ചൈനയും ചൊവ്വയിലേക്ക്; ടിബറ്റിൽ ഗവേഷണകേന്ദ്രം

ബെയ്ജിങ്∙ വൻശക്തിയാണെങ്കിലും ചൊവ്വയെന്നു പറഞ്ഞാൽ ചൈന ഇന്ത്യയുടെ പിറകിലേ നിൽക്കൂ. ആ ചമ്മൽ ഒഴിവാക്കാനാകണം, ടിബറ്റിനരികെ ചൊവ്വാ ദൗത്യത്തിനു ചൈന അസ്ഥിവാരമിടുന്നു. 2020ൽ വാഹനമയയ്ക്കുകയാണു ലക്ഷ്യം. ഇതിനായി ചൊവ്വയുടെ അവസ്ഥയും അന്തരീക്ഷവും പുനഃസൃഷ്ടിച്ചുള്ള ഗവേഷണകേന്ദ്രം തുടങ്ങുകയാണ്.

ഗവേഷണം പാളിയാലും നഷ്ടം വരില്ല; കാരണം പ്രദേശത്തു സിനിമാ ഷൂട്ടിങ്ങിനും ബഹിരാകാശ ടൂറിസത്തിനും കൂടി സൗകര്യമുണ്ടാകും. ടിബറ്റൻ മേഖലയിലെ ഹൈക്സിയിലെ കുന്നിൻപുറത്തു ഡാ ക്വയിഡാം പ്രദേശത്തായിരിക്കും ചൊവ്വാകേന്ദ്രം. സ്വയംഭരണ പ്രദേശമായ ഹൈക്സിയിലെ സർക്കാരുമായി ചൈന കഴിഞ്ഞ നവംബറിലാണു പദ്ധതിരേഖ ഒപ്പിട്ടത്.

ആദ്യത്തെ പദ്ധതി ചൊവ്വയുടെ ഭ്രമണപഥത്തിലേക്കു വാഹനമയയ്ക്കുന്നതാണ്. രണ്ടാമത്തെ ശ്രമത്തിൽ ചൊവ്വയിലിറങ്ങി ഉപരിതല സാംപിൾ ശേഖരിച്ചു മടങ്ങും. ചൊവ്വാ വാഹനത്തിന്റെ മാതൃക സർക്കാർ കഴിഞ്ഞകൊല്ലം തന്നെ പുറത്തുവിട്ടിരുന്നു. 2014 സെപ്റ്റംബറിൽ ഇന്ത്യയുടെ മംഗൾയാൻ വാഹനം ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രവേശിച്ചിരുന്നു.

അമേരിക്കയും റഷ്യയും കഴിഞ്ഞാൽ ചൊവ്വയുടെ ഭ്രമണപഥത്തിലേക്കു വാഹനമയച്ച ഏക രാജ്യമാണ് ഇന്ത്യ. ആദ്യ ശ്രമത്തിൽ വിജയിച്ച ലോകത്തെ ഏക രാജ്യവും. ഏഷ്യയിൽ നിന്നു ചൊവ്വാദൗത്യത്തിൽ ഒന്നാമതെത്തിയ ഇന്ത്യയുടെ പ്രകടനത്തെ മറികടക്കുക കൂടിയാകും ചൈനയുടെ ലക്ഷ്യം.