അമേരിക്കയിൽ ‘ഇർമ’യെ വെടിവച്ചിടുമെന്ന് ചിലർ; അരുതെന്ന് പൊലീസ്

ന്യൂയോർക്ക്∙ കരീബിയൻ പ്രദേശങ്ങളെ വിറപ്പിച്ചതൊക്കെ ശരി, അമേരിക്കൻ മണ്ണിൽ കാലുകുത്തിയാൽ ‘ഇർമ’യ്ക്ക് പണി തരുമെന്നാണ് ചിലരുടെ വീരവാദം.

∙ ഓടിക്കോ, വെടിവയ്ക്കും

ഫ്ലോറിഡയിൽ നാശം വിതയ്ക്കുന്ന ചുഴലിക്കാറ്റിനെ വെടിവച്ചു തറപറ്റിക്കാനാണു ചിലർ ലക്ഷ്യമിടുന്നത്. ഇതിനു താൽപര്യമുള്ളവരെത്തേടി തുടങ്ങിയ ‘ഷൂട്ട് അറ്റ് ഇർമ’ എന്ന ഫെയ്സ്ബുക് ഇവന്റ് പേജിൽ അൻപതിനായിരത്തിലധികം പേർ താൽപര്യം അറിയിച്ചിട്ടുണ്ട്. ഇർമ കാരണമുള്ള സമ്മർദവും ബോറടിയും കുറയ്ക്കായി റ്യോൺ എഡ്വേർഡ്സ് എന്ന 22 വയസ്സുകാരനാണു തമാശയ്ക്കു പേജ് തുടങ്ങിയത്. ഇർമാ ചുഴലിക്കാറ്റിന്റെ ദുർ‌ബല സ്പോട്ടുകൾ അടയാളപ്പെടുത്തിയുള്ള രേഖാചിത്രങ്ങളും പേജിൽ ലഭ്യമാണ്. കൃത്യമായി വെടിവച്ചില്ലെങ്കിൽ വെടിയുണ്ട ചുഴലിക്കാറ്റിൽപെട്ടു തിരിഞ്ഞുകറങ്ങി വന്നു വെടിവച്ചയാളെത്തന്നെ വധിക്കുമെന്ന മുന്നറിയിപ്പും പേജിലുണ്ട്.

∙ വെടിവയ്ക്കരുത്: പൊലീസ്

പേജിനെപ്പറ്റി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതോടെ വെടിവച്ചു കളിക്കരുതെന്നു ഫ്ലോറിഡ പൊലീസ്. മണ്ടത്തരമാണിത്. വെറുതെ അപകടമുണ്ടാക്കരുതെന്നാണ് മുന്നറിയിപ്പ്.