Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആൾ ദൈവങ്ങൾ

Bindu-and-family (ചിത്രം 1) ബിന്ദുവും സുനിൽകുമാറും മക്കൾ ലക്ഷ്മിയോടും വൈഗയോടുമൊപ്പം. (ചിത്രം 2) ബിന്ദു

പതിനഞ്ചാം വയസ്സിൽ കൂലിവേലയ്ക്കിറങ്ങേണ്ടിവന്ന കൊല്ലം കരിങ്ങന്നൂർ സ്വദേശി ബിന്ദു എന്ന പെൺകുട്ടി ലോകത്തിലെ മികച്ച സർവകലാശാലയിൽ നിന്ന്  ഡോക്ടറേറ്റ് നേടുന്നതു വരെ വളർന്നത് എങ്ങനെ?

‘‘ജാതിപറഞ്ഞു മാറ്റിനിർത്താം...എന്നിട്ടും ആഹാരവും വസ്ത്രവും തന്നു, പിന്നെയോ പഠിപ്പിച്ചു... നല്ല കാര്യങ്ങൾ പറഞ്ഞുതന്നു. എപ്പോഴും എപ്പോഴും അമ്മയെപ്പോലെ തന്നെ. അതില്ലാത്ത വിഷമം തീർക്കുന്നതും ഇവിടെത്തന്നെ. നല്ല നിറമുള്ള കുട്ടിക്കാലം തന്നതിന്, ഇവിടെവരെ എത്തിച്ചതിന് ഞാനെങ്ങനെ നന്ദി പറയും. Aswathy, Unnees and Papa... ജീവിതത്തിന്റെ പകുതിഭാഗം നിങ്ങളാണ്. പിന്നെ അച്ഛനും അമ്മയും അണ്ണനും കുട്ടനും.’’

ബിന്ദു സുനിൽകുമാറിന്റെ ഗവേഷണ പ്രബന്ധത്തിലെ ഈ വാചകങ്ങളുടെ അർഥവും വ്യാപ്തിയും സ്വീഡനിലെ ലുണ്ട് സർവകലാശാലയിലെ അധ്യാപകർക്കും സഹപാഠികൾക്കും മനസ്സിലായതേയില്ല. ആർക്കും ഒന്നും മനസ്സിലാക്കാൻ വേണ്ടിയല്ല ബിന്ദു ആ വരികൾ കുറിച്ചതും. ഗവേഷണ പ്രബന്ധം സമർപ്പിക്കേണ്ടത് ആർക്കാവണം എന്ന് അധികം ആലോചിക്കാനില്ലായിരുന്നു ബിന്ദുവിന്. എല്ലാം സമർപ്പിച്ചതു ദൈവങ്ങൾക്കാണ്. ബിന്ദുവിന്റെ ഭാഷയിൽ ‘ഒത്തിരി ആൾദൈവങ്ങൾക്ക്’. തന്റെ ഗവേഷണപ്രബന്ധം സർവകലാശാലയിൽ സമർപ്പിച്ചതിനു പിന്നാലെ വീട്ടിലെത്തിയ ബിന്ദു ഫെയ്സ്ബുക്കിൽ കുറിച്ച ഒരു ചെറു കുറിപ്പിൽ നിന്നാണു കഥ തുടങ്ങുന്നത്.

ഒക്ടോബർ 24നു ബിന്ദു കുറിച്ച ആ വരികൾ...

‘‘എന്റെ ഗവേഷണ പ്രബന്ധം... എന്റെ ആദ്യത്തെ പുസ്തകം. കടപ്പാട് ദൈവങ്ങളോട്... അതേ, ഒത്തിരി ആൾദൈവങ്ങളോട്. വികാസ് ട്യൂട്ടോറിയൽ കോളജിൽ ഫീസ് കൊടുക്കാത്തവരുടെ ലിസ്റ്റ് വിളിക്കുമ്പോൾ എന്റെ പേര് ഒരിക്കലും വെട്ടാൻ അവസരം കൊടുത്തിട്ടില്ല, എന്നിട്ടും ഒരു വഴക്കുപോലും പറയാതെ ക്ലാസിലിരുത്തി പഠിപ്പിച്ച ഒരുകൂട്ടം അധ്യാപകർ, പത്താം ക്ലാസ് കഴിഞ്ഞ് കൂലിവേലയ്ക്കിറങ്ങിയ സമയം... ജോൺസൺ സാറിന്റെ വീടാണെന്നറിയാതെ ചെന്നുപെട്ട ഞാൻ, ചാണകം നിറച്ച ആദ്യ കുട്ട തലയിലെടുത്തു വച്ചു. കണ്ണിൽ നോക്കാതിരിക്കാൻ ഏറെ പാടുപെട്ടു. വൈകിട്ട് അന്നത്തെ കൂലി തരുമ്പോൾ, ഇനി നിന്നെ ഈ കോലത്തിൽ കാണരുതെന്നു പറയാതെ പറഞ്ഞ സാറും.

എന്റെ മോളാ, ഫസ്റ്റ് ക്ലാസിലാ പത്താം ക്ലാസ് പാസായതെന്ന് അഭിമാനത്തോടെ പറഞ്ഞ അമ്മയ്ക്ക് 200 രൂപ അധികം കൊടുത്തിട്ട് ‘ഗോമതീ കൊച്ചു പഠിക്കട്ടെ...’ എന്നു പറഞ്ഞ മുതലാളിയിൽ, കയ്യിലിരുന്ന ചില്ലറ കൊടുത്തിട്ട്, ചേട്ടാ എനിക്കു കോളജിലിടാൻ ഒരു ചെരിപ്പു വേണം; പക്ഷേ, മുഴുവൻ കാശില്ല എന്ന് അദ്ദേഹത്തിനു കേൾക്കാൻ മാത്രം ഉച്ചത്തിൽ പറ‍ഞ്ഞ എനിക്കു ചില്ലറ തിരികെത്തന്ന് കൂടെയൊരു ചെരിപ്പും പൊതി‍ഞ്ഞുതന്ന കടയുടമസ്ഥനിൽ, അൻപതു രൂപ കൂടി എല്ലാവരും ഇട്ട് ബിന്ദുവിനെക്കൂടി ടൂറിനു കൊണ്ടുപോകാൻ തീരുമാനിച്ച ബി.എസ്‌സി കൂട്ടുകാരിൽ, നീ വലിയ വീട്ടിലെ പിള്ളാരുടെ കൂടെയല്ലേ ടൂർ പോകുന്നത് എന്നു പറഞ്ഞ് കടമായി വാങ്ങിയതിനൊപ്പം 200 രൂപ കൂടി തന്ന സലിയണ്ണനിൽ, സന്ധ്യയായതിനാൽ പണമില്ലാഞ്ഞിട്ടും ഒരു ബസിൽ കയറി ടിക്കറ്റിനുള്ള പണത്തിനു കൈനീട്ടിയപ്പോൾ എന്റെ കണ്ണു നിറഞ്ഞതു കണ്ട് ‘സാരമില്ല കേട്ടോ...’ എന്നു ചുമലുയർത്തി കാണിച്ച കണ്ടക്ടറിൽ, ദിവസം വാങ്ങുന്ന രണ്ടു ദോശയാണ് അന്നത്തെ ഭക്ഷണം എന്നറിഞ്ഞ് മുതലാളി കാണാതെ രണ്ടെണ്ണം കൂടി തന്ന്, കടയിൽ നിന്നിറങ്ങുമ്പോൾ ആരും കാണാതെ ചിരി പാസാക്കുന്ന ഏന്തിവലിഞ്ഞു നടക്കുന്ന പ്രായംചെന്ന ഒരു മനുഷ്യനിൽ, ക്രിസ്മസ് അവധിക്കു നാട്ടിൽ പോയാൽ തിരിച്ചു പഠിക്കാൻ വരാനാവില്ല എന്നറിയാവുന്ന എനിക്കു ഹോസ്റ്റലിനു പിറകിലുള്ള പേരമരത്തിലെ പേരയ്ക്ക ആഹാരമായപ്പോൾ... വിശന്നിരിക്കുമ്പോൾ പേരക്കയ്ക്ക് എന്തു രുചിയാ എന്നു പറഞ്ഞു കൂടെ കൂടിയ കൂട്ടുകാരിയിൽ... എന്റെ എം.എസ്‌സി കൂട്ടുകാരിൽ, മക്കളേ... എന്നു വിളിച്ച് സ്നേഹത്തിൽ പൊതിഞ്ഞു മറുപടി അയയ്ക്കുന്ന അധ്യാപകനിൽ..

സഹായിച്ചവരെല്ലാം എനിക്കു ദൈവതുല്യരാണ്. പതിനഞ്ചാം വയസ്സിൽ കൂലിവേലയ്ക്കിറങ്ങിയ എനിക്ക് ഇന്ന് ലോകത്തിലെ തന്നെ മികച്ച സർവകലാശാലകളിൽ ഒന്നിൽ നിന്നു പിഎച്ച്ഡി നേടി നിൽക്കുമ്പോൾ നേരെ വരുന്ന മനുഷ്യർ ദൈവങ്ങളും വിഷമങ്ങൾ അനുഗ്രഹങ്ങളുമായി മാത്രമേ കാണാൻ പറ്റുന്നുള്ളൂ. നന്ദി പറയേണ്ടത് അക്ഷരാഭ്യാസം ഇല്ലാതിരുന്നിട്ടും അയൽക്കാരുടെ പ്രേരണയാൽ എന്നെ പഠിപ്പിച്ച അമ്മയ്ക്കും അച്ഛനും കൂടെപ്പിറപ്പുകൾക്കും അധ്യാപകർക്കും എന്റെ പ്രിയപ്പെട്ട നാട്ടുകാർക്കും... പിന്നെ മുകളിൽ പറഞ്ഞ പ്രിയപ്പെട്ട കൂട്ടുകാർക്കും. ശരിക്കും അവരല്ലേ കാണപ്പെട്ട ദൈവങ്ങൾ.’’

bindu-brothers ബിന്ദുവിന്റെ കരിങ്ങല്ലൂരിലെ വീടിനു മുന്നിൽ സഹോദരൻമാരായ ഷിനുവും മുരുകനും.

നാട്ടുകാരും സഹപാഠികളും ചേർന്ന് അൻപതിൽ താഴെ വരുന്ന സുഹൃത്തുക്കളാണ് ബിന്ദുവിനു ഫെയ്സ്ബുക്കിൽ ഉണ്ടായിരുന്നത്. അവർ കുറിപ്പു ഷെയർ ചെയ്തതോടെ കാര്യങ്ങൾ കൈവിട്ടു. ലോകത്തിന്റെ മുക്കിലും മൂലയിലും നിന്നു ഫോൺ കോളുകളെത്തി. ആശംസ നേരാനും പിന്തുണ അറിയിക്കാനും വിളിച്ചവരിൽ ഓൾഡ് ജനറേഷനും ന്യൂ ജനറേഷനുമുണ്ടായിരുന്നു. ഒറ്റദിവസംകൊണ്ട് ലോക മലയാളികളുടെ അഭിമാനമായി ബിന്ദു.

കുറിപ്പു വായിച്ചവരിൽ ചിലരെങ്കിലും ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്നു സംശയം പ്രകടിപ്പിച്ചു. അവർക്കു വേണ്ടി കൂടിയാണ് ബിന്ദുവിന്റെ ആൾദൈവങ്ങളെ തേടി കൊല്ലം ഓയൂരിലെ കരിങ്ങന്നൂർ എന്ന ചെറുഗ്രാമത്തിലേക്കുള്ള ഈ യാത്ര... മൺഭിത്തികളുള്ള ഒറ്റമുറിയാണു ബിന്ദുവിന്റെ വീട്. പണ്ട് ഓല മേഞ്ഞിരുന്ന വീടിന് ഇന്ന് ഓടു മേഞ്ഞതിന്റെ ആഡംബരം മാത്രം. കല്ലുകൊത്തു തൊഴിലാളിയായിരുന്നു അച്ഛൻ അച്യുതൻ. അമ്മ ഗോമതി കശുവണ്ടി തൊഴിലാളി. സഹോദരൻമാർ മുരുകനും ഷിനുവും. അഞ്ചുപേരുള്ള കുടുംബം ഈ ഒറ്റമുറിയെ വീടെന്നു വിളിച്ചു. അതിരാവിലെ അച്ഛനും അമ്മയും ജോലിക്കുപോയാൽ ബിന്ദുവും ഇളയ സഹോദരൻ ഷിനുവും സ്കൂളിലേക്കു പോകും. മൂന്നാം ക്ലാസിൽ പഠനം നിർത്തിയ ചേട്ടൻ മുരുകനും കൂലിപ്പണിക്കിറങ്ങും. ഭക്ഷണത്തിനു മുട്ടില്ലായിരുന്നെങ്കിലും കീറാത്ത വസ്ത്രവും പുസ്തകവും സ്വപ്നമായിരുന്നു. ബിന്ദുവിന്റെ ആൾദൈവങ്ങളിൽ ‘സ്വർണമ്മ’ എന്ന അയൽവാസി ഒന്നാം സ്ഥാനക്കാരിയാകുന്നത് അതുകൊണ്ടുതന്നെ.

owner's envy neighbour's pride

ഒരു പഴയ പരസ്യവാചകം തിരുത്തിപ്പറഞ്ഞ് സ്വർണമ്മയുമായുള്ള തന്റെ ബന്ധത്തെ ബിന്ദു തമാശരൂപേണ വിശദീകരിച്ചു. ബിന്ദുവിന്റെ അതേ പ്രായത്തിലുള്ള മകൾ സ്വർണമ്മയ്ക്കുമുണ്ട് – അശ്വതി. അശ്വതിയെ പോലെ തന്നെ, ചിലപ്പോൾ അതിലും കൂടുതലായി സ്വർണമ്മ തന്നെ സ്നേഹിച്ചിട്ടുണ്ടെന്നു ബിന്ദു. ചെറുപ്പം മുതൽക്കേ അമ്മ എന്നു വിളിച്ചാണു ശീലിച്ചത്.

swarnamma-5 ബിന്ദുവിന്റെ ഗവേഷണ പ്രബന്ധവുമായി സ്വർണമ്മ.

അശ്വതിയുടെ പുസ്തകങ്ങളും വസ്ത്രങ്ങളും ബിന്ദുവിനു കൂടി അവകാശപ്പെട്ടതായിരുന്നു. ബിന്ദുവിന്റെ പഠിക്കാനുള്ള താൽപര്യം തിരിച്ചറിഞ്ഞതും സ്വർണമ്മ തന്നെ. തന്റെ മകൻ ഉണ്ണി സ്കൂളിലെ ക്വിസ് മൽസരത്തിനു തയാറെടുക്കുന്നതു കേട്ടിരുന്ന ബിന്ദു സ്കൂളിലെ മൽസരത്തിൽ ഒന്നാം സ്ഥാനത്തെത്തിയതു സ്വർണമ്മ ഓർക്കുന്നു. അച്ഛനും അമ്മയും ജോലിക്കുപോയാൽ ബിന്ദു സ്വർണമ്മയുടെ വീട്ടിലെത്തും. രാത്രി അത്താഴവും കഴിഞ്ഞാവും മിക്ക ദിവസവും മടക്കം. ബിന്ദുവിനെ വേറിട്ടു നിർത്തുന്നത് സ്വഭാവത്തിലെ ഗുരുത്വമാണെന്നു സ്വർണമ്മ. ‘എൽപി സ്കൂളിലെ അധ്യാപകർ മുതൽ അയൽവാസിയായ എന്നെ വരെ മറക്കാത്തത് അതുകൊണ്ടാണ്. ഒരു മകളെപ്പോലെ സ്നേഹിച്ചു എന്നതു സത്യമാണ്. അതിലും എത്രയോ ഇരട്ടി സ്നേഹം അവൾ തിരിച്ചുതന്നിരിക്കുന്നു. ലോകപ്രശസ്ത സർവകലാശാലയിൽ സമർപ്പിച്ച പ്രബന്ധത്തിന്റെ പകർപ്പ് എനിക്ക് അയച്ചുതരേണ്ട കാര്യം അൾക്കില്ലല്ലോ!’– ബിന്ദുവിന്റെ ഗവേഷണ പ്രബന്ധം നെഞ്ചോടു ചേർത്തു പിടിച്ചു സ്വർണമ്മ. അതിന്റെ ആദ്യ പുറത്തിൽ ബിന്ദു കുറിച്ചിരിക്കുന്നു... ‘ഇത് എന്റെ പ്രിയപ്പെട്ട അമ്മയ്ക്ക്, ഇവിടം വരെ എത്തിയത് അമ്മയുടെ കാരുണ്യം.’

ആരുടെയും സഹായം ഔദാര്യമായി സ്വീകരിക്കുന്ന പതിവ് ബിന്ദുവിനുണ്ടായിരുന്നില്ലെന്നു സ്വർണമ്മ ഓർക്കുന്നു. ‘ഞാൻ ചെയ്യുന്ന ചെറിയ സഹായങ്ങൾ ഓർത്തിട്ടാവും അടുക്കളയിൽ എന്നെ സഹായിക്കാൻ അവൾ ഒപ്പം കൂടും.’ ജീവിതത്തിലെ എല്ലാ നിർണായക തീരുമാനങ്ങളും സ്വർണമ്മയുമായി ആലോചിച്ചാണു ബിന്ദു എടുക്കുന്നത്. പുതിയ കോഴ്സിനു ചേരുന്നതു മുതൽ വിവാഹ കാര്യത്തിൽ വരെ സ്വർണമ്മയുടെതായിരുന്നു അവസാന വാക്ക്. കുട്ടിക്കാലത്തു നഷ്ടപ്പെട്ട അച്ഛന്റെയും 10 വർഷം മുൻപു മരിച്ച അമ്മയുടെയും സ്ഥാനത്താണു സ്വർണമ്മ.

വികാസ് ട്യൂട്ടോറിയൽ

ഫെയ്സ്ബുക് കുറിപ്പിലെ വികാസ് ട്യൂട്ടോറിയൽ ഇന്നില്ല. പത്താം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ ബിന്ദു കൂലിപ്പണിക്കിറങ്ങിയത് അവിടെ ഫീസ് കൊടുക്കാനായിരുന്നു. അച്ഛനും അമ്മയ്ക്കും ഫീസ് കൊടുക്കാൻ പ്രാപ്തിയില്ലായിരുന്നു. അവർക്കൊപ്പം പാടത്തു കൊയ്യാനും വീടുപണിക്കും ഒക്കെ പോയിത്തുടങ്ങി. പത്താം ക്ലാസിൽ ഫസ്റ്റ് ക്ലാസ് വാങ്ങിയതോടെയാണു പലരും ബിന്ദുവിനെ ശ്രദ്ധിച്ചു തുടങ്ങിയത്. പത്താം ക്ലാസ് കഴിഞ്ഞ് കൊട്ടിയം എൻഎസ്എസ് കോളജിൽ പ്രീഡിഗ്രിക്കു ചേർന്നതോടെ പണത്തിന്റെ ആവശ്യം ഏറി. പുസ്തകത്തിനും വസ്ത്രത്തിനും വണ്ടിക്കൂലിക്കുമായി ബിന്ദു കൂലിപ്പണിക്കിറങ്ങി. ആ കാലം ബിന്ദു ഓർക്കുന്നു...

പ്രീഡിഗ്രിക്കു ചേർന്ന സമയത്തു ചേട്ടൻ മുരുകന്റെ വിവാഹം കഴിഞ്ഞു. അമ്മയെ സഹായിക്കാനും സ്വന്തം ചെലവുകൾക്കുമായി ജോലിചെയ്തേ തീരൂ എന്ന അവസ്ഥയായി. അവധിയുള്ള ദിവസങ്ങളിൽ ജോലിക്കു പോകും, റോഡുപണി, മണൽചുമട്, പാടത്തുപണി അങ്ങനെ ചെയ്യാത്ത ജോലികളില്ല. കെട്ടിടം പണിക്കു പോയിട്ട് പിന്നീട് ആ വഴി പോകുമ്പോൾ ‘കണ്ടോ, ഇതു ഞങ്ങൾ പണിത വീടാ...’ എന്നു നാട്ടിലെ കൂട്ടുകാരോട് അഭിമാനത്തോടെ പറയുമായിരുന്നു. റോഡുപണിക്കു നിൽക്കുമ്പോൾ അധ്യാപകരോ സഹപാഠികളോ ആ വഴി പോയാൽ ചുരിദാറിന്റെ ഷാൾ കൊണ്ടു മുഖം മറയ്ക്കും. നാണക്കേടു കൊണ്ടല്ല, അവർ ചിലപ്പോൾ വഴക്കുപറയുമോ എന്ന ഭയമായിരുന്നു. ആ സമയത്താണ് ജോൺസൺ സാറിന്റെ വീട്ടിൽ അബദ്ധത്തിൽ ജോലിക്കു ചെന്നത്.

ആ സംഭവം ജോൺസൺ ഓർക്കുന്നു: ‘വികാസ് ട്യൂട്ടോറിയൽ കോളജിൽ അധ്യാപകനായിരുന്നു അന്നു ഞാൻ. വീട്ടിലെ കൃഷിപ്പണിക്ക് ആളെ വിളിച്ചപ്പോൾ എന്റെ ക്ലാസിലെ ഏറ്റവും മിടുക്കിയായ കുട്ടി ആ കൂട്ടത്തിൽ ഉണ്ടാവുമെന്നു കരുതിയില്ല. ബിന്ദുവിനു സാമ്പത്തികബുദ്ധിമുട്ടുകൾ ഉള്ളതായി അറിയാമായിരുന്നു. എങ്കിലും ചാണകക്കുട്ടയുമായി ആ പതിനഞ്ചുകാരി എന്റെ മുന്നിൽ നിന്നപ്പോൾ കണ്ണു നിറഞ്ഞു. ‘ഇനി നിന്നെ ഈ രൂപത്തിൽ കാണരുത്’ എന്നു ശാസിക്കുകയും ചെയ്തു. പഠിക്കാനായി ഇത്രയേറെ കഷ്ടപ്പെട്ട ഒരു വിദ്യാർഥിയെയും ഞാൻ മുൻപും പിൻപും കണ്ടിട്ടില്ല.’

അന്നു കൂടുതലായി ചെയ്തിരുന്നതു പാടത്തെ പണിയും മെറ്റൽ പൊട്ടിക്കുന്ന ജോലിയുമായിരുന്നു. മെറ്റൽ അടിച്ച് കയ്യൊക്കെ പൊട്ടിയതും അമ്മ ചോറുവാരി തന്നതുമൊക്കെ സുഖമുള്ള ഓർമകളാണെന്നു ബിന്ദു. പാടത്തു കറ്റ ചുമക്കാൻ പോകുന്ന ദിവസങ്ങളിൽ രാത്രി ഉറങ്ങാൻ കഴിയില്ല. ശരീരത്തിലെ ജലാംശം നഷ്ടപ്പെട്ടു ശ്വസിക്കാൻ പോലും ബുദ്ധിമുട്ടും. പേശിവേദനമൂലം രാത്രി ഉറങ്ങാൻ കഴിയാതെ കിടക്കുമ്പോൾ അമ്മ വഴക്കുപറയും. എന്നാലും അതു കേൾക്കാൻ സന്തോഷമാണ്. ചിലപ്പോഴൊക്കെ ചില കൂട്ടുകാരുടെ വീട്ടിലും പണിക്കു പോയിട്ടുണ്ട്.

johnson-5 ജോൺസൺ

ബിന്ദു ഇപ്പോഴും ഓർക്കുന്നു, പുതുശ്ശേരിയിലെ കൂട്ടുകാരി ആശയുടെ വീട്ടിൽ കറ്റചുമടിനു പോയതും ജോലിയുടെ ഇടവേളയിൽ ആശയ്ക്കൊപ്പം ഊണുകഴിച്ചതുമൊക്കെ... പ്രീഡിഗ്രി കഴിഞ്ഞു നിൽക്കുമ്പോഴാണ് കൊല്ലം എസ്എൻ കോളജിൽ പുതുതായി ആരംഭിക്കുന്ന ബയോടെക്നോളജി കോഴ്സിനെക്കുറിച്ചു കേട്ടത്. പിറ്റേദിവസം ഒറ്റയ്ക്കുപോയി ഫോം വാങ്ങി അപേക്ഷിച്ചു. അഡ്മിഷൻ കിട്ടി കോളജിൽ ചേർന്നതിന്റെ പിറ്റേദിവസമാണ് അച്ഛന്റെ മരണം. പഠിക്കാൻ പണം കണ്ടെത്താനായി രണ്ടുമാസം റോഡുപണിക്കു പോയി. 

സലിയണ്ണന്റെ സഹായം

ക്ലാസ്സിലെ മിക്ക കുട്ടികളും സമ്പന്നവീടുകളിൽ നിന്നുള്ളവർ. ആദ്യമൊക്കെ അവരോട് അടുക്കാൻ വലിയ പ്രയാസം തോന്നി. പിന്നീട് അവരൊക്കെ നല്ല സ്നേഹത്തിലായി. സാമ്പത്തിക ബുദ്ധിമുട്ടുള്ള ആളാണെന്നറിയാമെങ്കിലും ഈ കഥകളൊന്നും അവർക്കറിയില്ല. ഫൈനൽ ഇയർ സമയത്തു ടൂറിനു പോകാതെ ഒഴിഞ്ഞുമാറിയപ്പോൾ എന്റെ ബുദ്ധിമുട്ടുകൾ തിരിച്ചറിഞ്ഞ് 50 രൂപ വീതം പിരിവിട്ട് എന്നെയും അവർ കൂടെക്കൂട്ടി. കയ്യിൽ പണമില്ലാതെ വരുമ്പോഴൊക്കെ വീടിനടുത്തുള്ള സലിയണ്ണനെയാണ് സമീപിക്കാറ്. ടൂറിനു പോകാൻ കുറച്ചു പണം കടമായി വാങ്ങാനാണു ചെന്നത്. ചോദിച്ച പണം തന്നിട്ട് ‘നീ വലിയ വീട്ടിലെ പിള്ളാരുടെ കൂടെയല്ലേ പോകുന്നത്; മോശമാക്കണ്ട’ എന്നു പറഞ്ഞ് 200 രൂപ കൂടി തന്നപ്പോൾ കണ്ണു നിറഞ്ഞു.

saliannan-3 സലി

കാര്യവട്ടം ക്യാംപസിലേക്ക്

ഡിഗ്രി പൂർത്തിയാക്കിയതോടെ 2002ൽ എംഎസ്‌സിക്കു കാര്യവട്ടം ക്യാംപസിലെത്തി. അവിടെ ചെലവിനു പണം കണ്ടെത്തിയതു ട്യൂഷനെടുത്തായിരുന്നു. ക്യാംപസിലെ അധ്യാപകരുടെ മക്കൾക്കും പിന്നെ അടുത്തുള്ള ഒരു പാരലൽ കോളജിലും. അവധിക്കാലത്തും പ്രത്യേക അനുമതി വാങ്ങി ഹോസ്റ്റലിൽ കഴിച്ചുകൂട്ടി. ആ സമയത്ത് ഭക്ഷണത്തിനുള്ള പണമൊന്നും ഉണ്ടാവില്ല. ഹോസ്റ്റലിനു പുറകിലെ പേരമരമായിരുന്നു ആശ്രയം. പേരയ്ക്ക തിന്നും കുറെ വിശപ്പടക്കിയിട്ടുണ്ട്.

എം.എസ്‌സി കഴിഞ്ഞതോടെ കൂടുതൽ പ്രശ്നമായി. ഹോസ്റ്റലിൽ നിർത്തില്ല. വീട്ടിൽ പോയാൽ അതോടെ പഠിത്തം നിലയ്ക്കും. ഒന്നുകിൽ എംഫിൽ അല്ലെങ്കിൽ പിഎച്ച്ഡി എൻട്രൻസ്. ഒപ്പം സിഎസ്ഐആർ (കൗൺസിൽ ഫോർ സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്) എൻട്രൻസ്. സിഎസ്ഐആർ കിട്ടിയാൽ രക്ഷപ്പെട്ടു. റിസർച് ചെയ്യാം, 20,000 രൂപ ഫെലോഷിപ്പും കിട്ടും. അതിനായി ഹോസ്റ്റലിൽ ഗെസ്റ്റായി താമസിച്ചു പഠിത്തം തുടങ്ങി. ആ സമയത്താണ് ബയോഇൻഫർമാറ്റിക്സ് കോഴ്സ് ആരംഭിക്കുന്നത്. പിന്നീടുള്ള ഉയർച്ചയ്ക്കെല്ലാം കാരണമായ ഡോ. അച്യുത്ശങ്കർ എസ്.നായർ എന്ന അധ്യാപകനെ പരിചയപ്പെടുന്നതും അവിടെ വച്ചാണ്. കസ്തൂരിമാൻ ഉൾപ്പെടെ പല സിനിമകളിലും അഭിനയിച്ചിട്ടുള്ള അച്യുത് സാറിനെ നിങ്ങളും അറിയും. കോഴ്സിന് അഡ്മിഷൻ കിട്ടി. അതിനിടയിൽ പിഎച്ച്ഡി എൻട്രൻസും പാസായി. പക്ഷേ, ഞാൻ ബയോഇൻഫൊർമാറ്റിക്സിൽ തുടരാൻ തീരുമാനിച്ചു. 8,000 രൂപ സ്റ്റൈപ്പൻഡും കിട്ടുത്തുടങ്ങി. സ്റ്റൈപ്പൻഡിനെ ശമ്പളം എന്നു വളിക്കാനാകില്ലെങ്കിലും ആ പണം ചേട്ടൻ മുരുകന്റെ കയ്യിൽ കൊടുത്തപ്പോൾ അഭിമാനം തോന്നിയെന്നു ബിന്ദു.

സുനിൽകുമാറുമായുള്ള സൗഹൃദം

കാര്യവട്ടത്ത് ഒരു വിദ്യാർഥി സംഘടനയുടെ ചടങ്ങിൽ വച്ചാണ് അഞ്ചൽ സ്വദേശിയായ ഗവേഷണ വിദ്യാർഥി സുനിൽകുമാറിനെ പരിചയപ്പെട്ടത്. അതു സൗഹൃദമായും പ്രണയമായും വളർന്നു. സിഎസ്ഐആർ പാസായി റിസർച് തുടങ്ങി. അതിനിടയിൽ വിവാഹം. വീണ്ടും കാര്യവട്ടത്തേക്ക്. അച്യുത് സാറിൽ നിന്നാണ് ‘ഇറാസ്മസ് ഫെലോഷിപ്പി’നെ കുറിച്ച് അറിയുന്നതും അപേക്ഷിക്കുന്നതും. അങ്ങനെ 2010 ഓഗസ്റ്റ് മൂന്നിനു സ്വീഡനിലെ ലുണ്ട് സർവകലാശാലയിൽ ഗവേഷണ വിദ്യാർഥിയായി ചേർന്നു. ആറുവർഷത്തെ ഗവേഷണത്തിനുശേഷമാണു പിഎച്ച്ഡി ലഭിക്കുന്നത്. നാട്ടിൽ ഹയർ സെക്കൻഡറി അധ്യാപകനായ ഭർത്താവ് സുനിൽകുമാർ ബിന്ദുവിനൊപ്പം സ്വീഡനിലുണ്ട്. ഏഴും അഞ്ചും വയസ്സുള്ള മക്കൾ ലക്ഷ്മിക്കും വൈഗയ്ക്കും അമ്മ വന്ന വഴികളെക്കുറിച്ച് അധികമൊന്നും അറിയില്ല.

bindhu-family ബിന്ദുവും സുനിൽകുമാറും മക്കൾ ലക്ഷ്മിയോടും വൈഗയോടുമൊപ്പം

ഗവേഷണവും പാവങ്ങൾക്കായി

വിശപ്പിന്റെ വില ഏറെ അറിഞ്ഞതു കൊണ്ടാവും ബിന്ദുവിന്റെ ഗവേഷണ വിഷയവും വിശക്കുന്നവർക്കു വേണ്ടിയായത്. ഒട്ടേറെ രാജ്യങ്ങളിൽ പ്രധാന ഭക്ഷ്യവിഭവമായ ഓട്സിലായിരുന്നു ഗവേഷണം. ധാരാളമായി അമിനോ ആസിഡ് അടങ്ങിയിട്ടുള്ള ഓട്സിലെ പ്രോട്ടീന്റെ അംശം ക്രോസ് പോളിനേഷനിലൂടെ വർധിപ്പിക്കാമെന്നായിരുന്നു ബിന്ദുവിന്റെ കണ്ടെത്തൽ. ഇതു സാധ്യമായാൽ പോഷകാഹാരക്കുറവു മൂലമുള്ള രോഗങ്ങളും മരണങ്ങളും പൂർണമായി നിയന്ത്രിക്കാനാകും. ലുണ്ടിലെ മലയാളിയായ അധ്യാപകൻ പ്രഫ. ബാബു നായർ ഗവേഷണത്തിൽ വളരെ സഹായിച്ചു. പ്രഫസർമാരായ റിക്കാർഡ് ഓസ്റ്റേ, ഓളോസ് ഓൾസൺ എന്നിവരായിരുന്നു ഗൈഡുകൾ. നൊബേൽ സമ്മാന ജേതാവ് നോർമാൻ ഇ. ബോർലോങ്ങിന്റെ സഹപ്രവർത്തകനും ഹരിത വിപ്ലവ നായകൻ എം.എസ്.സ്വാമിനാഥന്റെ സുഹൃത്തുമായ ലാർസ് മങ്കാണ് ബിന്ദുവിന്റ ഗവേഷണഫലം വിലയിരുത്തിയത്.

ഭാവി പരിപാടികൾ

ഒരു പ്രമുഖ ഭക്ഷ്യ ഉൽപന്ന നിർമാണ കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചു കഴിഞ്ഞു ബിന്ദു. ‘ആറേഴുവർഷം കൂടി സ്വീഡനിൽ തുടരും. പിന്നെ എന്റെ കരിങ്ങല്ലൂരിലേക്ക്.’ അവിടെ ഗവേഷകയുടെ വേഷമായിരിക്കില്ല ബിന്ദുവിന്. ‘കുറച്ചു സ്ഥലം വാങ്ങണം, കൃഷി ചെയ്യണം. അതാണു മോഹം.’