നെല്ലച്ഛൻ

ചെറുവയൽ രാമൻ. ചിത്രം: രാഹുൽ ആർ.പട്ടം

ചിങ്ങം ഒന്നിന് കർഷക ദിനം. പരമ്പരാഗതമായ 41 നെൽവിത്തുകൾ കലർപ്പുവരാതെ സൂക്ഷിച്ചു കൃഷിചെയ്തു വരുന്ന, നെൽവിത്തുകളുടെ സംരക്ഷണം ജീവിത ധർമമായി കരുതന്ന ഒരു കർഷകനെ പരിചയപ്പെടാം...

മാനന്തവാടിയിലെ ചരിത്രപ്രസിദ്ധമായ വള്ളിയൂർകാവിനു സമീപത്തുള്ള ചെറുവയൽ രാമനെ നെല്ലച്‌ഛനെന്നാണു പലരും വിളിക്കുന്നത്.

പരമ്പരാഗത നെൽവിത്തുകൾ അതിന്റെ തനിമപേ‍ാകാതെ സൂക്ഷിക്കുകയും അതു മറ്റുള്ളവർക്കു സൗജന്യമായി കൊടുക്കുകയും ചെയ്യുന്ന നിശ്ശബ്‌ദ സേവനമാണ് രാമൻ നടത്തുന്നത്. അന്തകവിത്തുകൾക്കിടയിലും ചാണകവും ചപ്പും ചവറും നൽകി നാട്ടുവിത്തുകൾ കാത്തുപേ‍ാരുന്ന രാമൻ നെൽകൃഷിയുടെ സംരക്ഷകനും പ്രചാരകനും കൂടിയാകുന്നു. അന്യസംസ്‌ഥാനത്തു നിന്നുള്ള അരിവണ്ടികളും കാത്തിരിക്കുന്ന മലയാളികൾക്കിടയിൽ ഇങ്ങനെയും ഒരു മനുഷ്യൻ ജീവിക്കുന്നു. നൂറുമേനി വിളയുന്ന, പ്രതിരേ‍ാധശേഷിയേറെയുള്ള പരമ്പരാഗതമായ 41 നെൽവിത്തിനങ്ങളാണ് ഇദ്ദേഹം കലർപ്പുവരാതെ സൂക്ഷിച്ച് കൃഷിചെയ്തു വരുന്നത്.

പത്താംവയസ്സിൽ പാടത്തിറങ്ങിത്തുടങ്ങിയ കുറിച്യസമുദായത്തിൽപെട്ട ഈ അറുപത്തിനാലുകാരൻ നെൽകൃഷിയിൽ സുവർണജൂബിലി പിന്നിട്ടു. വിത്തുകളുടെ ഈ കാവൽക്കാരനെ തേടി അദ്ദേഹത്തിന്റെ കുടിയിലേക്കു (വീട്ടിലേക്ക്) ശാസ്‌ത്രജ്‌ഞർ, സന്നദ്ധപ്രവർത്തകർ, കർഷകസംഘടനാ നേതാക്കൾ, കൃഷിക്കാർ തുടങ്ങി ഒട്ടേറെപ്പേർ വന്നുകെ‍ാണ്ടിരിക്കുന്നു...

ചെറുവയൽ രാമൻ. ചിത്രം: രാഹുൽ ആർ.പട്ടം

പലരും രാമന്റെ പ്രവർത്തനങ്ങൾ പഠിക്കുന്നു, രേഖപ്പെടുത്തുന്നു. നെല്ലും വിത്തും വിതയും കൊയ്‌ത്തും സംബന്ധിച്ച കാര്യങ്ങൾ കൗതുകത്തേ‍ാടെ കേൾക്കുന്നു. പൈതൃകവിത്തുകളുടെ സംരക്ഷകനായാണു രാമനെ എല്ലാവരും കാണുന്നത്. വിവിധപ്രശ്‌നങ്ങൾക്കിടയിൽ നെൽകൃഷിയുമായി നെൽകർഷകർ ഇങ്ങനെയൊക്കെ കഴിയുന്നതെങ്ങനെ എന്നാണു വള്ളിയൂർകാവിൽ നിന്നു കഷ്‌ടിച്ചു രണ്ടര കിലോമീറ്റർ അകലെ ചെറുവയലിൽ എത്തുന്നവരുടെ ചോദ്യം. നല്ലമണ്ണും മനസ്സും കൃഷിയും തമ്മിലുള്ള ബന്ധത്തിന്റെ അതിസൂക്ഷ്‌മമായ കാര്യങ്ങളാണു രാമന്റെ മറുപടി. കാരണം, നെൽകൃഷി ലാഭകരമല്ലെന്നു പറയുന്നതു കൃഷിക്കാരല്ലെന്നാണു രാമന്റെ നിലപാട്. കൃഷിനശിച്ചാൽ, വിളകുറഞ്ഞാൽ കുടുംബം ബുദ്ധിമുട്ടുമെന്ന സ്ഥിതിയിലുള്ളവർക്കേ കൃഷിയുടെ മഹത്വം ശരിക്കുമറിയൂ. തനിക്ക് ഇതുവരെ നെല്ല് നഷ്‌ടമുണ്ടാക്കിയിട്ടില്ലെന്നു കണക്കുകൾ നിരത്തി അദ്ദേഹം വ്യക്‌തമാക്കുന്നു. കുറിച്യരുടെ ജീവിതവും നെല്ലും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്.

വിശേഷദിവസങ്ങളിൽ ചോറും പായസവും തയാറാക്കാൻ പാരമ്പര്യനെൽവിത്തിൽ നിന്നുള്ള അരിവേണം. നെല്ല് കൊയ്‌തു, കൊഴിച്ച്, അരിയാക്കി, ആരുംതൊടാതെ അതു സൂക്ഷിച്ചാണ് ഉപയോഗിക്കേണ്ടത്. കുടുംബത്തിലെ ഒട്ടുമിക്ക ചടങ്ങുകൾക്കും വേണം അരി. ബാധഒഴിപ്പിക്കൽ, മരണാനന്തര ചടങ്ങുകൾ, വിവാഹം എന്നിവയ്ക്കെല്ലാം നെല്ല് നിർബന്ധം. രാവിലെ കഞ്ഞിക്ക് ഒരു ഇനം അരി, ഉച്ചക്ക് ചോറിനു മറ്റൊരിനം, അത്താഴത്തിനു വേറൊരിനം എന്നിങ്ങനെയും രീതിയുണ്ട്. നെൽകൃഷിയിറക്കാൻ ചാലിടൽ, വിത്തിറക്കൽ, ഞാറുപറിക്കൽ, വിളനാട്ടി, പണിക്കൂട്ടൽ, കതിരുപൂജ, കതിരുകേറ്റൽ, പുത്തിരികേറ്റൽ, കൊയ്‌തുപിടിക്കൽ, കൊയ്‌തു തീർക്കൽ തുടങ്ങിയ നെൽ ആചാരങ്ങളുമുണ്ട്. ഇതെല്ലാം ഏറിയും കുറഞ്ഞും ഇപ്പോഴും ഇവർ പാലിക്കുന്നു.

നെൽകൃഷി ഇവർക്ക് ആഹ്ലാദകരമായ ഒരു അനുഭവം കൂടിയാണ്. കുടുംബം ഒന്നിച്ചാണു കൃഷിയിറക്കുന്നത്. എത്ര കൊയ്‌താലും ഒരു വർഷത്തേക്ക് ആവശ്യമുള്ള ധാന്യങ്ങളേ വീട്ടിൽ സൂക്ഷിച്ചുവയ്‌ക്കൂ.

‘ഉച്ചാൽ’ വ്രതം
വർഷങ്ങൾക്കു മുൻപ് നഞ്ചയും പുഞ്ചയും കൃഷിചെയ്‌തിരുന്നു. കുംഭം, മീനം മാസങ്ങളിൽ വാളിച്ച (പൊടിവിത) ഇറക്കും. മകരം 25 മുതൽ ഇവർക്കു വ്രതാചരണമാണ്. ഈ ദിവസങ്ങളിൽ നെല്ല്, പച്ചക്കറി, മുത്താറി എന്നിവയൊന്നും കൈമാറാനും വാങ്ങാനും പാടില്ല. ‘ഉച്ചാൽ’ എന്നാണ് ഈ ചടങ്ങിനെ വിളിക്കുന്നത്. ഉച്ചാൽ അവസാനിച്ചതിന്റെ പിറ്റേന്നാണു വയലിൽ വിത്തിടുക.

‘‘മുൻപ് നമ്മൾ ഭക്ഷണത്തിനുവേണ്ടിയാണു നെൽകൃഷി ചെയ്‌തിരുന്നത്. ഇപ്പോൾ അതൊരു വലിയ കച്ചോടമായി മാറി. ലാഭം എന്ന വിചാരത്തിൽ രാസവളങ്ങൾ, കീടനാശിനികൾ എന്നിവ വാരിക്കോരിയിടുന്നു. വിത്തെറിയും മുൻപ് ഇതൊക്കെയാണിപ്പോൾ മിക്കവരുടെയും മനസ്സിൽ. തിന്നുതിന്നു രോഗിയാകാനല്ല, ആരോഗ്യവാനായി തീരാനാണു ഭക്ഷണം കഴിക്കേണ്ടത്’’-രാമൻ പറയുന്നു.

വയനാടൻ പൈതൃകമായ നെൽവിത്തിനങ്ങൾ സൂക്ഷിക്കുന്ന കൂട്ടക്കരികിൽ ചെറുവയൽ രാമൻ. ചിത്രം: രാഹുൽ ആർ.പട്ടം

വിത്ത് സൗജന്യം
പൈതൃകനെൽവിത്തുകൾ സ്വന്തം ചെലവിൽ വിതച്ച്, മക്കളെയെന്നപോലെ പരിപാലിച്ചു വളർത്തി, അതു സൗജന്യമായി മറ്റുളളവർക്കു നൽകുന്നതിലാണ് രാമൻ ആഹ്ലാദം കണ്ടെത്തുന്നത്. ഏതു വിത്തും തന്നെ സമീപിക്കുന്നവർക്കു നൽകും. അവ കൃഷിചെയ്‌തു വിളവെടുത്ത് അതിന്റെ ഇരട്ടി കലർപ്പില്ലാതെ നൽകണമെന്നുമാത്രമാണു വ്യവസ്‌ഥ. ഒരോ വിത്തിന്റെയും ഗുണഗണങ്ങൾ മനഃപാഠമാണ്. വിത്തുകളിൽ പ്രകൃതിയുടെ ജീവൻ അടങ്ങിയിട്ടുണ്ടെന്നു രാമൻ നിരീക്ഷിക്കുന്നു. ആ ജീവനു ക്ഷതം ഉണ്ടാകരുതെന്നതിനാൽ മെതിക്ക് ട്രാക്‌ടർ ഉപയോഗിക്കില്ല. നെൽകറ്റയിൽ വടികൊണ്ടടിച്ച് നെല്ലു വേർപെടുത്തുന്നതാണു രീതി. വാവും പക്കവുമൊക്കെ നോക്കിയാണ് അവ കൃഷിക്കു തിരഞ്ഞെടുക്കുന്നത്.

ഏഴുദിവസം വെയിലും മഞ്ഞും കൊണ്ട് ഉണങ്ങുന്ന വിത്താണു വിതയ്ക്കുക. അഞ്ച്, ആറുമാസം മൂപ്പുള്ളവ ഭക്ഷണത്തിനും ഉപയേ‍ാഗിക്കും. ആറുമാസം മൂപ്പുള്ള നെല്ലിന്റെ അരിയാണു മനുഷ്യൻ കഴിക്കേണ്ടത് എന്നാണു നാട്ടറിവ്. ഇടിയും മിന്നലുമൊക്കെ ഏറ്റുവാങ്ങി വളരുന്ന നെല്ലിന്റെ ഗുണവും ഊർജവും ഒന്നുവേറെ തന്നെയാണ്. അങ്ങനെ ലഭിക്കുന്ന തൊണ്ടി, കയ്‌മ എന്നിവയുടെ ചേ‍ാറു കഴിച്ചാൽ പിന്നെ ആ ദിവസം ശരീരത്തിനു വേറെ ഭക്ഷണമൊന്നും വേണ്ടന്നു രാമൻ പറയും. അത്രയ്ക്കാണത്രെ അവയുടെ പോഷക ഗുണം. കയ്‌മ, ജീരകശാല, ഗന്ധകശാല എന്നിവയൊക്കെ നല്ല രുചിയും ഗന്ധവുമുള്ള വിത്തുകളാണ്. അവയുടെ അരികൊണ്ടാണു ചോറുവയ്ക്കുന്നതെങ്കിൽ വീടിന്റെ പുറത്തു നിന്നാൽ പോലും അത് അറിയാൻ കഴിയും.

മണ്ണിന്റെ ജീവൻ
‘‘വിത്ത് ഭൂമിയുടേതാണ്. മനുഷ്യന്റെ സ്‌പർശം പോലും അതിനെ കളങ്കപ്പെടുത്തും. വിത്ത് അഴുകി ഇല്ലാതായി പുറത്തേക്കുവരുന്ന ചെടിക്ക് ആരോഗ്യത്തോടെ വളരാനുള്ളതെല്ലാം ഭൂമി നൽകും. കൃത്യസമയത്തും രീതികളിലും അതു സൂക്ഷിച്ച്, മണ്ണിലേക്കെത്തിക്കുകയാണു മനുഷ്യൻ ചെയ്യേണ്ടത്.

മണ്ണിനു യോജിച്ച വിത്തു വിതച്ചാൽ അതു മറ്റു ജീവജാലങ്ങൾക്കും ഗുണം ചെയ്യും. പൈതൃകവിത്തുകളിൽ പലതും കാട്ടിൽനിന്നു വന്നവയാണ്’. പലരും പാടിപ്പറഞ്ഞു നടക്കുന്ന ചെലവില്ലാത്ത, ജൈവ നെൽകൃഷി തങ്ങൾ എത്രയോ വർഷങ്ങൾക്കു മുൻപ് ചെയ്‌തുവരുന്നതാണ്. മണ്ണിനെ അധികം ദ്രോഹിക്കാതെയായിരുന്നു കൃഷി. മണ്ണിന്റെ ജീവൻ നഷ്‌ടപ്പെടുത്താതെവേണം നെൽകൃഷി’’ – രാമൻ പറയുന്നു.

പ്രകൃതിക്കു യോജിച്ച വിധത്തിലാണ് കൃഷിചെയ്യുന്നതെങ്കിൽ കീടനാശിനിയും വളങ്ങളുമൊന്നും വേണ്ടെന്നാണു സ്വാനുഭവം.

വിത്ത് കാട്ടിൽ നിന്ന്
പൈതൃകവിത്തുകളിൽ പലതും കാട്ടിൽനിന്നാണു രാമൻ കണ്ടെത്തിയത്. മറ്റുവിളകളെപ്പോലെ നെൽവിത്തുകളും കാട്ടുവിത്തുകളാണ്. കാടിന്റെ വിവിധഭാഗങ്ങളിൽ മറ്റുചെടികളെപ്പോലെ വളരുന്നവയാണു നെല്ലും. മണ്ണു ദുഷിച്ചതോടെ മിക്കയിടത്തും പരമ്പരാഗത വിത്തുകൾ ഉപയോഗിക്കാൻ പ്രയാസമായി. ‘ശാസ്‌ത്രീയ കൃഷിരീതിയെന്നു പറഞ്ഞ് സർക്കാർ കുറെ പഠിപ്പിക്കുന്നുണ്ട്. അതിൽനിന്നു വേണ്ടതും വേണ്ടാത്തതും തിരിച്ചറിയാതെ കീടനാശിനി, വിത്തുകൾ, വളം എന്നിവ നിരന്തരം പ്രയോഗിക്കുന്നതിനാൽ മണ്ണിന്റെ അകവും പുറവും മാറി. അത്യുൽപാദനശേഷി ഉള്ളവയെന്നു പറഞ്ഞ് കുറെ വിത്തിറക്കി. ഏക്കറിന് 20 ക്വിന്റൽ നെല്ല് കിട്ടിയിരുന്നത് 30 ക്വിന്റലായി ഉയർന്നു. ഇതൊന്നും സ്വയം തിന്നാനല്ല, ആരെങ്കിലും തിന്നട്ടെ, അനുഭവിക്കട്ടെ എന്നായിരിക്കുന്നു മനോഭാവം.

മിശ്രകൃഷിയാണ് രാമന്റേത്... നെല്ലുകൊണ്ടുമാത്രം ജീവിക്കാനാവില്ലെന്ന കൃഷിയുടെ സാമ്പത്തികശാസ്‌ത്രം രാമന് നന്നായി അറിയാം. മുത്താറി, ചോളം, തിന, പയറുവർഗങ്ങൾ, കിഴങ്ങുകൾ, പച്ചക്കറികൾ, കന്നുകാലികൾ, കോഴി, താറാവുമൊക്കെ കൃഷിചെയ്യുന്നു. മുൻപ് കുന്നിന്മുകളിൽ മുത്താറിയും തിനയും ചോളവും ഉൾപ്പെടെ കൃഷിചെയ്‌തു. ഒരിക്കലും വയലിൽ കിഴങ്ങുകൃഷി നടത്താൻ അന്ന് അനുവദിച്ചിരുന്നില്ല. ആകെ അഞ്ച് ഏക്കറിലുള്ള നെൽകൃഷിയിൽ മൂന്നര ഏക്കറിലും മരത്തൊണ്ടി വിത്താണു വിതയ്ക്കുക. ബാക്കി അഞ്ചുസെന്റിൽ വീതം 41 ഇനം വിത്തുകൾ കൃഷിചെയ്യും. ഒരോ ഇനത്തിൽ നിന്നും 35, 40 കിലോ നെല്ലുകിട്ടും. അടുത്തവിളയ്ക്കാവശ്യമായ വിത്ത് മാറ്റിവച്ചശേഷം ബാക്കി വീട്ടാവശ്യത്തിനും മറ്റുകൃഷിക്കാർക്കുമായി കൊടുക്കും.

ദിവസത്തിന്റെ ഭൂരിഭാഗവും രാമൻ പാടത്താണ്. ജീവിതരീതിയും അങ്ങനെയാണ്. കൊഴുപ്പുഭക്ഷണങ്ങൾ കഴിക്കാറില്ല. വർഷംതോറും പുതുക്കി മേയുന്ന വൈക്കോൽവീട്ടിലെ താമസത്തിൽ സന്തോഷവും സംതൃപ്‌തിയും അനുഭവിക്കുന്നു.

വിത്തുകളെ പോറ്റിവളർത്തുന്ന ചെറുവയൽ രാമനെ സംസ്‌ഥാന ജൈവവൈവിധ്യ ബോർഡും മറ്റും അവാർഡുകൾ നൽകി ആദരിച്ചു. കൽപറ്റയിലെ എം.എസ്.സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ, രാമന്റെ വിത്തുസംരക്ഷണരീതി ലോകത്തെ അറിയിക്കുകയും അദ്ദേഹത്തിനൊപ്പം നിൽക്കുകയും ചെയ്യുന്നു. ഭർത്താവിന്റെ പ്രയത്നത്തിനു താങ്ങും തണലുമായി ഭാര്യ ഗീതയും രാമനൊപ്പമുണ്ട്.

നെൽവിത്തുകളുടെ സംരക്ഷണം ജീവിത ധർമമായി കരുതന്ന അദ്ദേഹം കൂടുതൽ വിത്തുകൾക്കായുള്ള അന്വേഷണം തുടരുകയാണ്; ആവശ്യക്കാർക്കെല്ലാം നൽകാനുള്ള മനസ്സുമായി!

രാമന്റെ നെല്ലിനങ്ങൾ
1) ചെന്നെല്ല്, 2) കണ്ണി ചെന്നെല്ല്, 3) വെളിയൻ, 4) ചേറ്റുവെളിയൻ, 5) ഓക്ക വെളിയൻ, 6) ചെമ്പകം, 7) മുന്താടി, 8) മുണ്ടകൻ, 9) മരത്തൊണ്ടി, 10) ചെന്നൽതൊണ്ടി, 11) ചോമാല, 12) പാൽവെളിയൻ, 13) അടുക്കൻ, 14) കോതാണ്ടൻ, 15) വെളുമ്പാല, 16) കരിമ്പാലൻ, 17) വെള്ളമുത്ത്, 18) കൊറുമ്പാളി, 19) ഗന്ധകശാല, 20) ജീരകശാല, 21) കയ്മ, 22) ഉരുണികയ്മ, 23) കുറവ, 24) തവളക്കണ്ണൻ, 25) കൊടുവെളിയൻ, 26) ഓണമൊട്ടൻ, 27) ഓണച്ചണ്ണ, 28) പാൽത്തൊണ്ടി (മട്ട), 29) പാൽത്തൊണ്ടി (വെള്ള), 30) കല്ലടിയാര്യൻ, 31) ഓക്കൻ പൂഞ്ച, 32) കറത്തൻ, 33) പൂന്നാടൻ തൊണ്ടി, 34) തൊണ്ണൂറാം തൊണ്ടി, 35) ഞവര, 36) പാൽകയ്മ, 37) കുഞ്ഞികയ്മ, 38) കുങ്കുമശാലി, 39) കുഞ്ഞിജീര, 40) ശക്‌തിശാലി, 41) തൊണ്ണൂറാം പുഞ്ച (വെള്ള). മൂന്നുമുതൽ എട്ടുമാസം വരെയാണ് ഈ വിത്തുകളുടെ മൂപ്പ്.