ഒബാമ കെയർ: സെനറ്റ് വോട്ടെടുപ്പ് അടുത്തയാഴ്ച

വാഷിങ്ടൻ ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തള്ളിപ്പറഞ്ഞ ‘ഒബാമ കെയർ’ ആരോഗ്യ പദ്ധതി പിൻവലിക്കുന്നതു സംബന്ധിച്ച ബില്ലിൽ സെനറ്റ് വോട്ടെടുപ്പ് അടുത്തയാഴ്ച. പദ്ധതി റദ്ദാക്കൽ നീക്കത്തിനെതിരെ മൂന്നു റിപ്പബ്ലിക്കൻ സെനറ്റർമാർ തന്നെ രംഗത്തെത്തിയത് ട്രംപിനു തിരിച്ചടിയാകും. പദ്ധതി നിർത്തലാക്കുന്നതിനു പകരം ഘടനാപരമായ മാറ്റങ്ങൾ നടപ്പാക്കുന്നതിനു ഡെമോക്രാറ്റ് പിന്തുണയോടെയുള്ള ചർച്ചകൾക്കു റിപ്പബ്ലിക്കൻ പാർട്ടി ശ്രമം നടത്തുമെന്നാണു സൂചനകൾ.

ബറാക് ഒബാമ പ്രസിഡന്റായിരിക്കേ കൊണ്ടുവന്ന ഒബാമ കെയർ പദ്ധതിയെ അട്ടിമറിക്കാൻ ഏഴുവർഷമായി റിപ്പബ്ലിക്കൻ പാർട്ടി ശ്രമിച്ചുവരികയാണ്. ട്രംപ് പ്രസിഡന്റായ ഉടൻ ചെയ്ത ആദ്യ നടപടികളിലൊന്ന് ഒബാമ കെയർ റദ്ദാക്കിയുള്ള ഉത്തരവായിരുന്നു. ഒബാമ കെയർ പിൻവലിക്കാനുള്ള ബില്ലിനു നേരത്തേ യുഎസ് ജനപ്രതിനിധിസഭയിൽ അംഗീകാരം കിട്ടിയിരുന്നു. സെനറ്റിൽ 52 റിപ്പബ്ലിക്കൻ അംഗങ്ങളാണുള്ളത്; 48 ഡെമോക്രാറ്റുകളും.

മൂന്നു ഭരണപക്ഷ വോട്ടുകൾ ചോരുന്നതോടെ ബില്ലിനെ എതിർക്കുന്നവർക്കു ഭൂരിപക്ഷമാകും. ഡെമോക്രാറ്റുകൾ ബില്ലിനെതിരെ ഒറ്റക്കെട്ടാണ്. ഒബാമ കെയറിനു പകരം റിപ്പബ്ലിക്കൻ ഹെൽത്ത് കെയർ പ്ലാൻ എന്ന പദ്ധതിയാണു പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവയ്ക്കുന്നത്. എന്നാൽ വ്യക്തമായ പകരം സംവിധാനമില്ലാതെ പദ്ധതി പിൻവലിക്കുന്നതു ലക്ഷക്കണക്കിനു കുടുംബങ്ങളെ പ്രതിസന്ധിയിലാക്കുമെന്നാണു വിലയിരുത്തൽ.