Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്യൂർട്ടോറിക്കോയിൽ വീശിയടിച്ച് ‘മരിയ’; ഭീതി സൃഷ്ടിച്ച് അണക്കെട്ടിന്റെ തകർച്ച

guajataca-dam-4 ശക്തമായ ചുഴലിക്കാറ്റിൽ തകർന്ന ഗൗജാടാകാ അണക്കെട്ട്.

സാൻ ജുവാൻ∙ കരീബിയൻ ദ്വീപുകളിൽ വീശിയടിച്ച ‘മരിയ’ ചുഴലിക്കൊടുങ്കാറ്റിൽ തകർന്നടിഞ്ഞ് യുഎസ് അധീനതയിലുള്ള പ്യൂർട്ടോറിക്കോ ദ്വീപ്. ശക്തമായ ചുഴലിക്കാറ്റിൽ തകർന്ന ഗുവജാടാകാ അണക്കെട്ടിനു സമീപം താമസിക്കുന്നവരെ മാറ്റിപ്പാർപ്പിച്ചതായും കാര്യങ്ങൾ പൂർവസ്ഥിതിയിലാക്കാൻ കൂടുതൽ ധനസഹായം വേണമെന്നും ഗവർണർ റിക്കാർഡോ റോസെല്ലോ അറിയിച്ചു. 3.4 മില്യൺ ജനസംഖ്യയുള്ള ദ്വീപിൽ മരിയ വീശിയടിച്ച് അഞ്ചുദിവസങ്ങൾക്കുശേഷവും വൈദ്യുതി ബന്ധം പുനസ്ഥാപിച്ചിട്ടില്ല.

guajataca-dam-1 ശക്തമായ ചുഴലിക്കാറ്റിൽ തകർന്ന ഗൗജാടാകാ അണക്കെട്ട്.

ദ്വീപിന്റെ തെക്കു പടിഞ്ഞാറായാണ് ഗുവജാടാകാ അണക്കെട്ടു സ്ഥിതിചെയ്യുന്നത്. 88 വർഷം പഴക്കമുള്ള അണക്കെട്ട് മണ്ണുകൊണ്ടാണു നിർമിച്ചിരിക്കുന്നത്. വെള്ളിയാഴ്ചയാണ് അണക്കെട്ടിൽ ചോർച്ച കണ്ടെത്തിയത്. ഇതു പിന്നീടു വലുതാകുകയായിരുന്നു. 120 അടിയുള്ള (35 മീറ്റർ) അണക്കെട്ട് ഏതുനിമിഷവും പൂർണമായി തകർന്നു വീഴാവുന്ന അവസ്ഥയിലാണെന്നും റോസെല്ലോ കൂട്ടിച്ചേർത്തു. നദിയുടെ താഴ്‌വരയിലായി 70,000ൽ അധികം ജനങ്ങളും താമസിക്കുന്നുണ്ട്. അണക്കെട്ടിനു സമീപമുള്ള നഗരങ്ങളിലെ ജനങ്ങളെയും മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.

guajataca-dam-3 ശക്തമായ ചുഴലിക്കാറ്റിൽ തകർന്ന ഗൗജാടാകാ അണക്കെട്ട്.

‘മരിയ’ വീശിയടിക്കുന്നതിനു മുന്‍പുതന്നെ പ്യൂർട്ടോറിക്കോയുടെ സാമ്പത്തിക സ്ഥിതി പരുങ്ങലിലായിരുന്നു. ബജറ്റിൽ 1.5 ബില്യൺ യുഎസ് ഡോളറോളം കുറവുവരുത്തി കഠിന നടപടികളോടെ സാമ്പത്തികരംഗം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലായിരുന്നു ഭരണകൂടം. കാര്യമായ ശ്രദ്ധയും ധനസഹായവും വേണമെന്ന നിലപാടിലാണു ഗവർണർ റോസെല്ലോ.

guajataca-dam-2 ശക്തമായ ചുഴലിക്കാറ്റിൽ തകർന്ന ഗൗജാടാകാ അണക്കെട്ട്.

ആശുപത്രികളും മറ്റു കെട്ടിടങ്ങളും തകർന്നടിഞ്ഞവയിൽപ്പെടുന്നതായി യുഎസ് അറിയിച്ചു. പല മേഖലകളിലും കുടിവെള്ളം പോലും ലഭിക്കുന്നില്ലെന്നും വൈറ്റ് ഹൗസ് വക്താവ് സാറാ സാൻഡേഴ്സ് വ്യക്തമാക്കി. വിമാനത്താവളങ്ങൾ തകർന്ന നിലയിലാണ്. വളരെക്കുറച്ചു വിമാനങ്ങൾക്കുമാത്രമാണ് ഈ വിമാനത്താവളങ്ങളിൽ ഇറങ്ങാനായത്. ദ്വീപിന്റെ വൈദ്യുതി സംവിധാനമായ പ്രെപയെയും ചുഴലിക്കാറ്റ് ബാധിച്ചു. വർഷങ്ങളായുള്ള കടബാധ്യതയെത്തുടർന്നു പ്രെപയെ പാപ്പരായി ഇക്കഴിഞ്ഞ ജൂലൈയിൽ പ്രഖ്യാപിച്ചിരുന്നു. ഒൻപതു ബില്യൺ യുഎസ് ഡോളറായിരുന്നു പ്രെപയുടെ കടം.