ആഴ്ച തോറും മിസൈൽ പരീക്ഷണം: ഉത്തര കൊറിയ

പ്യോങ്‌യാങ്∙ യുഎസുമായി സംഘർഷം നിലനിൽക്കുമ്പോഴും ആഴ്ചതോറും മിസൈൽ പരീക്ഷിക്കുമെന്ന് ഉത്തര കൊറിയ. യുഎസ് സൈനിക ശക്​തി ഉപയോഗിച്ചാൽ യുദ്ധം തന്നെയായിരിക്കും മറുപടിയെന്നു വിദേശകാര്യ സഹമന്ത്രി ഹാൻ സോങ്–റ്യോൾ വ്യക്​തമാക്കി.

തന്ത്രപരമായ ക്ഷമയുടെ കാലംകഴിഞ്ഞെന്നു യുഎസ് വൈസ് പ്രസിഡന്റ് മൈക് പെൻസ് മുന്നറിയിപ്പു നൽകിയശേഷമാണ് ഉത്തര കൊറിയയുടെ ഈ പ്രഖ്യാപനം. ആഴ്ച, മാസം, വർഷം അടിസ്ഥാനത്തിൽ മിസൈൽ പരീക്ഷിക്കുമെന്നു ഹാൻ വിശദീകരിച്ചു. ഞായറാഴ്ച ഉത്തര കൊറിയ മിസൈൽ പരീക്ഷിച്ചിരുന്നു. എന്നാൽ, ആ മധ്യദൂര മിസൈൽ വിക്ഷേപണം ചെയ്ത് അഞ്ചു സെക്കൻഡിനകം തകർന്നെന്നാണു യുഎസ് വിദേശകാര്യ വകുപ്പ് അറിയിച്ചത്.

അണ്വായുധങ്ങൾ ഉപേക്ഷിക്കാൻ ചൈന ഉത്തര കൊറിയയെ പ്രേരിപ്പിക്കണമെന്നു മൈക് പെൻസ് അഭ്യർഥിച്ചു. ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉനിന് എന്തു സന്ദേശമാണ് അങ്ങേക്കു നൽകാനുള്ളതെന്നു മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മറുപടി ‘മര്യാദയ്ക്കു പെരുമാറുക’ എന്നായിരുന്നു.