ആശങ്കകൾക്കു കാരണം ഉത്തരകൊറിയയുടെ ‘കെഎൻ 08’ ഭൂഖണ്ഡാന്തര മിസൈൽ

പ്യോങ്ങ്യാങ് (ഉത്തര കൊറിയ) ∙ യുഎസിനെ ആക്രമിക്കാൻ ശേഷിയുള്ള ഭൂഖണ്ഡാന്തര മിസൈൽ (ഐസിബിഎം) ഉത്തര കൊറിയ വികസിപ്പിക്കുന്നുവെന്ന കണക്കുകൂട്ടലുകളാണ് ഇപ്പോഴത്തെ യുദ്ധസമാനമായ അന്തരീക്ഷത്തിനു പ്രധാന കാരണം. കെഎൻ 08 എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന മിസൈലുകൾ ഇന്നലെ നടന്ന സൈനിക പരേഡിൽ പ്രദർശിപ്പിച്ചിരുന്നു. ഇവയ്ക്കു ഭാവിയി‍ൽ യുഎസിനെ ആക്രമിക്കാന‍ുള്ള ദൂരപരിധി കൈവരുമെന്നാണു വിലയിരുത്തൽ.

ഈ മിസൈൽ ഏതുസമയവും യുഎസിനെതിരെ പ്രയോഗിക്കുമെന്ന് ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉൻ ഭീഷണി മുഴക്കിയിരുന്നു. എന്നാൽ, ഈ ഭൂഖണ്ഡാന്തര മിസൈലിന്റെ ആകാശ പരീക്ഷണം ഉത്തര കൊറിയ ഇതുവരെ നടത്തിയിട്ടില്ല. പരീക്ഷണത്തിലിരിക്കുന്ന മിസൈലുകളും ഉത്തര കൊറിയ സാധാരണയായി സൈനിക പരേഡിൽ പ്രദർശിപ്പിക്കാറുണ്ട്. ഇന്നലത്തെ ആയുധ പരേഡിൽ പ്രത്യക്ഷപ്പെട്ട മിസൈലുകൾ അത്തരത്തിൽപ്പെട്ടവ ആകാമെന്നും ദക്ഷിണ കൊറിയൻ സൈനിക വിദഗ്ധർ പറയുന്നു.

യുഎസിനെ ആക്രമിക്കാൻ കഴിയുംവിധം ദൂരപരിധിയുള്ള ഭൂഖണ്ഡാന്തര മിസൈൽ (ഐസിബിഎം) സാങ്കേതികവിദ്യ ഉത്തര കൊറിയയ്ക്ക് ഇനിയും വശമില്ലെന്നാണു ദക്ഷിണ കൊറിയയുടെ നിഗമനം. എന്നാൽ, ഉത്തര കൊറിയയുടെ ‘വെളിപ്പെടുത്താത്ത’ ആയുധരഹസ്യങ്ങളെക്കുറിച്ചുള്ള ആശങ്ക യുഎസിനുണ്ട്. മാർച്ച് ആദ്യം ജപ്പാൻ തീരത്തേക്ക് ഉത്തര കൊറിയ നാലു മിസൈലുകൾ പരീക്ഷിച്ചതോടെയാണു മേഖലയിൽ വീണ്ടും യുദ്ധഭീതി പരന്നത്. ഇവയിൽ ചിലതു ജപ്പാൻ തീരത്തുനിന്നു 300 കിലോമീറ്റർ അകലെവരെ എത്തിയിരുന്നു.

ഒടുവിൽ കഴിഞ്ഞയാഴ്ച ജപ്പാൻ കടലിലേക്കു മധ്യദൂര ബാലിസ്റ്റിക് മിസൈലും വിക്ഷേപിച്ചു. കെഎൻ15 – മധ്യദൂര ബാലിസ്റ്റിക് മിസൈലാണു പരീക്ഷിച്ചതെന്നാണു കരുതപ്പെടുന്നത്. ഉത്തര കൊറിയൻ മുങ്ങിക്കപ്പലുകളുടെ കേന്ദ്രമായ കിഴക്കൻ തുറമുഖനഗരം സിൻപോയിൽനിന്ന് 60 കിലോമീറ്ററാണ് ഈ മിസൈൽ സഞ്ചരിച്ചത്. ഇതിനൊപ്പമാണ് ഉത്തര കൊറിയ ആണവ പരീക്ഷണങ്ങളും തുടരുന്നത്. ഭൂമിക്കടിയിൽ അടുത്ത ആണവ പരീക്ഷണത്തിന് ഉത്തര കൊറിയ സജ്ജമാണെന്നാണു റിപ്പോർട്ടുകൾ. ഉടൻതന്നെ ഇതു നടന്നേക്കുമെന്നു യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ കരുതുന്നു.

ആണവ പരീക്ഷണം നടത്തുന്നതിൽനിന്ന് ഉത്തര കൊറിയയെ വിലക്കാൻ യുഎസ് ചൈനയുടെ സഹായം തേടിയതും ഇതിനാലാണ്. ആണവ പരീക്ഷണത്തിൽനിന്ന് ഉത്തര കൊറിയ പിന്മാറണമെന്നു ചൈന പരസ്യമായി ആവശ്യപ്പെടുകയും ചെയ്തു. ഉത്തര കൊറിയൻ ഏകാധിപതി കിങ് ജോങ് ഉന്നിന്റെ ചോരത്തിളപ്പിനെ പ്രതിരോധിക്കാൻ മേഖലയിലെ ഏക സഖ്യരാജ്യമായ ചൈനയ്ക്കും പൂർണമായി സാധിക്കില്ല എന്നതാണു നിലവിലെ അവസ്ഥ.