മ്യാൻമറിനു സൈനിക സഹായം നിർത്തുമെന്ന് യുഎസ്

വാഷിങ്ടൻ∙ രോഹിൻഗ്യകൾക്കുനേരെ നടന്ന വംശീയാതിക്രമങ്ങളുടെ പേരിൽ മ്യാൻമറിനു നൽകുന്ന സൈനിക സഹായം നിർത്തലാക്കുമെന്ന് യുഎസ് വ്യക്തമാക്കി. മ്യാൻമർ സൈനിക നേതൃത്വത്തിനെതിരെ ഇനിയും നടപടികളുണ്ടാകുമെന്നും വിഷയത്തിൽ സഖ്യകക്ഷികളുമായി ചർച്ച നടത്തിയെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ടുമെന്റ് വക്താവ് ഹെതർ നൗവർട്ട് പറഞ്ഞു.

മ്യാൻമറിൽ ജനാധിപത്യം പരിപാലിക്കാനുള്ള നീക്കങ്ങൾക്ക് യുഎസ് തുടർന്നു പിന്തുണ നൽകും. ഒപ്പം രോഹിൻഗ്യ മുസ്‌ലിംകൾക്കെതിരെ അതിക്രമം നടന്ന റാഖൈൻ സംസ്ഥാനത്തെ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളെയും പിന്തുണയ്ക്കും– നൗവർട്ട് പറഞ്ഞു. പലായനം ചെയ്തവർക്ക് സുരക്ഷിതമായി നാട്ടിൽ തിരിച്ചെത്താൻ സൗകര്യമൊരുക്കണമെന്നും അഭയാർഥികൾക്കു സഹായമെത്തിക്കണമെന്നും യുഎസ് ആവശ്യപ്പെട്ടു.