സൊമാലിയയില്‍ ട്രക്ക് നിറയെ ബോംബുമായി ചാവേർ പൊട്ടിത്തെറിച്ചു, രാത്രിയിലുടനീളം ഹോട്ടലിൽ വെടിവയ്പ്: മരണം 29

മൊഗാദിഷുവിൽ ഹോട്ടലിനു മുന്നിൽ നടത്തിയ സ്ഫോടനത്തിന് ഉപയോഗിച്ച ട്രക്ക് തകർന്ന നിലയിൽ.

മൊഗാദിഷു∙ സൊമാലിയയുടെ തലസ്ഥാനത്തെ ഹോട്ടലിലുണ്ടായ ട്രക്ക് സ്ഫോടനത്തിലും തുടർന്നുണ്ടായ വെടിവയ്പിലും കൊല്ലപ്പെട്ടവരുടെ എണ്ണം 29 ആയി. മുൻ മന്ത്രിയും ഒരമ്മയും അവരുടെ മൂന്നു കുട്ടികളും മരിച്ചവരിൽ ഉൾപ്പെടുന്നു. ഒരു മന്ത്രിക്കു പരുക്കേറ്റു. 12 പൊലീസുകാരും മരിച്ചു.

ഇതേ നഗരത്തിൽ മറ്റൊരു ട്രക്ക് പൊട്ടിത്തെറിച്ച് 350 പേർ കൊല്ലപ്പെട്ടത് രണ്ടാഴ്ച മുമ്പാണ്. ആഫ്രിക്കയിലെ ഏറ്റവും മാരകശേഷിയുള്ള ഭീകരസംഘടന അൽ ഷബാബ് ഉത്തരവാദിത്തമേറ്റിട്ടുണ്ട്. മൊഗാദിഷുവിലെ നാസ– ഹാബ് ലോഡ് ഹോട്ടലിന്റെ മുന്നിൽ ട്രക്ക് നിറയെ സ്ഫോടകവസ്തുക്കളുമായെത്തിയ ചാവേർഡ്രൈവർ പൊട്ടിത്തെറിക്കുകയായിരുന്നു.

ബഹളത്തിനിടെ ഹോട്ടലിലേക്ക് ഇരച്ചുകയറിയ നാലു തീവ്രവാദികളെ പുറത്തു ചാടിക്കാൻ രാത്രിയുടനീളം വെടിവയ്പ് നടന്നു. ഹോട്ടലിനുള്ളിലും ഒരു ഭീകരൻ സ്വയം പൊട്ടിത്തെറിച്ചു. രണ്ടു ഭീകരരെ ജീവനോടെ പിടിക്കാൻ കഴിഞ്ഞു. പ്രസിഡന്റിന്റെ കൊട്ടാരത്തിന് 600 മീറ്റർ മാത്രം അകലെയാണു ഹോട്ടൽ.