Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഋഷികേശിന്റെ ശിവാനന്ദം

sivananda-ashram-24 ശിവാനന്ദ ആശ്രമം

ഋഷികേശ് സന്ദർശിച്ചിട്ടുള്ള ആരും ഗംഗാ തീരത്തെ ശിവാനന്ദ ആശ്രമം ശ്രദ്ധിക്കാതെ പോകില്ല. ഇവിടത്തെ പ്രധാന ആകർഷണമായ രാം ജൂലയും ലക്ഷ്മൺ ജൂലയും (ശ്രീരാമൻ നിർമിച്ച പാലവും ലക്ഷ്മണൻ നിർമിച്ച പാലവും) സ്ഥിതിചെയ്യുന്ന സ്ഥലം മുതൽ 14 ഏക്കറോളം വ്യാപിച്ചുകിടക്കുന്ന ശിവാനന്ദ ആശ്രമത്തിന്റെ തുടക്കം ഒരു തികഞ്ഞ യാദൃച്ഛികതയിൽനിന്നായിരുന്നു. മലേഷ്യയിൽ പേരുകേട്ട ഹൃദ്രോഗ വിദഗ്ധനായിരുന്നു സന്യാസം സ്വീകരിക്കുന്നതിനു മുമ്പുള്ള പൂർവാശ്രമത്തിൽ സ്വാമി ശിവാനന്ദ. ബ്രിട്ടിഷ് അധീനതയിലായിരുന്ന മലേഷ്യയിൽ അവരുടെ മൂന്ന് ആശുപത്രികളിൽ ഹൃദ്രോഗവിഭാഗത്തിന്റെ തലവനായിരുന്ന ശിവാനന്ദ ഒരു സുപ്രഭാതത്തിൽ അതെല്ലാം ഉപേക്ഷിച്ച് ഹരിദ്വാറിലേക്കു പോയി–സന്യാസത്തിന്റെ ഉൾവിളിയുമായി.

തമിഴ്നാട്ടിലെ പട്ടാമാഡിയിലെ വീടിനുമുന്നിലെത്തി സ്യൂട്ട്കേസും ബാഗുകളും ടാക്സി ഡ്രൈവർവശം വീട്ടിലേക്കു കൊടുത്തയച്ചശേഷം അമ്മയെയോ അച്ഛനെയോ കാണാൻപോലും നിൽക്കാതെ ഋഷികേശിലെത്തിയതാണു സ്വാമി ശിവാനന്ദ. ഋഷികേശിൽ ഗംഗയുടെ കരയിൽ ഒരു കുടിലിൽ തങ്ങിയ ശിവാനന്ദ അവിടെയിരുന്ന് എഴുതിയ യോഗാ പുസ്തകങ്ങൾ ലോകമെങ്ങും പ്രചരിച്ചു. ഋഷികേശ് സ്ഥിതിചെയ്യുന്ന തേരി പ്രദേശത്തെ രാജാവ് ഇംഗ്ലണ്ടിൽ പോയപ്പോൾ അവിടെ സുഹൃത്തിന്റെ കൈവശം സ്വാമി ശിവാനന്ദയുടെ പുസ്തകം കണ്ടു. നിങ്ങളുടെ നാട്ടുകാരനാണ് സ്വാമി ശിവാനന്ദ എന്ന് ബ്രിട്ടിഷ് സുഹൃത്ത് പറഞ്ഞപ്പോൾ തേരി രാജാവിന് അദ്ദേഹത്തെ അറിയില്ല എന്നു പറയാൻ ലജ്ജയായി.

മടങ്ങിയെത്തിയ തേരി രാജാവ് ആദ്യം ചെയ്തത് സ്വാമി ശിവാനന്ദയെ പോയി കാണുകയായിരുന്നു. അദ്ദേഹത്തിനു താമസിക്കാൻ ഒരു സ്ഥലമോ ആശ്രമമോ ഒന്നുമില്ല എന്നു കണ്ട് തേരി രാജാവ് അനുവദിച്ചുകൊടുത്ത 14 ഏക്കർ സ്ഥലത്താണ് ഇന്ന് ശിവാനന്ദ ആശ്രമം സ്ഥിതിചെയ്യുന്നത്.

1936–ൽ സ്വാമി ശിവാനന്ദ ഡിവൈൻ ലൈഫ് സൊസൈറ്റി സ്ഥാപിച്ചു. ഇന്ത്യൻ സംസ്കാരവും ആത്മീയജ്ഞാനവും ലോകമെങ്ങും പ്രചരിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു അത്. യോഗാപരിശീലനം ഈ സൊസൈറ്റിയുടെ മുഖ്യ പരിപാടികളിൽ ഒന്നായിരുന്നു. ഇന്നും ഋഷികേശിലെ ശിവാനന്ദ ആശ്രമത്തിൽ രണ്ടു മാസത്തെ സൗജന്യ യോഗ പരിശീലന ക്യാംപുകൾ പതിവായി നടക്കുന്നുണ്ട്. 65 വയസ്സുവരെയുള്ള ആർക്കും ഇതിൽ പങ്കെടുക്കാം.

1963ലായിരുന്നു സ്വാമി ശിവാനന്ദയുടെ മഹാസമാധി. അതിനുശേഷം ശിവാനന്ദ ആശ്രമത്തിന്റെ ചുമതല വഹിച്ചതു സ്വാമി ചിദാനന്ദ ആയിരുന്നു. 45 വർഷത്തോളം അദ്ദേഹം ഡിവൈൻ ലൈഫ് സൊസൈറ്റിയുടെ പ്രസിഡന്റുമായിരുന്നു. സ്വാമി ചിദാനന്ദയുടെ ജന്മശതവാർഷികമാണ് 2016. സെപ്റ്റംബർ 24 ആണ് അദ്ദേഹത്തിന്റെ ജന്മദിനം. ഇതുമായി ബന്ധപ്പെട്ട് ശിവാനന്ദ ആശ്രമവും ഡിവൈൻ ലൈഫ് സൊസൈറ്റിയും ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. മംഗലാപുരത്തായിരുന്നു സ്വാമി ചിദാനന്ദയുടെ ജനനം. അന്ന് അദ്ദേഹം ശ്രീധർ റാവുവായിരുന്നു. മദ്രാസ് ലയോള കോളജിലെ ബിഎ പഠനം പൂർത്തിയാക്കി 1943–ൽ ശ്രീധർ റാവു ഋഷികേശിലേക്കു തിരിച്ചു. 1949–ൽ സ്വാമി ശിവാനന്ദയിൽനിന്ന് അദ്ദേഹം സന്യാസം സ്വീകരിച്ചു.

swamy-sivananda-and-swamy-chidananda സ്വാമി ശിവാനന്ദ, സ്വാമി ചിദാനന്ദ

യോഗവും വേദാന്തവും പ്രചരിപ്പിക്കാനും സ്വാമി ശിവാനന്ദയുടെ സന്ദേശം ലോകമെങ്ങും പകർന്നുനൽകാനുമായി സ്വാമി ചിദാനന്ദ 1959 മുതൽ 1962 വരെയും പിന്നീട് 1968 മുതൽ 1970 വരെയും ആഗോള പര്യടനം നടത്തി. ഒട്ടേറെ രാജ്യങ്ങളിൽ അദ്ദേഹം ഡിവൈൻ ലൈഫ് സൊസൈറ്റിയുടെ ശാഖകൾ സ്ഥാപിച്ചു. 1993–ൽ അമേരിക്കയിലെ ഷിക്കോഗോയിൽ ലോകമതങ്ങളുടെ പാർലമെന്റിൽ ഇന്ത്യൻ സംഘത്തെ നയിച്ചതു സ്വാമി ചിദാനന്ദ ആയിരുന്നു. 1969–ൽ പോപ്പ് പോൾ ആറാമൻ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി.

തേരി –ഗഡ് വാൾ പ്രദേശത്ത് അന്ന് കുഷ്ഠരോഗം വ്യാപകമായിരുന്നു. സമൂഹം കുഷ്ഠരോഗികളെ പൂർണമായും അകറ്റി നിർത്തിയിരുന്നകാലം. സ്വാമി ചിദാനന്ദ കുഷ്ഠരോഗികളുടെ സേവനത്തിനായി മുന്നിട്ടിറങ്ങി. അവർക്കു സൗജന്യമായി വീടും ഭക്ഷണവും വൈദ്യസഹായവും ലഭ്യമാക്കി. ഇപ്പോഴും ആശ്രമം ഈ പ്രവർത്തനം തുടരുന്നു.

അഗതികൾക്കും അശരണർക്കും വേണ്ടി സ്വാമി ചിദാനന്ദ ആരംഭിച്ചതാണ് ശിവാനന്ദ ഹോം. അതുപോലെതന്നെ ഋഷികേശിലെ ശിവാനന്ദ നഗറിൽ അദ്ദേഹം ശിവാനന്ദ ചാരിറ്റബിൾ ആശുപത്രി സ്ഥാപിച്ചു. സാധുക്കൾക്ക് ഇവിടെ ഇപ്പോഴും സൗജന്യ ചികിത്സ തുടരുന്നു. കൂടാതെ തമിഴ്നാട്ടിൽ സ്വാമി ശിവാനന്ദയുടെ വീട് സ്ഥിതിചെയ്തിരുന്ന പട്ടാമാഡിയിൽ അദ്ദേഹം മറ്റൊരു ചാരിറ്റബിൾ ആശുപത്രിയും സ്ഥാപിച്ചു.

1972–ൽ പ്രമുഖ പരിസ്ഥിതി വാദി സുന്ദർ ലാൽ ബഹുഗുണയുമായി ചേർന്ന് സ്വാമി ചിദാനന്ദ ഉത്തരാഖണ്ഡിൽ 21 ദിവസം 2000 കിലോമീറ്റർ പദയാത്ര നടത്തി. പരിസ്ഥിതി ബോധം വളർത്തുന്നതിൽ അതീവ തൽപരനായിരുന്നു അദ്ദേഹം. 1991–ൽ സ്വാമി ചിദാനന്ദ ഒരു ദേശീയ പെരുമാറ്റച്ചട്ടത്തിനു രൂപം നൽകി. യോഗിയും ആധ്യാത്മിക വാദിയും വേദാന്ത പണ്ഡിതനും സാമൂഹിക പരിഷ്കർത്താവുമായിരുന്ന സ്വാമി ചിദാനന്ദ എല്ലാ അർഥത്തിലും ഇന്ത്യയുടെ ഒരു സാംസ്കാരിക സ്ഥാനപതി ആയിരുന്നു.

2008 ഓഗസ്റ്റ് 28ന് ആയിരുന്നു സ്വാമി ചിദാനന്ദയുടെ സമാധി. സ്വാമി ശിവാനന്ദയുടെ കൃതികൾക്കും വചനങ്ങൾക്കും ലോകമെങ്ങും പ്രചാരം നൽകുന്നതിൽ സ്വാമി ചിദാനന്ദയുടെ പങ്ക് നിസ്തുലമായിരുന്നു. ഇപ്പോൾ ശിവാനന്ദ ആശ്രമത്തിന്റെ ജനറൽ സെക്രട്ടറി പദവും ഡിവൈൻ ലൈഫ് സൊസൈറ്റി പ്രസിഡന്റ് പദവും ഇപ്പോൾ എത്തിയിരിക്കുന്നത് ഒരു മലയാളിയിലാണ്– കോട്ടയത്ത് ജനിക്കുകയും കേരളസർക്കാരിൽ എൻജിനീയറായി പ്രവർത്തിക്കുകയും ചെയ്ത സ്വാമി പത്മനാഭാനന്ദയിൽ.

Your Rating: