ഉത്തര കൊറിയയുടെ മിസൈൽ പരീക്ഷണം പരാജയം

ഉത്തര കൊറിയ നടത്തിയ മിസൈൽ പരീക്ഷണത്തിന്റെ വിഡിയോ ദൃശ്യം.

വാഷിങ്ടൻ∙ പോർവിളിക്കിടെ, ഉത്തര കൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തി. എന്നാൽ പരീക്ഷണം പരാജയമായെന്നും വിക്ഷേപിച്ചതിനു തൊട്ടുപിന്നാലെ മിസൈൽ കത്തിയമർന്നുവെന്നും യുഎസ് സൈന്യം അറിയിച്ചു. തലസ്ഥാനമായ പ്യോങ്ങ്യാങ്ങിൽ സൈനികശക്തി വിളംബരം ചെയ്ത് ഉത്തര കൊറിയ നടത്തിയ വൻ ആയുധപരേഡിനു പിന്നാലെയാണ് ഇന്നലെ പുതിയ മിസൈൽ പരീക്ഷണം.

കിഴക്കൻ ഉത്തര കൊറിയയിലെ തുറമുഖ നഗരമായ സിൻപോയിൽ നിന്നാണു മിസൈൽ വിക്ഷേപിച്ചത്. ജപ്പാൻ കടലിലേക്ക് ഈ മാസാദ്യം മിസൈലുകൾ പരീക്ഷിച്ചതും ഇവിടെ നിന്നായിരുന്നു. യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് സോളിൽ വിമാനമിറങ്ങുന്നതിനു മണിക്കൂറുകൾ മുൻപായിരുന്നു പരീക്ഷണം.

ദക്ഷിണ കൊറിയയുമായുള്ള സഖ്യത്തിൽ യുഎസിന് ഏറ്റവും ശക്തമായ പ്രതിജ്ഞാബദ്ധതയാണുള്ളതെന്ന് മൈക്ക് പെൻസ് വ്യക്തമാക്കി. അതിനിടെ, യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേർസനും ചൈനയുടെ മുതിർന്ന നയതന്ത്രജ്ഞൻ യാങ് ജെഗിയും ഫോണിൽ കൊറിയൻ പ്രശ്നം ചർച്ചചെയ്തു.

പ്രശ്നം തീർക്കാൻ ചൈനയുമായി സഹകരിച്ചു പ്രവർത്തിക്കുകയാണെന്നു ട്രംപ് ട്വിറ്ററിൽ കുറിച്ചു. മിസൈൽ പരീക്ഷണം സംബന്ധിച്ച് ഉത്തര കൊറിയ പ്രതികരിച്ചിട്ടില്ലെങ്കിലും കൊറിയൻ മേഖലയിൽ യുദ്ധസാഹചര്യമുണ്ടാക്കിയതിനു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ വിമർശിച്ചു.