യുഎസ് സർവകലാശാലകളിലേക്ക് ഇന്ത്യൻ വിദ്യാർഥികൾ കുറയുന്നു

വാഷിങ്ടൻ∙ വീസാ നയമാറ്റം സംബന്ധിച്ച അനിശ്ചിതത്വത്തിനും വർധിക്കുന്ന വംശീയാതിക്രമങ്ങൾക്കുമിടയിൽ, യുഎസ് സർവകലാശാലകളിലേക്കുള്ള ഇന്ത്യൻ വിദ്യാർഥികളുടെ അപേക്ഷകളിൽ ഗണ്യമായ ഇടിവ്.

യുഎസിലെ 250 ലേറെ സർവകലാശാലകളിലും കോളജുകളിലും നടത്തിയ സർവേകളിലാണ് അണ്ടർ ഗ്രാജുവേറ്റ് കോഴ്സുകൾക്കുള്ള അപേക്ഷകളിൽ 25 ശതമാനവും ഗ്രാജുവേറ്റ് കോഴ്സുകളിൽ 15 ശതമാനവും ഇന്ത്യൻ വിദ്യാർഥികൾ കുറഞ്ഞതായി കണ്ടത്.

ആറു പ്രമുഖ അമേരിക്കൻ വിദ്യാഭ്യാസ ഗ്രൂപ്പുകൾ നടത്തിയ സർവേ റിപ്പോർട്ട് ഈ ആഴ്ച പ്രസിദ്ധീകരിക്കും. ഈ സ്ഥാപനങ്ങൾക്കു വിദേശ വിദ്യാർഥികളുടെ എണ്ണത്തിൽ ശരാശരി 40% കുറവുണ്ടായതായും പറയുന്നു. നിലവിൽ യുഎസിലെ വിദേശ വിദ്യാർഥികളിൽ 47 ശതമാനവും ഇന്ത്യയിൽനിന്നും ചൈനയിൽനിന്നുമാണ്. ഇവർ അഞ്ചു ലക്ഷത്തോളം വരും.

ചൈനയിൽനിന്നുള്ള അപേക്ഷകരുടെ എണ്ണത്തിൽ ഗ്രാജുവേറ്റ് കോഴ്സുകളിൽ 32 ശതമാനവും അണ്ടർ ഗ്രാജുവേറ്റ് കോഴ്സുകളിൽ 25 ശതമാനവും കുറവുണ്ടായിട്ടുണ്ട്.

യുഎസ് കോൺസുലേറ്റുകൾ വിദ്യാർഥി വീസകൾ നിഷേധിക്കുന്നതു വർധിച്ചതും അമേരിക്കയിലെ മാറിയ രാഷ്ട്രീയാന്തരീക്ഷം വിദേശികൾക്ക് അനുകൂലമല്ലെന്നുമുള്ള വിലയിരുത്തലാണു വിദേശ വിദ്യാർഥികളുടെ അപേക്ഷ കുറയാൻ കാരണമായതെന്നും സർവേ വിലയിരുത്തുന്നു. വീസാ നയങ്ങളിൽ വലിയ മാറ്റങ്ങൾ വന്നേക്കുമെന്ന ആശങ്കയും വ്യാപകമാണ്.