ദക്ഷിണ കൊറിയയ്ക്ക് പുതിയ പ്രസിഡന്റ്; ഉത്തര കൊറിയയിൽ മൂന്നാംദിനം വാർത്ത

മൂൺ ജേ ഇൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വാർത്ത ദക്ഷിണ കൊറിയൻ പത്രത്തിൽ.

സോൾ ∙ ദക്ഷിണ കൊറിയയിൽ ഇടതുപക്ഷാഭിമുഖ്യമുള്ള പുതിയ പ്രസിഡന്റ് മൂൺ ജേ ഇൻ അധികാരമേറ്റത് മൂന്നാം ദിവസം ഉത്തരകൊറിയൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഉത്തരകൊറിയയുമായി ചർച്ചകൾക്കു തയാറാണെന്നു പുതിയ പ്രസിഡന്റ് പ്രഖ്യാപിച്ചിരുന്നു.

ഉത്തരകൊറിയയുടെ ഔദ്യോഗിക വാർത്താ ഏജൻസി കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി നാലു വാചകത്തിലാണു വാർത്ത പുറത്തുവിട്ടത്. ഇത്രയും വലുപ്പം പതിവില്ലാത്തതാണത്രേ.

2012ൽ ദക്ഷിണകൊറിയയിൽ പാർക് ഗ്യൂൻ ഹൈ പ്രസിഡന്റായപ്പോൾ ഒറ്റവാചകത്തിലായിരുന്നു ഉത്തരകൊറിയൻ റിപ്പോർട്ട്. ഉത്തരകൊറിയാ വിരുദ്ധ കർക്കശ നിലപാടുകാരിയായിരുന്നു പാർക് എങ്കിൽ മൃദുസമീപനമാണു മൂൺ ജേയുടേത്.