Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിറിയയിൽ വൻ ചാവേർ സ്ഫോടനം; 18 മരണം

syria-attack സിറിയയിൽ സ്ഫോടനത്തിൽ നശിച്ച കെട്ടിടങ്ങളും വാഹനങ്ങളും.

ഡമാസ്കസ്∙ മൂന്നു കാറുകൾ നിറയെ സ്ഫോടക വസ്തുക്കളുമായി എത്തിയ ചാവേറുകൾ സുരക്ഷാസേനയുടെ പിടിയിലാകുമെന്നുകണ്ടപ്പോൾ പൊട്ടിത്തെറിച്ച് 18 പേർ കൊല്ലപ്പെട്ടു. ഒട്ടേറെ പേർക്കു പരുക്കേറ്റു. കൊല്ലപ്പെട്ടവരിൽ ഏഴുപേർ സുരക്ഷാ ഭടന്മാരാണ്. സിറിയയുടെ തലസ്ഥാന നഗരിയിൽ സമീപകാലത്തു നടക്കുന്ന ഏറ്റവും വലിയ ചാവേർ ആക്രമണമാണിത്. ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. 

ഇന്നലെ പുലർച്ചെ മൂന്നു കാറുകളിൽ സ്ഫോടക വസ്തുക്കളുമായി എത്തിയ ചാവേറുകളെ നഗരപ്രാന്തത്തിൽ വച്ച് സുരക്ഷാസേന ത‍ടഞ്ഞു. നിർത്താതെ പാഞ്ഞ കാറുകളെ സേന പിന്തുടരുന്നതിനിടെ രണ്ടെണ്ണം വിമാനത്താവളത്തിലേക്കുള്ള വഴിയിൽ വച്ച് പൊട്ടിത്തെറിച്ചു. ഒരു കാർ തഹ്‍രീർ ചത്വരത്തിന്റെ കിഴക്കുഭാഗത്ത് സുരക്ഷാസേന വളഞ്ഞപ്പോൾ കാറോടിച്ചിരുന്ന ചാവേർ സ്ഫോടനം നടത്തുകയായിരുന്നു. രാവിലെ ആറിനു നടന്ന ഈ സ്ഫോടനത്തിലാണ് കാര്യമായ നാശമുണ്ടായത്. സമീപത്തുണ്ടായിരുന്ന ഒട്ടേറെ വാഹനങ്ങളും കെട്ടിടങ്ങളും തകർന്നു. 

സേനയുടെ അവസരോചിതമായ ഇടപെടൽ ഇല്ലായിരുന്നെങ്കിൽ വൻദുരന്തസാധ്യത ഉണ്ടായിരുന്നതായി ഔദ്യേഗിക വാർത്താ ഏജൻസി സന റിപ്പോർട്ട് ചെയ്തു. ഈദുൽ ഫിത്ർ ആഘോഷത്തിനുശേഷമുള്ള ആദ്യ പ്രവൃത്തിദിനമായ ഇന്നലെ നഗരത്തിരക്കിൽ വൻസ്ഫോടനത്തിനാണു ചാവേറുകൾ ലക്ഷ്യമിട്ടിരുന്നത്. 

ആറു വർഷമായി ആഭ്യന്തര കലാപം നടക്കുന്ന സിറിയയിലെ മറ്റു നഗരങ്ങളെല്ലാം സംഘർഷഭരിതമായിരുന്നപ്പോഴും തലസ്ഥാന നഗരമായ ഡമാസ്കസ് ശാന്തമായിരുന്നു. നഗരപ്രാന്തത്തിലെ ഒരു റസ്റ്ററന്റിൽ കഴിഞ്ഞ മാർച്ചിൽ നടന്ന ഐഎസ് ഭീകരാക്രമണത്തിൽ 32 പേർ കൊല്ലപ്പെട്ടിരുന്നു. ഓൾഡ് ഡമാസ്കസിൽ രണ്ട് ആക്രമണങ്ങളിൽ 74 പേർ കൊല്ലപ്പെട്ടതിനു രണ്ടു ദിവസം കഴിഞ്ഞായിരുന്നു ഈ ആക്രമണം. അതിനുശേഷം ഡമാസ്കസും പരിസരപ്രദേശങ്ങളും പൊതുവേ ശാന്തമായിരുന്നു.