Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരഞ്ഞും ചിരിച്ചും ഹരീഷ് പേരടി

Author Details
hareesh-peradi-30

കോഴിക്കോട് സാമൂതിരി ഹൈസ്കൂളിലെ അഞ്ച് ബി ക്ലാസിൽ കണക്കു പഠിപ്പിക്കാനെത്തിയ സുമംഗല ടീച്ചറായിരുന്നു അഭിനയത്തിൽ ഹരീഷിന്റെ ആദ്യ ‘ഇര’. അവർ പഠിപ്പിച്ചു ക്ലാസിൽനിന്നു പുറത്തേക്കിറങ്ങുമ്പോൾതന്നെ ബോർഡിനടുത്തെത്തി സുമംഗല ടീച്ചറെ ഹരീഷ് അനുകരിക്കും. ക്ലാസ് മുറിയിൽനിന്നു ചിരിയും കയ്യടിയും ഉയരും. അഞ്ചാം ക്ലാസുകാരൻ ഹരീഷിൽനിന്ന് ഇന്നത്തെ ഹരീഷ് പേരടിയിലേക്കുള്ള യാത്രയിൽ പലയിടത്തും ചിരികൾക്കൊപ്പം കണ്ണീരിന്റെ ഉണങ്ങാത്ത പാടുകളുമുണ്ട്. 

∙ രംഗം ഒന്ന്: നാടകവേദി

ക്ലാസിലെ പേരുകേട്ട നാടകക്കാരൻ താജുദ്ദീനെ പ്രീതിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടായിരുന്നു സുമംഗല ടീച്ചറെ അനുകരിച്ചിരുന്നത്. ഒടുവിൽ സ്കൂളിലെ നാടക സംഘത്തിലെത്തി. അക്കാലത്തു തള്ളുവണ്ടി വിളിക്കാനുള്ള 50 പൈസയ്ക്കു വേണ്ടി പോലും കഷ്ടപ്പെടേണ്ടി വന്നിട്ടുണ്ടെന്നു പറയുമ്പോൾ ഹരീഷിന്റെ കണ്ണു നിറയുന്നു. 

മുതിർന്നപ്പോൾ ജയപ്രകാശ് കുളൂർ ആയി ഹരീഷിന്റെ നാടക ഗുരു. ഒന്നര വർഷമെടുത്ത് അപ്പുണ്ണികളുടെ റേഡിയോ എന്ന നാടകം തയാറാക്കി. കേരള സംഗീത നാടക അക്കാദമിയുടെ 50 വർഷത്തെ മികച്ച നാടകങ്ങളിൽ ഒന്ന് അതായിരുന്നു. പക്ഷേ, ആരും ആരെയും തിരിച്ചറിഞ്ഞില്ല. ‘ഒരു സിനിമയിൽ അഭിനയിച്ചവർക്കു പിന്നാലെ എല്ലാവരും പോകുന്നതു കാണുമ്പോൾ പലപ്പോഴും വിഷമം തോന്നിയിട്ടുണ്ട്. പക്ഷേ, നാടകത്തിനുവേണ്ടി ജീവിതം കൊടുത്തവരെ തിരിച്ചറിയാൻ ആളുകളില്ല...’ 

∙ രംഗം രണ്ട്: സ്വീകരണ മുറി

കായംകുളം കൊച്ചുണ്ണി എന്ന ടിവി പരമ്പരയിലേക്കു വിളിവന്നതോടെ കോഴിക്കോട്ടുനിന്നു കൊച്ചിയിലേക്കു ജീവിതം പറിച്ചു നടേണ്ടി വന്നു ഹരീഷിന്. ‌800 രൂപയുമായാണു കൊച്ചിയിലേക്കു പുറപ്പെട്ടത്. യാത്ര കഴി‍ഞ്ഞപ്പോൾ ആകെ ബാക്കിയുള്ളത് 400 രൂപ. അതു തീരുംമുൻപേ സീരിയലുകളിലേക്കുള്ള വിളിയെത്തി. പരമ്പരകൾ തുടർച്ചയായെത്തി. അങ്ങനെ വേഷപ്പകർച്ചകൾ, കൂടുമാറ്റങ്ങൾ... ജീവിതം പതിയെ പച്ചപ്പിലേക്ക്. 

∙ രംഗം മൂന്ന്: കൊട്ടക

ഒരു പരമ്പരയിലെ പ്രകടനം കണ്ടു നിർമാതാവ് രജപുത്ര രഞ്ജിത് ‘റെഡ് ചില്ലീസി’ലേക്കു വിളിച്ചു. പക്ഷേ, ആ സിനിമയിലെ പ്രതിനായക വേഷം കാര്യമായ ഗുണം ചെയ്തില്ല. അവസരങ്ങൾ കുറഞ്ഞു. ‘ ഒരിക്കൽ വീണു പോയാൽ രണ്ടാമതു കൈതരാൻ മടിക്കുന്നവളാണു സിനിമ... പക്ഷേ, നാലു വർഷത്തിനു ശേഷം രഞ്ജിത്തിന്റെ വിളി വന്നു. ഞാൻ ഒരു പുതിയ ചിത്രം ചെയ്യുന്നു. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്നാണു പേര്. നീയാണ് അതിലെ ഒരു പ്രധാന കഥാപാത്രം ചെയ്യുന്നത്. പോയി മുരളി ഗോപിയെയും അരുൺകുമാറിനെയും കാണണം എന്നു പറഞ്ഞു. അതാണ് എന്റെ ജാതകം തിരുത്തിക്കുറിച്ച ചിത്രം. രണ്ടാമതു കൈതരാൻ മടിക്കുന്ന സിനിമ രണ്ടുകയ്യും എനിക്കു നീട്ടിത്തന്നു! തമിഴിൽ രണ്ടു ചിത്രങ്ങൾ ചെയ്തുകഴിഞ്ഞു. കാക്കമുട്ടൈ സംവിധാനം ചെയ്ത മണികണ്ഠന്റെ ആണ്ടവൻ കട്ടിളൈ, സുബ്രഹ്മണ്യപുരം ശശികുമാർ നിർമിക്കുന്ന കിടാരി എന്നിവയാണു തമിഴ് ചിത്രങ്ങൾ. ഇപ്പോൾ പുറത്തിറങ്ങുന്ന ‘പ്രേത’ത്തിൽ ഹ്യൂമർ ടച്ചുള്ള വൈദികന്റെ വേഷമാണ് എനിക്ക്. ഇതു വരെ 35 സിനിമകളുടെ ഭാഗമായി കഴിഞ്ഞു’. 

∙ രംഗം നാല്: കൈതേരി

‘ലെഫ്റ്റ് ൈററ്റ് ലെഫ്റ്റിനെ ചൊല്ലിയുള്ള വിവാദം എന്നെ ബാധിച്ചിട്ടേയില്ല സത്യം...! കമ്യൂണിസ്റ്റ് പാർട്ടിക്കുവേണ്ടി നാടകം കളിച്ച ആളാണു ഞാൻ. ഇൗ വിഷയത്തിൽ ഭീഷണിയോ വിവാദമോ ഇതുവരെ ഉണ്ടായിട്ടുമില്ല... പാർട്ടിക്ക് എന്നെ അറിയാം... എനിക്കു പാർട്ടിയെയും. രാജാവിനെക്കാൾ വലിയ രാജഭക്തിയുള്ള ചില ആളുകളുടെ അനാവശ്യ ഇടപെടലായിരുന്നു വിവാദങ്ങൾക്കു പിന്നിലെന്നാണു മനസ്സിലാക്കുന്നത്.

ഞാനും മുരളി ഗോപിയും അരുണും ചേർന്നു നടത്തിയ ചർച്ചയിൽ പിണറായി സഖാവിന്റെ പേരുപോലും പരാമർശിക്കപ്പെട്ടിട്ടില്ല. കൈതേരി സഹദേവൻ, കൈതേരി ചാത്തു, കൈതേരി രാമൻ ഇൗ മൂന്നു കഥാപാത്രങ്ങൾ മാത്രമായിരുന്നു മനസ്സിൽ. സ്ക്രിപ്റ്റ് വായിച്ചപ്പോൾ കൈതേരിയിൽ പോയേ പറ്റുവെന്നു തോന്നി; പോയി. കൈതേരിയിലെ ഒരുപിടി മണ്ണുവാരി പ്ലാസ്റ്റിക് കവറിലാക്കി കൊണ്ടുവന്നു. എന്നും ഷൂട്ടിങ്ങിനു മുൻപ് അതു തൊട്ടുവണങ്ങിയാണു തുടങ്ങിയിരുന്നത്. ഇക്കാര്യം മുരളിക്കോ അരുണിനോപോലും അറിയില്ല. പിണറായി സഖാവിനെ ഉദ്ദേശിച്ചിരുന്നെങ്കിൽ പിണറായിയിലെ മണ്ണെടുത്താൽ മതിയായിരുന്നു. വടക്കൻ കേരളത്തിലെ രാഷ്ട്രീയക്കാരുടെ സംസാരശൈലിയും ശരീരഭാഷയും ഉപയോഗിച്ചെന്നു മാത്രം. അതിൽ അഭിനയമുണ്ട്, അനുകരണമില്ല...’ 

∙ അഭിനയമില്ല, കുടുംബത്തിൽ

ക്വിറ്റ് ഇന്ത്യ സമര പോരാളി എം.ഗോവിന്ദൻ നായരുടെയും സാവിത്രി അമ്മയുടെയും മകനാണു ഹരീഷ്. ‘മരിക്കുമ്പോൾ ദേശീയ പതാക മാത്രം പുതയ്ക്കണമെന്ന് ആഗ്രഹിച്ച മനുഷ്യനായിരുന്നു അച്ഛൻ. മൂത്ത സഹോദരങ്ങളായ ഉഷയും സുഭാഷുമായിരുന്നു അഭിനയത്തിന്റെ പ്രചോദനം. നാടക പ്രവർത്തന കാലത്ത് എബക്സ് എരഞ്ഞിക്കൽ എന്ന സംഘടനയുമായി ചേർന്നു പ്രവർത്തിക്കുമ്പോൾ അവിടെ നൃത്തം പഠിപ്പിക്കാനെത്തിയ ബിന്ദു ജീവിതത്തിൽ ഒപ്പംചേർന്നു. വിഷ്ണു, വൈദി എന്നീ രണ്ടാൺമക്കൾ. പണ്ടുഞാൻ നല്ല നാടകങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. അതുപോലെ സിനിമയും ചെയ്തേക്കാം. പക്ഷേ, ഇപ്പോൾ അഭിനയിക്കുക, അഭിനയിക്കുക, പിന്നെയും അഭിനയിക്കുക, അഭിനയിച്ചു കൊണ്ടേയിരിക്കുക എന്നാണ് ആഗ്രഹം. അതിനിടയിൽ സംവിധാനം പോലെ എന്റെ ചില തോന്ന്യാസങ്ങളും പ്രതീക്ഷിക്കാം...’

Your Rating: