ചൈനീസ് ബുദ്ധി; മുങ്ങിക്കപ്പലിനും ഒളിക്കാനാവില്ല

ബെയ്ജിങ്∙ മുങ്ങിക്കപ്പലുകളും മറഞ്ഞിരിക്കുന്ന ധാതുനിക്ഷേപങ്ങളും ഉൾപ്പെടെ ഏതു ലോഹവസ്തുവിനെയും കണ്ടുപിടിക്കാനുള്ള കാന്തിക സാങ്കേതികവിദ്യയുമായി ചൈനീസ് ഗവേഷകർ. മുങ്ങിക്കപ്പലിന്റെ സാന്നിധ്യം ആകാശത്തുനിന്നു തിരിച്ചറിയാനുള്ള സംവിധാനം കണ്ടെത്തിയതായാണ് ചൈനീസ് സയൻസ് അക്കാദമിയുടെ അവകാശവാദം.

സൈനിക ആവശ്യങ്ങൾക്ക് ഏറെ പ്രയോജനപ്പെടുത്താവുന്ന നേട്ടമാണിത്. ഒന്നിലേറെ ആന്റെന ഉപയോഗിച്ചുള്ള വിവരശേഖരണവും ദ്രവ നൈട്രജൻ കൊണ്ടു ശീതീകരിച്ച കംപ്യൂട്ടർ ചിപ്പിന്റെ സഹായത്തോടെ ഏതു സിഗ്നലും പിടിച്ചെടുക്കാനുള്ള കഴിവുമാണ് ചൈനീസ് തിരച്ചിൽ സംവിധാനത്തിന്റെ സവിശേഷതകൾ.

അതുകൊണ്ടു തന്നെ പരമ്പരാഗത സംവിധാനങ്ങളേക്കാൾ സൂക്ഷ്മതയും കൃത്യതയും ഉറപ്പാക്കാനാകുമെന്നും ചൈനീസ് ഗവേഷകർ പറയുന്നു.