ഉത്തര കൊറിയയിൽ നിന്ന് ജയിൽമോചിതനായ യുഎസ് വിദ്യാർഥി മരിച്ചു

ഓട്ടൊ വാംബിയർ.

വാഷിങ്ടൻ∙ ഉത്തരകൊറിയയിൽ ഒന്നര വർഷത്തെ ജയിൽവാസത്തിനു ശേഷം മോചിതനായി അബോധാവസ്ഥയിൽ തിരിച്ചെത്തിയ യുഎസ് വിദ്യാർഥി ഓട്ടൊ വാംബിയർ(22) മരിച്ചു. പ്രചാരണത്തിനുള്ള ബാനർ മോഷ്ടിച്ചെന്ന കുറ്റംചുമത്തി 15 വർഷത്തെ തടവിനു ശിക്ഷിക്കപ്പെട്ട വാംബിയർ, തടവിൽ കൊടിയ പീഡനത്തിനിരയായെന്നാണു വിവരം.

ഉത്തരകൊറിയയിലേതു കിരാത ഭരണകൂടമാണെന്നു ഡോണൾഡ് ട്രംപ് പറഞ്ഞു. കഴിഞ്ഞ വർഷം മാർച്ചിൽ വിചാരണയ്ക്കു തൊട്ടുപിന്നാലെ വാംബിയർ അസുഖബാധിതനായെന്നും ഉറക്കഗുളിക കഴിച്ചതിനുശേഷം അബോധാവസ്ഥയിലായെന്നുമാണ് ഉത്തര കൊറിയ അധികൃതർ വിശദീകരിക്കുന്നത്.

വിദ്യാർഥിയുടെ മരണത്തിൽ ചൈന ദുഃഖം പ്രകടിപ്പിച്ചു. ഇന്നു നടക്കുന്ന യുഎസ്–ചൈന ചർച്ചയിലും മുഖ്യവിഷയം ഉത്തര കൊറിയയാണ്.

ഒഹായോ സ്വദേശിയും വെർജീനിയ സർവകലാശാലാ ബിരുദ വിദ്യാർഥിയുമായ വാംബിയറിനെ കഴിഞ്ഞ വർഷം മാർച്ചിൽ ഉത്തര കൊറിയയുടെ സുപ്രീം കോടതി ഒന്നര മണിക്കൂർ മാത്രം നീണ്ട വിചാരണയ്ക്കൊടുവിലാണു തടവിനു വിധിച്ചത്. മാനുഷിക പരിഗണന നൽകി മോചിപ്പിക്കണമെന്നാവശ്യപ്പെട്ടു യുഎസ് നടത്തിയ നിരന്തര സമ്മർദത്തിനൊടുവിലാണു മോചനം സാധ്യമായത്.