അർബുദമാണ്, പക്ഷേ മകെയ്ൻ പൊരുതും

വാഷിങ്ടൻ∙ തുറന്നു പറച്ചിലുകൾക്കും അടിയുറച്ച നിലപാടുകൾക്കും പേരെടുത്ത റിപ്പബ്ലിക്കൻ സെനറ്റർ ജോൺ മകെയ്നു പോരാടാൻ പുതിയ ശത്രുവായി തലച്ചോറിൽ അർബുദം. സെനറ്റ് ചോദ്യോത്തരവേളകളിൽ അതിഗംഭീര പ്രകടനം കാഴ്ചവച്ചിരുന്ന എൺപതു വയസ്സുള്ള മകെയ്ന് അടുത്തകാലത്തായി തുടർച്ചയായി ശ്രദ്ധപതറുന്നത് ആരോഗ്യസ്ഥിതിയെപ്പറ്റി ആശങ്കയുണ്ടാക്കിയതിനിടെയാണ് അർബുദ വാർത്ത.

തലച്ചോറിന്റെ മറ്റു ഭാഗങ്ങളിലേക്ക് അതിവേഗം പടരുന്ന ഗ്ലിയോബ്ലാസ്റ്റൊമ എന്ന ട്യൂമറാണു മകെയ്ന്. ഇടതു കണ്ണിനു മുകളിൽ രക്തം കട്ടപിടിച്ചതിനെത്തുടർന്നു തുടർ പരിശോധനകളാണ് നാലാം ഘട്ടത്തിലുള്ള ട്യൂമർ കണ്ടെത്തിയത്. ഫിനിക്സിലെ മായൊ ക്ലിനിക്കിൽ ശസ്ത്രക്രിയയ്ക്കു ശേഷം വിശ്രമിക്കുകയാണിപ്പോൾ.

2008ലെ റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥിയായിരുന്ന മകെയ്ൻ മുൻ നേവി പൈലറ്റാണ്. വിയറ്റ്നാം യുദ്ധത്തിനിടെ യുദ്ധത്തടവുകാരനായി പിടിക്കപ്പെട്ടപ്പോൾ അതിക്രൂരമായ ശാരീരിക പീഡനത്തിന് ഇരയായിരുന്നു.