ജഡ്ജിമാരുടെ നിയമനത്തിൽ ട്രംപിന്റെ താൽപര്യം പ്രതിഫലിച്ചെന്നു വിമർശനം

വാഷിങ്ടൻ ∙ യുഎസിലെ ജഡ്ജിമാരുടെ നിയമനത്തിൽ പ്രസിഡന്റ് ‍ഡോണൾഡ് ട്രംപിന്റെ വെള്ളക്കാരോടുള്ള താൽപര്യം പ്രതിഫലിച്ചതായി വിമർശനം. 30 വർഷത്തിനിടെ ഇത്രയും വെള്ളക്കാരെ അമേരിക്കൻ കോടതികളിൽ നിയമിക്കാൻ നിർദേശിച്ചിട്ടില്ലെന്നു പഠനം ചൂണ്ടിക്കാട്ടി. ജഡ്ജിമാരായി ട്രംപ് നാമനിർദേശം ചെയ്തവരിൽ 91% പേർ വെള്ളക്കാരാണ്; ഇതിൽ 81% പുരുഷന്മാരും. നേരത്തേയുള്ള പ്രസിഡന്റുമാരിൽ ജോർജ് ബുഷ് മാത്രമാണ് ഈ നിലയിൽ നാമനിർദേശം നടത്തിയിട്ടുള്ളത്.

അതേസമയം, ട്രംപിന്റെ ഊന്നൽ ജഡ്ജിമാരുടെ യോഗ്യതയിലായിരുന്നുവെന്നു വൈറ്റ് ഹൗസ് വ്യക്തമാക്കി. വിവിധ ഭാഷാ, വർണ വിഭാഗങ്ങൾക്കുള്ള പ്രാതിനിധ്യത്തിന് ഊന്നൽ കൊടുത്താൽ അതു കോടതി ബെഞ്ചുകളിലേക്കു രാഷ്ട്രീയം കൊണ്ടുവരുന്നതിനു തുല്യമാണെന്നും വൈറ്റ് ഹൗസ് അഭിപ്രായപ്പെട്ടു. ഫെഡറൽ കോടതികളിലെ ജഡ്ജിമാരുടെ നിയമനങ്ങൾ ജീവിതകാലത്തേക്കു മുഴുവനുമുള്ളതാണ്.