കിം ജോങ് നാം വധം: പ്രതികളായ യുവതികളെ വിമാനത്താവളത്തിൽ എത്തിച്ചു തെളിവെടുപ്പ്

കിം ജോങ് നാം കൊല്ലപ്പെട്ട കേസിൽ പ്രതികളായ ഇന്തൊനീഷ്യക്കാരി സിതി ആയിശയെയും വിയറ്റ്നാംകാരി ദോവാൻ തി ഹൂങ്ങിനെയും ക്വാലലംപൂർ രാജ്യാന്തര വിമാനത്താവളത്തിൽ തെളിവെടുപ്പിനായി കൊണ്ടുവരുന്നു.

സെപാങ് ∙ ഉത്തര കൊറിയൻ ഏകാധിപതിയുടെ അർധസഹോദരൻ കിം ജോങ് നാം കൊല്ലപ്പെട്ട കേസിൽ പ്രതികളായ രണ്ടു യുവതികളെയും കൊലപാതകം നടന്ന ക്വാലലംപൂർ രാജ്യാന്തര വിമാനത്താവളത്തിൽ തെളിവെടുപ്പിനായി കൊണ്ടുപോയി. വിചാരണക്കോടതി ജഡ്ജിയും വാദിഭാഗത്തിന്റെയും പ്രതിഭാഗത്തിന്റെയും അഭിഭാഷകരും വിമാനത്താവളത്തിലെത്തിയിരുന്നു.

പ്രതികളായ ഇന്തൊനീഷ്യക്കാരി സിതി ആയിശയെയും (25) വിയറ്റ്നാംകാരി ദോവാൻ തി ഹൂങ്ങിനെയും (28) വെടിയുണ്ടയേൽക്കാത്ത വസ്ത്രം ധരിപ്പിച്ചു വൻപൊലീസ് സന്നാഹത്തോടെയാണ് എത്തിച്ചത്. ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നുമായി അകൽച്ചയിലായിരുന്ന കിം ജോങ് നാം ഫെബ്രുവരി 13ന് ആണു കൊല്ലപ്പെട്ടത്.

നാമിന്റെ മുഖത്തു നിരോധിത രാസവസ്തു തേച്ചാണു യുവതികൾ കൊല നടത്തിയത്. കൊലപാതകമാണു ചെയ്യുന്നതെന്നറിയില്ലായിരുന്നുവെന്നും ടിവി റിയാലിറ്റി ഷോയുടെ ഭാഗമാണെന്നാണു കരുതിയതെന്നുമായിരുന്നു യുവതികളുടെ വാദം. ഉത്തര കൊറിയയാണു നാമിന്റെ കൊലയ്ക്കു പിന്നിലെന്ന് അഭ്യൂഹമുയർന്നിരുന്നു. കുറ്റം തെളിഞ്ഞാൽ രണ്ടു യുവതികൾക്കും വധശിക്ഷ ലഭിക്കും. യുവതികളോടൊപ്പം ഉണ്ടായിരുന്ന നാല് ഉത്തര കൊറിയക്കാർ കൊല നടന്ന അന്നുതന്നെ മലേഷ്യയിൽ നിന്നു രക്ഷപ്പെട്ടു.