താലിബാൻ ചാവേർ ആക്രമണം: പാക്കിസ്ഥാനിൽ രണ്ടു മരണം

പെഷാവർ∙ വടക്കു പടിഞ്ഞാറൻ പാക്കിസ്ഥാനിൽ താലിബാൻ ചാവേർ ആക്രമണത്തിൽ ഒരു മേജർ ഉൾപ്പെടെ രണ്ടുപേർ കൊല്ലപ്പെട്ടു. പത്തു പേർക്കു പരുക്കേറ്റു. സ്ഫോടകവസ്തുക്കളുമായി മോട്ടോർ സൈക്കിളിൽ വന്ന ചാവേർ അർധ സൈനിക വിഭാഗത്തിന്റെ വാഹനവ്യൂഹത്തിലേക്കു പാഞ്ഞുകയറി സ്ഫോടനം നടത്തുകയായിരുന്നു.

ട്രാഫിക് സിഗ്നലിൽ കാത്തുകിടക്കുകയായിരുന്നു അർധസൈനിക വിഭാഗത്തിന്റെ വാഹനങ്ങൾ. വാഹനവ്യൂഹത്തിലെ രണ്ടു വാഹനങ്ങൾ പൂർണമായും തകർന്നു. പരുക്കേറ്റവരിൽ കാൽനടയാത്രക്കാരും ഉൾപ്പെടുന്നു.

തെഹ്‌രികെ താലിബാൻ പാക്കിസ്ഥാൻ(ടിടിപി) ആക്രമണത്തിന്റെ ഉത്തരവാദിത്തമേറ്റു. കൊല്ലപ്പെട്ട മേജർ ജമാൽ ഷെറിൻ തങ്ങളുടെ നോട്ടപ്പുള്ളിയായിരുന്നുവെന്നു ടിടിപി വക്താവ് അറിയിച്ചു.