Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വയൽ‌ നികത്തുന്നതിനെതിരെ സമരം ചെയ്ത 11 പേരെ സിപിഎം പുറത്താക്കി

paddy

തളിപ്പറമ്പ്∙ പാർട്ടി ഗ്രാമമായ കീഴാറ്റൂരിൽ നെൽപാടം നികത്തി ബൈപാസ് റോ‍ഡ് നിർമിക്കുന്നതിനെതിരെ സമരം ചെയ്ത ‘വയൽ‌ക്കിളി’ക്കൂട്ടത്തിലെ 11 അംഗങ്ങളെ സിപിഎം പുറത്താക്കി. പാർട്ടിയുടെ നിലപാടു തള്ളി സമരത്തിൽ ഉറച്ചു നിന്നവർക്കെതിരെയാണു നടപടി. സിപിഎം ശക്തികേന്ദ്രത്തിൽ പാർട്ടിയുടെ വിലക്കു ലംഘിച്ചു സഖാക്കൾ സമരം ചെയ്തതു സമ്മേളനകാലത്തു സിപിഎമ്മിനു തലവേദനയുണ്ടാക്കിയിരുന്നു. കീഴ്ഘടകങ്ങളിലെ സമ്മേളനം കഴിഞ്ഞു പാർട്ടി ജില്ലാ സമ്മേളനത്തിലേക്കു നീങ്ങുന്നതിനിടയിലാണു നടപടി.

സിപിഎം കീഴാറ്റൂർ സെൻട്രൽ ബ്രാഞ്ച് അംഗങ്ങളായ സി.ശശിധരൻ, പി.പ്രസന്നൻ, എം.രാമകൃഷ്ണൻ, എം.രതീഷ്, ഷൈജു, എൻ.ബാലൻ, വി.ഗോവിന്ദൻ, ടി.പി.രാഹുൽ‌, ബിജു, കീഴാറ്റൂർ നോർത്ത് ബ്രാഞ്ച് അംഗങ്ങളായ ലാലുപ്രസാദ്, ടി.രാമകൃഷ്ണൻ എന്നിവരെയാണു പുറത്താക്കിയത്. സമരത്തിൽ പങ്കെടുത്തതിന് ഇവരോടു പാർട്ടി വിശദീകരണം തേടിയിരുന്നുവെങ്കിലും മിക്കവരും മറുപടി നൽകിയിരുന്നില്ല.

ദേശീയപാത നാലുവരിയാക്കി വികസിപ്പിക്കുമ്പോൾ തളിപ്പറമ്പ് ടൗണിൽ റോഡ് വീതികൂട്ടുന്നത് ഒഴിവാക്കാനാണു കീഴാറ്റൂർ വയൽ വഴി ബൈപാസ് നിർമിക്കാൻ നീക്കം നടത്തിയത്. നെൽവയൽ നികത്തുന്നതിനെതിരെ സിപിഎം മുൻ പ്രാദേശിക നേതാവ് സുരേഷ് കീഴാറ്റൂരിന്റെ നേതൃത്വത്തിൽ പാർട്ടി അംഗങ്ങളും അനുഭാവികളും വയൽക്കിളി കൂട്ടായ്മ രൂപീകരിച്ചു സമരത്തിനിറങ്ങുകയായിരുന്നു.

സെപ്റ്റംബറിൽ അനിശ്ചിതകാല നിരാഹാരം തുടങ്ങിയതിനെ തുടർന്നു പാർട്ടി ജില്ലാ നേതൃത്വം സമരത്തിനെതിരെ നേരിട്ടു രംഗത്തു വന്നു. സമരം പാർട്ടിക്കെതിരാണെന്നു സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജൻ കീഴാറ്റൂരിൽ പൊതുയോഗത്തിൽ പ്രഖ്യാപിക്കുക വരെ ചെയ്തു. എന്നിട്ടും സമരം തുടർന്ന സാഹചര്യത്തിൽ, മറ്റു രാഷ്ട്രീയകക്ഷികൾ അവസരം മുതലെടുക്കുന്നതു തടയാൻ സിപിഎം ഇടപെട്ടു തിരുവനന്തപുരത്തു പൊതുമരാമത്ത് മന്ത്രിയുടെ സാന്നിധ്യത്തിൽ ഒത്തുതീർപ്പു ചർച്ച നടത്തി.

റോഡിന്റെ റൂട്ട് മാറ്റുന്നതു പരിഗണിക്കുമെന്ന മന്ത്രിയുടെ ഉറപ്പിലാണു സമരം തീർന്നത്. പിന്നീട് അധികൃതർ നിർദേശിച്ച ബദൽറൂട്ടും സമരക്കാർക്കു സ്വീകാര്യമായിരുന്നില്ല. കഴിഞ്ഞ ദിവസം വയൽക്കിളികൾക്കു സമരവാർഷികം നടത്താൻ പൊലീസ് അനുമതി നിഷേധിച്ചതും വിവാദമായിരുന്നു.