Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചൊവ്വയിലെ പാറകളിൽ ലോഹത്തരികൾ

MARS-ROVER-SELFIE ക്യൂരിയോസിറ്റി റോവർ ചൊവ്വയിൽ (ഫയൽ ചിത്രം).

വാഷിങ്ടൻ∙ ചൊവ്വയിലെ പാറകളുടെ സാമ്പിളുകളിൽ ധാതുസമ്പുഷ്ടമായ ലോഹങ്ങളുടെ തരികൾ കണ്ടെത്തി. ചൊവ്വാഗ്രഹത്തിലെ പരിസ്ഥിതിമാറ്റങ്ങളിലേക്കു വെളിച്ചം വീശാൻ ഈ കണ്ടെത്തൽ സഹായകമാകുമെന്നാണു പ്രതീക്ഷ. 350 കോടി വർഷം മുൻപു ചൊവ്വയിലുണ്ടായിരുന്ന തടാകത്തിലെ ജലത്തിൽ അടിഞ്ഞുകിടന്നിരുന്ന പാറകളുടെ അടരുകളിൽനിന്നാണു നാസയുടെ ക്യൂരിയോസിറ്റി റോവർ ലോഹങ്ങളുടെ തരികൾ ശേഖരിച്ചത്.

നാസയിൽ ഇതു സംബന്ധിച്ചു നടത്തിയ ഗവേഷണങ്ങളുടെ വിശദാംശങ്ങൾ എർത്ത് ആൻഡ് പ്ലാനറ്ററി സയൻ‌സ് ലെറ്റേഴ്സ് ജേണലിന്റെ പുതിയ ലക്കത്തിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ജലത്തിൽ 350 കോടി വർഷം മുൻപ് അടിഞ്ഞുകൂടി രൂപപ്പെട്ട അടരുകളിൽ കണ്ടെത്തിയ ഈ ലോഹാവശിഷ്ടങ്ങൾ ആദ്യകാല ചൊവ്വാഗ്രഹം ആദ്യകാല ഭൂമിയെപ്പോലെ മെല്ലെ തണുത്തുവരികയായിരുന്നുവെന്നു വ്യക്തമാക്കുന്നു.

ആദ്യകാല ഭൂമിയിൽ 350 കോടി വർഷം മുൻപാണ് ഈ അന്തരീക്ഷത്തിൽ ജീവന്റെ തുടിപ്പുകൾ ഉണ്ടായത്. ഇതേ അന്തരീക്ഷമാണ് ആ സമയത്തു ചൊവ്വാഗ്രഹത്തിലും ഉണ്ടായിരുന്നതെങ്കിൽ അവിടെയും ജീവന്റെ സാന്നിധ്യം ഉണ്ടായിരുന്നോയെന്നു സംശയിക്കേണ്ടിയിരിക്കുന്നു. – നാസയിലെ എലിസബത്ത് റാമ്പെ പറഞ്ഞു.