Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുർദിഷ് കാവലിൽ ഇറാഖിൽ ഈസ്റ്റർ ആഘോഷം

ടെൽ എസ്കോഫ് (ഇറാഖ്)∙ രണ്ടു വർഷത്തെ ഇടവേളയ്ക്കുശേഷം നൂറുകണക്കിന് ഇറാഖി ക്രിസ്ത്യാനികൾ പള്ളിയിൽ ഒത്തുകൂടി ഉയിർപ്പു പെരുന്നാൾ ആചരിച്ചു. രാജ്യത്ത് ക്രൈസ്തവർക്ക് സമാധാന ജീവിതത്തിലേക്ക് മടങ്ങാൻ കഴിയുമെന്ന് അവർ പ്രത്യാശ പങ്കിട്ടു.

മൊസൂളിന് വടക്ക് ടെൽ എസ്കോഫിൽ ഐഎസ് ഭീകരർ ആക്രമിച്ചു കേടുവരുത്തിയ മാർ ഗീവർഗീസ് കൽദായ കത്തോലിക്കാ പള്ളിയിലാണ് ആബാലവൃദ്ധം തടിച്ചുകൂട്ടിയത്. കുർദിഷ് പെഷ്മെർഗ പോരാളികൾ പള്ളിക്കു ചുറ്റും ക്രൈസ്തവർക്ക് കാവൽ നിന്നു.

നിനെവെ സമതലത്തിൽ ഐഎസ് തകർത്ത ക്രിസ്ത്യൻ പട്ടണങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ടെൽ എസ്കോഫ് പള്ളിക്ക് ചെറിയ കേടേയുള്ളൂ. 2014ൽ ഒരാഴ്ച ഐഎസിന്റെ പിടിയിലായിപ്പോയ സ്ഥലത്തുനിന്ന് അവരെ പുറത്താക്കിയത് കുർദിഷ് പോരാളികളാണ്.

യേശുക്രിസ്തു സംസാരിച്ച ഭാഷയായ അറമായയോടു ഏറ്റവുമടുത്ത കൽദായ ഭാഷയിൽ വിശ്വാസികൾ ഗാനങ്ങൾ ആലപിച്ചു. ശീതളപാനീയങ്ങളും ചായംതേച്ച ഈസ്റ്റർ മുട്ടകളും വിതരണം ചെയ്തു.

Your Rating: