മിസൈൽ നിർമാണം തുടരും, ആവശ്യമുള്ള ഏത് ആയുധവും നിർമിക്കും: ഇറാൻ പ്രസിഡന്റ്

ടെഹ്റാൻ∙ സ്വയം പ്രതിരോധത്തിനായി ഇറാൻ മിസൈൽ ഉൽപാദനം തുടരുമെന്നും അതു രാജ്യാന്തര ഉടമ്പടികളുടെ ലംഘനമാവില്ലെന്നും ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി. ഭൂഖണ്ഡാന്തര മിസൈൽ നിർമാണപദ്ധതി തുടരുന്ന ഇറാനെതിരെ യുഎസ് ജനപ്രതിനിധി സഭ കൂടുതൽ ഉപരോധങ്ങൾ പ്രഖ്യാപിച്ചു ദിവസങ്ങൾക്കകം സ്റ്റേറ്റ് ടെലിവിഷനിൽ പ്രഭാഷണം നടത്തുകയായിരുന്നു റൂഹാനി.

ആവശ്യമുള്ള ഏത് ആയുധവും ഉൽപാദിപ്പിക്കുമെന്നും അവ സൂക്ഷിച്ച് ഏതു സമയവും പ്രതിരോധത്തിനായി ഉപയോഗിക്കുമെന്നും പ്രസിഡന്റ് വിശദീകരിച്ചു.

അണ്വായുധവാഹക ശേഷിയുള്ള മിസൈലുകൾ നിർമിക്കരുതെന്ന യുഎൻ പ്രമേയത്തിന്റെ ലംഘനമാണ് ഇറാൻ നടത്തുന്നതെന്ന് ആരോപിക്കുന്ന യുഎസ്, നേരത്തേ ഏകപക്ഷീയമായി ആ രാജ്യത്തിനെതിരെ ഉപരോധങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇക്കാര്യത്തിൽ 2015ൽ എത്തിച്ചേർന്ന ധാരണകൾ ഇറാൻ പാലിക്കുന്നുണ്ടെന്നു യുഎസ് സാക്ഷ്യപ്പെടുത്താത്തതിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ റൂഹാനി വിമർശിച്ചു.

മുൻ ധാരണകൾക്കും യുഎൻ രക്ഷാസമിതി അംഗീകരിച്ച തീരുമാനങ്ങൾക്കും വിരുദ്ധമാണിതെന്നു റൂഹാനി കുറ്റപ്പെടുത്തി.