ചൈനയിൽ വൻ‍‌മണ്ണിടിച്ചിൽ: 15 മരണം; നൂറിലേറെ പേരെ കാണാതായി

ചൈനയിലെ സിച്ചുവാൻ പ്രവിശ്യയിലുണ്ടായ വൻ മലയിടിച്ചിലിൽ തകർന്ന ഗ്രാമം. ചിത്രം: എഎഫ്പി.

ബെയ്ജിങ് ∙ ചൈനയുടെ ദക്ഷിണ, പശ്ചിമ പ്രവിശ്യയായ സിച്ചുവാനിൽ ഇന്നലെയുണ്ടായ വൻ മലയിടിച്ചിലിൽ 15 പേർ മരിച്ചു. താഴ്‌വാര ഗ്രാമത്തിലെ നൂറിലേറെ പേരെ കാണാതായി. മരണസംഖ്യ കൂടിയേക്കും.

രാവിലെ ആറുമണിയോടെ വൻതോതിൽ കല്ലും മണ്ണും ഇടിഞ്ഞു സിൻമോ ഗ്രാമത്തിലെ 60 വീടുകൾക്കു മുകളിൽ വീഴുകയായിരുന്നു. ഇതുവഴി ഒഴുകിയിരുന്ന നദി രണ്ടു കിലോമീറ്ററോളം മണ്ണുവീണു മൂടിപ്പോയി. പ്രധാനറോഡിന്റെ 1.6 കിലോമീറ്റർ മണ്ണിനടിയിലായി. 

സൈനികരുൾപ്പെടെയുള്ള രക്ഷാപ്രവർത്തകർ ഒരു കുടുംബത്തിലെ മൂന്നുപേരെ കല്ലുകൾ‌ക്കിടയിൽ നിന്നു ജീവനോടെ പുറത്തെടുത്തു. കല്ലും മണ്ണും നീക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ആയിരത്തിലേറെ പേർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ട്. സിച്ചുവാനിൽ 2008 ൽ ഭൂചലനത്തിൽ 87,000 പേർ കൊല്ലപ്പെട്ടിരുന്നു.