Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മരണസംഖ്യ 276 ആയി; സൊമാലിയയെ ശ്മശാന സമാനമാക്കി ട്രക്ക് സ്ഫോടനം

Somalia Massive Explosion

മൊഗാദിഷു∙ സൊമാലിയൻ തലസ്ഥാനമായ മൊഗാദിഷുവിൽ ശനിയാഴ്ച നടന്ന ട്രക്ക് ബോംബ് സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 276 ആയി. മുന്നൂറിലധികം പേർക്കു പരുക്കേറ്റിട്ടുണ്ട്. രാജ്യത്ത് ഇതുവരെയുണ്ടായതിലേറ്റവും വലിയ സ്ഫോടനമാണു നടന്നതെന്നു സർക്കാർ പറഞ്ഞു. മരണസംഖ്യ ഇനിയും ഉയരാനാണു സാധ്യത.

നാലു മന്ത്രാലയങ്ങൾക്കു സമീപത്തെ തിരക്കേറിയ തെരുവിലായിരുന്നു സ്ഫോടനം. വിദേശകാര്യ മന്ത്രാലയത്തിനു സമീപമുള്ള സഫാരി ഹോട്ടൽ അപ്പാടെ തകർന്നു. സ്ഫോടനത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ച സർക്കാർ, രാജ്യത്തു മൂന്നു ദിവസത്തെ ദുഃഖാചരണത്തിന് ആഹ്വാനം ചെയ്തു. അൽ ഖായിദയുമായി ബന്ധമുള്ള അൽ ഷഹാബ് ഭീകരരാണു സ്ഫോടനത്തിനു പിന്നിലെന്നു സംശയിക്കുന്നു. എന്നാൽ, അൽ ഷഹാബ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ആക്രമണത്തെ യുഎസും ഐക്യരാഷ്ട്ര സംഘടനയും അപലപിച്ചു.

പരുക്കേറ്റവരിൽ മിക്കവരുടെയും നില ഗുരുതരമാണ്. കെട്ടിടാവശിഷ്ടത്തിനടിയിൽ ആളുകൾ കുടുങ്ങിക്കിടക്കാനുള്ള സാധ്യതയിൽ തിരച്ചിൽ തുടരുകയാണ്. ബന്ധുക്കളെയും സുഹൃത്തുക്കളെയും തേടി ആശുപത്രികളിൽ വൻതോതിൽ നാട്ടുകാർ തടിച്ചുകൂടിയിട്ടുണ്ട്. പരുക്കേറ്റവർക്കായി രക്തം ദാനം ചെയ്ത പ്രസിഡന്റ് മുഹമ്മദ് അബ്ദുല്ലാഹി മുഹമ്മദ്, സൊമാലിയക്കാർ എല്ലാവരും രക്തദാനത്തിൽ പങ്കെടുക്കണമെന്ന് അഭ്യർഥിച്ചു.

തുർക്കി, കെനിയ ഉൾപ്പെടെയുള്ള രാജ്യങ്ങൾ വൈദ്യസഹായം നൽകാമെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം, യുഎസ് സൈന്യത്തോടു വൈദ്യസഹായം ചോദിച്ചിട്ടില്ലെന്ന് യുഎസ് ആഫ്രിക്ക കമാൻഡ് പറഞ്ഞു. അൽ ഷഹാബ് ഭീകരർക്കുനേരെ യുഎസ് സൈന്യം സൊമാലിയയിൽ ഈ വർഷം ഡ്രോൺ ആക്രമണങ്ങൾ നടത്തിയിരുന്നു. യുഎസ് ആഫ്രിക്ക കമാൻഡ് മൊഗാദിഷു സന്ദർശിച്ചുമടങ്ങിയതിന്റെ രണ്ടാം ദിവസമാണ് സ്ഫോടനമുണ്ടായത്.