പോർട്ടറീക്കോയെ വിറപ്പിച്ച് മരിയ ചുഴലിക്കാറ്റ്

സാൻ ഹുവാൻ (പോർട്ടറീക്കോ) ∙ അറ്റ്ലാന്റിക് സമുദ്രത്തിന്റെ പടിഞ്ഞാറു രൂപംകൊണ്ട മരിയ ചുഴലിക്കാറ്റു പോർട്ടറീക്കോയിലെത്തി. മണിക്കൂറിൽ 230 കിലോമീറ്റർ വേഗമുള്ള കാറ്റിനെ കാറ്റഗറി–നാല് വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 90 വർഷത്തിനിടെ പോർട്ടറീക്കോയിലെത്തുന്ന ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണിത്. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ അഞ്ഞൂറു ഷെൽട്ടറുകൾ സ്ഥാപിച്ചതായി ഗവർണർ റിക്കാർഡോ റോസെല്ലോ പറഞ്ഞു. കഴിഞ്ഞയാഴ്ച അമേരിക്കയെ വിറപ്പിച്ചു കടന്നുപോയ ഇർമയ്ക്കും ഹോസെയ്ക്കും ശേഷമാണു മരിയയെത്തുന്നത്.