ഹ്രസ്വദൂര അണ്വായുധങ്ങൾ സജ്ജമെന്ന് പാക്ക് പ്രധാനമന്ത്രി

ഷഹീദ് കഖാൻ അബ്ബാസി

ന്യൂയോർക്ക് ∙ ഇന്ത്യയിൽ നിന്നുള്ള ഭീഷണി ചെറുക്കാൻ പാക്കിസ്ഥാൻ ഹ്രസ്വദൂര അണ്വായുധങ്ങൾ വികസിപ്പിച്ചെന്നു പാക്ക് പ്രധാനമന്ത്രി ഷഹീദ് കഖാൻ അബ്ബാസി. പാക്കിസ്ഥാന്റെ ആണവശേഖരം സുരക്ഷിതവും ഭദ്രവുമാണെന്നും പ്രധാനമന്ത്രി ആയശേഷം ആദ്യ യുഎസ് സന്ദർശനത്തിൽ അബ്ബാസി പറഞ്ഞു. പാക്കിസ്ഥാന്റെ ആണവശേഖരം വർധിച്ചുവരുന്നുവെന്ന ആരോപണത്തിൽ കഴമ്പില്ലെന്നും ഇന്ത്യയുടെ ‘കോൾഡ് സ്റ്റാർട്ട്’ തന്ത്രത്തെ പ്രതിരോധിക്കാൻ ഹ്രസ്വദൂര അണ്വായുധങ്ങൾ വികസിപ്പിച്ചതല്ലാതെ തന്ത്രപ്രധാനമായ അണ്വായുധങ്ങളൊന്നും പാക്കിസ്ഥാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പാക്ക് സേനയിൽ നിന്ന് അണ്വായുധ പ്രയോഗം ഉണ്ടായാൽ നേരിടാൻ ഇന്ത്യ ആവിഷ്കരിച്ചതാണു ‘കോൾഡ് സ്റ്റാർട്ട് തന്ത്രം.’ സൈന്യത്തിന്റെ എല്ലാ വിഭാഗങ്ങൾക്കും ആണവ പ്രതിരോധശേഷി നൽകി സമഗ്രമായി നേരിടുന്നതിനു പ്രാപ്തമാക്കുന്നതാണിത്. പാക്കിസ്ഥാന്റെ അണ്വായുധങ്ങളുടെ സുരക്ഷിതത്വത്തെക്കുറിച്ച് ആർക്കും ആശങ്ക വേണ്ടെന്നും ന്യൂക്ലിയർ കമാൻഡ് അതോറിറ്റിയുടെ മേൽ ജനാധിപത്യ സർക്കാരിനു പൂർണ നിയന്ത്രണമുണ്ടെന്നും അബ്ബാസി പറഞ്ഞു. ലോകത്തെ ഏതു രാജ്യത്തിന്റെയും പോലെ സുരക്ഷിതമാണു പാക്ക് ആണവശേഖരവും. ഭീകരർക്കോ മറ്റു വിധ്വംസക ശക്തികൾക്കോ അവ ലഭിക്കുമെന്ന ആശങ്ക വേണ്ട. പാക്കിസ്ഥാൻ ഉത്തരവാദിത്തമുള്ള രാഷ്ട്രമാണെന്നും ഭീകരതയ്ക്കെതിരായ കഴിഞ്ഞ 15 വർഷത്തെ പ്രവർത്തനം ഇതു വ്യക്തമാക്കുമെന്നും യുഎസ് കൗൺസിൽ ഓൺ ഫോറിൻ റിലേഷൻസ് സംഘടിപ്പിച്ച ചടങ്ങിൽ അബ്ബാസി പറഞ്ഞു.

സിന്ധു നദീജലക്കരാർ സംബന്ധിച്ച് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള തർക്കം കരാറിലെ വ്യവസ്ഥകളനുസരിച്ചു പരിഹരിക്കാവുന്നതാണെന്ന് അബ്ബാസി പറഞ്ഞു. ററ്റ്‍ലെ, കിഷാൻഗംഗ ജലവൈദ്യുത പദ്ധതികൾ സംബന്ധിച്ച തർക്കത്തിൽ ഈ മാസം 14, 15 തീയതികളിൽ വാഷിങ്ടണിൽ ലോക ബാങ്ക് ആസ്ഥാനത്ത് ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും പ്രതിനിധികൾ ചർച്ച നടത്തിയിരുന്നു. അഫ്ഗാനിസ്ഥാനിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിൽ ഇന്ത്യയ്ക്ക് ഒന്നും ചെയ്യാനാവില്ലെന്നും പാക്ക് പ്രധാനമന്ത്രി പറഞ്ഞു. അഫ്ഗാൻ പ്രശ്നത്തിൽ ഇന്ത്യ കൂടുതൽ ക്രിയാത്മക പങ്കുവഹിക്കണമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അഫ്ഗാനിൽ രാഷ്ട്രീയമോ സൈനികമോ ആയ ഒരുപങ്കും ഇന്ത്യയ്ക്കു വഹിക്കാനില്ലെന്നും അബ്ബാസി പറഞ്ഞു. കശ്മീർ വിഷയത്തിൽ യുഎൻ രക്ഷാസമിതി പ്രമേയം പാലിക്കപ്പെടണം. ജമ്മു–കശ്മീരിലെ ജനങ്ങളുടെ സ്വയംനിർണയാവകാശം ലോകം മാനിക്കണമെന്നും അതിലൂടെ മാത്രമേ കശ്മീർ പ്രശ്നപരിഹാരം സാധ്യമാകുകയുള്ളൂവെന്നും പാക്ക് പ്രധാനമന്ത്രി പറഞ്ഞു.