യുഎസ് വിമാനത്തെ ചൈനീസ് യുദ്ധവിമാനങ്ങൾ തടഞ്ഞു

വാഷിങ്ടൻ ∙ ദക്ഷിണ ചൈനാക്കടലിനു മുകളിലൂടെ കടന്നുപോയ യുഎസിന്റെ നിരീക്ഷണ വിമാനത്തെ ചൈനയുടെ രണ്ടു യുദ്ധവിമാനങ്ങൾ തടഞ്ഞു. അമേരിക്കൻ വിമാനത്തിന്റെ 180 മീറ്റർ അടുത്തുവരെ ചൈനയുടെ ഒരു യുദ്ധവിമാനം എത്തി.

യുഎസിന്റെ പി–3 ഓറിയോൺ നിരീക്ഷണ വിമാനം ഹോങ്കോങ്ങിന് 240 കിലോമീറ്റർ തെക്കുകിഴക്ക് രാജ്യാന്തര വ്യോമാതിർത്തിയിൽ എത്തിനിൽക്കെയാണു സുരക്ഷിതത്വം പാലിക്കാതെ തടഞ്ഞതെന്നു പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

ഒരുഘട്ടത്തിൽ ചൈനയുടെ യുദ്ധവിമാനം അമേരിക്കൻ വിമാനത്തിന്റെ മുന്നിൽ പറന്നു തടസ്സം സൃഷ്ടിച്ചു. രണ്ടു ചൈനീസ് വിമാനങ്ങൾ തങ്ങളുടെ വിമാനം തടഞ്ഞുവെന്നു പെന്റഗൺ സ്ഥിരീകരിച്ചു.