Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മക്കൾക്കായി...

tv-renuka കർണാടക രാജ്യ ദേവദാസി മഹിളാ വിമോചന സംഘടന ജനറൽ സെക്രട്ടറി ടി.വി.രേണുക തിരുവനന്തപുരത്ത് എകെജി സെന്ററിനു മുൻപിൽ. ചിത്രം: നിഖിൽരാജ്

അച്ഛനാരെന്നറിയാതെ അല്ലെങ്കിൽ അച്ഛൻ ആരെന്നു വെളിപ്പെടുത്താനാകാതെ ഒരു ലക്ഷത്തോളം കുട്ടികൾ, ഒരു സംസ്ഥാനത്ത്. നമ്മുടെ അയൽ സംസ്ഥാനമായ കർണാടകയിലെ ദേവദാസി സ്ത്രീകളുടെ മക്കളുടെ ദുർഗതിയാണിത്. ഈ കുട്ടികൾക്ക് അച്ഛനില്ല, അച്ഛന്റെ സ്വത്തിൽ അവകാശമില്ല. സ്കൂളിൽ ചേർക്കുമ്പോൾ അച്ഛൻ എന്ന കോളത്തിൽ അമ്മയുടെ പേരു തന്നെ എഴുതുന്നു ഇവർ. ബ്രാക്കറ്റിൽ ദേവദാസി എന്നും കുറിക്കുന്നു. രണ്ടു വലയങ്ങൾ പേരിനോടൊപ്പം വീണുകഴിഞ്ഞാൽ പിന്നെ ജീവിതം മുഴുവൻ മാനക്കേടിന്റെ വലയത്തിനകത്താണ് ഇവർ. ജീവിതം എന്നു പറയുന്നത് പിന്നെ ഇവർക്ക് അപമാനങ്ങൾ സഹിക്കാൻ വേണ്ടിയുള്ളതു മാത്രം. എവിടെ നിന്നും നേരിടേണ്ടി വരുന്നത് പരിഹാസങ്ങൾ മാത്രം.

ഈ കുട്ടികൾക്കു പിതൃസ്വത്തിൽ അവകാശം വേണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് സിപിഎം പോഷക സംഘടനയായ ദേവദാസി മഹിളാ വിമോചന സംഘടന. ഈ ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള സമരപരിപാടികൾ കർണാടകയിൽ വലിയൊരു വിപ്ലവം ആയി മാറുമെന്നാണ് സംഘടനയുടെ പ്രതീക്ഷ.
ദേവദാസി ജീവിതങ്ങളെക്കുറിച്ചുള്ള പുസ്തക പ്രകാശനത്തിനായി തിരുവനന്തപുരത്തെത്തിയ സംഘടനാ ജനറൽ സെക്രട്ടറി ടി.വി. രേണുക ഇതടക്കമുള്ള വിഷയങ്ങൾ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായും സംസാരിച്ചു. 

എന്താണ് കർണാടകയിലെ ദേവദാസിമക്കൾ അഭിമുഖീകരിക്കുന്ന സാമൂഹിക പ്രശ്നങ്ങൾ? എങ്ങനെയൊക്കെയാണ് സംഘടനയുടെ ഇടപെടലുകൾ..... തുടങ്ങിയ കാര്യങ്ങൾ ടി.വി.രേണുക പങ്കുവയ്ക്കുന്നു.

ദേവദാസിയാക്കൽ ചടങ്ങ് നടക്കുന്നില്ല എന്നുറപ്പുവരുത്തണമെന്ന് സുപ്രീം കോടതി കർണാടക സർക്കാരിനോട് ആവശ്യപ്പെട്ടു. സർക്കാർ ഈ നിർദേശം കാര്യക്ഷമമായി നടപ്പാക്കുന്നുണ്ട് എന്നും കരുതാം. എന്നാൽ, എന്താണ് ദേവദാസി സ്ത്രീകളുടെ മക്കളുടെ സ്ഥിതി?

ഈ കുട്ടികളുടെ അച്ഛൻ ആര് എന്നു വെളിപ്പെടുത്താനാവില്ല എന്നതു തന്നെയാണ് മുഖ്യപ്രശ്നം. ദേവദാസിമക്കൾ എന്നാണ് പലയിടത്തും ഈ കുട്ടികൾ അറിയപ്പെടുന്നതു തന്നെ. അവർക്ക് ഒരു പേരു പോലും ഇല്ല എന്നു സാരം. സ്കൂളുകളിൽ ചേർക്കാൻ പോകുമ്പോൾ അച്ഛന്റെ പേരിന്റെ സ്ഥാനത്ത് ദേവദാസി മകൻ, അല്ലെങ്കിൽ മകൾ എന്നു രേഖപ്പെടുത്തും. പിന്നെ, സ്കൂളുകളിലും ഇവർ അപമാനത്തോടെ തന്നെ കഴിയേണ്ടി വരും. അവരിൽ പലരും അപമാനം സഹിക്കാനാവാതെ പഠനം പാതിയിൽ നിർത്തുകയും ചെയ്യും. അച്ഛന്റെ സ്വത്തിൽ ഇവർക്ക് അവകാശമില്ല. അമ്മ മരിക്കുന്നതോടെ പലരും അനാഥരാകുകയും ചെയ്യുന്നു.

ഇത്തരത്തിലുള്ള എത്ര കുട്ടികളുണ്ട് കർണാടകയിൽ?

സംഘടനയുടെ ഇടപെടലിനെത്തുടർന്ന് സംസ്ഥാന സർക്കാർ ദേവദാസി മക്കളുടെ എണ്ണം സംബന്ധിച്ച് സർവേ നടത്തിയിട്ടുണ്ട്. ചില ജില്ലകളിൽ പൂർത്തിയായി. ചിലയിടത്ത് പൂർത്തിയാവാനിരിക്കുന്നു. സർക്കാർ കണക്കനുസരിച്ച് കൊപ്പൽ ജില്ലയിലെ ഗംഗാവതി താലൂക്കിൽ 6000 ദേവദാസി മക്കളും ബെല്ലാരി ജില്ലയിലെ ഹർലി ബെമ്മനഹള്ളി താലൂക്കിൽ അയ്യായിരത്തോളം ദേവദാസി മക്കളും ഉണ്ട്. സംഘടനയുടെ ഏകദേശ കണക്കനുസരിച്ച് സംസ്ഥാനത്ത് ഒരു ലക്ഷത്തോളം ദേവദാസി മക്കൾ ഉണ്ടായിരിക്കും. സർക്കാർ കണക്കനുസരിച്ച് 44,000 ദേവദാസികൾ സംസ്ഥാനത്തുണ്ട്. ഒരു ദേവദാസിക്ക് ശരാശരി മൂന്നു കുട്ടികളെങ്കിലും ഉണ്ടാവും.

ഈ കുട്ടികൾ എത്ര പേർ ഉണ്ടെന്ന് കണ്ടെത്തിക്കഴിഞ്ഞാൽ, എന്താണ് സംഘടന ഇവർക്കു വേണ്ടി മുന്നോട്ടു വയ്ക്കുന്ന ആവശ്യങ്ങൾ?

ബിരുദം പൂർത്തിയാകും വരെ ഈ കുട്ടികളുടെ പഠനത്തിന് സർക്കാർ സഹായം നൽകണമെന്നാണ് സംഘടനയുടെ ആവശ്യം. പെൺകുട്ടികളാണെങ്കിൽ അവരുടെ വിവാഹത്തിന് രണ്ടു ലക്ഷം രൂപ വരെ ധനസഹായവും സംഘടന ആവശ്യപ്പെടുന്നു. അതിനുപരി, അച്ഛനാരെന്ന് അമ്മ വെളിപ്പെടുത്തിയാൽ ആ കുട്ടികൾക്ക് പിതൃസ്വത്തിൽ അവകാശത്തിനു വേണ്ടിയും സംഘടന ആവശ്യമുന്നയിക്കും. കർണാടകയിൽ ഇതു വലിയ വിപ്ലവം ആകുമെന്നു തന്നെയാണ് വിശ്വാസം.

എന്തുകൊണ്ട് ദേവദാസി സ്ത്രീകൾ അവരുടെ മക്കളുടെ അച്ഛനാരെന്നു തുറന്നു പറയാൻ തയ്യാറാവുന്നില്ല.? സംഘടനയുടെ ഇടപെടലിനപ്പുറം, ഓരോ വ്യക്തികളും എന്തുകൊണ്ട് മക്കളുടെ പിതൃസ്വത്തിനു വേണ്ടി രംഗത്തു വരുന്നില്ല?

അത് കർണാടകയിലെ സാമൂഹിക സാഹചര്യങ്ങൾ‌ തിരിച്ചറിഞ്ഞാൽ നിങ്ങൾക്കു മനസിലാകും. കേരളത്തിലെ സ്ഥിതി അല്ല കർണാടകയിലേത്. കേരളത്തിൽ പൊതുസമൂഹം ഉയർന്ന തലത്തിൽ ചിന്തിക്കുന്നവരാണ്. കർണാടകയിലെ സ്ഥിതി വ്യത്യസ്തമാണ്. ദേവദാസിമക്കളുടെ അച്ഛൻമാർ എല്ലാം സവർണ സമുദായങ്ങളിൽ നിന്നായിരിക്കും. അത്തരക്കാരെ നിയമപരമായി നേരിടാനുള്ള ധൈര്യം ദേവദാസികൾക്ക് ഉണ്ടായിരിക്കില്ല. അതാണല്ലോ ‍ഞങ്ങളുടെ സംഘടനയുടെ പ്രസക്തിയും. ചില സ്ത്രീകൾ നിയമപോരാട്ടം നടത്തിയിട്ടില്ലെന്നല്ല. പക്ഷേ, അതു പോലും സംഘടനയുടെ പിൻബലം കൊണ്ടു തന്നെയാണ്.

ദാവൻഗരെ ജില്ലയിലെ ഹൗരഗരെ എന്ന സ്ഥലത്തെ സീതമ്മ എന്ന ദേവദാസി സ്ത്രീ തന്റെ മക്കൾക്ക് പിതൃസ്വത്തിൽ അവകാശം നേടിയെടുത്തു. ഇത്തരത്തിൽ ഓരോരുത്തരായി രംഗത്തു വരിക തന്നെ വേണം. അവരെ അതിനായി ബോധവൽക്കരിക്കുകയാണ് സംഘടന ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്.
ബാഗൽകോട്ട ജില്ലയിലെ ജംഖണ്ഡി എന്ന സ്ഥലത്ത് ദേവദാസി സ്ത്രീക്ക് എച്ച്ഐവി സ്ഥിരീകരിച്ചപ്പോൾ മകളുടെ വരൻ വിവാഹബന്ധം വേർപെടുത്തി. മകൾക്ക് എച്ച്ഐവി ഇല്ല എന്ന് സ്ഥിരീകരിച്ചതാണ്. എന്നിട്ടും അങ്ങനെ ചെയ്തു. ഞങ്ങൾ നിയമപോരാട്ടം നടത്തി അവൾക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം വാങ്ങിക്കൊടുത്തു. അത്തരത്തിൽ ചെറിയ ചില ചലനങ്ങൾക്കു തുടക്കമിട്ടിട്ടുണ്ട്. എങ്കിലും മാറ്റങ്ങൾ അത്ര എളുപ്പം സാധ്യമല്ലല്ലോ.

ദേവദാസിമക്കൾ ദേവദാസിമക്കളിൽ നിന്നു തന്നെ പങ്കാളികളെ കണ്ടെത്തുന്നുണ്ടല്ലോ. അപമാനത്തിന്റെ പ്രശ്നം ഉദിക്കുന്നില്ല എന്ന ആശ്വാസമാണോ യഥാർഥത്തിൽ അങ്ങനെ ചെയ്യാൻ അവരെ പ്രേരിപ്പിക്കുന്നത്.?

അതെ. ദേവദാസിമക്കളിൽ നിന്നു ദേവദാസിമക്കൾ പങ്കാളികളെ കണ്ടെത്തുമ്പോൾ അപമാനത്തിന്റെ പ്രശ്നം ഉദിക്കുന്നില്ല. പക്ഷേ, അതു വേറൊരു അപകടം ചെയ്യുന്നുണ്ട്. ഇവർക്കുണ്ടാകുന്ന മക്കൾ വീണ്ടും വലിയ അപമാനം സഹിച്ചു ജീവിക്കേണ്ടി വരുന്നു. ഇരുകൂട്ടരും ദേവദാസി കുടുംബത്തിൽ നിന്നാവുമ്പോൾ പൂർണമായും ഈ ദമ്പതികളെ അകറ്റാനുള്ള അവസരം സമൂഹത്തിനു കൈവരികയാണ്. അതുകൊണ്ട് ദേവദാസിമക്കൾ തമ്മിലുള്ള വിവാഹം അത്ര ആശ്വാസകരമായ സംഗതിയായി കരുതിക്കൂടാ.

വിവാഹജീവിതം അനുവദിക്കപ്പെടാത്ത ദേവദാസിമക്കൾ ലൈംഗികത്തൊഴിലിലേക്കും മറ്റും തിരിയുന്ന സ്ഥിതിയുമുണ്ടോ?

ഉണ്ട്. അതിനു നമുക്ക് അവരെ എങ്ങനെ കുറ്റപ്പെടുത്താനാവും? കുട്ടികളെ ലൈംഗികത്തൊഴിലാളികളാക്കാൻ നിൽക്കുന്ന അമ്മമാരോട് അങ്ങനെ ചെയ്യരുതെന്ന് പറഞ്ഞ് ഞങ്ങൾ സമീപിച്ചപ്പോൾ അവർ പറയുകയാണ്, എങ്കിൽ നിങ്ങൾ നിങ്ങളുടെ ആൺമക്കളെ കൊണ്ടുവരൂ; ഞങ്ങൾ ഞങ്ങളുടെ മക്കളെ അവർക്ക് വിവാഹം കഴിപ്പിച്ചുതരാം എന്ന്. ആ വെല്ലുവിളി ഏറ്റെടുക്കാൻ പൊതുസമൂഹം തയ്യാറാവാത്തിടത്തോളം ദുരിതങ്ങൾ ഇങ്ങനെയൊക്കെ തുടരും. എങ്കിലും ചിലതെല്ലാം ചെയ്യാനാവുമെന്നു തന്നെയാണ് പ്രതീക്ഷ.

Your Rating: