ഭൗമോപരിതലത്തിൽ അണുബോംബ് പരീക്ഷിക്കാൻ ഉത്തര കൊറിയ

ന്യൂയോർക്ക് ∙ ഹൈഡ്രജൻ ബോംബ് വീണ്ടും പരീക്ഷിക്കുമെന്നു സൂചന നൽകി ഉത്തര കൊറിയൻ വിദേശകാര്യമന്ത്രി റി യോങ് ഹോ. ഉത്തര കൊറിയയെ പൂർണമായി തകർക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ യുഎൻ പ്രസംഗത്തിന്റെ പശ്ചാത്തലത്തിലാണു പസഫിക് സമുദ്രത്തിനു മുകളിൽ ഹൈഡ്രജൻ ബോംബ് വീണ്ടും പരീക്ഷിക്കുമെന്നും കൂടുതൽ കാര്യങ്ങൾ ‘നേതാവ്’ തീരുമാനിക്കുമെന്നും ഹോ പറഞ്ഞത്.

ഭൗമോപരിതലത്തിൽ അണുബോംബ് പരീക്ഷിക്കാൻ ഉത്തര കൊറിയ തയാറായാൽ മൂന്നര പതിറ്റാണ്ടിനു ശേഷമുള്ള ആദ്യ ഉപരിതല ആണവപരീക്ഷണമാകും. 1980ൽ ചൈനയാണ് അവസാനമായി സമാന പരീക്ഷണം നടത്തിയത്. ഉത്തര കൊറിയ മുൻപു നടത്തിയതെല്ലാം ഭൂഗർഭ ആണവ പരീക്ഷണങ്ങളായിരുന്നു.

ഈ മാസമാദ്യം 120 കിലോ ടൺ സംഹാരശേഷിയുള്ള ഹൈഡ്രജൻ ബോംബ് അവർ പരീക്ഷിച്ചിരുന്നു. ഉത്തര കൊറിയയുടെ നീക്കത്തെ ലോകം തികഞ്ഞ ആശങ്കയോടെയാണു നോക്കിക്കാണുന്നത്. ബാലിസ്റ്റിക് മിസൈലിൽ ഘടിപ്പിച്ച അണുബോംബ് പരീക്ഷിച്ച്, രണ്ടിന്റെയും കൃത്യത ഉറപ്പാക്കാനാണ് ഉദ്ദേശ്യമെങ്കിലും സാങ്കേതികപ്പിഴവു മഹാദുരന്തത്തിൽ കലാശിക്കാനുള്ള സാധ്യതയേറെയാണെന്ന് വിദഗ്ധർ മുന്നറിയിപ്പു നൽകുന്നു.