പിൻ നമ്പർ വേണ്ട; വരുന്നൂ, വിരലടയാള കാർഡ്

വാഷിങ്ടൺ∙ എടിഎം പിൻ നമ്പർ മറന്നുപോയെന്നൊന്നും ഇനി പരിഭ്രമിക്കേണ്ട – പിൻ നമ്പറുകൾക്കും സെക്യൂരിറ്റി കോഡിനുമൊക്കെ പകരം സ്വന്തം വിരലടയാളം ഉപയോഗിച്ച് ഇടപാടുകൾ നടത്താവുന്ന കാർഡുകൾ ഇതാ വന്നു കഴി‍ഞ്ഞു. യുഎസ് കമ്പനി മാസ്റ്റർ കാർഡ് ഇത്തരം ബയോമെട്രിക് കാർഡുകളുടെ പരീക്ഷണ ഉപയോഗം ദക്ഷിണാഫ്രിക്കയിൽ നടത്തിക്കഴിഞ്ഞു.

കൂടുതൽ പരീക്ഷണങ്ങൾ നടത്തിയശേഷം ഈ വർഷാവസാനത്തോടെ കാർഡുകൾ പുറത്തിറക്കാനാണു കമ്പനി ഉദ്ദേശിക്കുന്നത്. അധിക സുരക്ഷയ്ക്കൊപ്പം ഉപയോഗം എളുപ്പമാകുന്നുവെന്നതാണു ബയോമെട്രിക് കാർഡുകളുടെ മെച്ചമെന്നു മാസ്റ്റർ കാർഡിന്റെ സുരക്ഷാകാര്യങ്ങളുടെ ചുമതലയുള്ള ഇന്ത്യൻ വംശജൻ അജയ് ഭല്ല പറഞ്ഞു.

ബാങ്കി‍ൽനിന്നു കാർഡ് എടുക്കുമ്പോൾ ഉപയോക്താവിന്റെ വിരലടയാളം കൂടി രേഖപ്പെടുത്തും. ഇതു കാർഡിൽ ഡിജിറ്റൽ ടെംപ്ലറ്റായി സൂക്ഷിക്കും. സാധാരണ കാർഡുകൾ പോലെ എടിഎമ്മുകളിലോ പിഒഎസ് മെഷീനുകളിലോ ഉപയോഗിക്കാം. പിൻ നമ്പറിനു പകരം വിരലടയാളം രേഖപ്പെടുത്താനുള്ള സ്ഥലത്തു വിരൽ വയ്ക്കണം. യൂറോപ്പിലും ഏഷ്യയിലും വരുംമാസങ്ങളിൽ കാർഡിന്റെ പരീക്ഷണ ഉപയോഗം നടക്കും.