Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീരചെമ്പകം: ഒരു ‘എമണ്ടൻ’ സംഭവ കഥ

Author Details
chembakaraman-pillai ചെമ്പകരാമൻപിള്ള (ഇൻസെറ്റിൽ)

1914 സെപ്റ്റംബർ 22. മദിരാശി തുറമുഖം. രാത്രി 9.45. കിഴക്കിന്റെ അരയന്നം എന്നു പേരുള്ള ഒരു കപ്പൽ നങ്കൂരമിടുന്നു. ഒന്നാം ലോകയുദ്ധകാലം. ദക്ഷിണേന്ത്യയെ യുദ്ധം ബാധിച്ചിട്ടില്ല. നഗരം ശാന്തമായി ഉറങ്ങാനുള്ള തുടക്കത്തിലായിരുന്നു. അപ്രതീക്ഷിതമായിരുന്നു. വന്നു കയറിയ കപ്പലിലെ പീരങ്കികൾ തുറമുഖത്തെ ബ്രിട്ടിഷ് എണ്ണടാങ്കറുകളിലേക്കു നിറയൊഴിച്ചു. 10 ലക്ഷത്തോളം ലീറ്റർ മണ്ണെണ്ണ നിന്നു കത്തി. അതിന്റെ വെളിച്ചത്തിൽ മദിരാശി പട്ടണം നട്ടുച്ചപോലെ ജ്വലിച്ചു.

കാറ്റ് കടലിലേക്കായിരുന്നതിനാൽ ഭാഗ്യം കൊണ്ടുമാത്രം നഗരം രക്ഷപ്പെട്ടു. ഉന്നം തെറ്റി ചില ഉണ്ടകൾ പതിച്ചതൊഴിച്ചാൽ നഗരത്തിലെ മറ്റു സ്ഥലങ്ങളിലേക്കു കപ്പൽ ലക്ഷ്യംവച്ചിരുന്നില്ല. പിന്നീട് ജനം അറിഞ്ഞു, വന്നതു ലോകചരിത്രത്തിൽ ഏറ്റവും വിനാശം വിതച്ച കപ്പലാണ്; ജർമനിയുടെ എസ്എംഎസ് എംഡൻ. തുടർആക്രമണം ഭയന്ന് ജനം നാടുവിടാൻ തുടങ്ങി.

എംഡൻ അപ്പോഴേക്കും കേരളതീരക്കടലിലേക്കു കടന്നു. ലക്ഷദ്വീപിലെ മിനിക്കോയി പരിസരത്ത് ഒക്ടോബർ 15 മുതൽ തങ്ങിയത് അഞ്ചുദിവസം. അഞ്ചു ബ്രിട്ടിഷ് കപ്പലുകളെ മുക്കി. എന്നാൽ, ഈ കപ്പലുകളിലെ യാത്രക്കാരെയൊന്നും മരണത്തിനു വിട്ടുകൊടുത്തില്ല. ലങ്കയിൽ നിന്നു ന്യൂയോർക്കിലേക്കു കരിമ്പു കൊണ്ടുപോയ സെന്റ് എഗ്ബേർട്ട് എന്ന ഒരുകപ്പൽ പിടിച്ചെടുത്ത്, ബ്രിട്ടീഷ് കപ്പലുകളിലെ മുന്നൂറ്റമ്പതോളം യാത്രികരെ, സുരക്ഷിതമായി കൊച്ചി തുറമുഖത്തേക്ക് അയച്ചു.

കഥകൾ പ്രചരിച്ചു. എംഡൻ കപ്പലിൽ, കപ്പിത്താനു തൊട്ടുതാഴെയുള്ള രണ്ടാമത്തെ കമാൻഡിങ് ഓഫിസർ സി. ചെമ്പകരാമൻപിള്ളയായിരുന്നു. മദിരാശി പട്ടണം ആക്രമിക്കപ്പെടാതിരുന്നത് അദ്ദേഹത്തിന്റെ സാന്നിധ്യം മൂലമാണ്. മാത്രവുമല്ല തുറമുഖത്തിറങ്ങി ചെമ്പകരാമൻ പിള്ള ‘ഇത് ഇന്ത്യക്കാർക്കെതിരെയല്ല, ബ്രിട്ടനെതിരെയാണ്’ എന്ന് തമിഴിൽ പ്രസംഗിച്ചെന്നും കഥ പരന്നു.

അക്കാലം കൊച്ചിയിലെ ഒരു ഇംഗ്ലിഷ് വനിത എഴുതിയ ഓർമക്കുറിപ്പിൽ, സെന്റ് എഗ്ബേർട്ടിൽ കയറി കൊച്ചിയിൽ വന്ന ചില ജർമൻ നാവികർ നഗരത്തിലെ ജൂതഗൃഹത്തിൽ നിന്നു ശാപ്പാട് കഴിച്ചതായി പരാമർശിക്കുന്നുണ്ട്. അത് ചെമ്പകരാമൻപിള്ളയായിരുന്നുവെന്നു വ്യാഖ്യാനമുണ്ടായി.

വിദേശത്ത് നിന്ന് ഒരു സേനയെ സംഘടിപ്പിച്ച്, ബ്രിട്ടീഷ് ഇന്ത്യയെ ആക്രമിച്ച്, അവരെ ഇന്ത്യയിൽ നിന്നു തുരുത്തുകയായിരുന്നു രാജ്യസ്നേഹിയായ ചെമ്പകരാമൻ പിള്ളയുടെ പദ്ധതി. ആ പദ്ധതിയുടെ ഭാഗമായിരുന്നു എംഡന്റെ ആക്രമണമെന്നും ഇപ്പോഴും വിശ്വസിക്കുന്നവരുണ്ട്. ഏതായാലും എം‍ഡൻ ഓർമകളും കഥകളുമൊന്നും തമിഴ്നാട് മറന്നില്ല.

എട്ടുവർഷം മുൻപ് ചെമ്പകരാമൻപിള്ളയുടെ പ്രതിമ ചെന്നൈയിലെ ഗാന്ധിമണ്ഡപം ക്യാംപസിൽ അന്നത്തെ മുഖ്യമന്ത്രി കരുണാനിധി അനാഛാദനം ചെയ്തു. കേരളമാകട്ടെ പിള്ളയെ മറന്നു. ഭയങ്കരൻ എന്ന അർഥത്തിൽ ‘എമണ്ടൻ’ എന്ന വാക്കു മാത്രം തമാശയായി മലയാളഭാഷയിൽ ബാക്കി കിടന്നു.

ആരായിരുന്നു ചെമ്പകരാമൻപിള്ള? എങ്ങനെ ജർമനിയിലെത്തി?

തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനടുത്ത് ഇന്നത്തെ ഏജീസ് ഓഫിസ് നിൽക്കുന്നിടത്ത് ഒരു ചെറിയ വീട്. വെങ്കിടി എന്ന് വിളിപ്പേരുള്ള െചമ്പകരാമൻപിള്ളയുടെ കുടുംബം. മോഡൽ സ്കൂളിൽ പഠിക്കുമ്പോൾ ബ്രിട്ടനെതിരെ മുദ്രാവാക്യം മുഴക്കി ജയ് ഹിന്ദ് വിളിച്ചു. പേടിച്ച പ്രധാനാധ്യാപകൻ പൊലീസിനെ വിളിച്ചു. വന്നത് ചിന്നസ്വാമിപ്പിള്ള എന്ന കോൺസ്റ്റബിളായിരുന്നു. ചെമ്പകരാമൻപിള്ളയുടെ അച്ഛൻ. (പിള്ളയുടെ ഓർമസമ്മേളനത്തിൽ തമിഴ്നാട് കോൺഗ്രസ് അധ്യക്ഷനായിരുന്ന കുമരി അനന്തൻ അനുസ്മരിച്ച കഥ. )

അക്കാലത്ത് ബ്രിട്ടിഷ് സസ്യശാസ്ത്രജ്ഞനായ വാൾട്ടർ സ്ട്രിക് ലാൻഡ് തിരുവനന്തപുരത്തുണ്ട്. പശ്ചിമഘട്ടത്തിലെ ചിത്രശലഭങ്ങളെ പഠിക്കുകയായിരുന്നു ലക്ഷ്യം. ചിലന്തികളുടെ നിറംമാറ്റത്തെക്കുറിച്ച് ലോകപ്രശസ്തമായ സയൻസ് മാസികയിൽ ലേഖനമെഴുതിയ ഒരു പതിനെട്ടുകാരൻ പയ്യനെ സായ്പ് പരിചയപ്പെടുന്നു. ടി.പത്മനാഭപിള്ള. അവനെ പഠിപ്പിക്കാനായി യൂറോപ്പിലേക്കു കൊണ്ടുപോയി.

കൂട്ടത്തിൽ ഉറ്റസുഹൃത്തും അയൽക്കാരനുമായിരുന്ന ചെമ്പകരാമൻപിള്ളയെയും കൂട്ടി. ഓസ്ട്രിയയിലെ ഒരു സ്കൂളിൽ ചേർന്ന് ചെമ്പകരാമൻപിള്ള എൻജിനീയറിങ്ങിൽ ഡിപ്ലോമ എടുത്തു. രാഷ്ട്രതന്ത്രത്തിലും സാമ്പത്തികശാസ്ത്രത്തിലും ബിരുദം നേടി. 12 ഭാഷകളിൽ പ്രാവീണ്യം. ജർമൻ കമ്പനികളിൽ, ഗവേഷണ സ്ഥാപനങ്ങളിൽ എൻജിനീയറായി ജോലി ചെയ്ത് 20 കൊല്ലം ജർമനിയിൽ ജീവിച്ചു. ചെമ്പകരാമൻപിള്ളയുടെ ഭാര്യ ലക്ഷ്മിഭായിയുടെ ഭാഷയിൽ രാജാവായി ജീവിക്കാമായിരുന്ന വ്യക്തി. പിന്നീട് എന്താണ് സംഭവിച്ചത്?

എംഡനിൽ പിള്ള ഉണ്ടായിരുന്നോ?

എംഡൻ കപ്പൽ, ഇന്ത്യൻ സമുദ്രത്തിലുണ്ടായിരുന്ന രണ്ടരമാസം ചെമ്പകരാമൻ പിള്ള ബർലിനിൽ തിരക്കിട്ട രാഷ്ട്രീയപരിപാടികളിലായിരുന്നുവെന്നു രേഖകൾ പറയുന്നു. അങ്ങനെയെങ്കിൽ എംഡനിൽ പിള്ള ഉണ്ടായിരുന്നില്ല. പക്ഷേ, പിള്ള എംഡനിൽ വന്ന് കൊച്ചിയിൽ ഇറങ്ങിയതായി അദ്ദേഹത്തിന്റെ ഭാര്യ പിൽക്കാലത്തു പറഞ്ഞിട്ടുണ്ട്.

പിള്ള ഇല്ലായിരുന്നെങ്കിലും അദ്ദേഹം ഉൾപ്പെട്ട ജർമനിയിലെ ഇന്ത്യൻ വിപ്ലവകാരികളുടെ സഹായം എംഡൻ കപ്പലിനു ലഭിച്ചിരിക്കണം. എംഡൻ കപ്പലിലെ ഫസ്റ്റ് ഓഫിസറായിരുന്ന ലഫ്.വോൺ മൂക് എഴുതിയ എംഡൻ ഓർമക്കുറിപ്പുകളിൽ ഇതിനു സൂചനകളുണ്ട്.

എംഡൻ വന്നതും തിരികെ പോകാൻ ഒരുമ്പെട്ടതും ഇന്തൊനീഷ്യൻ തീരം വഴിയായിരുന്നു. കിഴക്കനേഷ്യ വഴി ബ്രിട്ടിഷ് ഇന്ത്യയെ ആക്രമിക്കാനുള്ള സഹായം നൽകാമെന്നു താൻ ചെമ്പകരാമൻപിള്ളയോടു പറഞ്ഞതായി ഇന്തോനീഷ്യയിൽ നിന്നു നാടുകടത്തപ്പെട്ട സ്വാതന്ത്ര്യസമരസേനാനി ഡോ.ഡൊവ്സ് ഡെക്കർ സമ്മതിച്ചിട്ടുണ്ട്.

‘ഒരു പ്രമുഖ ഇന്ത്യൻ വിപ്ലവകാരി’യായ ചെമ്പകരാമൻപിള്ള സ്വിറ്റ്സർലൻഡിലെ ജർമൻ സ്ഥാനപതിയെ കണ്ട് സെപ്റ്റംബർ 1914ൽ ഇന്ത്യൻ വിപ്ലവകാരികളുടെ പ്ലാനും പദ്ധതികളും കൈമാറിയ വിവരം ബ്രിട്ടിഷ് ഇന്റലിജൻസ് രേഖപ്പെടുത്തിയിട്ടുണ്ട്. ജർമൻ ചക്രവർത്തിയുമായിപ്പോലും ചെമ്പകരാമൻപിള്ളയ്ക്ക് അടുപ്പമുണ്ടായിരുന്നതായി, അദ്ദേഹത്തെ ജർമനിയിൽ സന്ദർശിച്ച പക്ഷിശാസ്ത്രജ്ഞനായ സാലിംഅലി ആത്മകഥയിൽ സൂചിപ്പിച്ചിട്ടുണ്ട്.

ബ്രിട്ടിഷ് ഇന്ത്യ ആക്രമിക്കാനുള്ള പദ്ധതി

ഒന്നാം ലോകയുദ്ധത്തിൽ സ്വതന്ത്രനിലപാടെടുത്ത സ്വിറ്റ്സർലൻഡ് കേന്ദ്രീകരിച്ച് ചെമ്പകരാമൻ പിള്ള ‘രാജ്യാന്തര ഇന്ത്യാ അനുകൂലികളുടെ’ സംഘടനയുണ്ടാക്കി. ബർലിൻ കേന്ദ്രീകരിച്ച് ജർമനിയിലും ഇംഗ്ലിഷിലുമായി പ്രോ ഇന്ത്യ എന്ന പ്രസിദ്ധീകരണം തുടങ്ങി. സരോജിനി നായിഡുവിന്റെ സഹോദരൻ വീരേന്ദ്രനാഥ ചതോപാധ്യായ (ചാറ്റോ) ആയിരുന്നു മുഖ്യകൂട്ടാളി.

ഒന്നാം ലോകയുദ്ധകാലത്തു ബ്രിട്ടിഷ് ചാരപ്രവർത്തനം നിയന്ത്രിച്ചിരുന്ന ജോൺ വെലിങർ തന്റെ ഡപ്യൂട്ടി ‘ആർ’ എന്ന ഓഫിസറുടെ കീഴിലുള്ള ചാരസംഘത്തെ ഇവരെ ഇല്ലാതാക്കാൻ സ്വിറ്റ്സർലൻലേക്കു വിട്ടു. വിഖ്യാത നോവലിസ്റ്റ് സോമർസെറ്റ് മോം ആയിരുന്നു ആ ഡപ്യൂട്ടി. അദ്ദേഹം പിന്നീട് ഇന്ത്യൻ വിപ്ലവകാരികളുടെ ഛായയിൽ പല കഥാപാത്രങ്ങളെയും സൃഷ്ടിച്ചു. പിള്ളയും ചാറ്റോയും ബർലിനിലേക്കു കടന്നു.

അവിടെ ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗിന്റെ കീഴിൽ ഇന്ത്യൻ വിപ്ലവകാരികളുടെ നീണ്ട നിരയുണ്ടായിരുന്നു. (അക്കൂട്ടത്തിലെ മലയാളികൾ: നോവലിസ്റ്റ് സി.വി.രാമൻപിള്ളയുടെ മരുമകൻ എ.ആർ. (രാമൻ)പിള്ള, മലയാള ചെറുകഥയുടെ പിതാവ് വേങ്ങയിൽ കുഞ്ഞിരാമൻനായനാരുടെ മകൻ എ.സി.എൻ(നാണു)നമ്പ്യാർ, ചെമ്പകരാമനൊപ്പം എത്തിയ ടി.പത്മനാഭപിള്ളയും. ചാറ്റോയും ചെമ്പകരാമൻപിള്ളയും(ചെമ്പക്) ചേർന്ന് ഇന്ത്യൻ സ്വാതന്ത്ര്യത്തിനായി ചാറ്റോ–ചെമ്പക് ബർലിൻ കമ്മിറ്റി ഉണ്ടാക്കി. മറ്റു വിപ്ലവകാരികളും കൈകോർത്തു. പണം, ആയുധം എന്നിവ സംഘടിപ്പിച്ച് ഇന്ത്യൻ തീരങ്ങളിൽ എത്തുക.

ബ്രിട്ടിഷ് സർക്കാരിനെ ആക്രമിക്കുക. ഇന്ത്യയെ ജനാധിപത്യസോഷ്യലിസ്റ്റ് രാഷ്ട്രമാക്കി മാറ്റുക. അതായിരുന്നു പദ്ധതി. പട്ടാളത്തെ ശേഖരിക്കാൻ പിള്ള യൂറോപ്പിലും ഏഷ്യയിലും ആഫ്രിക്കയിലെ ജർമൻ കോളനികളിലും പലപേരിൽ സഞ്ചരിച്ചു. ആളുണ്ടെങ്കിൽ പണവും ആയുധവും നൽകാമെന്നു ജർമൻ ഫോറിൻ ഓഫിസ് സമ്മതിച്ചു. പത്മനാഭപിള്ള അടക്കം പല വിപ്ലവകാരികളും യുദ്ധത്തിനു നേതൃത്വം നൽകാൻ ഇന്ത്യയിലേക്കു മടങ്ങി.

ഇന്തോനീഷ്യയിലെ ജാവയായിരുന്നു യുദ്ധത്തിൽ ചേരാത്ത, ഇന്ത്യയുടെ ഏറ്റവുമടുത്തുള്ള രാജ്യം. അവിടെ ജർമൻ പടക്കപ്പൽ ആയുധമിറക്കുമെന്നായിരുന്നു ധാരണ. ആയുധക്കപ്പലിനെ നേരിട്ടു സ്വീകരിക്കാൻ നരേന്ദ്രനാഥ് ഭട്ടാചാര്യ എന്ന വിപ്ലവകാരിയെ ആണ് അയച്ചത്. അദ്ദേഹം അലഞ്ഞതു മിച്ചം. കപ്പൽ വന്നില്ല. ഒടുവിൽ മോസ്കോയിൽ പോയ ഭട്ടാചാര്യ പേരു മാറി എം.എൻ.റോയിയായി. വിദേശിയായ ഭാര്യയും മറ്റും ചേർന്ന് ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി ഉണ്ടാക്കി.

ship-attack മദിരാശി തുറമുഖത്തെ ബ്രിട്ടിഷ് എണ്ണടാങ്കറുകൾ എം‍ഡന്റെ ആക്രമണത്തിൽ തീപിടിച്ചപ്പോൾ.

കരയിൽ നിന്നും ആക്രമണം

ചെമ്പകരാമൻപിള്ളയുടെ യുദ്ധപദ്ധതി ബ്രിട്ടിഷ് ഇന്ത്യയെ കശ്മീരിന്റെ വടക്കുപടിഞ്ഞാറു ഭാഗത്തുകൂടി ആക്രമിക്കുക എന്നതായിരുന്നു. ജർമനിയുടെ സഖ്യകക്ഷിയായ തുർക്കിയിലെ വിമതസൈന്യത്തിന്റെ പിന്തുണ ഉറപ്പാക്കി. ബ്രിട്ടനെതിരായിരുന്ന അഫ്ഗാനിസ്ഥാനിലെ അമീറിന്റെ സഹായം അഭ്യർഥിച്ചു. അമീർ വഴങ്ങിയില്ലെങ്കിലും സഹോദരനും മക്കളും മതപണ്ഡിതരും ചേർന്ന് അരലക്ഷം പേരെ നൽകാമെന്ന് ഉറപ്പു കൊടുത്തു.

1914 ജൂലൈ 31ന് ഇന്ത്യൻ നാഷനൽ വൊളന്ററി കോർപ്സ് (ഐഎൻവി) രൂപീകരിച്ച് ബർലനിൽ നിന്നു സുപ്രസിദ്ധമായ യുദ്ധാഹ്വാനം ചെമ്പകരാമൻപിള്ള നടത്തി. വിദേശത്തെയും സ്വദേശത്തെയും ഇന്ത്യക്കാരോട് ഉണരാൻ ആവശ്യപ്പെട്ട ആ പ്രസംഗത്തിൽ മുസ്‌ലിംകളെയും സിക്കുകാരെയുമൊക്കെ പ്രത്യേകം പ്രത്യേകം അദ്ദേഹം അഭിസംബോധന ചെയ്യുന്നുണ്ട്. ഇവയൊക്കെ കൊണ്ടാണ് തൊട്ടടുത്ത മാസങ്ങളിൽ നടന്ന എംഡൻ ആക്രമണങ്ങളിൽ പിള്ളയുടെ കരങ്ങൾ ഉണ്ടെന്ന ധാരണ ശക്തമാകുന്നത്. ചൈനയും ജപ്പാനുമായി സഹകരണമുണ്ടാക്കാനും ആളെ വിട്ടു.

റഷ്യയിലേക്കയച്ച രണ്ടുപേരിലൊരാരാളായ ഭൂപേന്ദ്രനാഥ ദത്ത സ്വാമി വിവേകാനന്ദന്റെ അനിയനായിരുന്നു. രണ്ട് അംഗങ്ങളെ അമേരിക്കൻ ദേശീയനേതാക്കളോടു സംസാരിക്കാനും അയച്ചു. മെസപ്പൊട്ടേമിയയിൽ ചെമ്പകരാമൻപിള്ള പട്ടാള ക്യാംപ് തുടങ്ങി. വിപ്ലവം സംഭവിക്കുമ്പോൾ ഇന്ത്യയിലെ താൽക്കാലിക ആവശ്യത്തിനുള്ള സർക്കാരിനെ കാബൂൾ കേന്ദ്രീകരിച്ച് നിയമിച്ചു. തന്ത്രപ്രധാനമായ വിദേശകാര്യവകുപ്പ്

ചെമ്പകരാമൻപിള്ളയുടെയായിരുന്നു. എന്നാൽ ഒന്നാം ലോകയുദ്ധത്തിൽ ജർമനി പരാജയപ്പെട്ടതോടെ സകലതും പൊളിഞ്ഞു. 1919ൽ പിള്ള ജർമനിയിൽ തിരിച്ചെത്തി. റഷ്യൻ വിപ്ലവം രണ്ടുകൊല്ലം മുൻപ് സംഭവിച്ചതോടെ ചാറ്റർജി അടക്കമുള്ള വലിയവിഭാഗം റഷ്യയിലേക്കു പോയി. ഒടുവിൽ സ്റ്റാലിന്റെ സേന കൊന്നുകൂട്ടിയവരിൽ ഹതഭാഗ്യനായ ചാറ്റർജിയും പെട്ടു. എം.എൻ.റോയ് സ്റ്റാലിന്റെ ക്രൂരത കണ്ട് മാർക്സിസം വിട്ടു.

തൽക്കാലം ഒരു ജർമൻ കമ്പനിയിൽ എൻജിനീയറായി ജോലിചെയ്ത് ചെമ്പകരാമൻപിള്ള ഇന്ത്യൻ സ്വാതന്ത്യ്രത്തിനായി ശ്രമം തുടർന്നു. 1924ൽ ഇന്ത്യൻ സ്വദേശി ഉൽപന്നങ്ങളുടെ വിദേശത്തെ ആദ്യത്തെ പ്രദർശനത്തിനു ജർമനിയിൽ നേതൃത്വം കൊടുത്തു. 1930ൽ ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സിന്റെ ബർലിൻ പ്രതിനിധിയായി. നാസികൾക്കു പിന്തുണ കൊടുത്ത ജർമൻ നാഷനൽ പീപ്പിൾസ് പാർട്ടിയിലെ വെള്ളക്കാരനല്ലാത്ത ഏകവ്യക്തിയായി.

ഹിറ്റ്ലറുമായി തെറ്റുന്നു

ഹിറ്റ്ലറുമായി ആദ്യം നല്ല ബന്ധത്തിലായിരുന്നു ചെമ്പകരാമൻപിള്ള. എന്നാൽ ആര്യവംശജരല്ലാത്ത ഇന്ത്യക്കാരെ ബ്രിട്ടിഷുകാർ ഭരിക്കുന്നെങ്കിൽ അത് അവരുടെ വിധിയാണെന്നു ഹിറ്റ്ലർ പറഞ്ഞതോടെ (1931 ഓഗസ്റ്റ് 10: പത്രസമ്മേളനം) രാജ്യസ്നേഹിയായ പിള്ള ഇടഞ്ഞു. അന്ന് ഹിറ്റ്ലർ വളരുന്നതേയുള്ളൂ. ബ്രിട്ടനുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നതെന്നു സമർഥിക്കാനായി അതേ വർഷം ഡിസംബർ നാലിന് ഹിറ്റലർ പറഞ്ഞു: ‘ബ്രിട്ടന് ഇന്ത്യ നഷ്ടപ്പെടുക എന്നത് ഒരു രാജ്യത്തിനും നല്ലതല്ല; ജർമനിക്ക് ഉൾപ്പെടെ.’

ചെമ്പകരാമൻപിള്ള ഹിറ്റ്ലർക്കു കത്തെഴുതി: ‘നിങ്ങൾ രക്തത്തെക്കാൾ ഏറെ വെളുത്ത തൊലിക്ക് പ്രാധാന്യം നൽകുന്നു. ഞങ്ങളുടെ തൊലി കറുത്തതായിരിക്കും. പക്ഷേ, ഹൃദയം കറുത്തതല്ല.’
ഹിറ്റ്ലറുടെ പരാമർശം പിൻവലിക്കണമെന്നും ക്ഷമ പറയണമെന്നും ചെമ്പകരാമൻപിള്ള ആവശ്യപ്പെട്ടു. അതിനു സമയപരിധി നൽകി.

ഹിറ്റ്ലർ തന്റെ സെക്രട്ടറിയെ പിള്ളയുടെ അടുത്ത് നേരിട്ട് അയച്ച് ക്ഷമ പറഞ്ഞെങ്കിലും തന്നെ കറുത്ത ഹൃദയമുള്ളവനെന്നു വിളിച്ചതിൽ പരിഭവിച്ചു. മരിച്ചാലും ഇന്ത്യക്കാർ സത്യം പറയുമെന്ന് ചെമ്പകരാമൻപിള്ള പറഞ്ഞു. ഒടുവിൽ സമയപരിധിക്ക് ഒരു ദിവസത്തിനു ശേഷം (അത് മനഃപൂർവമാകണം) ഹിറ്റ്ലർ തന്റെ ഓഫിസ് വഴി ഖേദം അറിയിച്ചു. അതോടെ അകൽച്ച പൂർണമായി. 1933 ജനുവരിയിൽ ഹിറ്റ്ലർ ചാൻസലറായി. ജൂണിൽ മറ്റ് കക്ഷികളെ ഒഴിവാക്കി ഏകാധിപതിയായി. നാസികളുടെ തേർവാഴ്ച തുടങ്ങി. അവർ പിള്ളയുടെ ബർലിനിലെ വീടു കയ്യേറി.

അദ്ദേഹത്തെ ക്രൂരമായി മർദിച്ചു പുറത്തിറക്കി വിട്ടു. ഇറ്റലിയിലെ ചികിൽസയിൽ തലച്ചോറിൽ രക്തം കട്ട പിടിച്ചിരുന്നതു കണ്ടെത്തി. നല്ല ചികിൽസയ്ക്കു സാമ്പത്തികവും ഇല്ലായിരുന്നു. ഒരു സാധാരണ നഴ്സിങ് ഹോമിൽ കിടന്ന് 1934 മേയ് 28ന് അദ്ദേഹം മരിച്ചു. ജർമനിയിൽ ഹിറ്റ്ലർക്കെതിരെ ശബ്ദിക്കാൻ ഒരാൾ പോലും ധൈര്യപ്പെടാതിരുന്ന സമയത്താണു തന്റെ ഭർത്താവ് ഇന്ത്യയ്ക്കായി ശബ്ദിച്ച് വേദനയേറ്റുവാങ്ങി, തകർന്ന ഒരു മനുഷ്യനായി മരിച്ചതെന്നു പിള്ളയുടെ ഭാര്യ ലക്ഷ്മിഭായ് പിന്നീട് അനുസ്മരിച്ചു.

തിരുവനന്തപുരത്തെ ബോസിന്റെ പ്രതിമ

1933ൽ സുഭാഷ് ചന്ദ്രബോസ് ഓസ്ട്രിയയിലെ വിയന്ന സന്ദർശിച്ചപ്പോൾ ചെമ്പകരാമൻപിള്ളയുടെ താവളത്തിൽ വച്ചാണ് താനദ്ദേഹത്തെ കണ്ടതെന്ന് ഭഗത് സിങ്ങിന്റെ അമ്മാവനും സ്വാതന്ത്ര്യസമര സേനാനിയുമായ സർദാർ അജിത് സിങ് ആത്മകഥയിൽ പറഞ്ഞിട്ടുണ്ട്. വിദേശത്ത് ഒരു സേന ആസൂത്രണം ചെയ്തു ബ്രിട്ടനെതിരെ പോരാടാൻ നേതാജിക്ക് മാർഗമായതും ഐഎൻഎക്കു മുൻപ് ഐഎൻവി സ്ഥാപിച്ചതുമൊക്കെ പിള്ളയുടെ യുദ്ധസങ്കൽപങ്ങളായിരുന്നു.

ആ ചെമ്പകരാമൻപിള്ളയുടെ ജന്മനഗരത്തിൽ, തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിന്റെ മുന്നിൽ സുഭാഷ് ചന്ദ്രബോസിന്റെ ഒരു മുഴുകായ പ്രതിമയുണ്ട്. പക്ഷേ, ചെമ്പകരാമൻ പിള്ളയ്ക്കു പ്രതിമയില്ല. ഓർമയ്ക്കായി ഒന്നുമില്ല. നേതാജിയുടെ പ്രതിമയിൽ രേഖപ്പെടുത്തിയ ‘ജയ് ഹിന്ദ്’ എന്ന വാക്കു രൂപപ്പെടുത്തിയതു പോലും ചെമ്പകരാമൻപിള്ളയാണ്. ആവുമായിരുന്നെങ്കിൽ നേതാജി തന്നെ ഇറങ്ങി വന്ന്, ഈ നന്ദികേടിൽ പ്രതിഷേധിക്കുമായിരുന്നു.

ചെമ്പകരാമൻപിള്ളയുടെ വിധവ മരിച്ചത് അനാഥയായി

ചെമ്പകരാമൻപിള്ളയുടെ വിധവ ലക്ഷ്മിഭായ് ഭർത്താവിന്റെ ചിതാഭസ്മവുമായി 1935ൽ മുംബൈയിൽ മടങ്ങിയെത്തി. അദ്ദേഹത്തിന്റെ അന്ത്യാഭിലാഷം ഇന്ത്യൻ പതാക നാട്ടിയ പടക്കപ്പലിൽ ജന്മദേശത്തു മടങ്ങിവരണം എന്നായിരുന്നു. ആ ആഗ്രഹം നിറവേറാൻ ലക്ഷ്മിഭായി കാത്തിരുന്നതു 32 കൊല്ലം. ഡൽഹിയിൽ പല വട്ടം അലഞ്ഞു. ഒടുവിൽ 1966 സെപ്റ്റംബർ 17ന് ചിതാഭസ്മം ഐഎൻഎസ് ഡൽഹി എന്ന യുദ്ധക്കപ്പലിൽ മുംബൈയിൽ നിന്നു യാത്രതുടങ്ങി.

19ന് കൊച്ചി തുറമുഖത്തെത്തി; അവിടെനിന്ന് തിരുവനന്തപുരത്തേക്കും കന്യാകുമാരിയിലേക്കും. (മനോരമ അന്ന് ചെമ്പകരാമൻപിള്ളയെക്കുറിച്ച് മുഖപ്രസംഗം എഴുതി.) ഭർത്താവിന്റെ ബന്ധുക്കളെ കണ്ട് കുറച്ചുദിവസം കേരളത്തിൽ തങ്ങി ലക്ഷ്മിഭായ് മടങ്ങി. 1972ൽ മരിച്ചു.
മുംബൈയിലെ മുതിർന്ന പത്രപ്രവർത്തകനായ പി.കെ.രവീന്ദ്രനാഥ് (എംടിയുടെ രണ്ടാമൂഴവും മറ്റും ഇംഗ്ലിഷിലേക്കു തർജമ ചെയ്തത് ഇദ്ദേഹമാണ്) മരിക്കുന്നതിന് ഏതാനുംമാസം മുൻപ് എഴുതിയ ഓർമക്കുറിപ്പിലാണ് ശേഷമുള്ള വിവരം.

അതിന്റെ ചുരുക്കം ഇതാണ്:
1969ൽ മുംബൈയിലെ ഒരു ചടങ്ങിൽ വച്ചാണു ലക്ഷ്മിഭായി വന്ന് എന്നെ പരിചയപ്പെടുന്നത്. ചെമ്പകരാമൻപിള്ളയെ സംബന്ധിച്ച രേഖകളും കടലാസുകളുമെല്ലാം കൈവശമുണ്ട്. എന്തുചെയ്യണമെന്നായിരുന്നു ചോദ്യം. പഠിച്ച് ഒരു ജീവചരിത്രമെഴുതാമെന്നു ഞാൻ പറഞ്ഞു. ഒരുലക്ഷം രൂപ തന്ന് എടുത്തുകൊള്ളാൻ പറഞ്ഞു. അത്രയ്ക്കു പണം കയ്യിൽ ഉണ്ടായിരുന്നില്ല. പിന്നെയും പലതവണ കണ്ടെങ്കിലും പെട്ടികൾ തുറന്ന് കാണിക്കാൻ അവർ തയാറായില്ല. പക്ഷേ, സ്വന്തം കഥ പറഞ്ഞു.

മഹാരാഷ്ട്രയിലെ സതാറയിലെ ഒരു അനാഥബാലികയായിരുന്നു ലക്ഷ്മിഭായ്. ഒരു റഷ്യൻ മിഷനറി റഷ്യയിലേക്കു കൊണ്ടുപോയി. റഷ്യൻ വിപ്ലവം വന്നതോടെ, വളർത്തച്ഛൻ അവളെയും കൊണ്ട് ജർമനിയിലെ ബർലിനിൽ അഭയംതേടി. അവിടെവച്ചാണു ചെമ്പകരാമൻപിള്ളയെ കാണുന്നത്.
ഭർത്താവിന്റെ മരണശേഷം പിള്ളയുടെ രേഖകൾ നാസികളിലെത്താതെ ലക്ഷ്മിഭായ് ഇന്ത്യയിൽ തിരികെയെത്തിച്ചു. ബ്രിട്ടിഷുകാർ ജയിലിലടയ്ക്കുമെന്നു കരുതി ഭയന്നാണ് സ്വാതന്ത്ര്യം വരെ അവർ ജീവിച്ചത്. മൊറാർജി ദേശായിയാണ് മുംബൈയിലെ ചർച്ച് ഗേറ്റിലെ രവീന്ദ്ര മാൻഷനിൽ ഫ്ലാറ്റ് അനുവദിച്ചത്.

അവിടെ ഏകാന്തവാസം. സഹായത്തിനുപോലും ആരുമില്ല. ഒരുദിവസം അസുഖം കൂടുതലാണെന്നും പുറത്തിറങ്ങാൻ വയ്യെന്നും കാണണമെന്നും പറഞ്ഞു. കുറച്ച് ആഹാരവും പഴങ്ങളും വാങ്ങി ചെന്നു. കഴിക്കാൻ കൂട്ടാക്കിയില്ല. മൂന്നുനേരം ആഹാരമെത്തിക്കാൻ സംവിധാനമുണ്ടാക്കാമെന്നു പറഞ്ഞെങ്കിലും നിരസിച്ചു.

ഡിസംബർ 1972. ഒരു രാത്രി. സെന്റ് ജോർജ്സ് ആശുപത്രിയിൽ നിന്നു വിളി. ഒരു ശവശരീരം തിരിച്ചറിയാൻ എത്തണം. ചെന്നപ്പോൾ ആഹാരം കഴിക്കാതെ മെലിഞ്ഞ് എല്ലും തോലുമായ ലക്ഷ്മിഭായ്. അപ്പോഴും ഒപ്പം 17 താക്കോലുകളുണ്ടായിരുന്നു. ഭർത്താവിനെ സംബന്ധിച്ച രേഖകൾ നിധിപോലെ സൂക്ഷിക്കുകയായിരുന്നു അവർ.’’

രവീന്ദ്രനാഥ് ചെയ്ത ഏറ്റവും മഹനീയമായ കാര്യം ഇനിയാണ്: അദ്ദേഹം പിള്ളയുടെ രേഖകൾ നാഷനൽ ആർക്കൈവ്സിലേക്കു മാറ്റണമെന്നു മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് എഴുതി. വീട് പൊലീസ് ബന്തവസ്സിലാക്കി. 1973 ജനുവരിയിൽ രേഖകൾ സുരക്ഷിതമായി ആർക്കൈവ്സിലേക്കു മാറ്റി. ഇനിയുള്ള രഹസ്യങ്ങൾ അവിടെയുണ്ട്.
(ആരെങ്കിലും ആ രേഖകൾ പഠിച്ച് ചെമ്പകരാമൻപിള്ളയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തെത്തിക്കുമെന്നു പ്രതീക്ഷിക്കാം)

son-of-friend എ.ആർ.പിള്ളയ്ക്കു ചെമ്പകരാമൻ പിള്ള അയച്ച കത്തുമായി റോസ്കോട്ട് കൃഷ്ണപിള്ള. ജർമനിയിൽ ചെമ്പകരാമൻപിള്ളയ്ക്കൊപ്പം വിപ്ലവകാരിയായിരുന്ന എ.ആർ.പിള്ളയുടെ മകനാണു കൃഷ്ണപിള്ള.

മറ്റു വിപ്ലവകാരികൾക്ക് പിന്നീട് സംഭവിച്ചത്

ചെമ്പകരാമൻ പിള്ളയോടൊപ്പം ബർലിനിൽ ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗിന്റെ കീഴിൽ പ്രവർത്തിച്ച ഇന്ത്യൻ വിപ്ലവകാരികളിലെ മലയാളികളിൽ പലരും യുദ്ധസമയത്ത് നാട്ടിലേക്കു മടങ്ങിയിരുന്നു. യുദ്ധത്തിനു രഹസ്യമായി നേതൃത്വം നൽകാനായിരുന്നു ഇവരുടെ പദ്ധതി. സി.വി.രാമൻപിള്ളയുടെ മരുമകൻ എ.ആർ. പിള്ളയ്ക്കു പക്ഷേ, യുദ്ധം തുടങ്ങി നീണ്ട 12 വർഷത്തിനു ശേഷമാണു നാട്ടിലെത്താൻ ബ്രിട്ടിഷുകാർ അനുമതി നൽകിയത്. എന്നിട്ടും ബ്രിട്ടിഷുകാർ പിന്തുടർന്നു.

പത്മനാഭപിള്ളയുടെ ജീവിതം ദുരൂഹമായി അവസാനിച്ചു. യുദ്ധത്തിനിടയിൽ തന്നെ അദ്ദേഹം തിരുവനന്തപുരത്തു തിരിച്ചെത്തി. കൊട്ടാരം ഡോക്ടറായ ഭാര്യാപിതാവ് ശ്രമിച്ച് മ്യൂസിയം ക്യുറേറ്ററായി ജോലി കിട്ടി. എന്നാൽ രഹസ്യമായി പിള്ള രാഷ്ട്രീയചർച്ചകൾ തുടർന്നു. ഇത് ഇംഗ്ലിഷ് ചാരന്മാർ ശ്രദ്ധിച്ചിരിക്കണം. തവളകളെക്കുറിച്ചുള്ള പഠനത്തിൽ സ്വിറ്റ്സർലൻഡിലെ ബേൺസ് യൂണിവേഴ്സിറ്റിയിൽ പിഎച്ച്ഡി പ്രബന്ധം സമർപ്പിക്കാൻ പോയ പത്മനാഭപിള്ള തിരികെ വരുമ്പോൾ ദുരൂഹമായി കാണാതായി.

മുംബൈ വഴിയോ കൊച്ചി വഴിയോ വരാതെ സിംഗപ്പൂർ വഴി വന്ന പിള്ളയെ പിന്തുടർന്ന ബ്രിട്ടീഷ് ചാരന്മാർ അദ്ദേഹത്തെ വധിച്ചുവെന്നാണ് കരുതപ്പെടുന്നത്. മൃതദേഹം കിട്ടിയില്ല. കോട്ട് മാത്രം തായ്‌ലൻഡ് തീരത്ത് അടിഞ്ഞു. (സ്യൂട്ട്കെയ്സ് കൊളംബോയിൽ പോയി ബന്ധുക്കൾ വാങ്ങുകയായിരുന്നുവെന്ന് ഡോ.നന്ത്യത്ത് ആർ.സോമൻ, തിരുവിതാംകൂറിലെ വെള്ളാള സമുദായങ്ങളെക്കുറിച്ചെഴുതിയ പുസ്തകത്തിൽ പറയുന്നു.)

പത്മനാഭപിള്ളയുടെ മരണശേഷം ബ്രിട്ടിഷ് കോപം ഭയന്ന് സകലരേഖകളും ഭാര്യാപിതാവ് അഗ്നിക്കിരയാക്കിയതോടെ ഇന്ത്യൻ വിപ്ലവചരിത്രത്തിൽ നിന്നു പത്മനാഭപിള്ള ഇല്ലാതായി.  എ.സി.എൻ. നമ്പ്യാരാകട്ടെ സരോജിനി നായിഡുവിന്റെ സഹോദരി സുഹാസിനിയെ വിവാഹം കഴിച്ചു. പിന്നീട് പിരിഞ്ഞു. സ്വാതന്ത്യാനന്തരം പശ്ചിമജർമനിയിലെ ആദ്യത്തെ ഇന്ത്യൻ സ്ഥാനപതിയായി.

Your Rating: