Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗാഗുൽത്താ മലയിൽനിന്നും...

rafi-jose-with-raju ബാല്യകാലസുഹൃത്ത് രാജു മൈക്കിളിനൊപ്പം റാഫി ജോസ് (വലത്ത്)

ഈ വിശുദ്ധവാരത്തിൽ ക്രിസ്ത്യൻ ദേവാലയങ്ങളിൽ നെഞ്ചുരുകി പാടിയ രണ്ടു ഗാനങ്ങൾ... പതിറ്റാണ്ടുകളായി പകരം വയ്ക്കാനില്ലാത്ത, സാഹിത്യവും സംഗീതവും സമഞ്ജസമായി സമന്വയിച്ച പാട്ടുകൾ.

വിലാപത്തിന്റെ ദുഃഖവെള്ളിയിൽ ആത്മാവിന്റെ കറകൾ കഴുകുന്ന ‘ഗാഗുൽത്താ മലയിൽനിന്നും

വിലാപത്തിൻ മാറ്റൊലി കേൾപ്പൂ

ഏവമെന്നേ ക്രൂശിലേറ്റുവാൻ

അപരാധമെന്തുഞാൻ ചെയ്തൂ...’

മറ്റൊന്ന്, എളിമയുടെ പെസഹാദിനത്തിൽ ആലപിച്ച

‘താലത്തിൽ വെള്ളമെടുത്തു

വെൺകച്ചയും അരയിൽ ചുറ്റി

മിശിഹാതൻ ശിഷ്യന്മാരുടെ

പാദങ്ങൾ കഴുകീ പാദങ്ങൾ കഴുകി...’

disc ‘ഗാഗുൽത്താമലയിൽനിന്നും’ എന്ന പാട്ടിന്റെ ആദ്യകാല ഇ.പി. ഡിസ്ക്. ഗാനരചന– ഫാ. ആബേൽ എന്നും സംഗീതം– റാഫി ജോസ് എന്നും രേഖപ്പെടുത്തിയിരിക്കുന്നതു കാണാം.

കലാഭവൻ സ്ഥാപിച്ച ആബേലച്ചനാണ് ഹൃദയഹാരിയായ ഈ വരികൾ എഴുതിയതെന്ന് പ്രസിദ്ധമാണ്. പക്ഷേ, അവിശ്വാസികളുടെപോലും നെഞ്ചുലയ്ക്കുന്ന ഈ സംഗീതം നൽകിയതാരാണ്? ഇന്ന് ലഭ്യമായ സിഡികളിലും കസെറ്റുകളിലും കാണുന്ന പേര് കെ.കെ. ആന്റണി എന്നാണ്. മലയാളത്തിലെ പ്രമുഖമായ സംഗീത വെബ്സൈറ്റുകളിലും ഈ ഗാനങ്ങൾ കെ.കെ. ആന്റണിയുടെ ക്രെഡിറ്റിലാണ്. എന്നാൽ, ആരംഭകാലം മുതൽ കലാഭവൻ പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിച്ചിരുന്ന റെക്സ് ഐസക്സിനെപ്പോലുള്ള കലാകാരന്മാർക്കു പറയാനുള്ളതു തികച്ചും വ്യത്യസ്തമായ കഥയാണ്. ക്രെഡിറ്റുകൾക്കപ്പുറം കലയിൽ വിശ്വസിച്ചിരുന്ന, കൊച്ചിയുടെ സ്വന്തം പാട്ടുകാരൻ മംഗലപ്പിള്ളി റാഫി ജോസിന്റെ ജീവിതകഥ.

കലാഭവനിലെ ആദ്യഗായകനും ആദ്യസംഗീത സംവിധായകനുമായിരുന്നു റാഫി ജോസ്! അദ്ദേഹം ഈണം നൽകി യഥാക്രമം ജോളി ഏബ്രഹാമും യേശുദാസും പാടിയ ഗാനങ്ങളാണ് താലത്തിൽ വെള്ളമെടുത്തു, ഗാഗുൽത്താ മലയിൽനിന്നും... എന്നിവ. കൂടാതെ ആബേലച്ചന്റെ ആദ്യകാലത്തെ നൂറുകണക്കിനു ഭക്തിഗാനങ്ങൾക്കു സംഗീതം നൽകിയതും ഈ പ്രതിഭയാണ്. നാം ഇനിയും ജാഗ്രത പാലിച്ചില്ലെങ്കിൽ ചരിത്രത്തിൽനിന്നു മാഞ്ഞുപോകാവുന്ന ആ ജീവിതത്തിലേക്ക്...

എം.എഫ്. ജോസ് റാഫി ജോസ് ആവുന്നു

എറണാകുളം സെന്റ് ആൽബർട്സ് ഹൈസ്കൂളിൽ ഒൻപതാം ക്ലാസ്സിൽ സഹപാഠിയായ രാജു മൈക്കിൾ (യുവഗായിക എലിസബത്ത് രാജുവിന്റെ പിതാവ്) ആണ് എം.എഫ്. ജോസിലെ പാട്ടുകാരനെ തിരിച്ചറിയുന്നതും ആ മേഖലയിൽ ശ്രദ്ധയൂന്നാൻ ആവശ്യപ്പെടുന്നതും. ‘എറണാകുളം മേനകയ്ക്കു പിന്നിലെ ഒരു കടയിൽ മാത്രമേ അന്ന് ഹിന്ദി പാട്ടുപുസ്തകം കിട്ടുകയുള്ളൂ. അവൻ അതുമായി വരും.

അവനുവേണ്ടി ഞാൻ റേഡിയോയിൽനിന്ന് പുതിയ ഹിന്ദിഗാനങ്ങളുടെ ഈണം ഹൃദിസ്ഥമാക്കി വരും. ദരിദ്രനായിരുന്ന അവനന്ന് റേഡിയോ കേൾക്കാനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല. ഞാൻ മൂളുന്ന ഈണത്തിനൊത്ത് അവൻ പുസ്തകം നോക്കി പാടും. രണ്ടു ദിവസംകൊണ്ട് പാട്ടു പഠിക്കും. പിന്നീട് എവിടെനിന്നെങ്കിലും ഒറിജിനൽ പാട്ടുകേട്ട് ആലാപനം പൂർണമാക്കും.’ വെയർ ഹൗസിങ് കോർപറേഷന്റെ മുൻ ജനറൽ മാനേജർ രാജു മൈക്കിൾ ഓർമിക്കുന്നു. ‘അന്നേ മുഹമ്മദ് റഫിയുടെ പാട്ടുകളായിരുന്നു അവനു പ്രിയം.’

റഫിയുടെ പാട്ടുകൾ അതേമട്ടിൽ ഗാനമേളകളിൽ പുനരാവിഷ്കരിച്ച എം.എഫ്. ജോസ് കൊച്ചിയിലെ ഗാനമേളകളിൽ താരമായി. പ്രത്യേകിച്ച് കൊച്ചിയിലെ ഓറിയന്റൽ മ്യൂസിക് ക്ലബ്ബിൽ. ഹിന്ദി ഉച്ചാരണം ശരിയല്ലെന്ന കാരണത്താൽ യേശുദാസിനുപോലും കൊച്ചിയിൽ വേണ്ടത്ര സ്റ്റേജുകൾ കിട്ടാതിരുന്ന കാലത്താണ് ജോസിനായി ക്ലബ്ബുകൾ പരവതാനി വിരിച്ചത് എന്നോർക്കണം.

kalabhavan 1970ൽ യേശുദാസ് കലാഭവൻ സന്ദർശിച്ചപ്പോൾ എടുത്ത ചിത്രം. യേശുദാസിനോടു ചേർന്നു നിൽക്കുന്നതു റാഫി ജോസ് (വൃത്തത്തിനുള്ളിൽ)

ഇതിനിടെ ഹാർമോണിയം, ഗിറ്റാർ തുടങ്ങിയ സംഗീതോപകരണങ്ങളും ജോസ് വശമാക്കിയിരുന്നു. കണ്ണടച്ചു കേട്ടാൽ മുഹമ്മദ് റഫി പാടുന്നതായേ തോന്നൂ. റഫിയുടെ ഹൈപിച്ച് ഗാനങ്ങളൊക്കെ അതേമട്ടിത്തൽത്തന്നെ ജോസ് പാടിവച്ചതോടെ ‘റാഫി ജോസ്’ എന്ന പേരുവീണു.

ആബേലച്ചൻ വിളിക്കുന്നു

ക്രിസ്ത്യൻ പ്രാർഥനകളും ഗാനങ്ങളും സുറിയാനിയിൽനിന്നു മലയാളത്തിലേക്കു മാറ്റുന്നതിനായി ഫാ.ആബേൽ, എറണാകുളം അതിരൂപത ആസ്ഥാനത്ത് ‘ക്രിസ്ത്യൻ ആർട്സ് ക്ലബ്’ ആരംഭിച്ച സമയമായിരുന്നു അത്. റാഫി ജോസ് എന്ന ഊർജസ്വലനായ പയ്യനിൽ തനിക്കുപറ്റിയ സഹായിയെ ആബേലച്ചൻ കണ്ടെത്തി.

അച്ചന്റെ കൂടെ കൂടിയതോടെയാണു റാഫിയിലെ സംഗീത സംവിധായകൻ ഉണരുന്നത്. ആരാധനയ്ക്കായി അച്ചൻ എഴുതിയതും മൊഴിമാറ്റം നടത്തിയതുമായ ഗാനങ്ങൾക്കെല്ലാം ഒന്നാംതരം സംഗീതം നൽകിക്കൊണ്ട് ജോസിലെ ‘സംഗീതസംവിധായകൻ’ പീലി വിടർത്തിയാടി. ‘ക്രിസ്ത്യൻ ആർട്സ് ക്ലബ്’ ഒരു സ്റ്റുഡിയോ ആയി. മലയാളം കുർബാന അടക്കം സുറിയാനി ക്രിസ്ത്യാനികളുടെ ആദ്യകാല ആരാധനാ ഗാനങ്ങളുടെയെല്ലാം സംഗീതം റാഫി ജോസിന്റേതായിരുന്നു.

ആബേലച്ചന്റെ ഗാനങ്ങളുടെ റിക്കോർഡിങ്ങിനായി റാഫി തന്റെ സുഹൃത്തുക്കളായ കൊച്ചിയിലെ മുൻനിര കലാകാരന്മാരെ ക്രിസ്ത്യൻ ആർട്സ് ക്ലബ്ബിലേക്കു ക്ഷണിച്ചുവരുത്തി. എമിൽ ഐസക്സ്, റെക്സ് ഐസക്സ്, യൂജിൻ ഐസക്സ്, ജിമ്മി ലൂയിസ്, എ.ജി.വർഗീസ്, എ.ജി.ജോൺ, റ്റെറൻസ് ഡിസൂസ, ലൂബെൻ, മാത്യു, പാപ്പു തുടങ്ങിയവർ അങ്ങനെയാണ് ക്ലബ്ബിന്റെ ഭാഗമാവുന്നത്. ഈ കലാകരന്മാരെ ലഭിച്ചതോടെ ഫാ. ആബേൽ സംഗീതസ്കൂൾ എന്ന ആശയം റാഫിയോടു പങ്കുവയ്ക്കുന്നു. അങ്ങനെ ക്രിസ്ത്യൻ ആർട്സ് ക്ലബ്ബിൽ സംഗീതപഠന ക്ലാസുകൾ ആരംഭിച്ചു. വോക്കലും ഉപകരണസംഗീതവും.

അക്കാലത്ത് യേശുദാസിന്റെ നേതൃത്വത്തിലുള്ള ഗാനമേളകൾ ശ്രദ്ധപിടിച്ചുപറ്റി വരികയായിരുന്നു. എന്തുകൊണ്ട് ഒരു ഗാനമേള സംഘം ആരംഭിച്ചുകൂടാ എന്ന് ആബേലച്ചൻ റാഫി ജോസിനോടു ചോദിച്ചു. അങ്ങനൊന്നു കേൾക്കാൻ കാത്തിരിക്കുകയായിരുന്നു അദ്ദേഹം.

റാഫി ജോസും ജോളി ഏബ്രഹാമും മുഖ്യഗായകരായി ഗാനമേള സംഘം രൂപീകരിച്ചു. അതോടെ കൊച്ചാന്റി, ഗോപൻ, തമ്പി, ജോൺ, വിജയം, ശാന്ത, ലിസമ്മ, ലൈല, തോമസ്, ജോയി, പീറ്റർ, ചാൾസ്, ജോണി, സാമുവൽ തുടങ്ങിയ കലാകാരന്മാരെക്കൂടി അവിടേക്കു കൊണ്ടുവരാൻ റാഫിക്കും കൂട്ടുകാർക്കും കഴിഞ്ഞു.

റാഫി ജോസിന്റെ നേതൃത്വത്തിലുള്ള ഗാനമേളസംഘം കലാകാരന്മാരുടെ വൈപുല്യത്തിലും മികവിലും കൊച്ചിയിൽ ഒന്നാമതായി. ഗോ‍ൾഡ്‌വിൻ നൈറ്റ്(1967), ഹുസൈർ നൈറ്റ്(1968) തുടങ്ങിയ സംഗീതരാവുകളിലെ ജോസിന്റെ പ്രകടനം കൊച്ചിയെ ത്രസിപ്പിച്ചു.

സംഗീതക്ലാസുകളും ഗാനമേളകളും ഇങ്ങനെ പുരോഗമിക്കുന്നതിനിടെ ആബേലച്ചൻ എഴുതിക്കൊണ്ടിരുന്ന ആരാധനാ ഭക്തിഗാനങ്ങൾക്ക് റാഫി ജോസ് സംഗീതം നൽകിക്കൊണ്ടുമിരുന്നു. ക്രിസ്ത്യൻ ആർട്സ് ക്ലബ്ബിലെ പരിമിതമായ സൗകര്യങ്ങളിൽവച്ച് റിക്കോർഡ് ചെയ്തിരുന്ന ഈ പ്രാർഥനാഗീതികളുടെ പകർപ്പുകളായിരുന്നു അന്ന് വൈദികർക്കും സന്യാസിനികൾക്കും മലയാളത്തിലുള്ള ആരാധനയ്ക്ക് ഏക ആശ്രയം.

‘ഗാഗുൽത്താമല’ പിറക്കുന്നു

തങ്ങൾ ചെയ്ത ഏതാനും ഗാനങ്ങൾ പ്രഫഷനലായി റിക്കോ‍ഡ് ചെയ്ത് ഇറക്കണമെന്ന് ആബേലച്ചന് ആഗ്രഹം. ഡിസ്ക്കുകൾ ഇറക്കാമെന്ന് എച്ച്എംവി സമ്മതിച്ചു. അങ്ങനെ റാഫിയുടെ നേതൃത്വത്തിൽ ഒരു സംഘം ചെന്നൈക്കു പുറപ്പെട്ടു. അങ്ങനെ റിക്കോർഡ് ചെയ്യപ്പെട്ടതാണ് ‘ഗാഗുൽത്താമലയിൽനിന്നും’ ‘താലത്തിൽ വെള്ളമെടുത്തു’വും. ‘എച്ച്എംവിയിലായിരുന്നു റിക്കോ‍ർഡിങ്. റാഫിയായിരുന്നു സംഗീതം. അന്നത്തെ തനി കർണാട്ടിക് സ്റ്റൈലിൽനിന്ന് വ്യത്യസ്തമായി ഹിന്ദുസ്ഥാനി ഛായ നൽകിയാണു റാഫി ഈണം നൽകിയത്.’ ജോളി ഏബ്രഹാം അനുസ്മരിക്കുന്നു.

‘അന്ന് എച്ച്എംവിയിൽ റിക്കോർഡിങ്ങിനെത്തുന്നവരെ ഓർക്കസ്ട്രേഷനു സഹായിച്ചിരുന്നത് മുത്തു എന്നയാളായിരുന്നു. എന്നാൽ റാഫി ജോസ് ഈ സഹായം സ്വീകരിച്ചില്ല. രണ്ട് പാട്ടിനും ഓർക്കസ്ട്രേഷൻ സ്വയം ചെയ്യുകയായിരുന്നു. ഒട്ടുമിക്ക സംഗീതോപകരണങ്ങളും അറിയാമായിരുന്നതുകൊണ്ടാണ് ജോസിന് ഇതു സാധിച്ചത്. നോട്സെല്ലാം നേരത്തെ എഴുതി തയാറാക്കിയിരുന്നു.’ റെക്സ് ഐസക്സ് അനുസ്മരിക്കുന്നു.

റെക്സിന്റെ അഭിപ്രായത്തിൽ ‘വെസ്റ്റേൺ മൈനർ സ്കെയിലിന്റെ പരമാവധി സാധ്യത ഉപയോഗിച്ച മലയാള ഗാനമാണ് ഗാഗുൽത്താ മലയിൽനിന്നും...’ പുതിയ സംഗീതജ്ഞർക്ക് എന്നും പാഠപുസ്തകമായിരിക്കും ഈ പാട്ട്. ‘പാശ്ചാത്യ സംഗീത പുസ്തകങ്ങൾ വരുത്തി പഠിച്ചാണ് ജോസ് അതു പഠിച്ചത്. ഹിന്ദുസ്ഥാനിയും സ്വയം പഠിച്ചെടുത്തതാണ്.’ റെക്സ് ചൂണ്ടിക്കാട്ടുന്നു.

(അന്ന് എച്ച്എംവി ഇറക്കിയ ഇപി ഡിസ്ക്കിൽ സംഗീതം– റാഫി ജോസ് എന്നാണു രേഖപ്പെടുത്തിയിരുന്നത്. പിന്നീട് ആബേലച്ചന്റെ ‘ഈശ്വരനെത്തേടി’ എൽപി ഡിസ്ക്കിലെ ശേഷിച്ച സ്ഥലത്ത് ജോസിന്റെ പാട്ടുകൾ കൂടി എച്ച്എംവി കയറ്റുകയായിരുന്നു. അങ്ങനെയാണു റാഫി ജോസിന്റെ സുന്ദരമായ ഈ പാട്ടുകൾ ആന്റണി മാസ്റ്ററുടെ പേരിലായിപ്പോയത്. ഉത്തരവാദപ്പെട്ടവർ ഈ തെറ്റുതിരുത്താൻ മെനക്കെട്ടില്ല. അപ്പോഴേക്കും നാടുവിട്ടുപോയിരുന്ന റാഫി ജോസ് ഇതൊന്നും അറിഞ്ഞിരുന്നില്ല.)

പേരു വിളിച്ചു ‘കലാഭവൻ’

റാഫി ജോസിന്റെ നേതൃത്വത്തിൽ ക്രിസ്ത്യൻ ആർട്സ് ക്ലബ്ബിന്റെ പ്രശസ്തി ഓരോ ദിവസവും വളരുന്നതിനിടെയാണ് യേശുദാസിനെ ഇതിൽ സഹകരിക്കാനായി ആബേലച്ചൻ ക്ഷണിക്കുന്നത്.

1970ലാണ് യേശുദാസ് അവിടെ എത്തിയത്. കലാപ്രവ‍ർത്തനത്തിനു മതേതര സ്വഭാവം വേണമെന്നും ക്ലബ്ബിന് ഈ പേര് യോജിക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യേശുദാസിന്റെ പെട്ടെന്നുള്ള ഈ അഭിപ്രായപ്രകടനത്തിൽ ആബേലച്ചൻ ഒരു നിമിഷം സ്തംഭിച്ചുപോയി. യോജിച്ച പേരു നിർദേശിക്കാൻ യേശുദാസിനോട് അവിടെവച്ചുതന്നെ അച്ചൻ ആവശ്യപ്പെട്ടു. ഉടനടി യേശുദാസ് പറ‍ഞ്ഞ പേരാണ് ‘കലാഭവൻ’. അങ്ങനെയാണ് പിൽക്കാലത്ത് നൂറുകണക്കിനു കലാകാരന്മാരുടെ കുലപ്പേരായ ‘കലാഭവൻ’ ജനിച്ചത്. ജോസിന്റെ കൂടി സാന്നിധ്യത്തിലാണ് ഈ പേരിടീൽ കർമം നടക്കുന്നത്.

അഭിമാനത്തോടെ പടിയിറക്കം

അക്കാലത്താണ് സംഗീത സംവിധായകനായ കെ.കെ. ആന്റണി സിലോൺ റേഡിയോയിലെ സേവനത്തിനുശേഷം കൊച്ചിയിൽ എത്തുന്നത്. ആന്റണിയെ ആബേലച്ചൻ കലാഭവനിലേക്കു കൊണ്ടുവന്ന് പ്രധാന ഉത്തരവാദിത്തങ്ങൾ നൽകി. ‘സത്യത്തിൽ ആന്റണി മാസ്റ്ററെപ്പോലെ കടുത്ത അച്ചടക്കത്തോടെ ജോലിചെയ്യുന്ന ഒരാളെ ആബേലച്ചൻ കൂടുതൽ ആശ്രയിച്ചതിൽ തെറ്റുപറയാൻ പറ്റില്ല. ജോസ് അടിമുടി ഒരു പെർഫോമർ ആയിരുന്നു. തികഞ്ഞ കലാകാരൻ. അന്നത്തെ കലാഭവന്റെ മാറിയ സമ്പ്രദായങ്ങളോടു കൂടുതൽ പൊരുത്തപ്പെടുക ആന്റണി മാസ്റ്ററുടെ ശൈലി ആയിരുന്നു.’ ജോളി ഏബ്രഹാം ചൂണ്ടിക്കാട്ടുന്നു.

പ്രധാനഗായകൻ എന്ന സ്ഥാനം യേശുദാസും സംഗീതസംവിധായക പദവി കെ.കെ. ആന്റണിയും കയ്യാളാൻ തുടങ്ങിയപ്പോൾ അവഗണനയുടെ വേദനയിൽ ജോസ് നീറി.

ഭാഗ്യമെന്നോണം കേന്ദ്രസർക്കാരിന്റെ ‘സോങ് ആൻഡ് ഡ്രാമ ഡിവിഷൻ’ കലാകാരന്മാരെ തേടി ആ സമയത്തു കൊച്ചിയിലെത്തി. സെന്റ് തെരേസാസ് കോളജിൽ നടന്ന ഓഡിഷനിൽ റാഫി ജോസ് തിരഞ്ഞെടുക്കപ്പെട്ടു. അങ്ങനെ, ഉയർന്ന ശിരസ്സുമായാണ് പ്രഥമ ഗായക–സംഗീതസംവിധായകൻ കലാഭവന്റെ പടിയിറങ്ങിയത്.

സോങ് ആൻഡ് ഡ്രാമ ഡിവിഷനിൽ രണ്ടു പതിറ്റാണ്ട് ചെലവഴിച്ചശേഷം മുംബൈയിലെ മറാത്തി നാടകശാലകളായിരുന്നു റാഫി ജോസിന്റെ തട്ടകം. അവിടെ മികച്ച സംഗീത സംവിധായകനായി പേരെടുത്തു. പരസ്യചിത്രങ്ങൾക്കും സംഗീതം നൽകിയിരുന്നു. ഒരു മുംബൈക്കാരിയെ പ്രണയിച്ചു വിവാഹം കഴിച്ചു. ഏകമകൻ–യേശുദീപ്.

ബോളിവുഡിലേക്കു പ്രവേശിക്കാനുള്ള പരിശ്രമങ്ങൾ ഫലമണിയും മുൻപ് 2010 ഫെബ്രുവരിയിൽ മഹാനായ ആ കലാകാരനെ ഹൃദയാഘാതം കവർന്നെടുത്തു.

‘ജോസിന്റെ മനസ്സിൽ പാട്ടുമാത്രമേ ഉണ്ടായിരുന്നുള്ളൂ. കലാരംഗത്ത് പിടിച്ചുനിൽക്കാനുള്ള കൗശലങ്ങളൊന്നും ആ പാവത്തിനു വശമില്ലായിരുന്നു. അല്ലെങ്കിൽ, ദേവരാജൻ മാസ്റ്റർക്കു തൊട്ടുതാഴെ മലയാളത്തിൽ പ്രതിഷ്ഠിക്കപ്പെടേണ്ട പ്രതിഭയായിരുന്നു റാഫി ജോസ്’ എന്ന് റെക്സ് ഐസ്ക്സ് അഭിപ്രായപ്പെടുന്നു.

അന്നു കലാഭവനിൽനിന്നു പടിയിറങ്ങിയശേഷം രണ്ടുതവണയേ അദ്ദേഹം നാട്ടിൽ വന്നിട്ടുള്ളൂ. പക്ഷേ, വ്യത്യസ്ത നാടുകളിൽ പല വേഷങ്ങളിൽ ജീവിച്ചിട്ടും കൊച്ചി തനിക്കു നൽകിയ ‘റാഫി ജോസ്’ എന്ന പേര് അന്ത്യശ്വാസം വരെ അദ്ദേഹം നെഞ്ചോടു ചേർത്തു പിടിച്ചിരുന്നു.

Your Rating: