Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരുടെ രസഗുള?

Print ചിത്രം: റിജോ ജോസഫ്

ഏതെങ്കിലുമൊരു മധുരപലഹാരത്തിന്റെ അവകാശത്തെച്ചൊല്ലി ഏതെങ്കിലും സംസ്ഥാനങ്ങളോ രാജ്യങ്ങളോ തമ്മിൽ തർക്കമുണ്ടായ ചരിത്രമില്ല. എന്നാൽ ആറുമാസം മുൻപ് ഇന്ത്യയിലെ രണ്ട് അയൽസംസ്ഥാനങ്ങൾ തുടങ്ങിവച്ച തർക്കം രണ്ടു ഭരണകൂടങ്ങളെ തമ്മിൽ അകറ്റിയിരിക്കുകയാണ്. പ്രശ്നം മുഖ്യമന്ത്രിമാർ തന്നെ നേരിട്ടു കൈകാര്യം ചെയ്യുന്ന സ്ഥിതിയിലെത്തിയിരിക്കുന്നു. രസഗുള എന്ന മധുരപലഹാരമാണ് രണ്ടു സംസ്ഥാനങ്ങളുടെ ഉറക്കംകെടുത്തുന്ന താരം.

നാളിതുവരെ ഒരു ഇന്ത്യൻ പലഹാരം മാത്രമായിരുന്നു ലോകത്തിനുമുന്നിൽ രസഗുള. അതുമല്ലെങ്കിൽ ബംഗാളി മധുരപലഹാരങ്ങളിൽ ഒന്നുമാത്രമായിരുന്നു മധുരരസം പകർന്ന രസഗുള. എന്നാൽ രസഗുളയുടെ ഉദ്ഭവം സംബന്ധിച്ച അവകാശവാദങ്ങൾ രണ്ടു സംസ്ഥാനങ്ങൾ തമ്മിലുള്ള അഭിമാനപോരാട്ടത്തിനു കാരണമായി. അയൽ സംസ്ഥാനങ്ങളായ ഒഡീഷയും ബംഗാളുമാണ് രസഗുളയുടെ അവകാശവും പേറ്റന്റും ഭൂപ്രദേശസൂചികാപദവിയുമൊക്കെ (ജിഐ ടാഗ്) ആരു സ്വന്തമാക്കും എന്ന പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുന്നത്.

രസഗുള എന്ന മധുരപലഹാരം

rasagula-3

ഇന്ത്യൻ മധുരപലഹാരങ്ങളുടെ കൂട്ടത്തിൽ രാജാവാണു രസഗുള. നാരങ്ങയുടെ സഹായത്തോടെ പാലു പിരിച്ച് പഞ്ചസാര ലായനിയിൽ കുതിർന്നുകിടക്കുന്ന പഞ്ഞിപോലെ മൃദുവായ തൂവെള്ള രസഗുള ഇന്ത്യയിൽ മാത്രമല്ല വിദേശത്തും ഏറെപ്പേരുടെ രസമുകുളങ്ങളെ ത്രസിപ്പിക്കുന്നുണ്ട്. രസഗുളയുടെ പിറവി സംബന്ധിച്ചാണു തർക്കം. രസഗുള തങ്ങളുടെ സ്വന്തം പലഹാരമാണെന്ന അവകാശവാദവുമായി ബംഗാളും ഒഡീഷയും അതു സമർഥിക്കാൻ തന്ത്രങ്ങളൊരുക്കുയാണ്. സംസ്ഥാന ഭരണാധികാരികൾ മാത്രമല്ല ചരിത്രകാരൻമാരും ശാസ്ത്രജ്ഞരും കച്ചവടക്കാരും സാഹിത്യകാരന്മാരുമൊക്കെ രംഗത്തുണ്ട്.

ഉൽപന്നം തങ്ങളുടേതാണ് എന്നു തെളിയിക്കുന്നതിലൂടെ തനിമയുടെ മുദ്രയായ ഭൂപ്രദേശസൂചികാ പദവി സ്വന്തമാക്കാം എന്ന നേട്ടവും ഇരു സംസ്ഥാനങ്ങളും ലക്ഷ്യമിടുന്നു. (ലോക വ്യാപാര ഉടമ്പടി നിലവിൽ വന്നപ്പോൾ തനത് ഉൽപന്നങ്ങൾക്കു ഭൂപ്രദേശസൂചികാ പദവി നൽകി അവയുടെ വ്യാപാരം പരിപോഷിപ്പിക്കാനുള്ള നിയമങ്ങൾ ഉണ്ടായി. ഉൽപാദിപ്പിക്കുന്ന രാജ്യത്തെ അല്ലെങ്കിൽ പ്രദേശത്തെ പ്രകൃതി, കാലാവസ്ഥ, ഉൽപാദന-സംസ്കരണ പ്രക്രിയകൾ, സൃഷ്ടിക്കുന്നവരുടെ വൈദഗ്ധ്യം എന്നിവയനുസരിച്ചു ഗുണമേന്മയോ, സവിശേഷതകളോ പെരുമയോ കൈവന്നിട്ടുള്ള ഉൽപന്നങ്ങളെയാണ് ദേശസൂചകമെന്നു നിർവചിക്കുന്നതും അംഗീകരിക്കുന്നതും).

രസഗുള ബംഗാളിയോ ഒഡീഷിയോ?

ബുദ്ധിജീവികളുടെ പാരമ്പര്യം അവകാശപ്പെടുന്നവരാണ് ബംഗാളികൾ. നൊബേൽ സമ്മാനമടക്കം പലതും ആദ്യം ഇന്ത്യയിലെത്തിച്ചത് അവരാണല്ലോ. ദേശീയതയും ഫുട്ബോളും സാഹിത്യവും എന്തിന് കമ്യൂണിസം പോലും ആദ്യം പിറവിയെടുത്തതു ബംഗാളിലാണെന്ന് അവർ അവകാശപ്പെടും. അതുപോലെതന്നെ ഒന്നരനൂറ്റാണ്ടു മുൻപ് രസഗുളയും തങ്ങളുടെ മണ്ണിലാണ് പിറവിയെടുത്തതെന്നു ബംഗാൾ പറയുന്നു. 1868ൽ കൊൽക്കത്തയിലെ ഭാഗ്ബസാറിൽ നൊബിൻ ചന്ദ്രദാസ് എന്ന വ്യാപാരിയാണ് രസഗുള കണ്ടുപിടിച്ചതെന്നാണ് ബംഗാളിന്റെ വാദം.

രസഗുളയുടെ കാര്യത്തിൽ വെറും 150 വർഷത്തെ പാരമ്പര്യമാണ് ബംഗാൾ അവകാശപ്പെടുന്നതെങ്കിൽ ഒഡീഷയുടെ അവകാശവാദത്തിന് 800 വർഷത്തെ പഴക്കമുണ്ട്. ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിൽ 12–ാം നൂറ്റാണ്ടുമുതൽ രസഗുള വഴിപാടായി നൽകിയിരുന്നതായി തെളിവുകളുണ്ടത്രെ. അങ്ങനെയെങ്കിൽ രസഗുള തങ്ങളുടേതു മാത്രമെന്ന് ഒഡീഷ പറയുന്നു.

ഒഡീഷയുടെ വാദങ്ങൾ

ജഗന്നാഥന്റെ സ്വന്തം നഗരമാണ് പുരി. അവിടെയാണ് രസഗുള പിറവിയെടുത്തത്. 12–ാം നൂറ്റാണ്ടിൽ തന്നെ രസഗുള ജഗന്നാഥക്ഷേത്രത്തിലെ പ്രധാന വഴിപാടായിരുന്നു. ബംഗാളിലെ സമ്പന്ന ഭവനങ്ങളിൽ പാചകക്കാരായി പോയ ഒഡീഷക്കാരാണ് അവിടെ രസഗുളയുടെ രസക്കൂട്ട് അവതരിപ്പിച്ചത്.

രസഗുളയുടെ സ്വന്തം നാട് ഒഡീഷയാണെന്നു തെളിയിക്കാൻ പ്രാചീനസാഹിത്യത്തെയും അവർ കൂട്ടുപിടിക്കുന്നു. ബലറാം ദാസ് (1472–1550), പ്രചാനാഥ് ഭട്ജന (1730–1800), അഭിമന്യൂ സമന്ത്സിംഗർ (1760–1806) എന്നിവരുടെ സൃഷ്ടികളിൽ രസഗുളയെപ്പറ്റി പരാമർശമുണ്ട്.

1843ൽ റവ. ആമോസ് സട്ടൻ തയാറാക്കിയ ഇംഗ്ലിഷ്– ഒഡിയ നിഘണ്ടുവിൽപോലും റോസക്കോറ എന്നൊരു മധുരപലഹാരത്തെപ്പറ്റി പറയുന്നുണ്ട്. അതിന് രസഗുളയുമായി ഏറെ സാമ്യവുമുണ്ട്. ഇതുകൂടാതെ പ്രാചീന ഒഡിയ നിഘണ്ടുവായ ‘പൂർണചന്ദ്രഭാഷാകോശ’യിലും രസഗുളയ്ക്കു സമാനമായ പലഹാരത്തെപ്പറ്റി സൂചനയുണ്ട്.

മറുവാദവുമായി ബംഗാൾ

ലോകത്തിനു ബംഗാൾ നൽകിയ ഏറ്റവും വലിയ മധുരസമ്മാനമാണ് രസഗുള എന്ന് ബംഗാൾ വാദിക്കുന്നു. ബംഗാളിൽ പിറന്ന രസഗുള ഒഡീഷയിൽ എത്തിയിട്ട് വെറും 75 വർഷമേയായിട്ടുള്ളൂ. പുരി ജഗന്നാഥക്ഷേത്രത്തിൽ പണ്ട് രസഗുള വഴിപാടായി നൽകിയിരുന്നു എന്ന ഒഡീഷയുടെ വാദത്തിനു കഴമ്പില്ല. വഴിപാടിന്റെ ഭാഗമായി പണ്ട് രസഗുള നൽകുന്നതായി എവിടെയും പരാമർശമില്ല. ഒഡീഷയുടെ മുൻ മുഖ്യമന്ത്രി ബിജു പട്നായിക് പോലും ബംഗാളി രസഗുളയെ വാഴ്ത്തി സംസാരിച്ചിട്ടുണ്ട്. ഒഡീഷയിൽ കാണുന്ന രസഗുള അവിടത്തെ പഹേല ഗ്രാമത്തിൽ ഉണ്ടാക്കുന്ന മോഹനരസഗുള മാത്രമാണ്. അതിനെ ബംഗാളി രസഗുളയുമായി താരതമ്യപ്പെടുത്തരുത്. 

ഒഡീഷയിൽ രസഗുള വിൽക്കുന്ന ആദ്യത്തെ കടപോലും 1956ലാണ് തുറന്നത്. രസഗുള ബംഗാളിലാണു പിറന്നത് എന്നു സമർഥിക്കാൻ പ്രശസ്ത ചരിത്രകാരൻ ഹരിപാദ ഭൗമിക് ഒരു പുസ്തകം പോലും എഴുതി–റസഗോള.

അവകാശം ഊട്ടിയുറപ്പിക്കാൻ 

രസഗുളയുടെ ജനനം സംബന്ധിച്ച അവകാശം സ്വന്തമാക്കാനും അതുവഴി ബൗദ്ധികാവകാശവും ഭൂപ്രദേശസൂചികാപദവിയുമൊക്കെ നേടി രസഗുളയെ തങ്ങളോടു ചേർത്തുപിടിക്കാനും ഇരുസംസ്ഥാനങ്ങളും തന്ത്രങ്ങൾ മെനഞ്ഞുകഴിഞ്ഞു. രസഗുള തങ്ങളുടേതാക്കാൻ ഒഡീഷയിലെ ശാസ്ത്രസാങ്കേതിക വകുപ്പ് മൂന്നു കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. അവശ്യം തെളിവുകൾ ശേഖരിക്കുക, ബംഗാളിന്റെ അവകാശങ്ങളെ മറികടക്കുക, ഭൂപ്രദേശസൂചികാ പദവി ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുക എന്നിവയാണ് കമ്മിറ്റികളുടെ ചുമതലകൾ. ഒഡീഷയിലെ ഒമേഗ എന്ന സംഘടനയും പഹേല രസഗുള പ്രൊഡക്‌ഷൻ ആൻഡ് പാക്കേജിങ് സൊസൈറ്റിയും കരുത്തുറ്റ പോരാട്ടത്തിനായി തയാറെടുത്തുകഴിഞ്ഞു.

എന്നാൽ ചരിത്രകാരൻമാരുടെ സഹായത്തോടെ ഭൂപ്രദേശസൂചികയ്ക്കായി ശ്രമിക്കുക എന്നതാണു ബംഗാളിന്റെ ലക്ഷ്യം. അതുപോലെ രസഗുളയുടെ 150–ാം ജന്മദിനം വിപുലമായി ആഘോഷിക്കാനുള്ള പദ്ധതികളുമായി ബംഗാൾ മുന്നോട്ടുപോവുകയാണ്. വേണ്ടിവന്നാൽ കോടതികയറാനും ബംഗാൾ തീരുമാനിച്ചിട്ടുണ്ട്. എല്ലാറ്റിനും മേൽനോട്ടം വഹിക്കാൻ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും രംഗത്തുണ്ട്.

രസഗുള തങ്ങളുടെ നാട്ടിലാണു പിറന്നുവീണതെന്നു സ്ഥാപിക്കാൻ കിട്ടാവുന്നത്ര രേഖകൾ ശേഖരിക്കണമെന്ന് ഇരു സംസ്ഥാനങ്ങളിലെ ഭരണകൂടങ്ങളും എല്ലാ വകുപ്പുകളോടും ആവശ്യപ്പെട്ടു കഴിഞ്ഞു. ഇതിനായി ലൈബ്രറികളും പുരാവസ്തു റെക്കോർഡുകളും ആഴത്തിൽ പരിശോധിക്കണം. ഗവേഷണവിദ്യാർഥികളുടെ സഹായവും ഇക്കാര്യത്തിൽ ഉപയോഗിക്കുമെന്ന് ഇരുസംസ്ഥാനങ്ങളും പ്രഖ്യാപിച്ചുകഴിഞ്ഞു.

Your Rating: