മോശം പെരുമാറ്റം, അശ്ലീലസന്ദേശം; ഇമ്രാനെതിരെ വനിതാനേതാവ്

ഇസ്‌ലാമാബാദ്∙ ഇമ്രാൻ ഖാന്റെ പാർട്ടിയിൽ വനിതകൾ ഒട്ടും സുരക്ഷിതരല്ലെന്നാരോപിച്ചു വനിതാ നേതാവിന്റെ രാജി. പാക്കിസ്ഥാൻ തെഹ്‌രികെ ഇൻസാഫ് പാർട്ടി (പിടിഐ) നേതാവും പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ മുൻ നായകനുമായ ഇമ്രാൻ‌ വനിതാ നേതാക്കളോടു മോശമായി പെരുമാറുന്നെന്നും അവർക്ക് അശ്ലീല സന്ദേശങ്ങളയയ്ക്കുന്നെന്നും ആരോപിച്ചാണ് അയെഷ ഗുലാലായുടെ രാജി.

ഇതു സ്ത്രീകളുടെ അഭിമാനത്തിന്റെ കാര്യമാണെന്നും ഇമ്രാന്റെ മോശം പെരുമാറ്റം സഹിച്ചു മുന്നോട്ടു പോകാൻ ഒരുക്കമല്ലെന്നുമാണ് അയെഷ പറയുന്നത്. നാഷനൽ അസംബ്ലി അംഗത്വവും അവർ രാജിവച്ചു. പിടിഐ നേതാവിന്റെ സന്ദേശങ്ങൾ ആർ‌ക്കും സഹിക്കാനാവില്ലെന്നു പറഞ്ഞ അയെഷ അവ പുറത്തുവിടാൻ വിസമ്മതിച്ചു. ഇമ്രാനു മാനസിക പ്രശ്നങ്ങളുണ്ടെന്നും തന്നേക്കാൾ ഉയർന്ന നിലയിലുള്ളവരോട് അസൂയയാണെന്നും അവർ തുറന്നടിച്ചു.

മുൻപ്രസിഡന്റ് നവാസ് ഷരീഫിനെതിരെ എന്തൊക്കെ ആരോപണങ്ങളുണ്ടെങ്കിലും അദ്ദേഹത്തിന് വനിതകളെ ബഹുമാനിക്കാനറിയാമെന്നും അയെഷ പറഞ്ഞു. ഷരീഫിന്റെ പിഎംഎൽഎൻ പാർട്ടിയിലേക്കു ചേക്കേറുന്നതിന്റെ മുന്നോടിയായാണു വനിതാ നേതാവിന്റെ നീക്കങ്ങളെന്നാണ് ഇമ്രാന്റെ വിശ്വസ്തരുടെ ആരോപണം.