മുങ്ങില്ലൊരിക്കലും ഓർമകളുടെ ടൈറ്റാനിക്

ലൊസാഞ്ചലസ് ∙ കാലത്തിന്റെ മഞ്ഞുമലകൾക്കപ്പുറം ചലച്ചിത്ര സ്മരണകളുടെ കടലാഴങ്ങളിലേക്കു മുങ്ങാങ്കുഴിയിടാൻ ജയിംസ് കാമറൺ. ടൈറ്റാനിക് സിനിമയുടെ ഇരുപതാം വാർഷികവേളയിലാണു ഹോളിവുഡ് സംവിധായകന്റെ ഹൃദയസ്പർശിയായ തിരിഞ്ഞുനോട്ടം. 1912 ഏപ്രിൽ 15ന് അറ്റ്ലാന്റിക് സമുദ്രത്തിൽ മുങ്ങിയ ടൈറ്റാനിക് കപ്പലിന്റെ കഥ സിനിമയാക്കിയതിനെക്കുറിച്ചു സംവിധായകൻ തന്നെ മനസ്സു തുറക്കുന്ന മനോഹര നിമിഷങ്ങൾ.

ആഡംബരത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പ്രൗഢിയിൽ യാത്ര പുറപ്പെട്ടു വിധിയുടെ മഞ്ഞുമലയിലിടിച്ചു മുങ്ങിത്താണ ടൈറ്റാനിക് കപ്പലിന്റെ അന്ത്യനിമിഷങ്ങൾ പരമാവധി കൃത്യതയോടെ പകർത്താനാണു കാമറൺ ലക്ഷ്യമിട്ടത്. അത് എത്രമാത്രം വിജയിച്ചുവെന്ന് അദ്ദേഹം തന്നെ വിലയിരുത്തുകയാണു ഡോക്യുമെന്ററിയിൽ. വികാരസാന്ദ്രവും വ്യക്തിപരവുമായ ഓർമകൾ നങ്കൂരമിടുമെന്നുറപ്പ്. ഒരു മണിക്കൂർ ദൈർഘ്യമുള്ള ഡോക്യുമെന്ററി നാഷനൽ ജ്യോഗ്രഫിക്കുമായി കൈകോർത്താണ്. ഡിസംബറിൽ ആദ്യപ്രദർശനം.