ്ജിനിയുമായുള്ള വിവാഹവും നടന്നു.

തിരുവനന്തപുരം മെഡിക്കൽ കോളജിൽ എംഡിക്ക് പ്രവേശനം ലഭിച്ചതിനു പിന്നാലെയാണ് വി.വേണുവുമൊത്ത് സിവിൽ സർവീസ് പരീക്ഷ എഴുതുന്നത്. കിട്ടിയത് റവന്യു സർവീസ്. അതോടെ മെഡിസിൻ ഉപേക്ഷിച്ചു. പിന്നീട് 1991ൽ അംപയറിങ്ങിൽ വീണ്ടും സജീവമായതോടെ പരീക്ഷ എഴുതി രജ്ഞി ട്രോഫി പാനൽ അംപയറായി സ്ഥാനക്കയറ്റവും നേടി. ഡിപ്പാർട്മെന്റിന്റെ ഭാഗത്തുനിന്നു പൂർണ പിന്തുണ ഉണ്ടായിരുന്നെന്ന് അദ്ദേഹം പറയുന്നു. സെൻട്രൽ എക്സൈസ് അസിസ്റ്റന്റ് കലക്ടറായി തുടങ്ങിയ ഔദ്യോഗിക ജീവിതത്തിനിടെ ഇടയ്ക്ക് ഡെപ്യൂട്ടേഷനിൽ സംസ്ഥാന സർവീസിൽ എത്തിയപ്പോൾ റബർ മാർക്കറ്റിങ് ഫെഡറേഷൻ മാനേജിങ് ഡയറക്ടറും കൊച്ചി സഹകരണ മെഡിക്കൽ കോളജിന്റെ ആദ്യ സിഇഒയുമായി. 2007ൽ സിംഗപ്പൂരിൽ ഇന്ത്യൻ ഹൈക്കമ്മിഷന്റെ ഫസ്റ്റ് സെക്രട്ടറിയായി ഡെപ്യൂട്ടേഷനിൽ പോയ അദ്ദേഹം 2011 വരെ ആ തസ്തികയിൽ തുടർന്നു. തുടർന്ന് കൊച്ചിയിൽ സെൻട്രൽ എക്സൈസ് അഡിഷനൽ കമ്മിഷണറായി മടക്കം. 2012 മുതൽ കസ്റ്റംസ് കമ്മിഷണർ.

 ആ ടൈംഡ് ഔട്ട്

1996ൽ ഓൾ ഇന്ത്യ പാനൽ അംപയറായ രാഘവന് കളിച്ചു തുടങ്ങിയ കൊച്ചിയിൽ തന്നെ രാജ്യാന്തര ക്രിക്കറ്റ് അംപയറായും അരങ്ങേറ്റം കുറിക്കാനായിരുന്നു യോഗം. 1998 ഏപ്രിൽ ഒന്നിനു കൊച്ചി ജവാഹർലാൽ നെഹ്റു രാജ്യാന്തര സ്റ്റേഡിയത്തിൽ നടന്ന ആദ്യ രാജ്യാന്തര മൽസരമായിരുന്നു രാജ്യാന്തര ക്രിക്കറ്റ് അംപയറിങ്ങിൽ രാഘവന്റെയും അരങ്ങേറ്റ വേദി. സച്ചിന്റെ ആദ്യ അഞ്ചു വിക്കറ്റ് നേട്ടവുമായി ചരിത്രത്തിൽ ഇടംനേടിയ ഇന്ത്യ-ഓസ്ട്രേലിയ മൽസരത്തിൽ മൂന്നാം അംപയറായി ഗാലറിയിലെ മുകൾത്തട്ടിലെ കണ്ണാടിക്കൂട്ടിൽ.

‘തേർഡ് അംപയർ സംവിധാനം തുടങ്ങിയ സമയമായിരുന്നു അത്. മൂന്നാം അംപയർക്കായി തീരുമാനം വിടുന്നത് ഒരു കുറച്ചിലായി ഫീൽഡ് അംപയർമാർ കരുതിയിരുന്ന കാലം. ആ മൽസരത്തിലും ഒരു തീരുമാനവും മൂന്നാം അംപയറിലേക്കു വന്നില്ല. പക്ഷേ, കളി പോലെ തന്നെ ഗാലറിയുടെ ആരവവും ആവേശവും വലിയൊരു അനുഭവമായിരുന്നു. ഫീൽഡ് അംപയറുമായുള്ള വാക്കിടോക്കി സംഭാഷണം പോലും കേൾക്കാൻ കഴിയാത്ത സ്ഥിതിയായിരുന്നു’- രാഘവൻ അനുസ്മരിക്കുന്നു. പിന്നീട് കൊച്ചിയിൽ നടന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക മൽസരത്തിൽ നാലാം അംപയറായി. മൊഹാലിയിൽ നടന്ന ഇന്ത്യ-ബംഗ്ലദേശ് മൽസരത്തിലാണ് ഫീൽഡ് അംപയറായത്. ഇന്ത്യ ജയിച്ച മൽസരമായിരുന്നു അത്.  

ഇതിനിടെ കേരള ക്രിക്കറ്റ് അസോസിയേഷൻ വൈസ് പ്രസിഡന്റുമായി.‘അംപയറിങ്ങിനു നിൽക്കുമ്പോൾ പ്രത്യേക മാനസികാവസ്ഥയാണ്. ഏകാഗ്രതയും സൂക്ഷ്മതയും പ്രധാനം. ഇന്നത്തെപ്പോലെ സാങ്കേതിക സംവിധാനങ്ങളുടെ സഹായം ഏറെയില്ലാത്ത കാലവുമാണത്. നമ്മുടെ ഒരു തീരുമാനം മൽസരഫലത്തെ പോലും മാറ്റിമറിക്കാം. എസ്.വെങ്കിട്ടരാഘവനും ഓസ്ട്രേലിയയുടെ സൈമൺ ടൗഫലുമാണ് ഞാൻ കണ്ടിട്ടുള്ള ഏറ്റവും മികച്ച അംപയർമാർ. പ്രാദേശിക മൽസരങ്ങളും രാജ്യാന്തര മൽസരങ്ങളും തരുന്ന അനുഭവവും വ്യത്യസ്തമാണ്. മുഹമ്മദ് അസ്ഹറുദീനൊക്കെ രഞ്ജി ട്രോഫി കളിക്കുന്ന കാലത്ത് ഏറെ സംസാരിക്കുന്ന, സൗഹൃദം കാട്ടുന്ന സ്വഭാവക്കാരനായിരുന്നു. എന്നാൽ ഇന്ത്യൻ ടീമിലെത്തിയതോടെ ആളാകെ മാറി. പ്രാദേശിക തലത്തിൽ അവർ കളിക്കാരാണ്. രാജ്യാന്തര മൽസരങ്ങൾക്കിറങ്ങുമ്പോൾ അവർ സ്വയം താരങ്ങളാവും. എല്ലാവരിലുമുണ്ട് ഈ മാറ്റം’

‘ത്രിപുര-ഒഡീഷ രഞ്ജി ട്രോഫി മൽസരത്തിലെ ആ ടൈംഡ് ഔട്ടും മറക്കാനാവാത്ത അനുഭവമാണ്. ത്രിപുര ഇന്നിങ്സിൽ ഒൻപത് വിക്കറ്റു പോയതോടെ ഡ്രിങ്സ് ഇടവേളയായി. പത്താമനായ ഹേമുലാൽ യാദവ് പുറത്തു നിൽക്കുന്നത് കണ്ടിരുന്നു. ഇടവേള കഴിഞ്ഞ് രണ്ടു മിനിറ്റായിട്ടും (ഇ‌പ്പോഴത് മൂന്നു മിനിറ്റാണ്) അയാൾ ക്രീസിലേക്കു വന്നില്ല. അപ്പോഴാണ് ഒഡീഷ ക്യാപ്റ്റൻ സഞ്ജയ് റൗൾ അരികിലെത്തി ടൈംഡ് ഔട്ട് അപ്പീൽ ചെയ്യട്ടേ എന്നു ചോദിച്ചത്. അത്യപൂർവമായ രീതിയായതിനാൽ സീരിയസായിട്ടാണോ എന്നാണ് ആദ്യം ചോദിച്ചത്. അതേ എന്ന് ഉത്തരം പറഞ്ഞ ക്യാപ്റ്റൻ യാദവ് ക്രീസിലെത്തിയതിനു പിന്നാലെ അപ്പീൽ ചെയ്തു. എന്തുകൊണ്ട് വൈകി എന്നു യാദവിനോടു ഞാൻ വിശദീകരണം ചോദിച്ചു. വീണ്ടും ബാത്ത്റൂമിൽ പോയി എന്നായിരുന്നു ഉത്തരം. കളി നിയമത്തിൽ അതിനു ന്യായമുണ്ടായിരുന്നില്ല. ഔട്ട് വിധിക്കുകയും ചെയ്തു. പിന്നീട് ബിസിസിഐ സ്റ്റാറ്റിറ്റിഷ്യൻ പറയുമ്പോഴാണ് അത് ഇന്ത്യയിലെ ആദ്യത്തേതും ലോകത്തെ രണ്ടാമത്തേതുമായ ടൈംഡ് ഔട്ടാണെന്നു മനസ്സിലാക്കിയത്’

 മുനീർ കാട്ടിയ വഴി


1999ൽ ഇംഗ്ലണ്ടിൽ ലോകകപ്പ് നടക്കുന്ന സമയത്ത് പഴയ സഹപാഠിയായ മന്ത്രി ഡോ. എം.കെ.മുനീറാണ് കോഴിക്കോട്ടു നിന്നുള്ള പബ്ലിഷിങ് ഹൗസിനായി ലോകകപ്പ് ചരിത്രം ഇംഗ്ലിഷിൽ എഴുതാമോ എന്നു ചോദിക്കുന്നത്. മെഡിക്കൽ പഠനകാലത്ത് ഡോ. വി.വേണു എഡിറ്ററായ കോളജ് മാഗസിനിൽ കപിൽദേവിനെക്കുറിച്ച് ലേഖനമെഴുതിയതു മാത്രമായിരുന്നു അതിനു മുൻപ് എഴുത്തുമായുള്ള ബന്ധം. അസാധ്യം എന്ന് ആദ്യം തോന്നിയെങ്കിലും എഴുതിത്തുടങ്ങിയതോടെ വഴങ്ങുമെന്നു മനസ്സിലായി. ഒരു മാസംകൊണ്ട് പുസ്തകം-വേൾഡ്കപ്പ് ക്രോണിക്കിൾ- പൂർത്തിയായതോടെ എഴുത്ത് പുതിയൊരു വഴിയാണെന്നും ഉറച്ചു. ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രത്തെ ക്യാപ്റ്റൻമാരുടെ കണ്ണിലൂടെ നോക്കിക്കാണുന്ന ഒരു പുസ്തകത്തിന്റെ എഴുത്തും വൈകാതെ ആരംഭിച്ചു.

സുനിൽ ഗാവസ്കർ, അജിത് വഡേക്കർ, പോളി ഉംമ്രിഗർ, സൗരവ് ഗാംഗുലി, സച്ചിൻ തെൻഡുൽക്കർ തുടങ്ങിയവരുമായി സംസാരിച്ചായിരുന്നു രചന. അത് പൂർത്തിയാക്കും മുൻപായിരുന്നു സിംഗപ്പൂരിലെ നിയമനം. അവിടെ ഒരു മാഗസിനിൽ കോളമിസ്റ്റായും എഴുത്തു തുടർന്നു. ജവാഹർലാൽ നെഹ്റു ഒരു വലിയ ആരാധനാ പാത്രമായിരുന്നതിനാൽ അദ്ദേഹത്തിന്റെ ഭരണകാലത്തെ വലിയ വീഴ്ചയായി വിലയിരുത്തുന്ന ഇന്ത്യ-ചൈന യുദ്ധത്തിലെ പരാജയത്തെക്കുറിച്ച് പഠിക്കാൻ ശ്രമിച്ചിരുന്നു. പല വീക്ഷണകോണുകളിൽ നിന്നുള്ള അറിവുകൾ ശേഖരിച്ചപ്പോഴാണ് ചൈന ചതിച്ചതുകൊണ്ടു സംഭവിച്ചു എന്ന് പറയപ്പെടുന്ന ഇന്ത്യൻ പരാജയത്തിനു പിന്നിൽ ഇന്ത്യയുടേതായ പല നയതന്ത്ര വീഴ്ചകളുമുണ്ടെന്നു മനസ്സിലാക്കുന്നത്. അതായിരുന്നു രണ്ടാമത്തെ പുസ്തകം-ഡിവൈഡിങ് ലൈൻസ്.

മിലിറ്ററി സർവീസിലുണ്ടായിരുന്ന സുഹൃത്തായ ഡോക്ടർ അത് കാർഗിൽ യുദ്ധസമയത്ത് ഇന്ത്യൻ കരസേനാ മേധാവിയായിരുന്ന ജനറൽ വി.പി. മല്ലിക്കിനു വായിക്കാൻ നൽകി. അതിഷ്ടപ്പെട്ട അദ്ദേഹം റിവ്യു എഴുതുകയും ചെയ്തു. ഈ പുസ്തകം വായിച്ചിട്ടാണു ടിബറ്റിനെക്കുറിച്ച് ഒരു പുസ്തകം എഴുതാമോ എന്ന് ഡോ. എം.കെ.മുനീർ ചോദിക്കുന്നത്. ദലൈ ലാമയോടു ഡൽഹിയിൽ ഒന്നര മണിക്കൂർ സംസാരിച്ചു വിവരങ്ങൾ ശേഖരിച്ചു.

ടിബറ്റിൽ രണ്ടു ദലൈ ലാമമാരുടെ കാലഘട്ടത്തിനിടെ ഭരണം നടത്തുന്ന റീജന്റുമാരുടെ നടപടികൾ ഉൾപ്പെടെ ടിബറ്റൻ സംസ്കാരത്തിന്റെ നാശത്തിനിടയായ കാരണങ്ങളെല്ലാം വിലയിരുത്തുന്ന പുസ്കമാണത്; ‘വാനിഷിങ് ഷാങ്ഗ്രില.’ പുസ്തകം വായിച്ച ശേഷം ദലൈ ലാമ തന്നെ അവതാരികയും എഴുതിത്തന്നതു വലിയ അംഗീകാരമായി. അദ്ദേഹത്തിന്റെ സഹോദരീഭർത്താവും പ്രതിനിധിയുമായ ടെംപ ഷെറിങ് ആണു പ്രകാശനം ചെയ്തത്.

ധോണിയുടെയും ട്വന്റി20 ക്രിക്കറ്റിന്റെയും വരവോടെ ലോക ക്രിക്കറ്റിലെ തലവൻമാരായി മാറിയ ഇന്ത്യൻ ക്രിക്കറ്റിന്റെ പുതുചരിത്രം കൂടി ഉൾപ്പെടുത്തി അപൂർണമായ ആ ക്രിക്കറ്റ് ചരിത്ര പുസ്തകം പൂർത്തിയാക്കുകയാണ് ഇനിയൊരു എഴുത്ത് ലക്ഷ്യമെന്നു രാഘവൻ പറയുന്നു. ഏക മകൾ ഐശ്വര്യ ആപ്പിൾ കമ്പനിയുടെ സാൻഫ്രാൻസിസ്കോ ആസ്ഥാനത്ത് ഉദ്യോഗസ്ഥയാണ്.

Your Rating: