വെർജീനിയയിലും ന്യൂജഴ്സിയിലും ഡമോക്രാറ്റ് ഗവർണർമാർ; പ്രസിഡന്റ് ട്രംപിന് കനത്ത തിരിച്ചടി

റാൾഫ് നോർഥം, ഫിൽ മർഫി

വാഷിങ്ടൻ ∙ യുഎസ് പ്രസിഡന്റ് പദത്തിൽ ഡോണൾഡ് ട്രംപിന്റെ ഒന്നാം വാർഷികാഘോഷത്തിനു മങ്ങലേൽപിച്ച് വെർജീനിയയിലും ന്യൂജഴ്സിയിലും ഗവർണർ തിരഞ്ഞെടുപ്പിൽ ഡമോക്രാറ്റ് പാർട്ടിക്കു തിളങ്ങുന്ന ജയം. വെർജീനിയയിൽ ലഫ്. ഗവർണർ റാൾഫ് നോർഥം ഒൻപതു ശതമാനം പോയിന്റുകൾക്ക് റിപ്പബ്ലിക്കൻ പാർട്ടിയിലെ എഡ് ഗിലസ്പിയെ തോൽപിച്ചു. ന്യൂജഴ്സിയിൽ ഡമോക്രാറ്റ് പാർട്ടിയിലെ ഫിൽ മർഫി 13 ശതമാനം പോയിന്റുകൾക്ക് റിപ്പബ്ലിക്കൻ ഗവർണർ ക്രിസ് ക്രിസ്റ്റിയെ തകർത്തുവിട്ടു.

ട്രംപിന്റെ മാതൃനഗരമായ ന്യൂയോർക്ക് സിറ്റിയിൽ ഡമോക്രാറ്റ് പാർട്ടിയിലെ ബിൽ ഡി ബ്ലാസിയോ മേയർ സ്ഥാനം നിലനിർത്തി. ട്രംപിന്റെ വിഭാഗീയ നയങ്ങൾക്കെതിരായ വിധിയെഴുത്താണിതെന്നു ഡമോക്രാറ്റ് പാർട്ടി അവകാശപ്പെട്ടു. അടുത്ത വർഷം കോൺഗ്രസ് തിരഞ്ഞെടുപ്പും 2020ൽ പ്രസിഡന്റ് തിരഞ്ഞെടുപ്പും നേരിടാനിരിക്കെ റിപ്പബ്ലിക്കൻ പാർട്ടിക്കും ഡോണൾഡ് ട്രംപിനും കനത്ത വെല്ലുവിളിയാകുന്ന വിജയങ്ങളാണിതെന്നു നിരീക്ഷകർ വിലയിരുത്തുന്നു. സമീപകാലത്തു നടന്ന തിരഞ്ഞെടുപ്പുകളിൽ വിജയിച്ച റിപ്പബ്ലിക്കൻ പാർട്ടി ട്രംപിന്റെ നയങ്ങൾക്കു പ്രചാരമേറുന്നതായി അവകാശപ്പെട്ടിരുന്നു.

ബിൽ ഡി ബ്ലാസിയോ, ഡാനിക റോയം

2016ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ പരാജയത്തിൽ തളർന്ന ഡമോക്രാറ്റ് പാർട്ടിക്ക് ഉണർവേകാൻ ഇപ്പോഴത്തെ വിജയം സഹായിക്കും. വെർജീനിയ സംസ്ഥാന സഭയിൽ ഇതാദ്യമായി ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെടുന്ന ഡാനിക റോയം (33) വിജയിച്ചതും ഡമോക്രാറ്റ് നേട്ടങ്ങൾക്കു തിളക്കമേകി. വെർജീനിയയിൽ ലഫ്. ഗവർണർ അറ്റോർണി ജനറൽ തിരഞ്ഞെടുപ്പിലും ഡമോക്രാറ്റുകൾ വിജയം കൊയ്തു. സംസ്ഥാന സഭയിൽ ഡമോക്രാറ്റുകൾ കൂടുതൽ സീറ്റുകൾ നേടിയതോടെ നിയന്ത്രണം റിപ്പബ്ലിക്കൻ പാർട്ടിക്കു നഷ്ടമായേക്കും. അതു യുഎസ് ജനപ്രതിനിധി സഭയിൽ റിപ്പബ്ലിക്കൻ മേധാവിത്വത്തിനു തിരിച്ചടിയുമാകാം.

തന്റെ നയങ്ങൾ ശരിയായ ദിശയിലാണെന്നും യുഎസ് സമ്പദ് വ്യവസ്ഥ മികവു കാട്ടുന്നത് അതിനു തെളിവാണെന്നും പ്രസിഡന്റ് ട്രംപ് ദക്ഷിണ കൊറിയയിൽ നിന്നു ട്വീറ്റ് ചെയ്തു. ഇപ്പോഴത്തെ തിരിച്ചടി താൽക്കാലികം മാത്രമാണെന്നും റിപ്പബ്ലിക്കൻ പാർട്ടി വിജയം തുടരുമെന്നും ട്രംപ് പറഞ്ഞു. ബോസ്റ്റനിലും മേയർ സ്ഥാനം ഡമോക്രാറ്റ് പാർട്ടി നിലനിർത്തി. മാർടി വാൽഷിന് ഇവിടെ ജയം അനായാസമായിരുന്നു. ഡെട്രോയിറ്റ്, അറ്റ്ലാന്റ, സിയാറ്റിൽ, ഷാർലറ്റ്, നോർത്ത് കാരലൈന എന്നിവിടങ്ങളിലും മേയർ തിരഞ്ഞെടുപ്പു നടക്കുന്നു.

ഹൊബോക്കൻ നഗരത്തിന് സിഖ് മേയർ

രവീന്ദർ ഭല്ല

ന്യൂയോർക്ക് ∙ ന്യൂജഴ്സിയിലെ ഹൊബോക്കൻ നഗരത്തിന്റെ മേയറായി ഇതാദ്യമായി ഇന്ത്യക്കാരനായ സിഖ് വംശജൻ. ഏഴു വർഷമായി നഗരസഭാംഗമായ രവീന്ദർ ഭല്ല വംശീയവെറി നിറഞ്ഞ എതിർ പ്രചാരണങ്ങളെ അതിജീവിച്ചു വിജയം നേടി. മേയർ പദവിക്കായി ഇപ്പോഴത്തെ മേയർ ഡോൺ സിമ്മർ ഉൾപ്പെടെ ആറുപേർ മത്സരിച്ചിരുന്നു. എതിരാളികൾ ഭല്ലയെ ഭീകരൻ എന്നു വരെ മുദ്രകുത്തി കടുത്ത പ്രചാരണം നടത്തിയിരുന്നു.