ഉത്തര കൊറിയ വിട്ട ‘ലഘുലേഖകൾ’ ദക്ഷിണ കൊറിയൻ പ്രസിഡന്റിന്റെ കൊട്ടാരവളപ്പിൽ

സോൾ∙ ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിനെ പ്രശംസിക്കുന്ന ലഘുലേഖകൾ ദക്ഷിണ കൊറിയൻ പ്രസിഡന്റിന്റെ കൊട്ടാരവളപ്പിൽനിന്നു കണ്ടുകിട്ടി. മനോനില തെറ്റിയ യുഎസ് പ്രസിഡന്റിനെ തോക്കുകൊണ്ടു മെരുക്കുമെന്ന് ഒടുവിൽ മഹാനായ നേതാവ് കിം ജോങ് ഉൻ പ്രഖ്യാപിച്ചിരിക്കുന്നു എന്നെഴുതിയ ലഘുലേഖകളാണു കൊട്ടാരവളപ്പിൽ പറന്നുനടന്നത്.

ഇത്തരം ലഘുലേഖകൾ 35 കിലോമീറ്റർ മാത്രം അകലെയുള്ള സോളിൽ എത്താറുണ്ട്. എന്നാൽ പ്രസിഡന്റിന്റെ ബ്ലൂ ഹൗസ് വരെ എത്താറില്ല.

1968ൽ ഉത്തര കൊറിയൻ കമാൻഡോകൾ ബ്ലൂ ഹൗസ് സമുച്ചയം ആക്രമിച്ചിരുന്നു. നേതാവ് പാർക് ചുങ് ഹീയെ വധിക്കുകയായിരുന്നു ലക്ഷ്യമെങ്കിലും വിജയം കണ്ടില്ല. അന്നു വെടിയേറ്റു തുളഞ്ഞ വൃക്ഷം ചരിത്രസാക്ഷിയായി ഇപ്പോഴും കൊട്ടാരവളപ്പിലുണ്ട്.