കരീബിയൻ ദ്വീപുകളിൽ വൻനാശം; ഇർമ നാളെ യുഎസിലേക്ക്

ആഞ്ഞുവീശിയ ഇർമ ചുഴലിക്കാറ്റിൽ കരയിലേക്ക് ഇരമ്പിയെത്തുന്ന കടൽ. കരീബിയൻ ദ്വീപുകളിൽനിന്നുള്ള കാഴ്ച.

സാൻ ഹുവാൻ, പോർട്ടറീക്കോ∙ വ്യാപകനാശം വിതച്ച ഹാർവി ചുഴലിക്കാറ്റിനു പിന്നാലെ കരീബിയൻ മേഖലയിൽ നിന്ന് ഇർമയും യുഎസ് തീരത്തേക്കു നീങ്ങുന്നു. കരീബിയൻ ദ്വീപായ സെന്റ് മാർട്ടിനിൽ ഇർമ വ്യാപകനാശം വിതച്ചു. എട്ടുപേർ കൊല്ലപ്പെട്ടു. ദ്വീപുരാജ്യമായ ബാർബുഡ ഏതാണ്ടു പൂർണമായി തകർന്നടിഞ്ഞു. മണിക്കൂറിൽ 295 കിലോമീറ്റർ വേഗം പ്രാപിക്കാൻ സാധ്യതയുള്ള ഇർമ നാളെയോ മറ്റന്നാളോ യുഎസ് സംസ്ഥാനമായ ഫ്ലോറി‍ഡയിലെത്തുമെന്നാണു മുന്നറിയിപ്പ്.

പോർട്ടറീക്കോയുടെ കിഴക്കുള്ള വിനോദസഞ്ചാര കേന്ദ്രമായ സെന്റ് മാർട്ടിൻ ദ്വീപ് 95 ശതമാനവും ചുഴലിക്കാറ്റിലും വെള്ളപ്പൊക്കത്തിലും നശിച്ചുവെന്നാണു റിപ്പോർട്ടുകൾ. രണ്ടു ചെറുദ്വീപുകൾ അടങ്ങുന്ന രാജ്യമായ ബാർബുഡയിൽ പത്തിൽ ഒൻപതു കെട്ടിടങ്ങളും തകർന്നു. ദീപിൽ ആകെ രണ്ടായിരത്തിൽ താഴെ ജനങ്ങളേയുള്ളൂ. ഇവരിൽ പകുതിയോളം പേരുടെ വീടുകൾ നശിച്ചു.